നമ്മുടെ നാട്ടിൽ ഇപ്പോൾ ധാരാളമായി ജീവകാരുണ്യ പ്രവർത്തനങ്ങളുണ്ടല്ലൊ
ആയതുകൊണ്ട് രോഗങ്ങളിൽപ്പെട്ടുഴലുന്നവർക്കും , കുടുംബത്തിനുവേണ്ടി കടക്കെണിയിൽപ്പെട്ടു വലയുന്ന സാധാരണ ജനങ്ങൾക്കുവേണ്ടി സാമ്പത്തിക സഹായമായും മറ്റു പല സാഹചര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആശ്വാസമാകുന്നുണ്ട് എന്നത് പുണ്യകർമ്മങ്ങളായി കാണുവാൻ കഴിയും.
എന്നാൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലും ചിലരൊക്കെ മുതലെടുപ്പുകൾ നടത്തുന്നുണ്ട് എന്നതും വിസ്മരിക്കുവാൻ കഴിയില്ല.
പലരും ദുരതാശ്വാസത്തിന്റെ പേരിൽ മാധ്യമങ്ങളിലൂടേയും, നേരിട്ടും സഹായമഭ്യർത്ഥിക്കുമ്പോൾ നമ്മൾ നിജസ്ഥിതി മനസ്സിലാക്കാതെ കഴിയാവുന്ന സഹായം ചെയ്യുന്നവരുമുണ്ട്. യഥാർത്ഥത്തിൽ സഹായം ലഭിക്കേണ്ടതായ വ്യക്തികളെ ശരിക്കും അറിഞ്ഞുമാത്രം സഹായം ചെയ്താൽ മാത്രമെ ആയതുകൊണ്ട്
പ്രയോജനമുള്ളൂ എന്നത് ഓർക്കേണ്ടതാണ് . അല്ലാത്ത പക്ഷം നമ്മൾ ചതിയിൽപ്പെടുന്നതാണ്.
സമ്പന്നന്മാർ, കച്ചവടപ്രമുഖരായവർ പലപ്പോഴും വലിയ തുകകൾ നല്കി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതായി നമ്മൾ മാധ്യമങ്ങളിൽക്കൂടി അറിയാറുണ്ട് ആയത് നല്ലതു തന്നെ എന്നാൽ ഇതുകൊണ്ട് വരുമാന നികുതിയിൽ ഇളവുകൾ ലഭിക്കുന്നതും ഇത്തരം സമ്പന്നർക്ക് ഉപകാരപ്രദമാകുന്നുണ്ട്.
നിത്യജീവിതം കഴിഞ്ഞു പോകുവാൻ ചെറിയ വേദനം ലഭിക്കുന്നവർ ചിലർ
അതിൽ നിന്നും ചെറിയതുക കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന വരാണ് ഏറ്റവും പുണ്യകർമ്മികൾ എന്ന് നിശ്ചയമായും പറയുവാൻ കഴിയും.
നമ്മൾ മാധ്യങ്ങൾ വഴി അറിഞ്ഞു കാണും എറണാകുളത്തെ ഒരുകൂട്ടം
ഓട്ടോറിക്ഷ തൊഴിലാളികൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പലരും
ലോണെടുത്ത് ജീവിക്കുവാൻ വേണ്ടി വാങ്ങിയ വണ്ടിയായിരിക്കും അതിന്റെ
തവണകൾ അടക്കുന്നതോടൊപ്പം മാസത്തിൽ ഒരു ദിവസം ലഭിക്കുന്ന
ഓട്ടോ ചാർജ് പാവപ്പെട്ട കേൻസർ രോഗികൾക്ക് ചികിത്സ ചിലവിലേക്കായി നല്കുന്നുണ്ട് എന്നത് ഇതൊക്കെ യഥാർത്ഥ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദാഹരണമായി കാണാം. പിന്നെ സാമ്പത്തിക സഹായം മാത്രമല്ല
അപകടത്തിൽപ്പെടുന്നവരെ കണ്ടാലുടനെ ഓടിയെത്തി രക്ഷപ്പെടുത്തുന്നതും ശാരീരികമായ സഹായങ്ങളും പുണ്യകർമ്മങ്ങൾ തന്നെ.
ജീവിതത്തിൽ പണ്ഡിതനും, പാമരനും, ധനികരുമെന്നും വ്യത്യാസമില്ലാതെ
ദുരന്തങ്ങളിൽപ്പെടുവാൻ ക്ഷണിക നേരം മതിയാകുമെന്ന അനുഭവക്കാഴ്ചകളിലൂടെ പരസ്പരം സ്വാർത്ഥമോഹങ്ങൾ വെടിഞ്ഞ് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനങ്ങൾ സന്ദർഭോജിതമായി ചെയ്യുവാൻ സത്മനസ്സുണ്ടാകട്ടെ എന്ന ആഗ്രഹത്തോടെ ഈ വിഷയം ഇവിടെ പകർന്നു വെക്കട്ടെ .
മുകുന്ദൻ കുനിയത്ത്✍