സ്വന്തമാക്കണമോ എല്ലാം?
………………………………………
കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം ആകാശത്തു നോക്കിയപ്പോൾ, തന്റെ സുഹൃത്തുക്കളെല്ലാം പറന്നു നടക്കുന്നതു കണ്ടു. പറക്കാൻ ശ്രമിച്ചെങ്കിലും, അതിനു ചിറകടിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഒരടി പോലും ഉയരാനായില്ല. ചിറകടി ശബ്ദം കേട്ടു വന്ന വേട്ട നായ, അതിനെ തന്റെ ആഹാരമാക്കി!
അവശ്യത്തിലധികമുള്ളതെന്തും അനാരോഗ്യകരമാണ്! ജീവിക്കാൻ വേണ്ടി സമ്പാദിക്കുന്നതും, സമ്പാദിക്കാൻ വേണ്ടി ജീവിക്കുന്നതും തമ്മിൽ, ഏറെ അന്തരമുണ്ട്? ലക്ഷ്യത്തിലും കർമ്മത്തിലും, അവ തമ്മിൽ ഏറെ വ്യത്യാസമുണ്ട്! ജീവിതം സന്തോഷ പ്രദമാക്കാൻ, എല്ലാം സമ്പാദിക്കണമെന്നുണ്ടോ? സമ്പാദ്യത്തിന്റെ അളവു കൂടുന്നതനുസരിച്ച്, ജീവിതത്തിന്റെ സന്തോഷ സൂചിക ഉയർന്നു വരുമോ?
ഉപയോഗ യോഗ്യമോ, ഉൽപാദന ക്ഷമമോ അല്ലാത്ത എല്ലാ ശേഖരങ്ങളും, കാലക്രമത്തിൽ, ബാദ്ധ്യതകളായി മാറാം?
ബാദ്ധ്യത കൂടുന്നതനുസരിച്ച്, ബലഹീനതകളും കൂടും! ആവശ്യങ്ങളുടെയും അനാവശ്യങ്ങളുടെയും ഇടയ്ക്ക്, ഒരാൾ വരയ്ക്കുന്ന നിയന്ത്രണ രേഖയാണ്, അയാളുടെ ജീവിതത്തിന്റെ ഗുണനിലവാരം
നിശ്ചയിക്കുന്നത്!
ഒരാളെ സസൂക്ഷ്മം നിരീക്ഷിച്ചാൽ, അയാളുടെ സ്വഭാവും മൂല്യങ്ങളും വ്യക്തമാകും? ആഗ്രഹ നിവൃത്തി വരുത്തുന്നവയേയും, ആയാസരഹിത ജീവിതം ഉറപ്പുവരുത്തുന്നവയേയും, ചുറ്റിപ്പറ്റി നിൽക്കാനാണ്, ഭൂരിഭാഗം ആളുകൾക്കും താൽപര്യം! ക്ഷണിക സുഖങ്ങളിൽ വീഴാതിരിക്കാനും, അഥവാ വീണാൽത്തന്നെ,
കരകയറാനും, അസാധാരണ പ്രതിരോധ ശേഷിയും, പ്രയത്നവും വേണ്ടിവരും?
പൊടുന്നനവെ ഉണ്ടാകുന്ന അത്യാഹിതങ്ങളേക്കാൾ മാരകം, സാവധാനം ഉടലെടുക്കുന്ന ആപത്തുകളാണ്! ആകസ്മീകമായി ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചു ധാരണയുണ്ടെങ്കിൽ, അവയെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങൾ സാദ്ധ്യമാണ് ! എന്നാൽ, സാവധാനവും പടിപടിയായും നടക്കുന്ന കടന്നുകയറ്റങ്ങ ങ്ങളെ തിരിച്ചറിയാനോ, ചെറുക്കാനോ എളുപ്പമായിരിക്കില്ല! അത് ആദൃശ്യവും, നിശബ്ദവുമായിരിക്കും!
ആത്മാവു നഷ്ടപ്പെടുത്തി ആഹാരം കഴിച്ചിട്ടെന്തു കാര്യം? ജീവനത്തേക്കാൾ, ജീവിതമാണു പ്രധാനം! സർവ്വേശ്വരൻ സഹായിക്കട്ടെ? എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്കാരം!
പ്രൊഫസ്സർ എ.വി. ഇട്ടി✍