കാർഗിൽ വാർ മെമ്മോറിയലിൽ നിന്നും ഇറങ്ങി കാർഗിൽ സിറ്റി ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇനി അങ്ങോട്ട് തണുപ്പ് കൂടുതൽ ആകുമെന്നാണ് ഉണ്ണിക്കുട്ടൻ പറഞ്ഞത്. Winter clothes Leh യിൽ നിന്ന് വാങ്ങാമെന്നുള്ള കണക്കുകൂട്ടലിൽ ആണ് ഉള്ളത്. ഉണ്ണികുട്ടനോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ കാർഗിൽ ഒരു വലിയ സിറ്റി ആണ്. അവിടെ എല്ലാം കിട്ടും എന്ന് പറഞ്ഞു. കാർഗിൽ സ്വദേശിയാണ് ആൾ. ഞാൻ ഉണ്ണികുട്ടനോട് യുദ്ധകാലത്തെ അവരുടെ ജീവിത ത്തെ പറ്റി ചോദിച്ചു. ഗ്രാമം മുഴുവൻ അടച്ചിട്ടിരിക്കുവായിരുന്നത്രെ. യുദ്ധം തീരുന്നവരെ സൈന്യം അവരെ മാറ്റി പാർപ്പിച്ചു. പട്ടാളക്കാർ ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുമായിരുന്നു. ആറു മാസത്തിനു ശേഷം ആണ് തിരിച്ചു എത്തിയത്. പട്ടണം യുദ്ധത്തിൽ നശിച്ചു , വീണ്ടും എല്ലാം ഒന്നിൽ നിന്ന് തുടങ്ങിയാണ് ഇപ്പോൾ കാണുന്ന അവസ്ഥയിൽ എത്തിയത് എന്ന് പറഞ്ഞു. ഞാൻ ആ കാലം മനസ്സിൽ ആലോചിച്ചു നോക്കി. യുദ്ധഭൂമിയിൽ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരു ജനത. നമ്മൾ യുദ്ധം വാർത്തകളിൽ കൂടെ അറിഞ്ഞപ്പം എന്തൊരു ദുസ്സഹമായ ഒരു അവസ്ഥയിൽ കൂടെയാണ് അവർ കടന്നു പോയത്😔. യാത്രയിൽ ഉടനീളം നിരനിരയായി പോകുന്ന സൈനിക വാഹനങ്ങൾ കാണാം. ഇടക്കിടെ പട്ടാളക്യാമ്പുകളും. അങ്ങനെ ഞങ്ങൾ കാർഗിലിൽ എത്തി. വലിയ ഒരു നഗരം പ്രതീഷിച്ചു ഇരുന്ന എന്നെ നിരാശയാക്കി കഴിഞ്ഞ കാഴ്ച . പൊടിപടലങ്ങൾ നിറഞ്ഞ വരണ്ട ഒരു നഗരം. ഇവിടെ ഒരു ഹോംസ്റ്റേ ആണ് ഇന്ന് താമസിക്കാൻ ബുക്ക് ചെയ്തിരിക്കുന്നത്. സുരു നദിയുടെ അടുത്താണ് ഇത്. നദി ആർത്തിരമ്പി ഒഴുകുന്നു. ഞങ്ങളെ അവിടെ വിട്ടു ഉണ്ണിക്കുട്ടൻ രാവിലെ വരാമെന്നു പറഞ്ഞു പോയി.
നല്ല വൃത്തിയുള്ള റൂം. LOC കാണാൻ പോകണമെങ്കിൽ പെർമിറ്റ് ഉള്ള ടാക്സി അറേഞ്ച് ചെയ്തു തരാമെന്നു ഇവിടുത്തെ പയ്യൻ പറഞ്ഞു. ശ്രീനഗറിൽ നിന്ന് 200 Km യാത്ര ചെയ്തു വന്ന ക്ഷീണം കാരണം ഇനിയൊരു യാത്രക് മനസും ശരീരവും ഒരുക്കമല്ലായിരുന്നു. അങ്ങനെ ആ യാത്ര വേണ്ട എന്ന് വെച്ച്., കുറച്ചു വിശ്രമിച്ച ശേഷം ഞങ്ങൾ കാർഗിൽ നഗരം കാണാൻ ഇറങ്ങി. നദിയുടെ തീരത്തിൽ കൂടെ നടന്നു മുകളിൽ മാർക്കറ്റിൽ എത്തി. തിരക്കുള്ള ഒരു മാർക്കറ്റ്. വണ്ടികൾ ഹോൺ അടിച്ചു പോകുന്നു . നിറയെ പൊടി പടലങ്ങൾ. അത്താഴം കഴിക്കാൻ ഉള്ള സമയം ആയിട്ടില്ല. അതിനാൽ ചായ കുടിക്കാമെന്നു കരുതി കട തപ്പി നടന്നു. റോഡിന്റെ താഴെയായി ഒരു ചായ കട. അവിടെ കയറി. കാശ്മീരി കാവയാണ് ചോദിച്ചത് . അത് ഇവിടെയില്ല. പകരം കടക്കാരൻ സുഗന്ധവ്യഞ്ജനങ്ങൾ ഒക്കെയിട്ട് ഉണ്ടാക്കിയ സ്പെഷ്യൽ ചായ തന്നു. നല്ല രുചി. അപ്പോളാണ് എതിർവശത്തു കുറച്ചു ആൾകാർ പിങ്ക് നിറത്തിൽ എന്തോ കുടിക്കുന്നത് കണ്ടത്. കടയിലെ ആളോട് അത് എന്താണെന്നു തിരക്കി.Namkeen Tea . അടുത്ത തവണ അത് കുടിക്കണമെന്ന ദൃഢനിശ്ചയത്തോടു കൂടെ അവിടെ നിന്നും ഇറങ്ങി.
കാർഗിൽ തെരുവീഥികളിൽ കൂടെ കുറെ നടന്നു. വഴിയുടെ ഇരുവശത്തും സാധങ്ങൾ വിൽപനക്കായി നിരത്തി വെച്ചിരിക്കുന്നു. പച്ചക്കറികൾ, പാൽ, dry fruits മുതലായവ. നടന്നു നടന്നു സ്ട്രീറ്റ് ഫുഡ് വിൽക്കുന്ന മാർക്കറ്റിൽ എത്തി. വലിയ അപ്പച്ചെമ്പിൽ എന്തോ പുഴുങ്ങുന്നു.ആൾ തുറന്നു കാണിച്ചു😍. മനസ്സിൽ ലഡ്ഡു പൊട്ടി. എന്റെ ഇഷ്ടപെട്ട വിഭവം. മട്ടൺ മോമോസ് ആണ് ഇത്. ഒരു പ്ലേറ്റിന് -60 rs . ( ഇന്നലെ ശ്രീനഗറിൽ നിന്നും വെജ് മോമോസ്-250 രൂപയ്ക്കാണ് വാങ്ങിച്ചത്.😄). ഇതിനു മുമ്പ് കഴിച്ചതിലും എനിക്ക് ഇഷ്ടമായത് ഇവിടുന്നു കഴിച്ച ഈ മോമോസ് ആണ്.. ഇതാണ് മോമോസ്❤️❤️ ഇങ്ങനെ ആകണം മോമോസ്. തൊട്ടടുത്തായി വെള്ളനിറത്തിൽ കിഴങ്ങു പോലെ എന്തോ ഒന്ന് ചെറിയ തീയിൽ ഇട്ടു വറുത്തു എടുക്കുന്നു. ആളുടെ അടുത്ത് നല്ല തിരക്ക്. എന്താണ് ഇത് എന്ന് ചോദിച്ചപ്പം റിഗ്യുമ (Rgyuma ) എന്നോ മറ്റോ പറഞ്ഞു. എന്തായാലും വാങ്ങിച്ചു. (യാത്രയുടെ ഉദ്ദേശം കാഴ്ചകൾ കാണുക മാത്രം അല്ലല്ലോ അവിടുത്തെ ലോക്കൽ ഫുഡ് കഴിക്കുക എന്നത് കൂടെ ആണല്ലോ). സോസേജിന്റെ രുചി ആണ്. പലതരം കബാബുകൾ, നൂഡിൽസ്, പക്കോഡ, ബിരിയാണി അങ്ങനെ കുറെ ഐറ്റംസ് ഉണ്ട്. ഞങ്ങൾ അവിടെ നിന്നും നേരെ സുരു നദിയുടെ കുറുകെ ഉള്ള ഇരുമ്പു പാലത്തിൽ കയറി എതിർവശത്തെത്തി. ശരിക്കും ഒരു നാട്ടിൻപുറം. കുഴൽ കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ കുടവുമായി വരിവരിയായി നിക്കുന്ന പെൺകുട്ടികൾ.. ചെറിയ ചെറിയ വീടുകൾ . അങ്ങനെ ഗ്രാമീണ കാഴ്ചകൾ കണ്ടു തിരിച്ചു സ്ട്രീറ്റ്‌ഫുഡ് മാർക്കറ്റിൽ എത്തി അത്താഴത്തിനായി മോമോസും , കബാബും വാങ്ങി റൂമിലേക്കു നടന്നു.
ഇന്റർനെറ്റും , സോഷ്യൽ മീഡിയയും ഒന്നും ഇല്ലാതെ കണ്ണിൽ കണ്ട കാഴ്ചകളുടെ സൗന്ദര്യം ആവോളം നുകർന്ന് കൊണ്ടുള്ള ഒരു യാത്ര. അത് തന്നെയാണ് ഈ യാത്രകൾ ഇത്ര ആസ്വാദ്യകരം ആക്കിയതും. റൂമിൽ എത്തി . ഇവിടെ wifi ഉണ്ട്. ഒന്ന് ഫ്രഷ് ആയി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കപ്പലിൽ കയറ്റി കടൽ കാണിക്കാമെന്ന മോഹന വാഗ്ദാനം നൽകി പറ്റിച്ചു UK ലേ ക്ക് കടന്നു കളഞ്ഞ സുഹൃത്തും ഭാര്യയും കൂടെ യാത്രയുടെ വിശേഷങ്ങൾ അറിയാനായി വിളിക്കുന്നത്. (ആരാണെന്നു ഞാൻ പറയുന്നില്ല. ചിലർക്കെങ്കിലും ആളെ മനസിലായി കാണും.) അവരോടു കുറച്ചു സമയം സംസാരിച്ചു .ഉറങ്ങാനായി കിടന്നു. നാളെ രാവിലെ ഉണ്ണിക്കുട്ടൻ വരും യാത്ര ഇനിയും ബാക്കിയാണ്.
തുടരും…
ശീതൾ ടെൻസി
ബഹ്‌റൈൻ ✍