ഇന്നത്തെ വിഭവം: ന്യൂഇയർ സ്പെഷ്യൽ മധുരം (Muduru Uda Posakamainadi Tipi Biyyam)
ആവശ്യമുള്ള സാധനങ്ങൾ
1.കാരറ്റ് : 3 എണ്ണം
ബീറ്റ്റൂട്ട് : 3 എണ്ണം
നല്ല ഉണങ്ങിയ ഈന്തപ്പഴം : പതിനഞ്ച്
2. ബസ്മതി അരി : ഒരു ഗ്ലാസ്
വെള്ളം : ഒന്നേമുക്കാൽ ഗ്ലാസ്
നെയ്യ് : മൂന്ന് ടേബിൾ സ്പൂൺ
ഏലക്കായ് : പത്തെണ്ണം
പഞ്ചസാര : ഒന്നേ മുക്കാൽ ഗ്ലാസ്
3. വറുത്ത കപ്പലണ്ടി : കാൽ കപ്പ്
കിസ്മിസ് : കാൽ കപ്പ്
മഞ്ഞൾ പൊടി : കാൽ ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒന്നേമുക്കാൽ ഗ്ലാസ് വെള്ളം അടുപ്പിൽ വച്ച് തിളപ്പിക്കുക. വെള്ളം നന്നായി വെട്ടി വെട്ടി തിളക്കുമ്പോൾ ഒരു ഗ്ലാസ് ബസ്മതി അരി നന്നായി കഴുകി അതിലേക്കിട്ട് തീയ് നന്നായി കുറച്ചുവച്ച് ഇടയ്ക്കിടെ ഇളക്കി വെള്ളം വറ്റിക്കുക. ഏകദേശം പത്തുമിനിട്ടോളം വേണ്ടി വരും വെള്ളം വറ്റാൻ. വെള്ളം വറ്റിയാലുടൻ ഒരു ടേബിൾ സ്പൂൺ നെയ്യും മുക്കാൽ ഗ്ലാസ് പഞ്ചസാരയും ചേർത്ത് തീയ് സിമ്മിലാക്കി തുടരെത്തുടരെ ഇളക്കി ഇടയ്ക്ക് ഏലക്കായ് പൊടിച്ചതും ചേർത്ത് പാത്രത്തിൽ നിന്നും വിട്ട് വരുന്ന പരുവത്തിൽ വാങ്ങിവയ്ക്കുക. (അരിക്കും നല്ല വെന്ത ചോറിനും ഇടയ്ക്കുള്ള, ചോറാണെന്നറിയാൻ പറ്റാത്ത ഒരു പരുവമാണിത്.) പത്തുമിനിട്ടോളം ഇളക്കിയാലേ ഈയൊരു പാകത്തിൽ സ്വീറ്റ് കിട്ടു.
അടുത്തതായി കാരറ്റും ബീറ്റ്റൂട്ടും തൊലികളഞ്ഞ് നന്നായി കഴുകി ചെറിയ ചതുര കട്ടകളായി അരിഞ്ഞു വയ്ക്കുക. ഈന്തപ്പഴവും ഇതേ അളവിൽ അരിഞ്ഞു വയ്ക്കുക. ചുവടു കട്ടിയുള്ള ഒരുപാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ
ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അരിഞ്ഞുവച്ചിരിക്കുന്ന ചേരുവകൾ ചേർത്ത് മുക്കാൽ ഗ്ലാസ് പഞ്ചസാരയും ചേർത്ത് തീയ് കുറച്ച് നന്നായി ഒരു പത്തുമിനിട്ടോളം ഇളക്കി വേവിക്കുക. അധികം കഷണങ്ങൾ വെന്തു പോകരുത്. ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബസ്മതി റൈസും ചേർത്ത് മഞ്ഞൾ പൊടിയും ഇട്ട് തീയ് കൂട്ടിവച്ച് അടിക്കു പിടിക്കാതെ തുടരെത്തുടരെ നന്നായി ഇളക്കി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവത്തിൽ വാങ്ങിവയ്ക്കുക. കപ്പലണ്ടിയും, കിസ്മിസും അല്പം നെയ്യിൽ മൂപ്പിച്ച് കോരി വയ്ക്കുക. ഭംഗിയുള്ള ഒട്ടും വെള്ളമയമില്ലാത്ത ഒരു പാത്രത്തിൽ സ്വീറ്റ് പകർന്ന് വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും കിസ്മിസും മുകളിൽ തൂവി അലങ്കരിച്ച് പാത്രം മൂടിവയ്ക്കുക. ഏകദേശം ഒരു എട്ടുമണിക്കൂർ കഴിഞ്ഞ് മൂടി തുറന്ന് ഒട്ടും വെള്ളമയമില്ലാത്ത ഒരു സ്പൂൺ ഉപയോഗിച്ച് ഒരു ഭാഗത്ത് നിന്ന് കട്ട് ചെയ്തു സ്വീറ്റ് കോരി കഴിയ്ക്കുക.
നന്നായി ഉറച്ചുകഴിഞ്ഞതുകൊണ്ട് നല്ല പൊഴിഞ്ഞു വീഴുന്ന പരുവത്തിലാണ് സ്വീറ്റ് ഇരിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഗുണപ്രദവും ഏറെ രുചിപ്രദവുമായ ഈ സ്വീറ്റ് എല്ലാവരും ഒന്നു പരീക്ഷിച്ചു നോക്കുക.
കണ്ടാൽ ആർക്കും ഒന്നു രുചിച്ചു നോക്കാൻ തോന്നുന്ന അത്രയ്ക്കും ഭംഗിയാണ് കാണാനും. ഏതൊരു ഫംഗ്ഷനും നിങ്ങൾക്ക് ഈയൊരു സ്വീറ്റ് ഉണ്ടാക്കി ധൈര്യമായും വിളമ്പാം…
അപ്പോ അടുത്ത ഒരു പുത്തൻ വിഭവവുമായി വീണ്ടും കാണാം. നന്ദി.സ്നേഹം.
ജസിയഷാജഹാൻ