ആഴമുള്ള അനുഭവങ്ങളുടെ ഉടമകളാകാം
…………………………………………………………………………………
രാജാവും സേവകരും ഒരു കപ്പൽ യാത്ര നടത്തുകയായിരുന്നു. അവരിലൊരാൾ ആദ്യമായാണ് കടൽ യാത്ര ചെയ്യുന്നത്. ഒരു മലമുകളിലായിരുന്നു അയാൾ താമസിച്ചിരുന്നത്. യാത്ര തുടങ്ങിയപ്പോൾ തന്നെ അയാൾക്കു ഭയമായി ബഹളം വയ്ക്കാനും കരയാനും ആരംഭിച്ചു. ഭക്ഷണം കഴിക്കാതായി. ഉറക്കം നഷ്ടപ്പെട്ടു. രണ്ടു ദിവസം കൊണ്ടു് സഹയാത്രികർക്കു ക്ഷമ നശിച്ചു. രാജാവ് അയാളെ കടലിലെറിയാൻ നിർദ്ദേശിച്ചു. അവർ അപ്രകാരം ചെയ്തു.
വെള്ളം കുടിച്ച് മുങ്ങിച്ചാകാറായപ്പോൾ, അയാളെ തിരിച്ചു കയറ്റി. പിന്നീടയാൾ ഒരു ശബ്ദവുമുണ്ടാക്കാതെ കപ്പൽയാത്ര ആസ്വദിക്കാൻ തുടങ്ങി. കൂടെയുള്ളവർ രാജാവിനോടു് ചോദിച്ചു: “ഇയാൾ എങ്ങനെയാണ് ശാന്തനായത് ?” രാജാവു പറഞ്ഞു: “മുങ്ങിത്താഴൻ പോയവൻ മുട്ടോളം വെള്ളം കണ്ടാൽ പേടിക്കില്ല!”
അനുഭവങ്ങളുടെ ആഴമാണ് അതിജീവനത്തിൻ്റെ ആദ്യപടി. കയത്തിൽ നിന്നു കയറി വന്നവൻ്റെ ആത്മവിശ്വാസം, കരയിൽ ഇരിക്കുന്നവർക്കുണ്ടാകില്ല. അനുഭവങ്ങളില്ലാത്തവർ (അതു സുഖാനുഭവമോ, ദു:ഖാനുഭവമോമാകാം)
നിർവികാരതയുടെ നേർരേഖയിൽ മാത്രം സഞ്ചരിക്കുന്നവരായിരിക്കും. ദുർബ്ബല നിമിഷങ്ങളിലവർ ഭയചകിതരാകയും ചെയ്യും.
ഏകാനുഭവ പാഠശാലകളാകരുത് നമ്മുടെ ജീവിതം. കൊടുമുടികളിൽ മാത്രമല്ല, ഗർത്തത്തിലും ജീവിക്കണം. ശൈത്യവും ഉഷ്ണവും അറിഞ്ഞിരിക്കണം. ആദ്യാനുഭവങ്ങൾ അമ്പരപ്പുളവാക്കിയേക്കാം പക്ഷെ, അടിപതറരുത്. ശീലങ്ങളിൽ നിന്നാണ് ശേഷികൾ രൂപപ്പെടുന്നത്.
അപരിചിതമായവയെല്ലാമാദ്യം അസ്വസ്ഥത ഉളവാക്കിയേക്കാം. അനുദിന ജീവിതത്തിൻ്റെ ഭാഗമാകുമ്പോൾ, നാമവയോടു പൊരുത്തപ്പെട്ടുകൊള്ളും. ആയിരുന്ന അവസ്ഥകളുടെ ഓർമ്മക്കൂട്ടുകൾ ആയിരിക്കുന്ന അവസ്ഥകളുടെ അനുഭൂതികളെ ഇല്ലാതാക്കരുത്. സർവ്വശക്തൻ തുണയ്ക്കട്ടെ.. ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍