മികവിന്റെ പിന്നിലെ പ്രയത്നം ഏറെ പ്രധാനം.
…………………………………………………………………………………………
ഒരു രാജാവ്, തന്റെ രാജ്യത്തെ ഏറ്റവും മികച്ച ചിത്രകാരനെ, വളരെ അപൂവ്വമായി മാത്രം കാണപ്പെടാറുള്ള ഒരു പക്ഷിയുടെ ചിത്രം വരയ്ക്കാനേൽപിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രം പൂർത്തിയായില്ല. ചോദിക്കുമ്പോൾ എല്ലാം വരച്ചു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു മറുപടി. കുറച്ചു നാൾ കൂടി കാത്തിരുന്ന ശേഷം, രാജാവും പരിവാരങ്ങളും ചിത്രകാരന്റെ മുറിയിലെത്തി. അപ്പോഴും വര തുടങ്ങിയതിന്റെ ലക്ഷണമൊന്നും ആ മുറിയിൽ കാണാനില്ലായിരുന്നു. കുറച്ചു സമയം കാത്തിരിക്കാൻ രാജാവിനോടാവശ്യപ്പെട്ട ചിത്രകാരൻ, അധികം താമസിയാതെ ചിത്രം പൂർത്തീകരിച്ചു നൽകി!
ചിത്രം ഏറ്റു വാങ്ങിയ രാജാവു ചോദിച്ചു:
“ഇത്രയും വേഗം ഇതു വരയ്ക്കുവാൻ കഴിയുമായിരുന്നെങ്കിൽ, എന്തു കൊണ്ടാണ്, ഇത്രയും നാൾ താമസിപ്പിച്ചത്?” അയാൾ രാജാവിനെ മറ്റൊരു മുറിയിലേക്ക് ആനയിച്ചു. അവിടെ മുഴുവൻ, ആ പക്ഷിയുടെ വിവിധ പോസുകളിലും, ഭാവങ്ങളിലും ഉള്ള ചിത്രങ്ങളായിരുന്നു.
ഗൃഹപാഠങ്ങളുടെ തികവാണ് അരങ്ങേറ്റത്തിലെ മികവ്. അഞ്ചു മിനിട്ടിൽ അവസാനിക്കുന്ന പല അത്ഭുത പ്രകടനങ്ങളുടെയും പിന്നാമ്പുറത്ത് ഒരു വ്യാഴവട്ടത്തിന്റെ പരിശ്രമം കാണും പ്രകടന സമയത്തെ ചാരുതയ്ക്ക്, പ്രയത്ന സമയത്തെ വിയർപ്പുതുള്ളികളോടു ഏറെ കടപ്പാടുണ്ട്.
നിരീക്ഷണം, സമർപ്പണം, സ്വാംശീകരണം എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ്, എല്ലാ മികച്ച പ്രകടനക്കാരും കടന്നു പോകുന്നത്. കണ്ട കാഴ്ചകളും, കേട്ട കഥകളുമാണ് തനിമയുടെ അടിസ്ഥാന അസംസ്കൃത വസ്തുക്കൾ. നിരീക്ഷണത്തിനു ശേഷം നടത്തുന്ന തെരഞ്ഞെടുപ്പാണ്, അസാധാരണ പ്രകടനങ്ങളുടെ ആദ്യപടി. തീരുമാനങ്ങളോടുള്ള പ്രതിബദ്ധതയാണ്, അടുത്ത ഘട്ടം. സ്വായത്തമാക്കേണ്ടതിനെ മനസ്സുകൊണ്ടും, ശരീരം കൊണ്ടും സ്വാംശീകരിക്കുന്നതാണ്, അടുത്ത പടി.
എത്രവേഗം ഒരു കാര്യം ചെയ്തു തീർത്തു എന്നതിനേക്കാൾ പ്രധാനം, എത്ര വൈശിഷ്ട്യത്തോടെ അതു പൂർത്തീകരിച്ചു എന്നതാണ്. ഓരോരുത്തർക്കും അവരവരുടേതായ സമയ ഘടനയും, പ്രവർത്തന ശൈലിയുമുണ്ട്. അതംഗീകരിക്കാൻ സ്വയം തയ്യാറാകുന്നവർ, അത്ഭുതങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും.
സർവ്വേശ്വരൻ സഹായിക്കട്ടെ.. എല്ലാവർക്കും നന്മകൾ തേരുന്നു. നന്ദി, നമസ്ക്കാരം..!!
പ്രൊഫസ്സർ എ.വി. ഇട്ടി