കേരള രാഷ്ട്രീയത്തിലെ ഭാവി എങ്ങോട്ടാണ്? അത് പ്രവാചനാതീതമായി കടന്നുപോകുന്നു. ജനാധിപത്യം പണാധിപത്യത്തിനു വഴിമാറാൻ തുടങ്ങിയിട്ട് കാലമേറെയായി. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലാണ് ഇന്നത്തെ പോക്ക്.ഏത് രാഷ്ട്രീയ പാർട്ടികളും അതിൽ നിന്ന് വിഭിന്നമല്ല.
കേരളമതിന്റ ഉന്നതിയിൽ എത്തിയത് ഒരുപാട് ആളുകളുടെ മികച്ച ഭരണത്തിന്റെയും, രാഷ്ട്രീയ ഇടപെടലിന്റെയും സഹായത്തോടെ ആണ്. വിദ്യാഭ്യാസവും, ആരോഗ്യവും, തുടങ്ങി ഒട്ടുമിക്ക അടിസ്ഥാന സൗകര്യങ്ങളും കേരളത്തിനുണ്ട്. പൊതുആരോഗ്യരംഗവും, പൊതു വിദ്യാലയങ്ങളും മികച്ച തലമുറകളെ വാർത്തെടുക്കാൻ പര്യാപ്തമായിരുന്നു. എല്ലാ കാര്യങ്ങളിലും മുന്നിൽ നിന്നുകൊണ്ട് ലോകത്തെവിടെയും ഉന്നതങ്ങളിൽ ഒരു മലയാളി സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ ഇന്ന് മറ്റുള്ളവർ പോലും പുച്ഛിക്കാൻ തുടങ്ങിയിരിക്കുന്നു. അറിവും വിദ്യാഭ്യാസവും ഉള്ള ഒരു ജനതയ്ക്ക് മേൽ കുതിര കേറുന്ന രാഷ്ട്രീയക്കാർ, ജനങ്ങളെ പറ്റിച്ച് ഭരണം നടത്തുന്ന അധികാരികൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, ഗുണ്ടവിളയാട്ടങ്ങൾ, ആത്മഹത്യകൾ, ലഹരിയും തീവ്രവാദവും തുടങ്ങി ഒട്ടുമിക്ക വിളയാട്ടങ്ങളുടെയും വിളനിലമായി കേരളം മാറി.
ഇവരെയൊക്കെ ന്യായീകരിക്കാൻ ഇന്നും അണികൾ ഉള്ളിടത്തോളം കാലം അവരുടെ കസേര സുരക്ഷിതമാണ്. നേതാക്കൾ കസേരയിൽ സുഖസുഷുപ്തിയിൽ ലയിച്ചിരിക്കുമ്പോൾ അണിയറയിൽ അവർക്കുവേണ്ടി വെട്ടാനും, കുത്താനും,ചാവാനും ഒരുപാട് ആളുകൾ.
കേരളത്തിന്റെ പ്രതാപം നഷ്ടപ്പെട്ടു തുടങ്ങി. വീണ്ടും പഴയ കാലത്തേക്ക് ആണ് പോകുന്നത്. മതവും, ജാതിയും, വർണ്ണങ്ങളും വേർതിരിഞ്ഞ്, അമ്പലവും,പള്ളിയും, ദൈവങ്ങളും മത്സരത്തിൽ ആണ്. ആരാണ് ഉത്തമൻ എല്ലാവരും അവരുടെ ദൈവങ്ങളെ ഉത്തമമാക്കാൻ ശ്രമിക്കുന്നു. സങ്കല്പങ്ങളിലെ സ്വർഗത്തിന് വേണ്ടി ഭൂമിയെന്ന സ്വർഗ്ഗത്തെ നരകമാക്കുന്ന ജനങ്ങൾ. സ്വാമി വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയമാണ് ഇന്നത്തെ കേരളം.
ഒരുകാലത്ത് അഴിമതിയുടെ കറപുരളാത്ത ഭരണാധികൾ ഉണ്ടാക്കിയത് സൽപ്പേര് അഴിമതിയിൽ മുങ്ങിക്കുളിച്ചു കൊണ്ട് നഷ്ടപ്പെടുത്തിയ അധികാരികൾ. അഴിമതിയിൽ കുളിച്ച നാണംകെട്ടു നിൽക്കുന്ന ഇതേപോലെ ഒരു ഗവൺമെന്റ് ഇതിനുമുമ്പ് എപ്പോഴെങ്കിലും കേരളത്തിൽ ഉണ്ടായിട്ടുണ്ട് എന്നത് സംശയമാണ്. മത പരമായും സാമ്പത്തികപരമായും ഉണ്ടാകുന്ന ക്രമക്കേടുകൾ ഒക്കെ ഇതിനുദാഹരണങ്ങളാണ്.
ആക്രമണ രാഷ്ട്രീയത്തിന് പേരുകേട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഇവരുടെ ആക്രമണോത്സുകതയും കാണ്ടാമൃഗത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ന്യായീകരണങ്ങളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതാണ്. ധാർമികതയും നൈതികതയും നഷ്ടപ്പെടുന്നു. ഭയമോ നിയമവ്യവസ്തയോട് ബഹുമാനമോ ഇല്ലാത്ത സമൂഹമായി അവർ പരിണമിക്കുന്നു. കൈക്കൂലി, സ്വജനപക്ഷപാതം, പൊതുസ്വത്തപഹരിക്കൽ, സ്വന്തം കാര്യലാഭത്തിനായി നിയമവ്യനസ്ഥയേയോ ഭരണക്രമത്തേയോ സ്വാധീനിക്കൽ, എന്നിങ്ങനെ വിവിധ രീതിയിലുളള അഴിമതികൾ ഉണ്ട്. അതെല്ലാം നടപ്പിൽ വരുത്തിയ ആദ്യത്തെ ഭരണസംവിധാനമാണ് ഇപ്പോഴത്തെ സർക്കാരിന്റേത്.
കേരളത്തിൽ മാധ്യമങ്ങളും സാംസ്കാരിക നായകരും ഇവർക്ക് കുഴലൂതുമ്പോൾ നഷ്ടപെടുന്നത് ഒരു ജനതക്കാണ്, മൂന്ന് കോടി ജനങ്ങൾക്കാണ് .ജനങ്ങളെ വെറും മണ്ടന്മാരാക്കി എത്രകാലം ഇവർ വാഴും. ജനാതിപത്യമെന്നത് ജനങ്ങളുടെ അധികാരമാണ് ഞങ്ങളാണ് അധികാരികൾ നിങ്ങൾ ഞങ്ങളുടെ സേവകരാണ്….
സുബി വാസു നിലമ്പൂർ