അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിപ്പിച്ച നാടക മത്സരം സമാപിച്ചു. 2023 ജനുവരി പതിമൂന്നു മുതൽ മുപ്പത്തി ഒന്നു വരെ നടന്ന മത്സരത്തിൽ ഓർമ്മ ദുബായ് അവതരിപ്പിച്ച റാബില ( റാണി ബിജിലി ലജ്ജോ ) മികച്ച നാടകത്തിനുള്ള പുരസ്ക്കാരം കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ നാടകമായി അൽ ഐൻ മലയാളി സമാജം അവതരിപ്പിച്ച ” കവചിത ” വും, മികച്ച മൂന്നാമത്തെ നാടകമായി ഐ എസ് സി അജ്മാൻ അവതരിപ്പിച്ച ” നവ രാഷ്ട്ര ” യും തിരഞ്ഞെടുക്കപ്പെട്ടു.
അടിച്ചമർത്തപ്പെടുന്ന സ്ത്രീ ജീവിതങ്ങളിൽ നിന്ന് ചിതറിത്തെറിക്കുന്ന പ്രതിഷേധത്തിൻ്റെ പുത്തൻ കഥകളിലൂടെ അതിജീവിതത്തിൻ്റെ യഥാർത്ഥ കഥ വരച്ചുകാണിച്ചാണ് റാബില ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കല്ല്യാണ ശേഷം ഭർത്തൃ ഗൃഹങ്ങളുടെ തടവറക്കുള്ളിൽ എരിഞ്ഞു തീരുന്ന നിരവധി സ്ത്രീകളുടെ കഥ പറയുകയാണ് റാബില എന്ന നാടകത്തിലൂടെ സംവിധായകൻ ഷാജഹാനും, സഹായി അനൂപ് രത്‌നയും ചെയ്തിരിക്കുന്നത്.
വളരെ മഹത്തരമായ എട്ട് നാടകങ്ങളാണ് മത്സരത്തിൽ അവതരിപ്പിക്കപ്പെട്ടത്. അടിച്ചമർത്തപ്പെടുന്നതും പുരുഷമേധാവിത്വം കൊണ്ട് തകർത്തെറിയപ്പെടുന്നതുമായ മൂന്ന് രാജസ്ഥാനി സ്ത്രീകളുടെ കഥ പറഞ്ഞ. ” പാർച്ചഡ് ” എന്ന സിനിമയുടെ നാടകാവിഷ്ക്കാരമാണ് റാബില. അവതരണ ശൈലികൊണ്ടും, അഭിനയ മികവുകൊണ്ടുമാണ് റാബില എന്ന നാടകം മറ്റു നാടകങ്ങളിൽ നിന്ന് വേറിട്ട് നിന്നതും സമ്മാനം വാങ്ങിയതും.
എട്ട് നാടകങ്ങൾ അവതരിപ്പിച്ച മത്സരത്തിലെ മറ്റ് വിജയികളും, പുരസ്കാരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. മികച്ച സംവിധായകൻ സുവീരൻ (നാടകം മാക്ബത്), രണ്ടാമത്തെ മികച്ച സംവിധായകൻ നിഖിൽ ദാസ് (നാടകം കവചം), മികച്ച നടൻ മുരളി കുന്നൂച്ചി, നടി മിനി അൽഫോൻസ് (നാടകം നവരാഷ്ട്ര), മികച്ച രണ്ടാമത്തെ നടൻ നൗഷാദ് ഹസ്സൻ (ലങ്കാ ലക്ഷ്മി), നടി സ്വാതി സുരേഷ് വർണ്ണാട്ട് (റാബില ), മികച്ച ബാലതാരം സായന്ത്, രണ്ടാമത്തെ മികച്ച ബാലതാരം ധൈഷ്ണ ( സ്‌റ്റേജ് ), പ്രകാശവിതാനം സനീഷ് കെ സി (ലങ്കാ ലക്ഷ്മി ), ചമയം ബിജു കൊട്ടില (മാക്ബത്), പാശ്ചാത്തല സംഗീതം ജേക്കബ് ജോർജ് (ലങ്കാ ലക്ഷ്മി ), രംഗസജ്ജീകരണം ഹംസക്കുട്ടി & ഗോപകുമാർ (സ്റ്റേജ് ),
യുഎഇ ൽ നിന്നുള്ള മികച്ച സംവിധായകൻ ഷാജഹാൻ ( റാബില ), ഇതോടനുബന്ധിച്ച് നടന്ന ഏകാംഗ നാടക രചനാ മത്സരത്തിൽ സമീർ ബാബു ( നഗരം സ്വപ്നം കാണാത്ത ഒരാൾ ) ജേതാവായി. സ്പെഷ്യൽ ജൂറി അവാർഡ് പ്രഗതി പ്രസന്നയും, ഷെറിനും പങ്കുവച്ചു. മത്സരങ്ങളുടെ പര്യവസനം കുറിച്ചു കൊണ്ട് നടന്ന സമാപന സമ്മേളനത്തിൽ കേരള സോഷ്യൽ സെൻ്റർ അബുദാബി (കെ എസ് സി ) പ്രസിഡണ്ട് വി പി കൃഷ്ണകുമാർ, രഘുപതി ലുലു എക്സ്ച്ചേഞ്ച്, സൂരജ് പ്രഭാകർ അഹല്യ എക്സ്ച്ചേഞ്ച്, അഡ്വ. അൻസാരി സൈനുദ്ദീൻ, ഡോ. മുരളീധരൻ, പ്രൊഫ. വിനോദ്, വി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ടർ,
രവി കൊമ്മേരി.
യുഎഇ.