🟥 നടന്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമയും തിലകന്റെ ചാക്കോമാഷും മറ്റ് അഭിനേതാക്കളും എങ്ങനെയാകും പുതിയ സാങ്കേതികതയില്‍ ബിഗ് സ്‌ക്രീനില്‍ എത്തുകയെന്നറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് ‘ഏഴിമലപ്പൂഞ്ചോല’ ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ഗാനത്തിന്റെ പുതിയ വെര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. പുനര്‍ ഭാവന ചെയ്ത ‘ഏഴിമലപ്പൂഞ്ചോല’ ഗാനത്തിനായി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയില്‍ കാണാം. എസ് പി വെങ്കടേഷിന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പി ഭാസ്‌കരന്‍ മാസ്റ്റര്‍ ആണ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് തന്നെയാണ് പഴയ ഗാനവും ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി 9നാണ് സ്ഫടികം 4കെ വെര്‍ഷന്‍ തിയറ്ററുകളില്‍ എത്തുക.
🟥 പത്താം നിലയിലെ തീവണ്ടി, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് റിലീസിന്. സോമു മാത്യു ആണ് കേണല്‍ ഗീവര്‍ഗീസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പത്താം നിലയിലെ തീവണ്ടി നിര്‍മ്മിച്ച സോമു മാത്യു സംവിധായകന്‍ ജോഷി മാത്യുവിന്റെ സഹോദരനാണ്. അങ്ങ് ദൂരെ ഒരു ദേശത്ത്, ബ്ളാക്ക് ഫോറസ്റ്റ് തുടങ്ങി നിരവധി സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ കേന്ദ്ര കഥാപാത്രം ഒരു വെല്ലുവിളി തന്നെയായിരുന്നെന്ന് സോമു മാത്യു പറഞ്ഞു. കഥയും തിരക്കഥയും സംഭാഷണവും ജോഷി മാത്യുവാണ്. ചിത്രം അടുത്തു തന്നെ തിയേറ്ററുകളിലെത്തുമെന്ന് ജോഷി മാത്യു അറിയിച്ചു.
🟥 ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും. തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്‌മാന്‍ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്സ് വന്‍ തുകയ്ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’.
🟥 കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്‍ക്കുന്ന ദുല്‍ഖറാണ് ഫസ്റ്റ്ലുക്കില്‍ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. തമിഴ് നടന്‍ പ്രസന്നയും ‘കിംഗ് ഓഫ് കൊത്ത’യുടെ സെറ്റില്‍ ജോയിന്‍ ചെയ്തു. പൊലീസ് ഓഫീസറായിട്ടായിരിക്കും ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രസന്ന അഭിനയിക്കുക എന്നാണ് സൂചന. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
🟥 ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. ‘മഹേഷും മാരുതി’യും എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.തികച്ചും വ്യത്യസ്‍തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദര്‍ശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
സജു വർഗീസ് (ലെൻസ്മാൻ)