മരങ്ങൾ പഠിപ്പിക്കുന്ന പാഠം
………………………………………………….
കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു നോക്കിയിട്ടു പറഞ്ഞു. “ഇതെന്തൊരു ഉപയോഗശൂന്യമായ മരമാണ്.കഴിക്കാൻ കൊള്ളാവുന്ന ഒരു ഫലവും ഇതിലില്ല”. “ഇതിൻ്റെ തടി കത്തിക്കാൻ പോലും കൊള്ളില്ലായെന്നാണു തോന്നുന്നത്.
അപരൻ പറഞ്ഞു. “എൻ്റെ തണലിൽ ഇരുന്നു കൊണ്ടു വേണം ഇതൊക്കെപ്പറയാൻ നന്ദിയില്ലാത്ത പരിഷകൾ “, മരം പുലമ്പി!
ഒരു മരത്തണലിലിരുന്നു കൊണ്ട് അതിൻ്റെ തായ് വേര് അറക്കരുത്. മറ്റെല്ലാ മരങ്ങളും വരണ്ടുണങ്ങുമ്പോഴും ഇല കൊഴിയാതെ പിടിച്ചു നിൽക്കുന്ന ചില മരങ്ങളുണ്ട്. അവയുടെ തണലിലിരിക്കുന്നവരുടെ ആശ്രയം അവയുടെ ചില്ലകളും ഇലകളുമാണ്.
എല്ലാവരുടെയും നിയോഗം ഒരേ തരത്തിലുമുള്ളതല്ല മരമായാലും, മനുഷ്യരായാലും. സ്വന്തം ദൗത്യം തിരിച്ചറിയുന്നവരാണ് അവസാനം വരെ. തങ്ങളുടെ തന്മയും തനിമയും കാത്തു സൂക്ഷിക്കുന്നത്.
തണലാകുന്നവരും വിളവേകുന്നവരും തമ്മിലുള്ള താരതമ്യം അർത്ഥശൂന്യവും പ്രയോജനരഹിതവുമാണ്. തൽക്കാല ആവശ്യങ്ങളെ തൃപതിപ്പെടുത്തുന്നവരെ മാത്രം ഉപകാരികളുടെ പട്ടികയിൽപ്പെടുത്തി അവർക്കു മാത്രം സ്തുതി പാടുന്ന ജീവിതം സ്ഥായിയായ ബന്ധം സമ്മാനിക്കില്ല. വാടിത്തളരുന്നവർക്കു തണലാണാവശ്യം വിശന്നു വലയുന്നവർക്കു വിളവും.
എല്ലാവർക്കും സ്വന്തം കർമ്മമണ്ഡലങ്ങളും ദൗത്യങ്ങളുമുണ്ട്. അവിടെയാണവർക്കു പ്രശോഭിക്കാനാകുക. എന്തിനു വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതിനു വേണ്ടി വേണം നാം നിലകൊള്ളുവാൻ. അല്ലെങ്കിൽ ആരുമല്ലാതെ ആകുകയാകും ഫലം. ശിഖരം മാത്രം നോക്കി വിധി പറയരുത്. ചുവടിനേക്കൂടി കണക്കിലെടുത്തു വേണമതു നിർവ്വഹിക്കാൻ. വേരിൻ്റെആഴമാണ് തടിയുടെ ഉയരം നിശ്ചയിക്കുന്നത് മനുഷ്യരേക്കുറിച്ചും, ദൈവമാഗ്രഹിക്കുന്നത് അതാണ്. സർവ്വേശ്വരൻ സഹായിക്കട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം..
പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര✍