നീറുന്ന വേദനയുടെ കരച്ചിൽ കേട്ടാണ്
ഇക്കാലമത്രയും ഉണർന്നത്
പിരിഞ്ഞുപോകുമ്പോൾ ഒരു
വാക്കെങ്കിലും പറയാമായിരുന്നു.
ജാലകപ്പടിയിൽ നിരനിരയായി
അടുക്കിവെച്ചിരിക്കുന്ന
ഔഷധക്കൂട്ടുകളുടെ ഗന്ധം
നാസാദ്വാരങ്ങളിൽ ഇപ്പോഴും
നീറ്റലുണ്ടാക്കുന്നുണ്ട്.
അരിച്ചു കയറുന്ന വേദനയിൽ
പിടഞ്ഞെഴുനേൽക്കാനാവാതെ
എന്നോട് പറഞ്ഞതോർമയുണ്ട്.
കണ്ണീരുവറ്റിയ മിഴികളിൽ എപ്പോഴോ
ചോരയുടെ
ചായക്കൂട്ടുകൾ കണ്ടു.
നര ബാധിച്ച മുടിയിഴകളിൽ
ചായമടിക്കാൻ പലതവണ ഞാൻ
പറഞ്ഞതല്ലേ..
ചത്താലും അണിഞ്ഞൊരുങ്ങണം
എന്ന് കൂടെകൂടെ പറയാറില്ലേ
എന്നിട്ടോ…
ശോഷിച്ച വിരലുകൾക്കൊണ്ട്
തലോടാതെയല്ലേ കടന്നുകളഞ്ഞത്.
ഒരിക്കലെങ്കിലും
ചിരിച്ചുകൂടായിരുന്നോ..
സങ്കടപെരുമഴയിൽ കഴുത്തോളം
മുങ്ങിയ കണ്ണുന്നീരാഴിയിൽ
കിടന്നൊരിക്കലെങ്കിലും
പൊട്ടിച്ചിരിച്ചുകൂടായിരുന്നോ..
വരുമെന്ന് പറഞ്ഞു
ഓർമപ്പെടുത്തിയവർ ഇപ്പോഴാണ്
വന്നത്,
ചാരമെടുക്കാനാകും.
ആത്മാവായി പുറത്ത് ചാടുമെങ്കിൽ
ഒരിക്കലെങ്കിലും കാണാൻ വരിക.
ജീവനെക്കാത്ത കോട്ടപ്പോൽ ഞാൻ
ഇവിടെ ഉണ്ടാകും..
ജീർണ്ണത ബാധിക്കുന്നത് വരെ.
ബിനോജ് സി പി✍