നന്നാകൽ, സ്വയം മാറ്റത്തിലൂടെ
…………………………………………………………….
ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ വരാം. ഓരോരുത്തരുടേയും ദൈനംദിന ചുറ്റുപാടുകൾക്കും, ജന്മമെടുത്ത അവസ്ഥയ്ക്കുമനുസരിച്ചായിരിക്കും ഓരോരുത്തരും രൂപപ്പെടുക.
ഉപദേശങ്ങളോടും പ്രബോധനങ്ങളോടുമൊപ്പം, ഓരോരുത്തരും ജീവിക്കുന്ന പരിസരം കൂടി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടിയുണ്ടാകുന്നില്ലെങ്കിൽ എല്ലാ പരിചരണങ്ങളും പാഴാകും!
താൽക്കാലികമായി ഉണ്ടാക്കിയ അനുകൂല സാഹചര്യങ്ങൾ രൂപപ്പെടുത്തുന്ന അതിവേഗ വ്യതിയാനം, സുസ്ഥിര മാറ്റത്തിൻ്റെ അടയാളമാകണമെന്നില്ല. സുസ്ഥിര സാഹചര്യങ്ങളിൽ അടിസ്ഥാനപ്പെട്ടുള്ള സാവധാന പരിവർത്തനമാണ് കൂടുതൽ അഭികാമ്യം.
എളുപ്പത്തിൽ പ്രലോഭിതനാകുന്നയാളെ, പ്രലോഭനങ്ങളില്ലാത്ത ചുറ്റുപാടുകളിലേക്കു മാറ്റി, അയാളുടെ സ്വഭാവം നന്നായിയെന്നു രേഖയുണ്ടാക്കുന്നതിൽ എന്തർത്ഥമാണുള്ളത്. ആരേയും ഒറ്റ ദിവസം കൊണ്ടു നന്നാക്കാനാകില്ലെങ്കിലും, മറ്റുള്ളവർ വിചാരിച്ചാൽ ഒറ്റ ദിവസം കൊണ്ടൊരാളെ മോശക്കാരനാക്കാൻ കഴിയും. ആയിരം നന്മകൾ ചെയ്തിട്ടുള്ളവരെ, അവർ എവിടെയോ വരുത്തിയ ഒരു തെറ്റിൻ്റെ പേരിൽ, പുറന്തള്ളുന്നവർ ഏറെയാണ്. ഒരിക്കൽ ചെയ്ത തെറ്റിൽ നിന്നും സ്വയം മാറാൻ തീരുമാനിച്ചാലും, ഒരിക്കലുമതനുവദിച്ചു കൊടുക്കില്ലെന്നു ശഠിക്കുന്നവരും കുറവല്ല.
നന്നാകുന്നതും, ചീത്തയാകുന്നതും ഒരു സാവധാന പ്രക്രിയയാണ്. ആൾക്കൂട്ടം കൈകടത്താതിരുന്നാൽത്തന്നെ, പലരുടേയും ജീവിതം മാറ്റത്തിനു വിധേയമായി വിശുദ്ധമായിക്കൊള്ളും. ഒരാളുടെ വീഴ്ചകളെ പരിഹസിക്കാനും, തെറ്റുകൾക്കെതിരെ വിരൽച്ചൂണ്ടാനും നാം കാണിക്കുന്ന ആവേശം, അയാളുടെ മാറ്റങ്ങളെയും നന്മകളെയും പ്രശംസിക്കുവാൻ കാണിച്ചിരുന്നെങ്കിൽ, പലർക്കും നന്നാകാതിരിക്കാൻ കഴിയാതെ വന്നേനെ.
സർവ്വേശ്വരൻ സഹായിക്കട്ടെ. ഏവർക്കും നന്മകൾ നേരുന്നു. നന്ദി നമസ്ക്കാരം!
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍