സ്വന്തംപരിമിതികളെ കണ്ടെത്തി തിരുത്താനാകട്ടെ..
……………………………………………………………………………………………………
മൂത്ത മകൻ്റെ വീട്ടിൽ എത്തിയതായിരുന്നു വയോധികനായ പിതാവ്.അദ്ദേഹം ഉറങ്ങിയപ്പോൾ, വികൃതിയായ കൊച്ചുമകൻ: അദ്ദേഹത്തിൻ്റെ താടിയിലും മീശയിലുമെല്ലാം മീൻ നെയ് പുരട്ടി. ഉറക്കമുണർന്ന അദ്ദേഹത്തിനു തൻ്റെ മുറിയിൽ എന്തോ ദുർഗന്ധമുള്ളതായി തോന്നി. അദ്ദേഹം എല്ലാ മുറികളിലും കയറി നോക്കിയെങ്കിലും എല്ലായിടത്തും അതേ ദുർഗന്ധം.തൻ്റെ സാന്നിദ്ധ്യം ഇഷ്ടപ്പെടാത്തതിനാൽ: മറ്റുള്ളവർ എല്ലാവരും ചേർന്നു തന്നെ പുറത്താക്കാനുള്ള ശ്രമത്തിലാണെന്നു കരുതി അദ്ദേഹം അവിടം വിട്ടു പോയി.
പുറത്തുള്ളതെന്നു നാം കരുതുന്ന പലതും അകത്തു തന്നെ ഉണ്ടാകാം.അതു അശുദ്ധി ആയാലും വിശുദ്ധി ആയാലും. എവിടെ പോയാലും നാം കാണുന്നതു തിന്മയും, കേൾക്കുന്നതു അപവാദവും, മണക്കുന്നതു ദുർഗന്ധവുമാണെങ്കിൽ നമ്മുടെ ഇന്ദ്രീയങ്ങളുടെ സൂക്ഷ്മ പരിശോധന തന്നെ നടത്തേണ്ടതു അവശ്യമാണ്. സുഗന്ധമുള്ളവരിൽ നിന്ന് ദുർഗന്ധം വമിക്കാറില്ല. ദുർഗന്ധമുള്ളവരിൽ നിന്ന് സുഗന്ധവും. ഒരു ഗന്ധവുമില്ലാത്തവർക്ക് ഒന്നും പരത്താൻ കഴിയില്ലെന്നു മാത്രമല്ല, ചുറ്റുപാടുകളുടെ ഗന്ധവുമായി അവർ പെട്ടന്നു പൊരുത്തപ്പെടുകയും ചെയ്യും.
സഹജമായുള്ള പലതിനും സമ്പർക്കത്തിലൂടെയും, സഹവാസത്തിലൂടെയും, രൂപ മാറ്റം സംഭവിച്ചു എന്നു വരാം.അവരവർ പോലുമറിയാതെ കാലം കൊണ്ടും ശീലം കൊണ്ടും വന്നു ചേരുന്ന ചിന്താരീതികളുടെയും, സ്വഭാവ വ്യതിയാനങ്ങളുടെയും മാറ്റ് ഇടയ്ക്കിടെ എങ്കിലും ഒന്നു പരിശോധിക്കുന്നതു നല്ലതാണ്.സ്വന്തം ഗന്ധമറിയുന്നവർക്കു മാത്രമേ സ്വയം വെടിപ്പാക്കാനാകൂ.
സ്വീകാര്യത ഒരു നിർബ്ബന്ധ കാര്യമല്ല. പക്ഷെ പൊതു അസ്വീകാര്യത പരിശോധിക്കപ്പെടുക തന്നെ വേണം. എല്ലാവർക്കും വേണ്ടപ്പെട്ടവനാകുക സാദ്ധ്യമല്ല. പക്ഷെ ആർക്കും വേണ്ടാത്ത അവസ്ഥ സ്വയ വിചിന്തനത്തിനു നമ്മെ പ്രേരിപ്പിക്കണം.സ്വന്തം പരിമിതികളെ കണ്ടെത്തി തിരുത്താനാകട്ടെ നമുക്ക്. സർവ്വേശ്വരൻ സഹായിക്കട്ട. എല്ലാവർക്കും നന്മകൾ നേരുന്നു.നന്ദി, നമസ്ക്കാരം.
പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര