സ്വന്തം ജീവിതം ജീവിച്ചു തീർക്കാം
………………………………………………………………..
പിതാവ് മരണാസന്നനായി കിടന്നിരുന്ന ആ ദിവസങ്ങളിൽ, വിദേശത്തു നിന്നുള്ള മക്കളെല്ലാം കിടക്കയുടെ സമീപത്തു തന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും തനിയ്ക്കാണ് എന്നു തോന്നിക്കും വിധമായിരുന്നു ഓരോരുത്തരുടെയും പെരുമാറ്റം. അധികം താമസിയാതെ പിതാവു മരിച്ചു. സംസ്ക്കാരം കഴിഞ്ഞയുടനെ തന്നെ മക്കൾ വിൽപത്രം എടുത്തു വായിച്ചു. അതിൽ ഇപ്രകാരമാണ് എഴുതിയിരുന്നത്:
“ബുദ്ധിമാനായതു കൊണ്ട്, ജീവിച്ചിരുന്നപ്പോൾ തന്നെ, എന്റെ സ്വത്തുക്കൾ മുഴുവൻ ഞാൻ ചെലവഴിച്ചു!”
സ്വയം ജീവിക്കുവാൻ മറക്കുന്നതാണ് ഏറ്റവും വലിയ വിഡ്‌ഢിത്തം. അവരവർക്കു
വേണ്ടി ക്രീയാത്മകമായി ജീവിക്കുന്നവർ എത്ര പേരുണ്ടാകും? ഒന്നുകിൽ, വരും തലമുറയ്ക്കു വേണ്ടി എല്ലാം കരുതലോടെ കൂട്ടി വയ്ക്കുകയും സൂക്ഷിക്കുകയും ചെയ്യും. അല്ലെങ്കിൽ, അടിച്ചു പൊളിച്ച് സ്വന്തം ജീവിതം പാലും വേണ്ടപോലെ മുഴുമിപ്പിക്കാതെ കടന്നു പോകും.
മറ്റൊരാൾക്കുവേണ്ടി ജീവിക്കുന്നതിൽ രണ്ടപകടമുണ്ട്: ഒന്ന്, സ്വന്തം ജീവിതത്തിന്റെ അർത്ഥവും ആസ്വാദ്യതയും തിരിച്ചറിയാതെ പോകും. രണ്ട്, അടുത്ത തലമുറയെ നിർഗുണരും സ്വയ പ്രചോദന ശേഷി ഇല്ലാത്തവരും ആക്കി മാറ്റും.
ഒരാൾക്കും വേറൊരാൾക്കു വേണ്ടി പറുദീസ ഒരുക്കാനാകില്ല. സ്വന്തം കാലിൽ നിൽക്കാനും, സ്വന്തം വഴികൾ കണ്ടെത്താനും, പിറകെ വരുന്നവരെ പ്രാപ്തരാക്കുകയാണ് മുമ്പെ പോകുന്നവരുടെ ഉത്തരവാദിത്തം. തങ്ങളുടെ ജീവിതം ആവേശഭരിതമാക്കാനും ശ്രേഷ്ഠമാക്കാനും ശ്രമിച്ചവർക്കു മാത്രമേ അടുത്ത തലമുറയ്ക്കു കൈമാറാൻ ചില ജീവിത പാഠങ്ങൾ ഉണ്ടായിരിക്കൂ.
സർവ്വേശ്വരൻ സഹായിക്കട്ടെ..!!
പ്രൊഫസ്സർ എ. വി. ഇട്ടി✍