ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ
തിരിച്ചറിയാനാകണം?
……………………………….
ഒരു നാട്ടിലെ പ്രമാണി, തൻ്റെ വീടിനോടു ചേർന്നുള്ള സ്ഥലത്ത് , ഒരു ബോർഡ് വെച്ചു:
“പൂർണ്ണ സംതൃപ്തനായ വ്യക്തിക്ക് ഞാൻ ഈ സ്ഥലം ദാനം ചെയ്യും”. ഒരാൾ പ്രമാണിയെ സമീപിച്ചു പറഞ്ഞു: “അങ്ങയുടെ സ്ഥലം എനിക്കു തന്നാലും; ഞാൻ പൂർണ സംതൃപ്തനാണ് ”.
പ്രമാണി അയാളോടു ചോദിച്ചു: “എന്തുകൊണ്ടാണ് , നിങ്ങൾക്കു പൂർണ സംതൃപ്തിയുള്ളത് ?” “എനിക്കു് എല്ലാ കാര്യങ്ങളും ആവശ്യത്തിലധികം ഉണ്ട് “, അയാൾ പ്രവചിച്ചു. പ്രമാണി വീണ്ടും ചോദിച്ചു: “എല്ലാം ആവശ്യത്തിലധികം ഉള്ള സംതൃപ്തനാണു താങ്കളെങ്കിൽ, പിന്നെന്തിനാണ് , ഈ സ്ഥലം കൂടി ആഗ്രഹിക്കുന്നത് ?” അയാൾക്ക് മറുപടിയില്ലായിരുന്നു!
‘മതി’ എന്നത് , ഒരു മനോഭാവമാണ് . ഉള്ളവയിൽ സംതൃപ്തി കണ്ടെത്താനും, അവയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും കഴിവുള്ളവർക്കേ, അതു സ്വായത്തമാക്കാനാകൂ! ആവശ്യവും ആഗ്രഹവും തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞാൽ, വിഭവങ്ങളെ ഉത്തരവാദിത്ത പൂർണ്ണമായി കൈകാര്യം ചെയ്യാൻ ഏറെ എളുപ്പമാണ് . തൻ്റെ ആവശ്യങ്ങളുടെ പരിധി നിശ്ചയിക്കാൻ കഴിവുള്ളവനാണ് , യഥാർത്ഥ സംതൃപ്തൻ !
ആർത്തിപൂണ്ട ആളുകൾ തമ്മിലുള്ള കിടമത്സരമാണ് , മറ്റുള്ളവരുടെ സമാധാനം പോലും നശിപ്പിക്കുന്നത് ! ആവശ്യങ്ങൾക്ക് പരിഹാരമുണ്ട് എന്നാൽ, ആഗ്രഹങ്ങൾ എന്നും, അപരിഹാര്യമായിത്തന്നെ തുടരും! നിലനിൽപ്പിനും, സ്വയ സംരക്ഷണത്തിനുമുള്ള ഉപാധികൾ എല്ലാവർക്കും ആവശ്യമാണ് . എന്നാൽ, അവ അതിർത്തികൾ ഭേദിച്ച്, ആർഭാടങ്ങളിലേക്കു കടന്നു കയറുമ്പോൾ, ആഗ്രഹങ്ങൾ, ദുരാഗ്രഹങ്ങളായി രൂപാന്തരപ്പെടും!
ധാരാളിത്തമാണ് , ഏറ്റവും വലിയ തിന്മ. വിശക്കുന്നവനു മുമ്പിൽ, ഒരിലയിടാതെ, ഒരാൾ സദ്യ കഴിക്കുന്നുവെങ്കിൽ, അത്, കൊലപാതകത്തേക്കാൾ, വലിയ ക്രൂരതയാണ് ! അപരൻ്റെ അത്യാവശ്യങ്ങളെ ചവുട്ടി മെതിച്ചിട്ട് സ്വന്തം അനാവശ്യങ്ങളിലേക്കു തേരോട്ടും നടത്താൻ, നാമാരും തുനിയരുത്. സർവ്വേശ്വരൻ സഹായിക്കട്ടെ? എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം!
പ്രൊഫസ്സർ എ.വി.ഇട്ടി✍