“നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ “
—————————————————————————-
ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു:
“അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു”.
ഗുരു ചോദിച്ചു: “അതു പറയുന്നതു കൊണ്ടു്, അദ്ദേഹത്തിനെന്തെങ്കിലും ഗുണം കിട്ടുമോ?”
ശിഷ്യൻ പറഞ്ഞു: “ഇല്ല”. ഗുരുവീണ്ടും ചോദിച്ചു: “അതു കേൾക്കുന്നതുകൊണ്ടു്, എനിക്കെന്തെങ്കിലും ഗുണമുണ്ടോ?”
ശിഷ്യൻ പറഞ്ഞു: “ഇല്ല”. ഒരിക്കൽ കൂടി ഗുരു അന്വേഷിച്ചു :”അതു പറയുന്നതു കൊണ്ടു്, നിനക്കെന്തെങ്കിലും നേട്ടമുണ്ടോ?” ശിഷ്യൻ്റെ ആവർത്തിച്ചുള്ള മറുപടി, ‘ഇല്ല’ എന്നു തന്നെ ആയിരുന്നു! “എങ്കിൽ, നീ കേട്ട കാര്യം പറയണമെന്നില്ല”, ഗുരു ശിഷ്യനെ ഉപദേശിച്ചു!
ഒരാളുടെ സംഭാഷണത്തിൻ്റെ ഗുണനിലവാരം, അയാളുടെ ജീവിതത്തിൻ്റെ ഉൽകൃഷ്ടത വെളിവാക്കും. നിഷേധാത്മക മനോഭാവം ഉള്ളവരോടുള്ള നിരന്തര ഇടപെടൽ, ജീവിത നിഷേധത്തിനായിരിക്കും ഇടയാക്കുക. ജീവിതത്തിൻ്റെ സുന്ദര വഴികൾ തേടുന്നവരുമായുള്ള സംസർഗ്ഗം, നമ്മുടെ വഴികളിൽ നറുമണം പരത്തുകയും ചെയ്യും. വാക്കുകൾ ഉളളിൽ നിന്നു വരുന്നവയും, ഉളളിലേക്കു പോകുന്നവയുമാണു്. ഒരാൾ സ്ഥിരമായി പറയുന്ന വാക്കുകൾ, അയാളുടെ സ്വത്വം വെളിവാക്കുന്നതായിരിക്കും. സ്ഥിരമായി നാം കേൾക്കുന്ന വാക്കുകൾ നമ്മുടെ മനോഭാവം രൂപീകരിക്കുന്നവയും.
കഴിക്കുന്ന ഭക്ഷണത്തിൻ്റെയും, ധരിക്കുന്ന വസ്ത്രത്തിൻ്റെയും ഗുണമേന്മ ഉറപ്പു വരുത്തുന്ന നമുക്ക്, നമ്മുടെ ഉള്ളിൽ നിന്നും വരുന്ന വാക്കുകളുടെ ഗുണമേന്മയും പരിശോധിക്കാനാകണം. ഒരാളുടെ അസാന്നിദ്ധ്യത്തിൽ അയാളുടെ കുറവുകൾ വിചാരണ ചെയ്യില്ല എന്നു നാം ഒരോരുത്തരും തീരുമാനിച്ചാൽ, നമ്മുടെ ചുറ്റുവട്ടങ്ങൾ ഏറെ ദുർഗന്ധ വിമുക്തമാകും. പകരം, മറ്റുള്ളവരുടെ നന്മകൾ കണ്ടത്തി പറയാനാരംഭിച്ചാൽ, അവിടെ പരിമളം നിറയും സർവ്വേശ്വരൻ സഹായിക്കട്ടെ. ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.
പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര✍