ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് സാജിദ് യാഹ്യാ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ” ഖൽബ് “. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സാജിദ് യാഹ്യാ ഒരുക്കുന്ന നാലാമതു ചിത്രമാണ് ഖൽബ്. ആലപ്പുഴയിലും, ഹൈദരാബാദിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജിത്ത് സജീവും, നെഹാനസ് സിനുവുമാണ് കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസ്സിനു ശേഷം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്നതാണ് ഈ ചിത്രം. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് ഖൽബ് എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ആലപ്പുഴയുടെ സംസ്ക്കാരവും, ആചാരങ്ങളും, ജീവിതവുമൊക്കെ കോർത്തിണക്കി ജീവിത ഗന്ധിയായ ഒരു പ്രണയ കഥ. മികച്ച ആക്ഷൻ രംഗങ്ങളും, സെൻ്റിമെൻ്റൽ രംഗങ്ങളും, കോർത്തിണക്കിയുള്ള ഒരു ക്ലീൻ എന്റെർടൈനറായിരിക്കും ഈ ചിത്രം. എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് വിജയ് ബാബു പറഞ്ഞു.
സിദ്ദിഖും, ലെനയും ഈ ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ മികച്ച വേഷമിടുന്നു. പന്ത്രണ്ടുഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നു സംഗീത സംവിധായകർ ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു. നിണാൽ, പ്രകാശ് അലക്സ്, വിമൽ എന്നിവരാണ് സംഗീത സംവിധായകർ. സുഹൈൽ കോയയുടേതാണു വരികൾ. കൂടാതെ ഛായാഗ്രഹണം ഷാരോൺ ശ്രീനിവാസ്. എഡിറ്റിംഗ് അമൽ മനോജ്. കലാസംവിധാനം അനീസ് നാടോടി. മേക്കപ്പ് നരസിംഹ സ്വാമി. കോസ്റ്റ്യും ഡിസൈൻ സമീരാ സനീഷ്. തുടങ്ങിയവരും, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു പന്തലക്കോട് എന്നിവരുമാണ്.
രവി കൊമ്മേരി.