തെറ്റു തിരുത്താനുള്ള ആർജ്ജവം നേടിയെടുക്കാം
…………………………………………………………………………………………….
സന്യാസി പതിവുപോലെ, തൻ്റെ പൂജാമുറിയിൽ കയറിയപ്പോൾ, അവിടിരുന്ന തൻ്റെ സ്വർണ്ണത്തളിക കാണാനില്ല! തൻ്റെ ശിഷ്യരിൽ ആരെങ്കിലുമായിരിക്കും അതെടുത്തതെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. എടുത്തത് ആരാണെങ്കിലും, തന്നോടു രഹസ്യമായി പറയുവാൻ ഗുരു ശിഷ്യരോടു നിർദ്ദേശിച്ചു. എന്നാൽ, അന്നു രാത്രി, എല്ലാവരുടെയും മുമ്പിൽ വച്ച് , ഒരു ശിഷ്യൻ ഗുരുവിൻ്റെ കാൽക്കൽ വീണു ക്ഷമ ചോദിച്ചു! ഗുരു അവനോടു ചോദിച്ചു: “നീ എന്തിനാണ് , പരസ്യമായി ക്ഷമ ചോദിച്ചത് ?” ശിഷ്യൻ്റെ മറുപടി : ” ഇതു ഞാൻ പരസ്യമായി ചെയ്തില്ലെങ്കിൽ, എല്ലാവരും പരസ്പരം സംശയിക്കും. അത് ആശ്രമത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കും”, എന്നായിരുന്നു. ഗുരു ആ ശിഷ്യനെ മുക്തകണ്ഠം പ്രശംസിച്ചു; അനുഗ്രഹിച്ചു. അയാൾ പിന്നീടൊരു ഗുരുവായി മാറി.
തെറ്റു പറ്റുകയും തിരുത്തുകയും ചെയ്യുന്നവർക്കു മാത്രമേ, പിൽക്കാലത്തു ഗുരുവാകാനുള്ള യഥാർത്ഥ യോഗ്യത സിദ്ധിക്കൂ. അവർക്കു മാത്രമേ വീണവൻ്റെ മനസ്സറിയാൻ പറ്റു; വീണിടത്തു നിന്ന് എഴുന്നേൽക്കണ്ടതെങ്ങനെയെന്നും, തിരിച്ചു നടക്കേണ്ടതെവിടേക്കെന്നും, പറഞ്ഞു കൊടുക്കാനും കഴിയൂ . കുറ്റപ്പെടുത്തുന്നവരല്ല, കുറ്റമറ്റവരാകുവാൻ ശിഷ്യർക്കു വഴികാട്ടിയായിരിക്കുന്നവർക്കു മാത്രമേ, ഗുരുവാകാനാകൂ!
രഹസ്യമായി ഒരാൾ ചെയ്യുന്ന ഓരോ തെറ്റിനും, അതിൻ്റേതായ പ്രതിഫലനങ്ങൾ ഉണ്ടാകുക സ്വഭാവികമാണ്. .നിരപരാധികൾ പോലും, തൻമൂലം കുറ്റാരോപിതരാകും. ഒറ്റക്കു ചെയ്യുന്ന തെറ്റുകൾ ഏറ്റുപറയാനാകണമെങ്കിൽ, തൻ്റേടം വേണം. അവ പരിഹരിക്കാനാകണമെങ്കിൽ അതിനുള്ള ചങ്കൂറ്റവും. തെറ്റു ചെയ്യുന്നതിനേക്കാൾ ഏറെ മുന്നൊരുക്കവും മനോബലവും വേണം, ചെയ്ത തെറ്റു തിരുത്തുവാൻ. ഏറെ ആർജ്ജവമുള്ളവർക്കു മാത്രമേ അതിനാകൂ. സർവ്വശക്തൻ തുണയ്ക്കട്ടെ.. ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം..🙏
പ്രൊഫസ്സർ എ.വി. ഇട്ടി✍