17.1 C
New York
Wednesday, March 29, 2023
Home Special എരിയുന്ന മാലിന്യം പുകയുന്ന മനുഷ്യർ ✍സുബി വാസു നിലമ്പൂർ എഴുതുന്ന .."ഇന്നലെ - ഇന്ന് -...

എരിയുന്ന മാലിന്യം പുകയുന്ന മനുഷ്യർ ✍സുബി വാസു നിലമ്പൂർ എഴുതുന്ന ..”ഇന്നലെ – ഇന്ന് – നാളെ”

സുബി വാസു നിലമ്പൂർ✍

പ്രകൃതിയിൽ നിമിഷങ്ങൾകൊണ്ട് മാലിന്യ കൂമ്പാരം കൂടിക്കൊണ്ടിരിക്കുകയാണ് ഭൂമിക്ക് താങ്ങാവുന്നതിനും അപ്പുറം ആയിട്ടുണ്ട് അതിന്റെ ഭാരം.മനുഷ്യർ പെരുകുന്നതിനനുസരിച്ച് തന്നെ മനുഷ്യന്റെ ഉപയോഗശേഷിയും കൂടുതലാണ്. മനുഷ്യനൊഴികെ മറ്റൊരു ജീവികളും ഇത്രയധികം മാലിന്യം പ്രകൃതിയിലേക്ക് വലിച്ചെറിയുന്നില്ല. മനുഷ്യനൊഴികെ വേറെ ആരും പ്രകൃതിയെ ഇത്രകണ്ട് ചൂഷണം ചെയ്യുന്നില്ല. മനുഷ്യന്റെ ഇടപെടൽ തന്നെയാണ് ഭൂമിയിൽ ഇത്രയും പ്രഹരങ്ങൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യൻ എന്നും ഉപഭോഗതൃഷ്ണനാണ്. അതുകൊണ്ട് തന്നെ ഉപയോഗിച്ച് വലിച്ചെറിയാൻ മിടുക്കരുമാണ്. പക്ഷെ അനന്തകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളും അടങ്ങിയ ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ മനുഷ്യന് വാസം സാധ്യമാവു. ഈ ഭൂമി നശിച്ചാൽ മനുഷ്യന് ഇത്രയും അനുകൂലമായ മറ്റൊരിടം ഇതുവരെ ശാസ്ത്രലോകത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചന്ദ്രനിൽ മാത്രമാണ് മനുഷ്യന് കാലുകുത്താൻ കഴിഞ്ഞത്. അതിനപ്പുറത്തേക്ക് എന്തെന്നുള്ളത് ഇനിയും കൃത്യമായി ഉറപ്പിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല.

ഇന്ന് ഒരുപാട് പുഴയും, കായലും, തടാകങ്ങളും, തോടുകളും എല്ലാം ഉള്ള കൊച്ചു കേരളത്തിൽ പലയിടത്തും നല്ല വെള്ളമില്ലാത്ത അവസ്ഥയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശുദ്ധവായു അന്യമായികൊണ്ടിരിക്കുന്നു. മായമില്ലാത്ത ഭക്ഷണം മലയാളികൾക്ക് സ്വപ്‌നമാണ്. ജലം സംരക്ഷിച്ചു നിർത്തിയിരുന്ന ചതുപ്പ് നിലങ്ങൾ നികത്തി വലിയ ഫ്ലാറ്റുകൾ ഉണ്ടാക്കി, കുന്നിടിച്ചു നിരത്തി അവിടെയും കോൺക്രീറ്റ് കെട്ടിടങ്ങൾ വളർത്തി, വനങ്ങൾ കൈയേറി ഉള്ള വനസമ്പത്തും നഷ്ട്ടമായികൊണ്ടിരിക്കുന്നു. ഇനി ഉള്ള ജലാശയങ്ങൾ ആകട്ടെ മിക്കവാറും മാലിന്യം നിറഞ്ഞു കൊണ്ടിരിക്കുന്നു. വായുവും, വെള്ളവും, മണ്ണും ഇങ്ങനെ മലിനപ്പെട്ട അവസ്ഥയിൽ മനുഷ്യന് നിലനിൽപ്പുണ്ടോ? ആരാണ് ഇതിനുത്തരവാദികൾ?

കാലാവസ്ഥാവ്യതിയാനവും, ഹരിതഗൃഹ വാതക പ്രവാഹവും, ജല ശോഷണവും, വനനശീകരണവുംമൊക്കെ കാലങ്ങളായി ചർച്ച ചെയ്തു കൊണ്ടേയിരിക്കുന്നു. ഈ ചർച്ചകളിൽ ഒക്കെ പ്രകൃതി സംരക്ഷണവും അതിന്റെ പരിഹാരമാർഗങ്ങളും, നിർദ്ദേശങ്ങളും എല്ലാം മുന്നിട്ടുനിൽക്കുന്നു എങ്കിലും അതൊക്കെ വെറും ജലരേഖകൾ പോലെ അങ്ങനെ പോകുന്നു. മനുഷ്യൻ അവന്റെ പ്രവർത്തികൾ, അതങ്ങനെ തുടർന്ന് പോകുന്നു. സുസ്ഥിര വികസനവും,മുന്നോട്ടുള്ള ജീവന്റെ നിലനിൽപ്പും പരിസ്ഥിതി സ്നേഹികളിൽ ഒതുക്കികൊണ്ട് ഇന്നിന്റെ വികസനങ്ങളിൽ മുന്നോട്ട് കുതിക്കുന്നു.

പ്രകൃതിയോട് മനുഷ്യൻ കാണിക്കുന്ന കടുത്ത അനീതിയുടെ ഉത്തമ ഉദാഹരണമാണ് ബ്രഹ്മപുരത്ത് ഇത്രയും ദിവസങ്ങളിൽ കണ്ടത്. വിഷപ്പുക ശ്വസിച്ച് മനുഷ്യർ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥ.ആരാണ് ഈ മാലിന്യകൂമ്പാരത്തിൽ ഉത്തരവാദികൾ?ആരാണ് ഈ മാലിന്യകൂമ്പാരം ഇവിടെ സൃഷ്ടിച്ചത്? ഒറ്റ ഉത്തരമേയുള്ളൂ നമ്മളാണ് അതിൻറെ കാരണക്കാർ നമ്മളാണ് ഈ പ്രകൃതിയെ നശിപ്പിക്കുന്നത്.
ഈ പ്രകൃതിയിലേക്ക് പ്ലാസ്റ്റിക് അടക്കമുള്ള ഖര, ദ്രാവക മാലിന്യങ്ങൾ എറിഞ്ഞു കൊടുത്തത് നമ്മളല്ലേ? നമുക്ക് ഉപഭോഗ വസ്തുക്കളായി പലതും വാങ്ങിക്കൂട്ടുന്നു, അതിന്റെ ഉപയോഗശേഷം ബാക്കി വരുന്നതല്ലേ വേസ്റ്റ് ആയി മാറുന്നത്. ഇന്നിന്റെ സാഹചര്യത്തിൽ മാലിന്യ സംസ്‍കാരണം എന്നത് പലർക്കും ബുദ്ധിമുട്ടാണ്. ഒന്നാമത് ജനസാന്ദ്രത കൂടിയിരിക്കുന്ന അവസ്ഥയിൽ സ്ഥല പരിമിതികൾ ഉണ്ട്, അതുപോലെ തന്നെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പലയിടത്തും പ്ലാസ്റ്റിക് അശാസ്ത്രീയമായി സംസ്‍കരിക്കുന്നതു പ്രകൃതിയിൽ ഒരുപാട് ദോഷം ചെയ്യുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഡയൊക്സിൻ, കാർബൺ മോണോസ്സൈഡ്, കാർബൺ ഡൈ ഓക്സിസൈഡ് തുടങ്ങിങ്ങിയ വാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുകയും ഇത് ശ്വസിച്ചാൽ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.. അതുകൊണ്ട് തന്നെ ഗവണ്മെന്റ് ഹരിത കർമ്മസേനയെ ഉപയോഗിച്ച് ഇത്തരത്തിലുള്ള മാലിന്യം ശേഖരിച്ചു തുടങ്ങിയത്. പക്ഷെ അവിടെയും ദീർഘവീക്ഷണമില്ലാത്ത ആളുകളുടെ നേതൃത്വം പ്രശ്നം ഏറെ വഷളാക്കി. കൃത്യമായി ഒരു പദ്ധതി ഇല്ലാതെ ഇറങ്ങി ത്തിരിച്ചതുകൊണ്ടും, അഴിമതിയിൽ മുങ്ങിയ കൊണ്ടും മാലിന്യസംസ്കരണം നടന്നില്ല. ഓരോ ദിവസവും കൃത്യമായി എത്തുന്ന മാലിന്യം കുന്നുകൂടി കിടക്കാൻ തുടങ്ങി.

നമ്മുടെ നാട്ടിലെ ഹരിത കർമ്മ സേനകളുണ്ട് നമ്മുടെ വീടുകളിൽ പ്ലാസ്റ്റിക് ശേഖരിച്ച്,പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കരുതെന്ന് കർശനമായ ഓർഡർ കൊടുത്തുകൊണ്ട് വീട്ടിലെ എല്ലാ അജൈവമാലിന്യങ്ങളും ശേഖരിക്കുന്നവർ അവർക്കു ഇതിന്റെ പ്രോസസ്സങ്ങിനായി അൻപതു രൂപയും കൊടുക്കുന്നുണ്ട്. ഇങ്ങനെ ശേഖരിച്ച മാലിന്യങ്ങൾ കൃത്യമായി തരം തിരിച്ചു മാലിന്യ പ്ലാന്റുകളിൽ സംസ്ക്കരിക്കുകയും, recycling ചെയ്യേണ്ടവ അതിനായുള്ള പക്രിയ നടത്തുകയും, ഇതിൽ നിന്നുംപുതിയ ഉത്പന്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്തിരുന്നെങ്കിൽ ഉചിതമായ കാര്യമാണ്. പക്ഷേ ഇതിനു വിപരീതമായി മാലിന്യം കൂമ്പാരം ഉണർന്നത് ആരുടെ കുറ്റമാണ്?നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് നമ്മുടെ വീട്ടിൽ നിന്ന് കൊണ്ടുപോയ ഈ പ്ലാസ്റ്റിക് കളും മറ്റു മാലിന്യങ്ങളും ശരിയായ രീതിയിൽ സംസാരിച്ചിട്ടുണ്ടോ എന്ന് നമ്മൾ ആരും അന്വേഷിച്ചില്ല. ശരിക്കും ഒരു മാലിന്യ പ്ലാൻറ് അവിടെയുണ്ടോ എന്ന് നമ്മൾ അന്വേഷിച്ചിട്ടില്ല, ഈ മാലിന്യ പ്ലാന്റിന്റെ പേരിൽ നടത്തിയ അഴിമതിപോലും ജനങ്ങൾ അന്വേഷിക്കുന്നില്ല. ജനാതിപത്യ സംവിധാനത്തിന്റെ പോരായ്മയായി ഇത്തരം അഴിമതികൾ തുടർകഥയാകുന്നു ആരാണ് ഉത്തരവാദികൾ? എല്ലാ ചുഴിഞ്ഞു നോക്കുമ്പോൾ എല്ലാത്തിനും ഉത്തരം കൊടുക്കാൻ കഴിയാതെ നമ്മൾ വീർപ്പുമുട്ടുന്നു. ഗവൺമെന്റിന്റെ പിടിപ്പുക്കേട്,ഒരു പരിധിവരെ ഭരണ സംവിധാനത്തെ കുറ്റപ്പെടുത്താമെങ്കിലും അതോടൊപ്പം തന്നെ നമ്മൾ ഓരോരുത്തരും കുറ്റമേറ്റെടുക്കേണ്ടി വരും കാരണം നമ്മുടെ ഉപഭോഗ തൃഷ്ണയും നമ്മുടെ ജീവിതരീതിയിൽ വന്ന വ്യത്യാസങ്ങളും എത്രകണ്ട് മാലിന്യകൂമ്പാരങ്ങളെ സൃഷ്ടിച്ചു എന്നുള്ളത് ആദ്യം ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്. നമ്മൾ വലിച്ചെറിയുന്ന പേന, ബഡ്‌സ്,കവർ എന്നിവയിൽ തുടങ്ങി ഇന്ന് എത്തി നിൽക്കുന്ന E-waste കൾ വരെ ആരാണ് ഉത്തരവാദി?

ഒരു കാലത്ത് നമ്മുടെ വീടുകളിലൊക്കെ വാങ്ങിക്കുന്ന സാധനങ്ങൾ പൊതിയാൻ ഇലകളോ, കടലാസുകളോ ആയിരുന്നു ഉണ്ടായിരുന്നത്. ആ കടലാസ് പൊതി ജൂട്ടിന്റെയോ, കോട്ടൺ നൂലിലോ പൊതിഞ്ഞു കെട്ടി കൈയിൽ കരുതിയ തുണി സഞ്ചിയിൽ ഇട്ടു വീട്ടിൽ കൊണ്ടുവരും. മീനും ഇറച്ചിയും വാങ്ങാനും സൂക്ഷിക്കാനും പാളകുത്തിയതോ, അല്ലെങ്കിൽ ഓലക്കൊണ്ട് മെടഞ്ഞെടുത്ത വല്ലകൊട്ടയോ ഉപയോഗിച്ചിരുന്നു. പാളകൊണ്ട് നിർമ്മിച്ച വെള്ളകോരി,കൊട്ടകൾ തുടങ്ങി ഒട്ടനവധി സാധങ്ങൾ ഉണ്ടായിരുന്നു, കൈതൊലകൊണ്ട് നിർമ്മിച്ച പായ, വല്ല കൊട്ടകൾ, ഈറ്റ, മുള കൊണ്ടുള്ള ഒരുപാട് ആവശ്യവസ്തുക്കൾ, മര സാധങ്ങൾ, ചിരട്ട കൈയിലുകൾ തുടങ്ങി നമുടെ വീടുകളിൽ ഉണ്ടായിരുന്നു. ഇത്തരം സാധങ്ങൾ ഉപയോഗിച്ചിരുന്ന അന്ന് അത്രയും വേസ്റ്റേകൾ ഉണ്ടായിരുന്നില്ല കാരണം ഇതൊക്കെ പ്രകൃതിയിൽ ഉള്ളതും, പ്രകൃതിയിലേക്ക് അലിയുന്നതും ആയിരുന്നു.

സാധനങ്ങൾ പൊതിഞ്ഞു കൊണ്ട് വരുന്ന ആ പൊതിയഴിച്ചു മുറ്റത്തേക്ക് ഇട്ടാലോ, കത്തിച്ചാലോ ആർക്കും ഒരു പ്രശ്നം വരുന്നില്ല.മര കൈയിലോ, തഴ പായകളോ പ്രകൃതിക്കു ഒരു നാശവും ഉണ്ടാകുന്നില്ല. പിന്നെ അന്നൊക്കെ ഉപഭോഗസംസ്കാരം അല്ലാത്തതുകൊണ്ട് തന്നെ വീട്ടിൽ തന്നെ ഒരുവിധം സാധനങ്ങൾ കൃഷി ചെയ്തുണ്ടാക്കും അതുകൊണ്ടുതന്നെ പുറത്തു നിന്നുള്ള സാധനങ്ങൾ വാങ്ങുന്നത് വിരളമായിരിക്കും. മീൻ വലിയ കുട്ടയിൽ ആയിരുന്നു ചുമന്നു കൊണ്ട് വിറ്റിരുന്നത്, കുട്ടയിൽ മീനിനോടൊപ്പം തേക്കിലയോ, വട്ടയിലയോഉണ്ടാകും.

പക്ഷേ ഉപഭോഗ സംസ്കാരത്തിന്റെ ചുവടുപിടിച്ചു വന്നപ്ലാസ്റ്റിക്, പെട്ടന്ന് പ്രചാരത്തിൽ ആവുകയും അതിന്റെ ഉപയോഗം കൂടുകയും ചെയ്തു.പെട്ടന്ന് ഉപയോഗിക്കാം, വില കുറവാണ്, വീണ്ടും ഉപയോഗിക്കാം, സാധനങ്ങൾ വളരെ കാലം പൊതിഞ്ഞു സൂക്ഷിക്കാം, ലീക്കാവില്ല, വായു കടക്കില്ല തുടങ്ങി ഒരുപാട് ഗുണങ്ങളും പ്ലാസ്റ്റിക് നമുക്കു പ്രിയപ്പെട്ടതായി. കടയിൽ പോകും ഷോപ്പിംഗ് ബാഗ് ഇല്ലെങ്കിലും പ്ലാസ്റ്റിക് കവറിൽ സാധനം കിട്ടും തൂക്കികൊണ്ട് പോരാനും സുഖം.പ്ലാസ്റ്റിക് പായകൾ, വലകൾ, പ്ലാസ്റ്റിക് കൊട്ടകൾ, ടിന്നുകൾ തുടങ്ങി ചെറുതും വലുതുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായിമാറി.

അതുപോലെ ഇന്ന് എല്ലാവീടുകളിലുമുള്ള മാലിന്യത്തിൽ പ്ലാസ്റ്റിക് പോലെ തന്നെ മുഖ്യമായുള്ളതാണ് കുട്ടികളുടെ നാപ്കിൻ, സ്ത്രീകളുടെ സാനിറ്ററി പാട്, മുതിർന്നവരുടെ ഡൈപ്പർ എന്നിവ. നമുക്കറിയാം നമ്മുടെ കുട്ടികളുടെ പഴയകാലത്ത് നമ്മൾ കോട്ടന്റെ തുണികൾ ആണ് കുട്ടികൾക്ക് ഉപയോഗിച്ചിരുന്നത്. ഇത് കഴുകി വീണ്ടും ഉപയോഗിക്കുകയും കുട്ടികൾക്ക് സുരക്ഷിതവും ആയിരുന്നു. പക്ഷെ നമ്മുടെ സൗകര്യത്തിനു വേണ്ടിയും, നനവ് പ്രശ്നത്തിന്റെ പേരിലും, ഉപയോഗിച്ച് വലിച്ചെറിയാം എന്നുള്ളതുകൊണ്ടും കുട്ടികൾക്ക് നാപ്കിന് ഉപയോഗിക്കുന്നു. പരമാവധി തുണികൾ തന്നെ ഉപയോഗിക്കാൻ ശ്രമിച്ചുകൊണ്ട്, അല്ലെങ്കിൽ കഴുകി ഉണക്കി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഉള്ളതാണെങ്കിൽ ഇതൊരു പരിഹാര മാകും. സ്ത്രീകൾക്ക് ആർത്തവ ദിനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മെൻസ്ട്രൽ കപ്പുകൾ കിട്ടും. പ്രകൃതിക്കും, സ്ത്രീകൾക്കും ഒരു ദോഷവും വരുത്താത്ത, ഒരു കപ്പ് കൊണ്ട് തന്നെ ഒരുപാട് വർഷങ്ങൾ ഉപയോഗിക്കാവുന്ന മെൻസ്ട്രൽ കപ്പ് നമുക്ക് ലഭ്യമാണ്. ഞാനൊക്കെ രണ്ടുമൂന്നാലു വർഷമായി ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കാനും, വൃത്തിയാക്കാനും, കൂടെ കൊണ്ടുനടക്കാനും സൗകര്യപ്രദമാണ്. അപ്പൊ ഇങ്ങനെയുള്ള കൊച്ചുകൊച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധിവരെ നമുക്ക് വേസ്റ്റുകൾ ഒഴിവാക്കാൻ പറ്റും.

അതുപോലെ നമ്മുടെ വീടുകളിൽ പരമാവധി പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ഉപയോഗിക്കാതിരിക്കുക, ഇനി ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയുടെ ഗുണമേന്മ ഉറപ്പുവരുത്തുക. കടകളിൽ നിന്നും സാധനം വാങ്ങിക്കുമ്പോൾ അതിനുള്ള ഷോപ്പിംഗ് ബാഗ് കൈയിൽ കൊണ്ടുപോകുക. കേരളത്തിൽ മിക്കവാറും മീൻ വണ്ടികൾ വീടിന്റ ഉമ്മറത്ത് വരും നമ്മുടെ ചട്ടിയിലോ, ഇലയിലോ വാങ്ങിക്കാം. അല്ലെങ്കിൽ മാർകെറ്റിൽ പോകുമ്പോൾ അതിനുള്ള കരുതലോടെ പോവുക.
നമ്മുടെ വീട്ടിലെ മാലിന്യം നമ്മുടെ വീട്ടിൽ തന്നെ നമുക്ക് സംസകരിക്കാൻ കഴിയും. അയല്പക്കത്തെ പറമ്പിലേക്കോ, ജല സ്രോതസ്സിലേക്കോ, റോഡിലേക്കോ വലിച്ചെറിയാതെ നമ്മുടെ ഉള്ള സൗകര്യങ്ങളിൽ സംസ്‌കരിക്കാൻ ശ്രമിക്കാം. അതായത് ഇപ്പോൾ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളെല്ലാം തരംതിരിച്ച് വൃത്തിയാക്കി സൂക്ഷിച്ചുവയ്ക്കാം. റീസൈക്ലിങ് ചെയ്യാൻ പറ്റുന്നവ നമുക്ക് വീണ്ടും ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. വീട്ടിലെ ജൈവമാലിന്യം, അതായതു മണ്ണിൽ അലിയുന്നവ ഒരു കുഴിയെടുത്തു നല്ല രീതിയിൽ മൂടിവക്കാം, അല്ലെങ്കിൽ ജൈവ വളമാക്കി നമ്മുടെ അടുക്കളതോട്ടങ്ങളിൽ, മുറ്റത്തെ കൃഷികൾക്കും, ചെടികൾക്കും ഉപയോഗിച്ചാൽ ആ പ്രശ്നം പരിഹരിക്കാം. ഇനി അതുമല്ലെങ്കിൽ ചെറിയൊരു ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കിയാൽ നമുക്കാവശ്യമുള്ള പാചകവാതകവും കിട്ടും.ഫ്ലാറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ അവിടെ മാലിന്യ സംസ്കാരണതിനുള്ള കാര്യങ്ങൾ കൂടെ ഉറപ്പുവരുത്തുക. വലിയ രീതിയിലുള്ള മാലിന്യ പ്ലാന്റ്റുകൾ തന്നെ ഒരുക്കട്ടെ, അവയിൽ നിന്നും ബൈ ഉത്പനങ്ങളും, ഊർജവും ഉണ്ടാവട്ടെ..

പ്രകൃതി സംരക്ഷണമെന്നാൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്നത് മാത്രമല്ല. പ്രകൃതിസംരക്ഷണം എന്ന് പറയുന്നത് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും, അവയുടെ വൈവിദ്ധ്യവും, ആവാസ വ്യവസ്ഥയും സംരക്ഷിച്ചുകൊണ്ട് പ്രകൃതിയെ സൂക്ഷമമായി ഉപയോഗിക്കുക എന്നതാണ്. അതിനു ആദ്യം നടത്തേണ്ട നടപടികളിൽ ഒന്നാണ് കൃത്യമായ മാലിന്യ സംരക്ഷണം. അതുപോലെ ജല സ്രോതസ്സുകളെ സംരക്ഷിക്കുക നമ്മുടെ ജലസ്രോതസ്സുകൾ നികത്താതിരിക്കുക, കുന്നിടിക്കാതെയിരിക്കുക, വനങ്ങൾ നശിപ്പിക്കാതെയിരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാൻ പറ്റും. പ്രകൃതിക്കുമേൽ ഇനിയും ആഘാതം ഉണ്ടായിക്കഴിഞ്ഞാൽ പ്രകൃതി നശിക്കും. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യന് ഇവിടെ കഴിയാൻ സാധ്യമോ? ഈ തലമുറ മാത്രമല്ല ഇനി വരുന്ന അടുത്ത തലമുറകൾക്ക് ഇവിടെ വസിക്കണം, അതുകൊണ്ട് ഈ ഭൂമിയെ നമ്മൾ കരുതി വെക്കണം ഇല്ലെങ്കിൽ ഈ ഭൂമി ഇനിയൊരു ജീവനും കുരുക്കാത്ത പാഴ്മരുഭൂമിയാകും..

സുബി വാസു നിലമ്പൂർ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: