മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ചരിത്രാതീത കാലം മുതൽക്കു തന്നെ ഉണ്ട്. മനുഷ്യന്റെ ചരിത്രം തുടങ്ങുന്നത് തന്നെ ഇങ്ങനെയുള്ള സംഘർഷത്തിൽ നിന്നാണ്.
നമുക്കറിയാം ചരിത്രം പഠിക്കുമ്പോൾ മനുഷ്യന്റെ വികാസ പരിണാമങ്ങളെ കുറിച്ച് പഠിച്ചിട്ടുണ്ട്.മനുഷ്യൻ കാടിലായിരുന്നു ജീവിച്ചിരുന്നത്. വേട്ടയാടിയും, കായ്കനികൾ ഭക്ഷിച്ചും മൃഗങ്ങളോടൊപ്പം ജീവിച്ചു പോന്നു. കാടുകളിൽ തന്നെയായിരുന്നു അവരുടെ ആവാസവ്യവസ്ഥയും. അന്നും മൃഗങ്ങളുമായി സംഘർഷമുണ്ടായിരുന്നു. മരത്തിന്റെ മുകളിൽ കഴിയേണ്ടി വന്നിരുന്നു. ജീവന് വേണ്ടി വന്യമൃഗങ്ങളെ കൊല്ലാനും തയ്യാറാകേണ്ടി വന്നു. കല്ലും, കുന്തവും ആയുധമാക്കി അവർ ജീവിതം മുന്നോട്ട് കൊണ്ടുപോയി. പ്രകൃതിയോടിണങ്ങി, പ്രകൃതിയിൽ ജീവിച്ചമനുഷ്യൻ പതിയെ പല കണ്ടുപിടുത്തങ്ങൾ നടത്തി. കാലം വളരുന്നതിനനുസരിച്ചു കല്ലുകൊണ്ടുള്ള ചെത്തിമിനുക്കിയ ആയുധങ്ങൾ ഉണ്ടാക്കി, തീ കണ്ടുപിടിച്ചു, അപ്പോഴും അതൊക്കെ ഏറ്റവും കൂടുതൽ ആയിട്ട് അവർ ഉപയോഗിച്ചിരുന്നത് എന്തിനായിരുന്നു അവർക്ക് സ്വയം രക്ഷിക്കുവാനും അന്നം തേടാനും ആയിരുന്നു.
വേട്ടയാടിയും നായാടിയും മീൻപിടിച്ചും അവരുടെ ജീവിതം കാടുകളിൽ തുടർന്നുപോന്നു. പിന്നീട് ചക്രത്തിന്റെ കണ്ടുപിടുത്തവും, ലോഹങ്ങളുടെ ഉപയോഗവും ഓരോ മേഖലയിലും പുരോഗമിക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തതോടെ സമതലപ്രദേശങ്ങളിൽ ഒരു സാമൂഹിക ജീവിതം ആരംഭിച്ചു. കാടു വെട്ടിത്തെളിച്ചു കൃഷിയിറക്കുകയും, മൃഗങ്ങളെ ഇണക്കി വളർത്തുകയും ചെയ്തു.
അപ്പോഴൊക്കെ ഈ വന്യമൃഗങ്ങളും മനുഷ്യരുമുള്ള സംഘർഷം അവിടെ വ്യക്തമായിട്ട് നമുക്ക് കാണാൻ പറ്റും.
വന്യമൃഗങ്ങൾക്കൊപ്പം കാട്ടിൽ കഴിഞ്ഞിരുന്ന മനുഷ്യൻ പുരോഗമനത്തിൽ എത്തിയപ്പോൾ ഒരുപാട് മാറ്റം വന്നു. പക്ഷേ കാലം കഴിയുന്തോറും വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റെ സങ്കീർണ്ണതകൾ കൂടിക്കൂടി വന്നു.
മനുഷ്യരുടെ ഇടയിലേക്ക് വന്യമൃഗങ്ങൾ കൂടുതലായിട്ട് ഇറങ്ങി വന്നത് വലിയൊരു പ്രശ്നങ്ങൾക്ക് തന്നെ വഴിയൊരുക്കി .ഒരുഭാഗത്ത് കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ആവുകയും കാർഷികവിളകൾ നശിപ്പിക്കുകയും ചെയ്യുമ്പോൾ അത് മാനുഷിക പ്രശ്നമായി ഉയർന്നുവരുമ്പോൾ, മനുഷ്യരുടെ ചെയ്തികൾ കാരണം ജീവൻ നഷ്ടപ്പെട്ട മൃഗങ്ങളുടെ വിഷയവും കാടിൻറെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യൻ നടത്തുന്ന കടന്നുകയറ്റവും മൃഗങ്ങളുടെ കാടിറക്കത്തിന് കാരണമാവുന്നു എന്നപാരിസ്ഥിതിക വാദവും ഉയരുന്നുണ്ട്.
കാടിനോട് മല്ലിട്ടു കാടിനോട് ഇണങ്ങി ജീവിക്കുമ്പോൾ തന്നെ മൃഗങ്ങളുടെ ശല്യങ്ങൾ നമുക്ക് ഉണ്ടെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്രയധികം വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്ന എന്തുകൊണ്ടാണെന്ന്? ചിന്തിക്കേണ്ട വിഷയമാണ് വനമേഖലയിലേക്ക് നടന്ന കുടിയേറ്റം വന പരിസ്ഥിതികൾ മാറ്റി മറിച്ചപ്പോൾ
ആ മാറ്റി മറക്കപ്പെട്ട പരിസ്ഥിതിയുടെ ഫലമായി പല ആവാസവ്യവസ്ഥകളും തകരുകയും തങ്ങളുടെ ആവാസവ്യവസ്ഥയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ അവ കൂട്ടമായി നാട്ടിലേക്കു ഇറങ്ങുവാൻ തുടങ്ങി.
1960 മുതലാണ് കേരളത്തിൻറെ വന മേഖലകളിലേക്ക് കുടിയേറ്റം തുടങ്ങിയത് ഭൂമി വാങ്ങിക്കൂട്ടി അത് ഘട്ടംഘട്ടമായി തീയിട്ട് കൃഷിഭൂമിയാക്കി മാറ്റുകയായിരുന്നു. പരിസ്ഥിതിയിൽ വരുന്ന ആഘാതങ്ങൾ കണക്കിലെടുത്താണ് 1949 മദ്രാസ് പ്രെസെർവഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പാസ്സാക്കി.ഈ ആക്ട് പ്രകാരം സ്വകാര്യ വനഭൂമി കൈമാറ്റം ചെയ്യുന്നതോ, മരം മുറിക്കുന്നതിനോ കലക്ടറുടെ അനുമതി വേണമെന്ന് നിർബന്ധന്മാക്കി.
തോട്ടങ്ങൾക്കും നാണ്യവിളകൾക്ക് ഭൂമി ലഭ്യമാക്കുവാൻ ഭൂവുടമകൾ വലിയതോതിൽ വനഭൂമി വെട്ടിമുറിച്ചു തോട്ട വൽക്കരണം വന്യജീവികളുടെ ആവാസവ്യവസ്ഥയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കി. സാമൂഹിക വനവൽക്കരണ പദ്ധതിയുടെ മരങ്ങൾ നട്ടുപിടിപ്പിച്ചെങ്കിലും സ്വാഭാവിക ആവാസ വ്യവസ്ഥ പുനസൃഷ്ടിക്കാൻ കഴിഞ്ഞില്ല.പലതരത്തിലുള്ള സസ്യങ്ങളും ജീവികളും ഇല്ലാതാവുകയും ചെയ്തു.
അശാസ്ത്രീയ രീതിയിലുള്ള വേലികളും, എലെക്ട്രിക് ലൈനുകളും കിടങ്ങുകളും വന്യ മൃഗങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിച്ചു.ആനകളുടെ സ്വാഭാവിക സഞ്ചാരപാതമുടക്കി കിടങ്ങുകൾ നിർമ്മിച്ചാൽ വലിയപ്രതിസന്ധിയുണ്ടാക്കക്കി. ആനകൾ കിടങ്ങുകൾ തകർത്തുകൊണ്ടിരിക്കും അതിന്റെ ആവാസ വ്യവസ്ഥയിലാണ് മനുഷ്യൻ നിലയുറപ്പിച്ചിരിക്കുന്നത്.ആനകൾ ഒരുപാട് ദൂരം സഞ്ചരിക്കുന്ന ജീവികളാണ്.ഒരുസ്ഥലത്തു കിടങ്ങുണ്ടാക്കിയാൽ അടുത്ത സ്ഥലത്തേക്ക് പോകാൻ പ്രശ്നം ഉണ്ടാക്കും.
കെ. എഫ്. ആർ. ഐ യിലെ ശാസ്ത്രജ്ഞൻ ടി.വി സഞ്ജീവിന്റെ വാക്കുകൾ ഇതുമായി ചേർത്ത് വായിക്കാം.”മൃഗങ്ങൾക്ക് വലിയൊരു സ്പേസ് ആവശ്യമുണ്ട് ആ സ്പേസ് നമ്മൾ ചെറിയ കഷണങ്ങളായി മുറിച്ചു കഴിഞ്ഞു അതോടെ അവരുടെ സാധാരണഗതിയിലുള്ള സഞ്ചാര പാതകൾ അടഞ്ഞുപോയി. അതു
കനക്ട് ചെയ്യാൻ കഴിയണം.
അതുപോലെ തന്നെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട് പന്നി, കുരങ്ങു തുടങ്ങിയ മൃഗങ്ങളുടെ എണ്ണത്തിൽ ഉണ്ടായവർധന. എണ്ണം കൂടുംമ്പോൾ ഭക്ഷണത്തിനായി കാടുകളിൽ അലയുന്നതിനേക്കാൾ എളുപ്പത്തിൽ നാട്ടിലെ കൃഷിയിടങ്ങളിൽ നിന്നും ലഭിക്കുന്നു. ഈ ലഭ്യതയും വന്യ മൃഗങ്ങളുടെ ഇറക്കത്തിനു കാരണമാകുന്നു.
വനമേഖലയുടെ പരിസ്ഥിതി ആവാസവ്യവസ്ഥകളിൽ വൻ തോതിലുള്ള മനുഷ്യന്റെ കടന്നു കയറ്റം തന്നെയാണ് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്റെ കാതൽ. കാടിറങ്ങി വരുന്ന വന്യമൃഗങ്ങള്‍ നമ്മുക്ക് മുന്നിലെ യാഥാര്‍ത്ഥ്യമാണ്. സ്വന്തം വാസസ്ഥലം വിട്ട് വന്യമൃഗങ്ങള്‍ മറ്റൊരിടത്തേക്ക് നീങ്ങുന്നുണ്ടെങ്കില്‍ അതിനുള്ള കാരണമെന്തെന്ന് കണ്ടെത്തി പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍, പ്രശ്നപരിഹാരത്തിന് പകരം സംസ്ഥാന വനം വകുപ്പും ജനങ്ങളും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്നതാണ് മലയാളി കഴിഞ്ഞ കുറച്ച് നാളുകളായി കണ്ടുകൊണ്ടിരിക്കുന്നത്, പ്രശ്നപരിഹാരം തേടേണ്ട സര്‍ക്കാര്‍ സംവിധാനം സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത് കാര്യങ്ങളെ കൂടുതല്‍ പ്രശ്നവത്കരിക്കുകയാണ് ചെയ്യുന്നത്.
മൃഗങ്ങളുടെ കാടിറക്കം നിയന്ത്രിക്കണമെങ്കില്‍ വനാന്തരങ്ങളില്‍ അവയ്ക്കുള്ള ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ വനം വകുപ്പ് ബാധ്യസ്ഥരാണ്. അതായത് കാടകത്തെ ഭക്ഷ്യശൃംഖല മുറിയാതെ നോക്കേണ്ട ഉത്തരവാദിത്വം വനംവകുപ്പിനാണെന്നത് തന്നെ.
മനുഷ്യ-വന്യജീവി സംഘർഷത്തിനു പരിഹാരമായി കണ്ടത്തിയ സങ്കേതമാണ് പരസ്പരബന്ധം നഷ്ടപ്പെട്ട പരമാവധി ആവാസസ്ഥലങ്ങൾ കൂട്ടിയിണക്കുന്ന ഇടനാഴികൾ. ആന പോലുള്ള വലിയ ജീവികളുടെ സംരക്ഷണത്തിനും മനുഷ്യരുമായിട്ടുള്ള സംഘർഷങ്ങൾ ഒരു പരിധി വരെയെങ്കിലും ലഘൂകരിയ്ക്കാനും ഇത് സഹായകമാകും. അതോടൊപ്പം തന്നെ വന്യജീവികളുടെ വംശവര്‍ദ്ധനവിനെ കുറിച്ചും അവയുടെ ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നമ്മള്‍ ബോധവാന്മാരേകേണ്ടിയിരിക്കുന്നു.
സുബി വാസു നിലമ്പൂർ✍