നമ്മുടെ ചിന്തകളെ, നാം അനുഭവിച്ച് അറിയുകയും, മറ്റുള്ളവരുടെ മുന്നിൽ അവയെ തിരിച്ചറിയാനോ, അതിനെ പറ്റി പറയാനോ മടിക്കാറില്ല.
നീ, നിന്റെ ചിന്തകളാണ്! നിന്നിൽ ബാക്കി വരുന്നത്, കുറച്ചു എല്ലും, മാംസവും മാത്രമാണ്!!
നാഷണൽ സയൻസ് ഫൗണ്ടേഷൻ പറയുന്ന പ്രകാരം ഒരു ദിവസം, നമ്മുടെ മസ്തിഷ്കത്തിൽ, ശരാശരി 12000 മുതൽ 60000 ചിന്തകൾ ഉത്ഭവിക്കാറുണ്ട്. അതിൽ 80 ശതമാനവും ചേതനയറ്റതും, 95 ശതമാനം, ചിന്തകളുടെ ആവർത്തനം മാത്രമാണ്.
മനുഷ്യന്റെ മസ്തിഷ്കത്തിന് പതിനൊന്നു കോടി ചിന്താശകലങ്ങളുടെ പ്രക്രിയ ചെയ്യാൻ കഴിയും. എന്നാൽ ബോധമനസ്സിന് , 40-50 ചിന്താശകലങ്ങളെ മാത്രമേ കൈകാര്യം ചെയ്യാനെ കഴിയുകയുള്ളൂ.
നാഡീവ്യൂഹത്തിനെ, ശാസ്ത്രീയ ദൃഷ്ടിയിൽ കൂടി നോക്കിയാൽ, മസ്തിഷ്കത്തിന്റെ പ്രവർത്തനം കൊണ്ട് ആണ് നമ്മുടെ ചിന്തകൾ ഉടലെടുക്കുന്നത് എന്ന് കാണാം.
ന്യൂറോണുകൾ സൃഷ്ടിക്കുന്ന ഒരു പ്രത്യേക തരംഗം മൂലമാണ് ചിന്തകൾ ഉണ്ടാകുന്നത്. എന്നാൽ, ന്യൂറോണുകൾ എങ്ങനെ, എന്തിന് വേണ്ടിയാണ് പല തരത്തിലുള്ള ചിന്തകൾ ഉത്ഭവിപ്പിക്കുന്നതിനെ പറ്റി ഇന്നും ശാസ്ത്രത്തിന് ശരിയായ ഉത്തരം കിട്ടിയിട്ടില്ല.
ബോധമനസ്സിലേക്ക് ഒരു ചിന്ത കയറി കൂടുന്നതിന് മുൻപ് തന്നെ, ഉപബോധ മനസ്സിന്റെ പശ്ചാത്തലത്തിൽ ആ ചിന്തയുണ്ടാക്കി എടുക്കാനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞിരിക്കും.
ചിന്തകളെന്നാൽ, ഒരു ആശയമായോ, ഓർമ്മയായോ, പാട്ട് പോലെയോ, ഒക്കെ ആവാം. വ്യത്യസ്തമായ ചിന്തകൾ, ഹ്രസ്വമായ സമയത്തേക്ക് മാത്രം വന്നു പോകുന്നു. അല്ലാതെ, ഒരു ഏ സി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലെയോ, തുടർച്ചയായി ചാറുന്ന മഴ പോലെയോ അല്ല, ചിന്തകളുടെ വരവ് പോക്ക്.
നിന്റെ ജീവിതം ഈ ചിന്തകളുടെ പ്രതിബിംബം ആണ്. നിന്റെ ചിന്തകളുടെ കിടപ്പ്, നിന്റെ ഭാവിയെ രൂപപ്പെടുത്തുന്നു. നീ എന്ത് ആഗ്രഹിക്കുന്നുവോ, അത് നീ കാണുന്നു.
ഓരോ ചിന്തയുടെയും പിന്നിൽ, ഒരു വികാരത്തെ കാണാം. ആ ചിന്തയുടെ ആവർത്തനങ്ങൾ, ആ വികാരഭാവങ്ങളെ മനപാഠമാക്കുന്നു. പിന്നീട് ഇത് നമ്മുടെ വിശ്വാസം നേടി, നമ്മുടേതായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കി എടുക്കുന്നു. ആ കാഴ്ചപ്പാട് നമ്മുടെ വ്യക്തിത്വത്തിൽ അലിഞ്ഞ് ചേർന്ന്, നമ്മുടെ മുദ്രയായി മാറുന്നു. ചിന്തകളുടെ ദിശകളിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നാം അവയ്ക്ക് അടിമപ്പെടുന്നു.
നിന്റെ ചിന്തകളെ ദംശിക്കുന്നത്, നിന്റെ ശരീരത്തെ നിയന്ത്രിക്കുന്നു. അതേ തുടർന്ന്, നിന്റെ ജീവിതത്തെയും!!
ഇത് മദ്യപാനമോ, മയക്ക് മരുന്നോ, പണമോ, അധികാരമോഹമോ, കാമമോ ഇത്യാദി എന്ത് ദുശ്ശീലങ്ങളോ ആകാം.
ഇത് കാരണം, നാം ആകെ ചെയ്യേണ്ടത്, ചേതനയുള്ള ചിന്തകളെ വളർത്തിയെടുക്കാൻ ശീലിക്കുക ആണ്. മൂന്ന് മൂതൽ നാല് ആഴ്ചകൾക്കുള്ളിൽ, നമ്മുടെ നാഡീവ്യൂഹത്തെ, ഒരു ശീലം ഉണ്ടാക്കി എടുക്കാൻ പരിശീലിപ്പിക്കാവുന്നതാണ്. ചിലപ്പോൾ ഇതിനെക്കാൾ ഏറെ സമയം വേണ്ടി വരും. ആ ഫലമുണ്ടാകണമെങ്കിൽ, എത്രത്തോളം ആഴത്തിൽ ആ ശീലത്തെ പരിണയിക്കാൻ നീ ആഗ്രഹിക്കുന്നോ, നിന്റെ ആത്മവിശ്വാസത്തിന്റെ ചിറകുകൾക്ക് എത്രത്തോളം ഉയരത്തിൽ പറക്കാൻ കഴിയുമോ, അത് അനുസരിച്ചായിരിക്കും. ആയതിനാൽ, ഇതിനെ കുറിച്ച് അൽപ്പം കൂടി ഗൗരവത്തോടെ നീ ഇന്ന് തന്നെ ആലോചിക്കണം.
ആത്മശിക്ഷണം എന്നത് നിന്റെ ചിന്തകളുടെ അധിപൻ ആകുക എന്നതാണ്. നാവ് കൊണ്ട് മൊഴിയുന്നതിനും മുൻപ്, മനസ്സുമായി വാർത്താവിനിമയം ചെയ്യാൻ മുതിരുക. നിന്റെ ചിന്തകളെ നിയന്ത്രിക്കാൻ നിനക്ക് ആയില്ലെങ്കിൽ, നിന്റെ പ്രവർത്തിയെ നിയന്ത്രിക്കാനും നിനക്ക് ആവില്ല. അങ്ങനെ വരുമ്പോൾ, നിന്റെ സ്വഭാവ രീതികളെ ചൊൽപ്പടിക്ക് നിർത്താനും നിനക്ക് കഴിയില്ല.
എന്നാൽ ചിന്തകളുടെ പരിവർത്തനം അനുസരിച്ച് നിന്റെ ജീവിതവും മാറുന്നു. ആ മാറ്റത്തിന്റെ തുടക്കം നിന്നിൽ നിന്നും ആണ്!! നിന്റെ ഉള്ളിൽ നിന്നും മാത്രം ആണ്!!
നിന്റെ ചിന്തകളുടെ യഥാർത്ഥ ശക്തി നീ തിരിച്ചറിഞ്ഞിരിക്കുന്നു എങ്കിൽ, ഒരു ജീവനറ്റ ചിന്തപോലും നിന്റെ ചിന്തകളുടെ ചില്ലയിൽ പൂക്കുകയില്ലായിരുന്നു. ആത്മഹത്യ ചെയ്യാൻ കാണിക്കുന്ന ധൈര്യം, ഒരുവൻ ജീവിതത്തിൽ കാണിച്ചിരുന്നു എങ്കിലെന്ന് ഓർത്ത് നോക്കൂ, ആ പൊലിഞ്ഞു പോയ ജീവിതം ഇന്ന് നമ്മുക്ക് ഒപ്പം ഉണ്ടായേനേ !
നിന്റെ വികാരങ്ങളുടെ ഒപ്പം ഒഴുകാൻ നിൽക്കാതെ, നിന്റെ മനസ്സിനെ ബലപ്പെടുത്തി ഇല്ലായെങ്കിൽ, നീ ഒരു പരാജയം ആയി മാറും.
പുതുപുലരിയിൽ, നവചിന്തകളോടൊപ്പം, നവചൈതന്യം കൈവരുന്നു. നിന്റെ ചിന്തകൾ യാഥാർത്ഥ്യങ്ങളായി രൂപം പ്രാപിക്കുന്നു. നിന്റെ അറിവിനെക്കാൾ വലിയ ശക്തി ആണ് നിന്റെ ചിന്തകൾക്ക്! അവയെ മേയിക്കാൻ അറിഞ്ഞാൽ, അസാധ്യമായ ഒന്നും തന്നെ ഉണ്ടാവില്ല. അതിൽ നീ പരാജയം വരിച്ചാൽ, നിന്നെ നിയന്ത്രിക്കുന്നത് മറ്റുള്ളവർ ആയിരിക്കും.
നാം നേരിടുന്ന ഏറ്റവും വലിയ കടമ്പയും, വെല്ലുവിളിയും ആണ് നമ്മുടെ ചിന്തകൾ എങ്കിൽ; അവയെ നിയന്ത്രണാധീനമായി മാറ്റാൻ കഴിഞ്ഞാൽ, വ്യക്തിത്വത്തിന്റെ പരമോന്നതിയിലും, ജോലി സംബന്ധമായുള്ള വിജയം കൈവരിക്കാനും; നിന്റെ ചിന്തകളോളം സഹായിക്കുന്ന ഒരടുത്ത മിത്രവും ഇല്ല.
ചിന്തകളെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുക. നിനക്ക് സമാധാനം തരുന്ന, വേദനകളെ അലിയിച്ചു കളയുന്ന ചിന്തകളെ തിരഞ്ഞെടുക്കുക. നിന്റെ സന്തോഷം എന്നത്, ഒരു ചിന്തയുടെ അകലത്തിൽ ഉണ്ടെന്ന് അറിയുക!!
സ്നേഹചിന്തകളോടെ
-ദേവു-