17.1 C
New York
Monday, February 6, 2023
Home Literature എന്ന് ദേവേട്ടന്റെ മാളു (കഥ ) ✍പ്രിയ ബിജു ശിവകൃപ

എന്ന് ദേവേട്ടന്റെ മാളു (കഥ ) ✍പ്രിയ ബിജു ശിവകൃപ

പ്രിയ ബിജു ശിവകൃപ ✍

Bootstrap Example

.”എല്ലാം റെഡി ആണല്ലോ അല്ലെ ”

ഡോക്ടർ സുദേവ് ചോദിച്ചു….

ഇന്ന് ഒരേയൊരു പോസ്റ്റ്മോർട്ടമേ ഉള്ളൂ

ഇന്നലെ കൊണ്ടുവന്ന മൃതദേഹം ആണ് .. ആത്മഹത്യ ചെയ്തു എന്നു സംശയിക്കുന്ന ഒരു മുപ്പത്തിയഞ്ചുകാരി ……

” റെഡി സാർ….. അറ്റന്റർ മനോഹരനും ഗോപനും ചുറുചുറുക്കോടെ പറഞ്ഞു… ”

അവർ ഇതെത്ര കണ്ടിരിക്കുന്നു…

ഫോറൻസിക് സർജൻ സുദേവ് മിടുക്കനാണ്…എം. ഡി. ഫോറൻസിക് മെഡിസിൻ ഉയർന്ന റാങ്കിൽ പാസ്സായ ആളാണ്‌….. നല്ല പെരുമാറ്റം കൊണ്ട് കുറഞ്ഞ കാലയളവിൽ ജില്ലാ ഹോസ്പിറ്റലിൽ എല്ലാവരുടെയും ഇഷ്ടഭാജനമായി മാറിയ ആൾ…. ഏകദേശം നാൽപതു വയസ്സിനോടടുത്തു പ്രായമുണ്ടാകും… കണ്ടാൽ അത്രയും പറയില്ല….

മനോഹരൻ ഫയൽ ഡോക്ടർ സുദേവന്റെ കയ്യിൽ കൊടുത്തു…

എല്ലാവരും മോർച്ചറിയിലേക്ക് പോയി……

കോൾഡ് ചേമ്പറിൽ നിന്നും മൃതദേഹം പുറത്തേക്കെടുത്തു ട്രോളിയിലേയ്ക്കിട്ടു.. ഗോപൻ അയാളെ സഹായിച്ചു…… ഇനി മൃത ദേഹത്തിന്റെ തൂക്കം നോക്കേണ്ടതുണ്ട്….

തൂക്കം നോക്കുന്ന തട്ടിലേക്കു മൃതദേഹം എടുത്തു വച്ചു തൂക്കം നോക്കി രേഖപ്പെടുത്തിയതിനു ശേഷം വീണ്ടും തിരികെ ട്രോളിയിൽ വച്ചു പോസ്റ്റ്മോർട്ടം ടേബിളിൽ കൊണ്ടു കിടത്തി…….

ഡോക്ടർ സുദേവ് ആ കേസ് ഷീറ്റ് മെല്ലെ തുറന്നു….

പേര് മാളവിക
വയസ്സ് മുപ്പത്തിയഞ്ച്
സ്ഥലം ഒറ്റപ്പാലം

ആ പേര് കണ്ടതും ഉള്ളിലൊരാന്തൽ ഉണ്ടായി….
.
തന്റെ കാതിനുള്ളിൽ എപ്പോഴും മുഴങ്ങുന്ന ഒരു കിളി നാദവും മുത്തു പൊഴിയുന്ന ചിരിയും മിന്നി മാഞ്ഞു…..

അയാൾ മെല്ലെ മൃതദേഹത്തെ സമീപിച്ചു.. ഗോപൻ ആ മുഖത്തെ വെള്ളത്തുണി മാറ്റിക്കൊടുത്തു…

സുദേവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി…

തന്റെ മാളു… മാളവിക…

വർഷങ്ങൾക്കു മുൻപ് തന്റെ ജീവിതത്തിൽ നിന്നു ആരൊക്കെയോ തട്ടിപ്പറിച്ചെടുത്ത നിധി….

ഇവിടെയിതാ ജീവനില്ലാതെ തണുത്തു മരവിച്ചു തന്റെ മുന്നിൽ..

ദൈവമേ….എന്താണിത്… ഇവൾക്കിത് എന്താണ് പറ്റിയത്…..

സുദേവിന്റെ മുഖത്തെ ഭാവമാറ്റം കണ്ടു മനോഹരനും ഗോപനും അമ്പരന്നു പരസ്പരം നോക്കി….

” എന്താണ് സാർ… എന്തു പറ്റി… ”

” ഹേയ് ഒന്നുമില്ല… ”

അയാൾ പെട്ടെന്ന് കർത്തവ്യ നിരതനായി..

തുടങ്ങിക്കോളൂ….

ആദ്യം അളവും നീളവുമെല്ലാം രേഖപ്പെടുത്തി… പുറമെ മൃതദേഹം തിരിച്ചും മറിച്ചുമെല്ലാം പരിശോധിച്ചു… ദേഹത്തെല്ലാം ക്ഷതങ്ങളേല്പിച്ച പാടുകൾ……. എല്ലാം എഴുതിവെച്ചു..

മനോഹരൻ ശരീരം തുറക്കാനായി ഡോക്ടറെ സഹായിച്ചു..ആന്തരിക അവയവങ്ങളെല്ലാം
പുറത്തെടുത്താണ് പരിശോധിക്കുക… കീഴ്ത്താടി മുതൽ അടിവയർ വരെയുള്ള ഭാഗം നീളത്തിൽ കീറിയതിനു ശേഷം ആണ് എല്ലാം പുറത്തെടുത്തു പരിശോധിച്ചു സാമ്പിളുകൾ ശേഖരിക്കേണ്ടത്… തലയോട്ടി പൊട്ടിച്ചു തലച്ചോറിൽ നിന്നും സാമ്പിൾ ശേഖരിക്കും…

ഓരോന്നായി ചെയ്യുമ്പോഴും സുദേവന്റെ മനസ്സ് ഇടറുന്നുണ്ടായിരുന്നു…പക്ഷെ അയാൾ മനസ്സാന്നിധ്യം കൈവിട്ടില്ല…. തന്റെ ജോലിയുടെ ഗൗരവം അയാൾക്ക്‌ അത്രയ്ക്ക് അറിയാം… എങ്കിലും മനുഷ്യ വികാരങ്ങൾ എല്ലാത്തിനും ഒരുപിടി മേലെയാണ്…

അതയാളെ തളർത്തുന്നുണ്ടായിരുന്നു….
എങ്കിലും ഒന്നും തടസ്സപ്പെടാതെ എല്ലാം പൂർത്തിയാക്കി പുറത്തെടുത്ത അവയവങ്ങളെല്ലാം അകത്തെടുത്തു വച്ചുകൊടുത്തിട്ട് സുദേവ് മാറിനിന്നു… മനോഹരൻ മൃതദേഹം തുന്നി കൂട്ടി… എല്ലാം ക്‌ളീൻ ചെയ്തു.. ഇനി കുളിപ്പിച്ച് വൃത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം….

ഫസ്റ്റ് റിപ്പോർട്ട്‌ തയ്യാറാക്കി സാമ്പിൾസ് എല്ലാം ലാബിലേക്ക് അയച്ചു സുദേവ് റൂമിലേക്ക് പോയി…

അങ്ങോട്ടേക്ക് പോകുന്നതിനിടയിൽ കണ്ടു മോർച്ചറിക്ക് പുറത്തു മാവിന്റെ ചുവട്ടിലിരിക്കുന്ന മാളവികയുടെ അച്ഛൻ…. തന്റെ അമ്മാവൻ പ്രഭാകരൻ… സഹോദരൻ മനോജ്‌…. അവർ അവനെയും കണ്ടു… രണ്ടാളും മുഖം താഴ്ത്തി….

റൂമിലെത്തി… അയാൾ റിപ്പോർട്ട്‌ ചെയ്തിട്ട് പുറത്തേക്ക് വന്നു… ഫോൺ എടുത്തു രാജേഷിനെ വിളിച്ചു..അത്യാവശ്യ ഘട്ടങ്ങളിൽ ഡ്രൈവർ രാജേഷിനെ വിളിക്കാറുണ്ട്

ഇപ്പോൾ ഡ്രൈവ് ചെയ്താൽ ശരിയാകില്ല ..

പത്ത് മിനിറ്റിനകം രാജേഷ് എത്തി

വീട്ടിലേക്ക് പോകുന്നതിനിടയിൽ ഓർമ്മകൾ പിന്നോട്ട് വലിക്കുന്നതയാൾ അറിഞ്ഞു……

മാളു… ഓർമ്മ വച്ച നാൾ മുതൽ തന്റെ ഉള്ളിൽ കുടിയേറിയ കുറുമ്പുകാരി…

അച്ഛൻ മരിച്ചതിനു ശേഷം തന്നെ വളർത്താൻ അമ്മ ഒരുപാട് ബുദ്ധിമുട്ടി… അതിനായി അമ്മാവന്മാരുടെയും അമ്മായിമ്മാരുടെയും ആട്ടും തുപ്പും ഒക്കെ ഒരുപാട് കേട്ടു… അവരുടെ വീട്ടുപണി ചെയ്തു.. വിഴുപ്പലക്കി…….

എങ്കിലും തന്നെ പഠിപ്പിച്ചു…. വലിയ ഡോക്ടർ ആക്കി… നല്ലൊരു ജീവിതം ഉണ്ടാക്കിത്തന്നു…

പക്ഷെ ഒന്നും മാത്രം അമ്മയ്ക്ക് കഴിഞ്ഞില്ല.. തന്റെ മാളുവിനെ തനിക്കു നേടിത്തരുവാൻ….
തങ്ങൾ വളരുന്നതനുസരിച്ചു ഉള്ളിലെ സ്വപ്നങ്ങളും വളർന്നു…

മാളു തന്നെ ഒരുപാട് സ്നേഹിച്ചു.. സഹായിച്ചു…. തറവാട്ടിൽ അമ്മാവന്മാരുടെ പീഡനങ്ങൾക്കിടയിൽ കഴിക്കാൻ ആരും കാണാതെ ഭക്ഷണം കൊണ്ടുതന്നു…… ഇടയ്ക്ക് ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുമ്പോൾ ആരുമറിയാതെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരങ്ങൾ അഴിച്ചു തരും പണയം വച്ചു പൈസ വാങ്ങാൻ പറയും….

ഇതൊക്കെ പിന്നീട് മറ്റുള്ളവർ അറിയുമ്പോൾ അവരുടെ വക മർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് പാവം കുട്ടി……….

പഠിപ്പ് പൂർത്തിയാക്കി മടങ്ങി വന്നതിനു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ താൻ മറ്റൊരു വീട് വാടകയ്‌ക്കെടുത്തു തറവാട്ടിൽ നിന്നും അമ്മയെയും കൂട്ടി താമസം മാറി….

ഒടുവിൽ ഏതോ ഒരു പണച്ചാക്കുമായി അവളുടെ വിവാഹം അവർ ഉറപ്പിച്ചു.. അവളുടെ സമ്മതം ചോദിക്കാതെ…

ഇതറിഞ്ഞ ദിവസം അവൾ തങ്ങൾ താമസിക്കുന്നിടത്തേക്ക് ഓടിവന്നു….. ഇനി തിരികെ പോവില്ല എന്നു അലമുറയിട്ടു കരഞ്ഞു കൊണ്ടു തന്നെ കെട്ടിപ്പിടിച്ചു……

പിന്നാലെ ഉണ്ടായിരുന്നു അമ്മാവന്മാരും കൂട്ടാളികളും…. പിടിവലികൾക്കൊടുവിൽ അവളെ വലിച്ചിഴച്ചു അവിടെ നിന്നും കൊണ്ടുപോയി…..

അവളുടെ നിലവിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു…..

കാർ വീട്ടുമുറ്റത്തു വന്നു നിന്നപ്പോഴേക്കും അയാൾ ഓർമ്മകളിൽ നിന്നും ഉണർന്നു……

വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ കാത്തു മോൾ ഓടിവന്നു

“അച്ഛാ….എവിടെ ബാർബി….. കൊണ്ടുവന്നില്ലേ?”

ആ സങ്കടത്തിനിടയിൽ അത് മറന്നു.. ഇന്നലെ രാത്രിയിൽ ഉറങ്ങാൻ നേരവും വലിയ ഡോൾ വാങ്ങുന്ന കാര്യം തന്നെ ഓർമ്മിപ്പിച്ചിട്ടാണ് കിടന്നത്….അതും ബാർബി…….

” അച്ചോടാ കാത്തു…. അച്ഛൻ മറന്നുപോയി… നാളെ ഉറപ്പായിട്ടും വാങ്ങാം… ”

കാത്തുവിന്റെ മുഖം കുത്തിവീർത്തു…

” ഞാൻ മിണ്ടില്ല… ഇനി അച്ഛനോട്… ”

അവൾ പിണക്കത്തോടെ അവിടെ നിന്നും പോയി….

” എന്താ അച്ഛനും മോളുവും കൂടി ഒരു കശപിശ…. ”

അങ്ങോട്ടേക്ക് വന്ന ഗാഥ ചോദിച്ചു…. അയാൾ ഒന്നും മിണ്ടിയില്ല….

ഭർത്താവിന്റെ മുഖത്തെ വിഷാദം കണ്ടു ഗാഥ അമ്പരന്നു…. ആദ്യമായി കാണുകയായിരുന്നു അദ്ദേഹത്തെ അങ്ങനെ…

എപ്പോഴും പുഞ്ചിരിക്കുന്ന.. സൗമ്യമായ മുഖം… തന്നെ പെണ്ണ് കാണാനായി വന്നപ്പോൾ തന്നെ ആകർഷിച്ചത് ആ പുഞ്ചിരിച്ച ശാന്തമായ മുഖം ആയിരുന്നു……

അയാൾ തളർച്ചയോടെ സോഫയിലേക്കിരുന്നു…..

ചുവരിൽ അമ്മയുടെ പുഞ്ചിരി വിടർന്ന മുഖം…. ഫോട്ടോയിൽ പോലും ജീവൻ തുടിക്കുന്ന മുഖം…. അമ്മ അറിയുന്നുണ്ടാവുമോ ഈ മകന്റെ സങ്കടം…

” എന്തുപറ്റി സുദേവ്… എന്താ ഒരു വിഷമം പോലെ ”

“മാളവിക മരിച്ചു……”

ഗാഥയുടെ മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി… വിവാഹത്തിനു മുൻപ് തന്നെ താനെല്ലാം അവളോട് തുറന്നു പറഞ്ഞിരുന്നു….

“അയ്യോ.. എങ്ങനെ…”

“ആത്മഹത്യ ആയിരുന്നു….. ഇന്നത്തെ പോസ്റ്റ്മോർട്ടം അവളുടേതായിരുന്നു ”

ഭർത്താവിന്റെ പ്രാണസങ്കടത്തിന്റെ ആഴം അവൾക്ക് ബോധ്യമായി….

ഒരുമിച്ചു ജീവിക്കാൻ സ്വപ്നം കണ്ട പെണ്ണിനെ ജീവനില്ലാതെ കാണുക…. അവളുടെ ശരീരം കീറിമുറിക്കേണ്ടിവരിക…. ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല ആ സങ്കടം….

അവൾ ഭർത്താവിന്റെ തോളിൽ കൈ വച്ചു…. അയാൾ തേങ്ങലോടെ അവളുടെ വയറിൽ മുഖം ചേർത്തു….

” എഴുന്നേൽക്കു… സുദേവ് പോയി ഒന്നും കുളിച്ചു ഫ്രഷ് ആവു…. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം… വിധിയെ തടുക്കാൻ നമുക്കാവുമോ… ”

അയാൾ മെല്ലെയെഴുനേറ്റു….

….,……………………………………………………………………..

ഭക്ഷണം കഴിക്കാനിരുന്നിട്ടും ഒന്നും ഇറങ്ങുന്നില്ല… അയാൾ മെല്ലെ എഴുന്നേറ്റു….

” നമുക്കൊന്ന് തറവാട് വരെ പോയാലോ ഗാഥാ… ഇപ്പോൾ ഫ്യൂണറൽ കഴിഞ്ഞിട്ടുണ്ടാവില്ല…….

” അത് വേണോ…. സുദേവ് …. ഇത്രയും നാൾ പോകാതിരുന്നിട്ട് ഇന്നത്തെ ദിവസം ”

” വേണം…. അവളും ഞാനും ഓടിക്കളിച്ചു വളർന്ന മണ്ണിൽ അവസാനമായി അവളുറങ്ങാൻ പോകുന്നത് എനിക്കു കാണണം… ”

” ശരി… സുദേവിന്റെ ഇഷ്ടം ”

അവർ കാത്തുവിനെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സുലഭ ചേച്ചിയെ ഏൽപ്പിച്ചു തറവാട്ടിലേക്ക് യാത്രയായി….

അവർ ചെല്ലുമ്പോഴേയ്ക്കും മാളവികയെ കൊണ്ടുവന്നിരുന്നു….
സുദേവിനെ കണ്ടു തറവാട്ടിലുള്ളവരെല്ലാം അമ്പരന്നു… അവന്റെ വരവ് ആരും പ്രതീക്ഷിച്ചില്ല…

അവന്റെ ഉയർച്ചകളെല്ലാം അവർ അറിയുന്നുണ്ടായിരുന്നു…

കണ്ണുകളടച്ചു… പൂക്കളുടെ ഇടയിൽ ഒരു മാലാഖയെ പോലെ മാളവിക കിടന്നു……..

ഉള്ളിലൊരായിരം ഓർമ്മകൾ വിരിയുന്നു……

തൊടിയിലെവിടെയോ ഒരു പതിനേഴുകാരിയുടെ വിളി മുഴങ്ങുന്നുവോ…

“ദേവേട്ടാ”

പനിനീർപ്പൂവ് പോലെ സൗരഭ്യം പരത്തി വിടർന്നു പരിലസിച്ചിരുന്ന പെൺകൊടി ഇതാ ഞെട്ടറ്റു നിലത്തു വീണുകിടക്കുന്നു….

ചടങ്ങുകൾ പൂർത്തിയാക്കി അവളുടെ ശരീരം ഭൂമിമാതാവ് ഏറ്റുവാങ്ങി…..

എല്ലാം കഴിഞ്ഞു മടങ്ങാൻ നേരം പ്രഭാകരൻ അടുത്തുവന്നു…..

സുദേവിന്റെ മുഖത്തു നോക്കാനാവാതെ അയാൾ അങ്ങിങ്ങ് നോക്കി…

” എന്തു പറയണം എന്നറിയില്ല…. എങ്കിലും ചോദിക്കുവാ.. എന്താ മാളുവിന്‌ പറ്റിയത്…. ജീവൻ കളയാൻ മാത്രം പ്രശ്നങ്ങൾ ഉണ്ടായിരുന്നോ അവളുടെ ജീവിതത്തിൽ….”

സുദേവൻ അയാളോട് ചോദിച്ചു….

” ഇനി പറഞ്ഞിട്ടെന്തിനാ ദേവാ… ന്റെ മോൾ… അവൾ പോയില്ലേ?… എനിക്കു പറ്റിയ വലിയ ഒരു തെറ്റായിരുന്നു നിങ്ങളെ തമ്മിൽ അകറ്റിയത്….. പണത്തിനു പിറകെ പോയതിനു ഞങ്ങൾക്ക് വലിയ വില കൊടുക്കേണ്ടിവന്നു.. ന്റെ പൊന്നു മോളുടെ ജീവൻ… ”
അയാൾ വിതുമ്പി…

” അവൻ ഒരു മനോരോഗി ആയിരുന്നു… ആർക്കും മനസ്സിലാക്കാൻ പറ്റാത്ത ഒരു സൈക്കോ…

എന്റെ മോൾ ആ വീട്ടിൽ ഒരുപാട് സഹിച്ചു… ഒന്നും പുറത്തു പറഞ്ഞില്ല അവൾ… നിന്നെ ഓർത്ത് ഉരുകിയുരുകി അവൾ ജീവിച്ചു…. ഒരു കുഞ്ഞിനെപ്പോലും ദൈവം കൊടുത്തില്ല.. അതെന്തായാലും നന്നായീന്ന് ഇപ്പോൾ തോന്നുന്നു..,.

ദേഹോപദ്രവവും മാനസിക പീഡനങ്ങളും അവൾ ഒരുപാട് നേരിട്ടു…. ഒടുവിൽ അവന്റെ വെള്ളമടി പാർട്ടിയിലെ ആർക്കൊക്കെയോ എന്റെ മോളെ…… ” ബാക്കി പറയുവാനാവാതെ അയാൾ പൊട്ടിക്കരഞ്ഞു….

“ഇതെല്ലാം അവൾ എഴുതി വെച്ചിരുന്നു…അങ്ങനെ ആണ് ഇതൊക്കെ ഞങ്ങൾ അറിയുന്നേ…. എന്നെങ്കിലും നിന്നെ കാണുകയാണെങ്കിൽ തരാൻ വേണ്ടി നിനക്കൊരു കുറിപ്പെഴുതി വച്ചിട്ടാ എന്റെ മോൾ പോയത്….. അയാൾ അകത്തേക്ക് പോയി….

തിരികെ വന്നത് ഒരു ഇളം റോസ് നിറത്തിലുള്ള കടലാസുമായിട്ടായിരുന്നു…

അതും വാങ്ങി… ഒന്നും പറയാതെ സുദേവ് ഗാഥയെയും കൂട്ടി വണ്ടിയിലേക്ക് കയറി…….

രാത്രി……

പുറത്തെ ഗാർഡനിൽ ആലോചനാമഗ്നനായി സുദേവ് ഇരുന്നു…

മാളുവിന്റെ കത്തിലെ വരികളായിരുന്നു മനസ്സ് നിറയെ….

പ്രിയപ്പെട്ട ദേവേട്ടാ…

മാളുവാ……

ഇത് വായിക്കുമ്പോൾ ഒരുപക്ഷെ മാളു ഈ ലോകത്തുണ്ടായിരിക്കില്ല…

പോവാ ഞാൻ…

മതിയായി എനിക്കു….. എന്റെ ദേവേട്ടനോടൊപ്പം ജീവിക്കാൻ വിടാതെ ആദ്യം എന്റെ വീട്ടുകാർ എന്നെ തോൽപ്പിച്ചു….

കൈവിട്ട ജീവിതത്തെ മറന്നു പുതിയ ജീവിതം ഉൾക്കൊള്ളാൻ ശ്രമിച്ചപ്പോൾ അതിനു സമ്മതിക്കാതെ താലി കെട്ടിയവൻ ചതിച്ചു….

അയാളുടെ സുഹൃത്തുക്കൾക്ക് എന്നെ….. അത് മാത്രം ഈ മാളുവിന്‌ സഹിക്കാൻ കഴിഞ്ഞില്ല ദേവേട്ടാ…

ഒരിക്കൽ കൂടി എന്റെ ദേവേട്ടനെ കാണണം എന്നുണ്ടായിരുന്നു….

പിന്നെ വിചാരിച്ചു… വേണ്ട… എന്റെ ശ്വാസം നിലയ്ക്കുന്നത് വരെ ദേവേട്ടൻ ഒന്നും അറിയരുതെന്ന്…

എന്തായാലും എനിക്കു ഒരു കാര്യത്തിൽ വലിയ സന്തോഷം ഉണ്ട്‌… എന്റെ ദേവേട്ടന് നല്ലൊരു ജീവിതം കിട്ടിയതിൽ… ആ സന്തോഷത്തോടെ മാളു മടങ്ങുകയാണ്…

അങ്ങേ ലോകത്ത് ഞാൻ കാത്തിരിക്കുന്നുണ്ടാകും… ഭൂമിയിലെ കടമകൾ തീർത്തു ദേവേട്ടൻ മടങ്ങി വരുന്നതും കാത്ത്…….

പോകുമ്പോൾ കൊണ്ടുപോകാൻ ഒന്നുമില്ല… എങ്കിലും എന്റെയീ ശ്വാസം നിലയ്ക്കുന്നത് വരെ നമ്മുടെ ആ സ്വപ്നങ്ങളുടെ മധുരം എന്റെയുള്ളിലുണ്ടാവും….

.ഒരുപക്ഷെ നമ്മുടെ പ്രണയത്തിന്റെ കനലുകൾ കെടാതെ എന്റെ ആത്മാവിൽ മയങ്ങുന്നുണ്ടാകും… അനന്ത വിഹായസ്സിൽ ഏകയായി ഞാൻ കാത്തിരിക്കുമ്പോഴും എന്റെയുള്ളിൽ കെടാതെ ഞാനതു സൂക്ഷിക്കും….

നിറഞ്ഞ സ്നേഹത്തോടെ

ദേവേട്ടന്റെ മാളു…

പ്രിയ ബിജു ശിവകൃപ✍

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: