മലയാളി മനസ്സ് യു. എസ്. എ എഡിറ്റോറിയൽ അസിസ്റ്റന്റ് ശ്രീമതി ജിത ദേവൻ അവതരിപ്പിക്കുന്ന പംക്തിയാണ് “ഗൃഹ വൈദ്യം “.
ഇന്നത്തെ “ഗൃഹവൈദ്യം ” പംക്തിയിൽ നമ്മുടെ ചുറ്റുവട്ടത്ത് സമൃദ്ധിയായി കാണുന്ന ഔഷധ സസ്യങ്ങളെയും അവയുടെ ഉപയോഗത്തെയും പറ്റി എഴുതുന്നത് പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി വിമല സോമൻ. എല്ലാവരും വായിക്കുക. വിലയേറിയ അഭിപ്രായം അറിയിക്കുക
ചുറ്റുവട്ടത്ത് സമൃദ്ധിയായി കാണുന്ന ഔഷധ സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും
ലോകത്തിൻ്റെ ഏത് കോണിൽ ജീവിച്ചാലും മലയാളിയുടെ മനസ്സിൽ പഴമയുടെ, ഗൃഹാതുരത്വത്തിൻ്റെ നനുത്ത കുളിർ സ്പർശം ഉണ്ടായിരിക്കും. നാൽപ്പത്തിനാല് നദികളും അവയിലെ കുഞ്ഞോളങ്ങളും കടവത്തെ കൈതപ്പൂക്കളും പാടവരമ്പിൽ പടർന്ന് വളരുന്ന മുക്കൂറ്റിയും കുടങ്ങലും പാടത്തെ ചേറിൽ വളരും താമരയും തുളസ്സിത്തറയും കൽവിളക്കും അരയാൽക്കൊമ്പത്തെ കാറ്റിൻ്റെ താളവും എന്നും മലയാളിയുടെ മനസ്സിൻ്റെ പാളിയിൽ വിരിയുന്ന ഓർമ്മകളാണ്.
എൻ്റെ വീട് വയലിന് അടുത്താണ്. വയൽത്തിട്ടയിൽ അട്ടിയായി വളരുന്ന കുടങ്ങൽ വളരെ ഫലപ്രദമായ ഔഷധമാണ്.ഇത് കുട്ടികൾക്ക് വിളർച്ചയുണ്ടാകാതിരിക്കുവാൻ കുടങ്ങലപ്പമുണ്ടാക്കി ഞങ്ങൾ കൊടുത്തിട്ടുണ്ട് കൂടാതെ സമയം കിട്ടുമ്പോഴൊക്കെ ഞാൻ വീട്ടിൽ ഉണ്ടാക്കി കഴിക്കാറുമുണ്ട്. (പ്രസവാനന്തരം സ്ത്രീകൾക്കും നൽകി വരുന്നു ). പച്ചരി, തേങ്ങ, കുടങ്ങലിൻ്റെ ഇല, ജീരകം, ശർക്കര എന്നിവ ഒരുമിച്ച് അരച്ച് രണ്ട് മണിക്കൂർ വെച്ചതിന് ശേഷം, ഏലക്കായ് പൊടിച്ച് ചേർത്ത് ചെറിയ കിണ്ണത്തിലൊഴിച്ച് ഇഡലി പാത്രത്തിൽ വെച്ച് വേവിക്കുന്നു.
വഴിയിലും തൊടിയിലും സമൃദ്ധമായി വളരുന്ന മറ്റൊരു ഔഷധ സസ്യമാണ് മുക്കുറ്റി. ഇത് ദശപുഷ്പങ്ങളിൽ ഒന്നാണ്. കുട്ടികൾക്ക് പനി വരുമ്പോൾ മുക്കുറ്റി വേരോടെ പിഴുത് നന്നായി കഴുകിയതിന് ശേഷം ഒരു ലിറ്റർ വെള്ളത്തിൽ പത്തെണ്ണം വീതം ഇട്ട് തിളപ്പിച്ചാറിച്ച് മൂന്നു ദിവസം കൊടുക്കുമ്പോൾ പനി മാറും.ഇത് പനിക്കുള്ള ആൻ്റി ബയോട്ടിക് എന്നാണ് അമ്മ പറയുന്നത്. മുതിർന്നവർക്കും ഇത് ഉപയോഗിക്കാം .
അശോകം
ഞാൻ ജോലി ചെയ്തിരുന്ന വീയപുരം സ്ക്കൂളിൻ്റെ പരിസരമാകെ അശോക വൃക്ഷങ്ങളാണ്. ഒരു മഴ പെയ്താലുടനെ പൂക്കൾ കൊണ്ട് നിറയുന്ന വൃക്ഷമാണിത്. സീതാപഹരണത്തിൽ രാവണൻ സീതയെ പാർപ്പിച്ചിരുന്നത് അശോക വനികയിലായിരുന്നല്ലോ.അശോകം എന്നാൽ ശോകമില്ലാത്തത് എന്നാണ് അർത്ഥം. അതായത് സന്തോഷം നൽകുന്നത് എന്നാണ് അശോകത്തിൻ്റെ അർത്ഥം.
ഈ അശോകപ്പൂക്കളും രക്തശുദ്ധീകരണത്തിനുള്ള ഉത്തമ ഔഷധമാണ്.ഇതിൻ്റെ പൂക്കൾ കൊണ്ട് അപ്പം ഉണ്ടാക്കി കഴിക്കുന്നത് ഉത്തമമാണ്. ഞാൻ സ്ക്കൂളിൽ നിന്ന് പൂക്കൾ കൊണ്ടുവന്ന് അരി ( പുഴുക്കലരി ), തേങ്ങ, ശർക്കര, ജീരകം എന്നിവ ചേർത്ത് അരച്ച് നെയ്യൊഴിച്ച് വട്ടയപ്പം ഉണ്ടാക്കി കഴിക്കുകയും സ്ക്കൂളിൽ കൊണ്ടുപോയി കൊടുക്കുകയും ചെയ്യും .
മിക്കവാറും വീടുകൾ സമൃദ്ധമായി വളരുന്നതാണല്ലോ മുരിങ്ങ. മുരിങ്ങയുടെ കായും ഇലയും വിറ്റാമിൻ Aയാൽ സമൃദ്ധവുമാണല്ലോ.
കാലിന് വേദന, സന്ധിവാതം എന്നിവയ്ക്ക് മുരിങ്ങയിലയും കല്ലുപ്പും ചേർത്ത് ചീനച്ചട്ടിയിലിട്ട് ചൂടാക്കി, ഒരു തുണിയിൽ കെട്ടി കിഴിയാക്കി വേദനയുള്ള ഭാഗത്ത് ചെറു ചൂടോടെ വെച്ചാൽ നീരും വേദനയും പെട്ടെന്ന് ശമിക്കും. ഞാൻ തന്നെയാണ് അനുഭവസ്ഥ.
വിമല സോമൻ,
(ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ, മംഗലം) ഫിസിക്സ് അദ്ധ്യാപിക
________________________________________________________________________
ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യത്തിലൂടെ നിങ്ങളുടെ അറിവുകൾ ലോകം മുഴുവൻ പകർന്നു കൊടുക്കാൻ ഒരു അവസരം…
മലയാളി മനസ്സിൽ ജിത ദേവൻ അവതരിപ്പിക്കുന്ന ഗൃഹ വൈദ്യം പoക്തിയിലേക്ക് രചനകൾ അയക്കാൻ താൽപര്യമുള്ളവർ ബന്ധപെടുക..