ഒരു തവണ കൂടി ശ്രമിക്കാൻ കഴിയണം..
…………………………………………………………..
നടുക്കടലിൽ വച്ച്, കപ്പൽ പെട്ടന്നു മുങ്ങുവാൻ തുടങ്ങി. വളരെക്കുറച്ചു യാത്ര
ക്കാരേ കപ്പലിൽ ഉണ്ടായിരുന്നുള്ളുവെന്നതിനാൽ, എല്ലാവർക്കുമുള്ള ലൈഫ് ബോട്ടുകൾ ലഭ്യമായിരുന്നു! എന്നാൽ, ദിശയറിയാതെ, അവർ നടുക്കടലിൽ നട്ടം തിരിഞ്ഞു. വിവരമറിഞ്ഞെത്തിയ രക്ഷാവിമാനങ്ങൾ, പലതവണ വട്ടമിട്ടു പറന്നുവെങ്കിലും, ലൈഫ് ബോട്ടുകളെയോ, യാത്രക്കാരെയോ കണ്ടെത്താനായില്ല. തിരച്ചിൽ നിർത്തി തിരികെപ്പോകാനൊരുങ്ങുമ്പോൾ, വൈമാനികരിൽ ഒരാൾ പറഞ്ഞു: “നമുക്ക് ഒരു തവണ കൂടി, തിരഞ്ഞു നോക്കാം. പത്തോ, പതിനഞ്ചോ മിനിട്ടിന്റെ കാര്യമല്ലേയുള്ളൂ” അയാളുടെ നിർബന്ധത്തിനു വഴങ്ങി, പൈലറ്റ് ഒരു പ്രാവശ്യം കൂടി കുറച്ചു കൂടി വിശാല മേഖലയിൽ ചുറ്റിപ്പറന്നു. ആ പറക്കലിൽ
അവർക്കു ലൈഫ് ബോട്ടുകൾ കണ്ടെത്തി യാത്രക്കാരെ രക്ഷിക്കാനായി.
ഒരു തവണ കൂടി ശ്രമിക്കാൻ തയ്യാറായിരുന്നെങ്കിൽ, വിജയിക്കുമായി
രുന്ന ഒട്ടേറേ ദൗത്യങ്ങളുണ്ട്? ഒരു പടി കൂടെ സഞ്ചരിച്ചിരുന്നുവെങ്കിൽ, എത്തിച്ചേരുമായിരുന്ന അനേകം ലക്ഷ്യങ്ങളുണ്ട്. ഒരു നിമിഷം കൂടി പിടിച്ചു നിന്നിരുന്നുവെങ്കിൽ നേടുമായിരുന്ന അനേക പതക്കങ്ങളുണ്ട്. പിടിച്ചു നിൽക്കാനും, തുടർന്നദ്ധ്വാനിക്കുവാനുമുള്ള സന്നദ്ധത, വിജയിക്കുന്നതിന് ഏറെ ആവശ്യമാണ്. ചിലപ്പോൾ, ഒരു മണിക്കൂർ കൂടി ജോലി ചെയ്യേണ്ടി വരാം… ഒരു ദിവസം കൂടി ക്ഷമിക്കേണ്ടി വരാം.. ഒരാഴ്ചകൂടി പിടിച്ച നിൽക്കണ്ടി വരാം. തളരാതെ മുമ്പോട്ടു പോകുവാൻ കഴിയുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് അന്തിമ വിജയം!
പിൻമാറുന്നതിനു പലകാരണങ്ങൾ നിരത്തുവാനുണ്ടാകും. നന്നായി തുടങ്ങാനായില്ല. പ്രതീക്ഷിച്ച പോലെ മുന്നേറാനായില്ല. നേടുമെന്ന് ഉറപ്പില്ലായിരുന്നു: ഇപ്രകാരമുള്ള ന്യായീകരണങ്ങളെല്ലാം, പാതിവഴിയിൽ വീണു പോയവരുടെ, പരിദേവനങ്ങൾ മാത്രം! മടുക്കുന്നതു വരെ ചെയ്യുന്നവരും, ജയിക്കുന്നതു വരെ തുടരുന്നവരുമുണ്ട്.
ആദ്യ കൂട്ടർക്കു തുടങ്ങാനല്ലാതെ, ഒന്നും പൂർത്തിയാക്കാനാകില്ല.
ഒരു കാര്യം തുടങ്ങാനുണ്ടായ കാരണം, ആ ദൗത്യം പൂർത്തിയാക്കുമ്പോൾ മാത്രമാണ് അവസാനിക്കുന്നത്. പാതി വഴിയിൽ അവസാനിപ്പിക്കുന്നത് ആത്മവിശ്വാസമില്ലായ്മ മാത്രമല്ല, സ്വയ അവഹേളനം കൂടിയാണ്. തുടങ്ങാൻ, ആഗ്രഹവും, ആവേശവും മതി. പൂർത്തീകരിക്കാൻ, നിശ്ചയ ദാർഢ്യവും, സ്ഥിരോത്സാഹവും അനിവാര്യമാണ്.
തുടങ്ങുന്നവർക്കല്ല, പൂർത്തിയാക്കുന്നവർക്കാണു മെഡലിനർഹത!
സർവ്വേരൻ സഹായിക്കട്ടെ..എല്ലാവർക്കും നന്മകൾ നേരുന്നു.. നന്ദി, നമസ്കാരം!
പ്രൊഫസ്സർ എ.വി. ഇട്ടി✍