ഓർമകളൊരു
പൊക്കിൾക്കൊടിയിലൂടൊഴുകുന്നു ,
വാർത്സല്യതാളം മാതൃഭാവം.
ഗർഭപാത്രമൊഴിയുമ്പോളമ്മിഞ്ഞപ്പാലി –
ലായ് പുഞ്ചിരിയുണരുന്നു
കൗതുകത്താൽ.
നാളെയൊരത്ഭുതലോകം കണി
കണ്ടുണരാൻ താരാട്ടിലുറങ്ങുന്നു
മൃദുമന്ദഹാസം.
വിരൽത്തുമ്പിൽ കാലുറപ്പിച്ചു വളരു-
ന്നമ്മയ്ക്ക് തലോടുവാൻ
മധുരസ്വപ്നം .
പിന്നെയേതോ ചടുലമാം പരിണാമ
സന്ധിയിൽ വാമനനായ്
ചവിട്ടിത്താഴ്ത്തുന്നു ദയാശീലർ.
ആണ്ടിലൊരിക്കൽ
മാതൃദിനമോർക്കും , നടുക്കും
ശാപമോക്ഷത്തിനായ് .
നാളെ , പന്തീരാണ്ടിലൊരിക്കൽ
പിന്നെ നൂറ്റാണ്ടിലതും നേർത്തൊ-
രോർമ നൂലുപോൽ .
മന്വന്തരങ്ങളിലതുമലിഞ്ഞുപോം
ജനിതക വിത്തുകൾ മുളപ്പിച്ചെടുക്കു
മൊരു ഗർഭപാത്ര മീ ലോകം.
ബാലു പൂക്കാട്✍