◾ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘പുരുഷ പ്രേത’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ക്രിഷാന്ദ് ഒരുക്കുന്നതാണ് ‘പുരുഷ പ്രേതം’. ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കും. സോണി ലിവില്‍ ‘പുരുഷ പ്രേത’മെന്ന ചിത്രം 24 മുതലാണ് സ്ട്രീമിംഗ് തുടങ്ങുക. ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധായകന്‍ ക്രിഷാന്ദ് തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സുഹൈല്‍ ബക്കര്‍ ആണ്. റാപ്പര്‍ ഫെജോ, എം സി കൂപ്പര്‍, സൂരജ് സന്തോഷ്, ജ’മൈമ തുടങ്ങിയവരാണ് ‘പുരുഷ പ്രേത’ത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍, ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്‍ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ മനോജ് കാനയും ചിത്രത്തില്‍ വേഷമിടുന്നു.
◾അക്ഷയ് കുമാറിന്റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം ‘ഓ മൈ ഗോഡ് 2’ തിയറ്റര്‍ റിലീസ് ഒഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഭഗവാന്‍ ശിവനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്കില്‍ അക്ഷയ് കുമാര്‍. വൂട്ട്/ ജിയോ സിനിമയാണ് ചിത്രത്തിന്റെ ഡയറക്റ്റ് ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളില്‍ ചിലരും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം.
◾ആന്റണി വര്‍ഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി വര്‍ഗീസ് എത്തിയ ചിത്രമാണിത്. ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.
◾നാനി നായകനാകുന്ന ചിത്രം ‘ദസറ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. കീര്‍ത്തി സുരേഷാണ് ‘ദസറ’യിലെ നായിക. മലയാളി നടന്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്. ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാനി എത്തുന്നത്. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ദസറ’ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മാര്‍ച്ച് 30ന് ഒരേ സമയം റിലീസ് ചെയ്യും.
◾വിവാദങ്ങള്‍ക്കൊടുവില്‍ സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലേക്ക്. സിനിമയുടെ പേരിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച് 31ന് ആണ് ചിത്രത്തിന്റെ റിലീസ്. തന്റെ പ്രശസ്ത സാഹിത്യസൃഷ്ടി ‘ഹിഗ്വിറ്റ’യുടെ അതേ പേരില്‍ സിനിമ എത്തുന്നതിനെതിരെ എന്‍.എസ് മാധവന്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സിനിമ വിവാദത്തില്‍ പെട്ടത്. ഇതോടെ ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത്. ഹേമന്ദ് നായര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ധ്യാന്‍ ഗണ്‍മാന്‍ ആയും സുരാജ് ഇതുപക്ഷ നേതാവുമായാണ് സിനിമയില്‍ എത്തുക.
◾ഒബേലി എന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ എത്തുന്ന ചിമ്പു ചിത്രം ‘പത്തു തല’യുടെ പ്രമോഷണല്‍ സോംഗ് വീഡിയോ പുറത്തുവിട്ടു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പ്രമോഷനായി എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ മകന്‍ എ ആര്‍ അമീനും ശക്തിശ്രീ ഗോപാലനും പാടിയ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.
◾മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് സൌബിന്‍ ഷാഹിറിന്റെ കഥാപാത്രം. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
◾ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വാത്തി’. മലയാളി നടി സംയുക്തയാണ് നായിക. ‘വാത്തി’ ഒടിടിയിലേക്കും എത്തുകയാണ്. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിലുള്ള ‘വാത്തി’ ഒടിടിയില്‍ മാര്‍ച്ച് 17നാണ് പ്രദര്‍ശനം തുടങ്ങുക. തമിഴകത്ത് ഗ്യാരന്റിയുള്ള നടന്‍ എന്ന തന്റെ സ്ഥാനം ധനുഷ് അടിവരയിട്ട ‘വാത്തി’ നെറ്റ്ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.
സജു വർഗീസ് (ലെൻസ്മാൻ)✍