യാത്രകളെന്നുമെനിക്ക് ഒരു ഹരമാണ്.
ഈയിടെയായി ആരോഗ്യപ്രശ്നങ്ങൾ വല്ലാതെ ശല്യം ചെയ്യുന്നത് കൊണ്ട് ഒത്തിരി യാത്രകൾ ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്. അങ്ങിനെയിരിക്കെ ഇടുക്കിയിലേയ്ക്ക് ഒരു ട്രിപ്പ് തരപ്പെട്ടു വന്നു. പുത്തൻചിറയിൽ ജനസേവനാർത്ഥം പ്രവർത്തിയ്ക്കുന്ന ഗുരുധർമ്മ പ്രബോധിനി സഭ (ട്രസ്റ്റ് ) യിലെ കമ്മിറ്റി അംഗങ്ങളും സ്റ്റാഫുകളുമായി 50 പേർ മെയ് 6-ശനി 2023 5.50 ന് വെള്ളൂരിൽ നിന്നും പുറപ്പെട്ടു.
രണ്ട് ഡ്രൈവർമാരുള്ള കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസമാണ് ഉല്ലാസ യാത്രയ്ക്ക് ഞങ്ങൾ തിരഞ്ഞെടുത്തത്. ഒരാൾ ഡ്രൈവറായി തുടർന്നപ്പോൾ മറ്റേയാൾ ഗൈഡായി നിന്ന് നിർദ്ദേശങ്ങളും, ടൂർ പാക്കേജിനെ കുറിച്ചും വിവരങ്ങൾ തന്നുകൊണ്ടിരുന്ന സമയം കിഴക്കിനിയിൽ അരുണകിരണങ്ങൾ കരിമേഘങ്ങൾക്കിടയിൽ നിന്നും
തെളിഞ്ഞു വരുന്നുണ്ടായിരുന്നുള്ളൂ. ഏകദേശം എട്ട് മണിയോടെ ഞങ്ങൾ അടിമാലി ഇരുമ്പ് പാലത്തിലെത്തി. അവിടെ ഞങ്ങൾക്കായി പറഞ്ഞു വെച്ചിരുന്ന റസ്റ്റോറന്റിൽ അപ്പവും, കുറുമക്കറിയുമായിരുന്നു പ്രഭാത ഭക്ഷണം.
#ചിയപ്പാറ വെളളച്ചാട്ടം
ഇരുമ്പ് പാലത്തിൽ നിന്നും നേരെ പോയത് ചിയപ്പാറ വെള്ളച്ചാട്ടം കാണാനാണ്.പാറക്കെട്ടുകൾക്കിടയിലൂടെ ഊർന്നിറങ്ങി നൂലിഴകളായി താഴോട്ട് പടിപടിയായി ശബ്ദത്തോടെ കുതിച്ച് ചാടുന്ന മനോഹരമായ ആ കാഴ്ച കണ്ണുകൾക്കും, കാതുകൾക്കും ഇമ്പമായി വന്ന് മനവും കുളിർപ്പിച്ചു. മുമ്പേ അവിടെ എത്തിയവരും ഞങ്ങളും തമ്മിൽ ഫോട്ടോ എടുക്കാൻ മത്സരമായിരുന്നു. അല്പ സമയം അവിടെ ചിലവഴിച്ചു തുടർയാത്രയിൽ വാളറ , കള്ളാർ, വട്ടിയാർ എന്നി വെള്ളച്ചാട്ടങ്ങൾക്ക് ഒപ്പം, അങ്ങകലെ മലമുകളിൽ നിന്നും ഒഴുകി വന്നിരുന്ന ഒത്തിരി നീരുറവകൾ വേനലിന്റെ കടുപ്പത്തിൽ ഉണങ്ങി വരണ്ട് വെളുത്ത വരകളായും കാണാൻ സാധിച്ചു.
#എലിഫെന്റ് സഫാരിപാർക്ക്
10.40 ന് കല്ലാറിലെ എലിഫെന്റ് സഫാരി പാർക്കിൽ എത്തി. വണ്ടിയിൽ വെച്ച് തന്നെ ആനപ്പുറത്തിരിയ്ക്കാൻ കുറച്ച് പേർ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. ആനയുടെ പുറത്ത് കെട്ടിവെച്ചിരിക്കുന്ന മെത്തയെ അതിന്റെ കാലിനോട് ചേർത്ത് പൂട്ടിയിട്ട് ഒരു ട്രിപ്പിൽ മൂന്ന് പേരെ മാത്രമിരുത്തി പുറം കാട്ടിലൂടെ ഒരു കുഞ്ഞു സവാരി.കാണുന്നവർക്കും കയറുന്നവർക്കും ഒരുപോലെ ആനന്ദം .
ഒരു യന്ത്രത്തെ പോലെ ആന പണി എടുത്തിട്ടും ആനക്കാരൻ വേഗതപോരെന്ന് പറഞ്ഞ് പാവത്തിനെ ഇടക്കിടെ തല്ലുന്നുണ്ടായിരുന്നു. ആ സന്തോഷം വേണ്ടെന്ന് വെച്ച് ഞാനും, കുടുംബവും കല്ലാറിൽ തന്നെയുള്ള ചോക്ലേറ്റ് ഫാക്ടറിയും , അവിടെ തന്നെ കൃഷി ചെയ്ത് വരുന്ന സുഗന്ധ വ്യഞ്ജനങ്ങളും, ആയൂർവേദ
ഉത്പന്നങ്ങളും വിൽക്കുന്ന കേരള ഫാം സന്ദർശിച്ചു. യൂക്കാലിത്തൈലം, പുൽത്തൈലം, സോപ്പ്, ചായല, എന്നു വേണ്ട വിവിധ ഫ്ലേവറുകളിലുള്ള ചോക്ലേറ്റുകളും ,ഡ്രൈ ഫ്രൂട്ട്സുകളും നിറച്ചു വെച്ചിരുന്നു. കൈ കൊണ്ട് നിർമ്മിച്ച ഒട്ടുമിക്ക ഉത്പന്നങ്ങളും സുലഭമായി നമുക്ക് അവിടെ ലഭിക്കുമെങ്കിലും ടൂറിസ്റ്റ് കേന്ദ്രമായതു കൊണ്ടാകാം എല്ലാത്തിനും സാധാരണയിൽ കവിഞ്ഞ വില കൊടുക്കേണ്ടി വരുന്നത്.
മൂന്നാർ
പിന്നീടുള്ള യാത്രയെല്ലാം ആനമുടിയും കണ്ട് കണ്ണൻ ദേവൻ കുന്നുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് ആടിയുലഞ്ഞായിരുന്നു. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുട നല്ലൊരു ഭാഗം മൂന്നാറിലാണ് സ്ഥിതി ചെയ്യുന്നത്.
ഇരവിക്കുളം നാഷൺ പാർക്ക് പാക്കേജിൽ ഇല്ലായിരുന്നതു കൊണ്ട് അവിടെ കയറാൻസാധിച്ചില്ല.ടിക്കറ്റ് കൗണ്ടറിന്റെ മുൻ വശത്തുകൂടെ ഞങ്ങൾ കടന്നു പോകുമ്പോൾ ഗൈഡ് പറഞ്ഞതനുസരിച്ച് വരയാടുകളെ കാണാൻ റോഡിന് ഇരുപുറവും എല്ലാവരും വളരെ ശ്രദ്ധയോടെ നോക്കിയിരുന്നെങ്കിലും
വരയാടുകളുടെ കുറച്ച് പ്രതിമകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.
അതുപോലെ മൂന്നാർ സെൻറ്ററിലും ഇറങ്ങാനായില്ല കാരണം കെഎസ്ആർ ടി സിയ്ക്ക് അവിടെ നിർത്താനുള്ള അനുമതിയില്ലായിരുന്നു എന്നാണ് ഗൈഡ് റോഷൻ പറഞ്ഞത്.അങ്ങിനെ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് 5500 അടി മുകളിലാണ് ഞങ്ങളുടെ സഞ്ചാര മെന്ന് അറിയിക്കും വിധം ഒരു ബോർഡ് കാണാനിടവന്നു. റോസിന് ഇരുവശവും വിശാലമായ പച്ചപ്പുൽ മെത്ത വിരിച്ചിട്ടത് പോലെ തട്ടുകളായി നിൽക്കുന്ന ഭംഗിയാർന്ന തേയിലത്തോട്ടങ്ങൾ .കുറച്ചു ദൂരം പോയതും തോട്ടത്തിൽ ഇറങ്ങാനും , ഫോട്ടോസ് എടുക്കാനുമായി വണ്ടിനിർത്തി.ചാറ്റൽമഴ ഉണ്ടായതിനാൽ ഏറെ നേരം അവിടെ തങ്ങാനായില്ല. എന്നിരുന്നാലും കിട്ടിയ സമയം യാത്രാക്ഷീണം മറന്ന് എല്ലാവരും തോട്ടത്തിലൂടെ നടന്നും, നിന്നും, ഇരുന്നും ഫോട്ടോകൾ എടുത്തു.
മറയൂർ
മറയൂരിലേയ്ക്ക് കടന്നതു മുതൽ കേരളത്തിന്റെ ഏക ചന്ദനക്കാട് കാണാനുള്ള തിരക്കിലായിരുന്നു എല്ലാവരും. കുട്ടികളെ പുറത്തിരുത്തി ധൃതിയിൽ പോകുന്ന കുരങ്ങുകളെ കണ്ടാൽ എങ്ങോട്ടോ അത്യവശ്യമായി പോകുന്നു എന്നു തോന്നിപോകും. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ തല്ല് കൂടിയും, കൂട്ടത്തോടെയും കടന്ന് പോകുന്ന മാനുകളെ കണ്ടമാത്രയിൽ വണ്ടിയിൽ നിന്നും ഒച്ചയും, ബഹളവും ഉയർന്നു. അതോടെ അവറ്റകൾ സംശയിച്ച് ചെവി വട്ടം പിടിച്ച് കുറച്ച് നേരം നിന്ന് പിന്നീട് ഓടി മറഞ്ഞു. അവിടെ മ്ലാവും, കാട്ടുപോത്തുകളും യഥേഷ്ടം മേഞ്ഞു നടക്കുന്നതും കാണാമായിരുന്നു. അവിടെ കോട പുതച്ചുറങ്ങുന്ന നീലയും, കുറപ്പും കലർന്ന മലനിരകളിൽ നിന്നും അടിക്കുന്ന കാറ്റ് അതിശൈത്യമായ് ഞങ്ങൾ സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ബസ്സിലേയ്ക്ക് ആഞ്ഞടിച്ചു ക്കൊണ്ടിരുന്നു.തലയും, മൂക്കും, വായയും എന്തിന് ശരീരം സ്വെറ്റർ കൊണ്ട് പൊതിഞ്ഞിട്ടും ശ്വാസം നിലച്ചു പോകുമോ എന്ന് പോലും തോന്നി . മുന്നോട്ട് പോകന്തോറും കോടമഞ്ഞും, മഴക്കാറും മലനിരകൾക്കും,
ആകാശത്തിനുമിടയിൽ നിറഞ്ഞു നിന്നിരുന്നതിനാൽ അർക്കൻ ഉച്ചിയിലെത്തിയിട്ടും വെയിലെത്തി നോക്കിയിരുന്നില്ല. രണ്ട് മണിയ്ക്ക് ആയിരുന്നു ഉച്ച ഊണ് തമിഴും, മലയാളവും കലർന്ന ഭക്ഷണത്തിൽ ആരും തന്നെ തൃപ്തരല്ലായിരുന്നു.
തുടർന്ന് ഞങ്ങൾ ആനക്കോട്ടപ്പാറ പാർക്കിലെത്തി. കാടിനുള്ളിൽ കൂടി കുറച്ച് ദൂരം നടന്നപ്പോൾ കുന്നുകൾക്ക് മുകളിൽ വലിയ പാറക്കല്ലുകൾ ഉപയോഗിച്ച നിർമ്മിച്ച ശിലായുഗ സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളായ മുനിയറകൾ കാണാം
കാന്തല്ലൂരും, മറയൂരുമാണ് മുനിയറകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങൾ മുനിയറകളെ കുറിച്ച് സന്ദർശകരുടെ അറിവിലേയ്ക്കായി അവിടെ സ്ഥാപിച്ച
ബോർഡിൽ തിരെ ചെറുതല്ലാത്ത കുറിപ്പും കാണാം.
ചന്ദന മരത്തിന്റെ വിത്തുകൾ ചന്ദനത്തൈലം , തൊപ്പിഎന്നിവ അവിടെ വിൽക്കുന്നുണ്ടായിരുന്നു. കുറച്ച് കൂടി മുകളിലേയ്ക്ക് കയറിയാൽ മഹാവിഷ്ണുന്റെതോ അതോ അവതാരങ്ങളുടെതോ എന്ന് തോന്നിപ്പിയ്ക്കും വിധം വാതിലിൽ അമ്പുകൾ കുലച്ച് നിൽക്കുന്ന രണ്ട് വില്ലുകളും , ഭിത്തിയുടെ ഇരു ഭാഗത്തുംശംഖും, ചക്രവും വരച്ച് വെച്ചിട്ടുള്ള അടഞ്ഞ് കിടക്കുന്ന ഒരു കൊച്ച് അമ്പലവും, അല്പം അകലെയായി ഒരു കുരിശും കാണാം. അവിടെ നിന്നും മറയൂർ കരിമ്പും, ശർക്കര നിർമ്മാണ യൂണിറ്റും കാണാൻ പോയി. കരിമ്പ് ജൂസ് എടുക്കുന്നതും അതിൽ നിന്നും ശർക്കര ഉണ്ടാക്കുന്നതും കണ്ട് കുറച്ച് ശർക്കരയും വാങ്ങി പോന്നു.
കാന്തല്ലൂർ
ഞങ്ങളുടെ ഇടുക്കി യാത്ര അവസാനിച്ചത് കാന്തല്ലൂരിലെ ഭ്രമരം വ്യൂ പോയിന്റിലായിരുന്നു. ബസ്സ് റൂട്ട് കഴിഞ്ഞാൽ പിന്നീട് ചെറുവണ്ടികൾ മാത്രമേ അങ്ങോട്ടേക്ക് പോകൂ. ഞങ്ങൾ അമ്പത് പേർക്കായി അഞ്ച് ജീപ്പുകൾ എത്തി. ഇടുങ്ങിയ മലഞ്ചെരിവിലൂടെ ചെന്ന് കയറിയത് ചോളം, സ്റ്റ്റോബറി, സൺഫ്ലവർ, ക്യാരറ്റ് മധുര കിഴങ്ങ് എന്നിവയുടെ തോട്ടങ്ങളിലേയ്ക്കാണ്.അവിടെ വലിയൊരു ഏറ്മാടവും, പുൽത്തൈലം ഉണ്ടക്കുന്നതും തേനും , പുഴുങ്ങിയ ചോളവും മറ്റും വിൽക്കുന്ന ഉണക്കപുല്ലുകൾ കൊണ്ട് ഉണ്ടാക്കിയ ഒരു ചെറുകുടിലും , കൂടാതെ
അതിന് ചുറ്റും നിരവധി ഭംഗിയാർന്ന പൂക്കളാൽ നിറഞ്ഞ പൂന്തോട്ടവും
വ്യൂപോയന്റും കണ്ട് ചായയും കുടിച്ചായിരുന്നു കാന്തല്ലൂരിൽ നിന്നുമുള്ള മടക്കം. രാത്രി ഭക്ഷണം പ്രഭാത ഭക്ഷണം കഴിച്ച ഇരുമ്പ് പാലത്തിലെ അതേ ഹോട്ടലിൽ തന്നെയായിരുന്നു. 7-ാം തിയ്യതി ഞായറായ്ച വെളുപ്പിന് മൂന്ന് മണിയോടെ ഞങ്ങൾ തിരിച്ചെത്തി.
യാത്രയിൽ ഉടനീളം വഴിയരികിലുള്ള വിവിധ നിറത്തിലുള്ള സുന്ദരികളായ
പൂക്കളെ കണ്ടാൽ വിനോദ സഞ്ചാരികളെ എതിരേറ്റ് ‘ഇതിലേ ഇതിലേ ‘ എന്ന് പറയുവാൻ നിൽക്കെയാണ് ന്ന് തോന്നും. ഒരു വീഡിയോ കോച്ച് ബസ്സിന്റെ സൗകര്യങ്ങൾ ഉണ്ടായില്ല എന്നത് ഒഴിച്ചാൽ ഡ്രൈവർമാരായും , ഗൈഡുകളായും നിന്ന റോഷനും, അജികുമാറും എല്ലാ നിർദേശങ്ങളും തന്ന് കൂടെ ഉണ്ടായിരുന്നത് കൊണ്ട് കെ എസ് ആർ ടി സി യിലെ ഇടുക്കി – കാന്തല്ലൂർ ഉല്ലാസയാത്ര തികച്ചും
സുന്ദരവും ,സുഗമവും, സന്തോഷ പ്രദവുമായിരുന്നു എന്ന് തീർത്തും പറയാൻ കഴിയും.
തയ്യാറാക്കിയത്: ദേവി മനു