കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജില്ലകളിൽ ഒന്നാണ് കോട്ടയം: 1949
ജൂലൈ മാസം ഒന്നാം തീയതി രൂപം കൊണ്ട കേരളത്തിൻ്റെ അക്ഷരനഗരിയായ കോട്ടയം ഇപ്പോൾ ഒരു പുകയില വിമുക്ത നഗരം കൂടിയാണ്. മധ്യകേരളത്തിലെ ഒരു പ്രധാന സ്ഥലം കൂടിയാണ് കോട്ടയം. ഈ നഗരത്തിൻ്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ സാക്ഷരത കൈവരിച്ച നഗരമാണ്
കോട്ടയം.
തിരുവിതാംകൂറിൻ്റെ വടക്കൻ ഭാഗങ്ങളുടെ ആസ്ഥാനം ചേർത്തലയിൽ നിന്നും കോട്ടയത്തേക്കു മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ദിവാൻ ടി.മാധവറാവുവാണ്.
തെക്കുംകൂർ രാജവംശത്തിൻ്റെ ആസ്ഥാനനഗരമായിരുന്ന മീനച്ചിലാറിൻ്റെ തീരത്തുള്ള
തളിയിൽ കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്ക്കകം എന്നറിയപ്പെട്ടു. ഈ കോട്ടയ്ക്കകം ലോപിച്ചാണ് കോട്ടയം ആയി മാറുന്നത്. മീനച്ചിലാറും കൊടൂരാറും
ഒരു കോട്ട പോലെ കോട്ടയത്തെ വലംവച്ചു കാണപ്പെടുന്നു.
പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ മനോഹരമാക്കുന്നു. ധാരാളം തടാകങ്ങൾ കാണപ്പെടുന്ന സ്ഥലമാണ് കോട്ടയം.
96.40% സാക്ഷരതയാണ് കോട്ടയം കൈവരിച്ചിരിക്കുന്നത്. സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പുരോഗതി കൈവരിച്ച ഒരു നഗരമാണ് കോട്ടയം. കേരളത്തിൽ പടയണി നടക്കുന്ന ജില്ലകൂടിയാണ് കോട്ടയം. കോട്ടയം ജില്ലയിൽ ആലപ്രയിലെ തച്ചരിക്കൽ ശ്രീഭദ്രകാളീക്ഷേത്രത്തിൽ മീനമാസത്തിലാണ് പടയണി നടക്കുന്നത്.
പുരാതന കാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഒരു ഭൂപ്രദേശമാണ് കോട്ടയം.
പുരാതന കാലത്ത് കോട്ടയം തെക്കുംകൂർ വടക്കുംകൂർ എന്നീ നാട്ടുരാജ്യങ്ങളായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. കോട്ടയത്തെ മാർത്താണ്ഡവർമ്മ
മഹാരാജാവ് ഡില നായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷൻ്റെ തലസ്ഥാനമാക്കുകയും ചെയ്തു.
കോട്ടയം കുമളി റോഡു നിർമ്മിച്ചതോടെ ഹൈറേഞ്ചി ലേക്കുള്ളപ്രധാന വ്യാപാര മാർഗ്ഗം കോട്ടയമായി മാറി. കേരള ചരിത്രത്തിലെ നിർണ്ണായകമായ പല സാമൂഹിക മുന്നേറ്റങ്ങൾക്കും കോട്ടയം വേദിയായിട്ടുണ്ട്. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വിത്തുപാകിയ മലയാളീ മെമ്മോറിയലിനു തുടക്കം കുറിച്ചതും അയിത്തോച്ചാരണത്തിനു അറുതി വരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതും കോട്ടയത്താണ്.
ചങ്ങനാശ്ശേരി, പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, മുണ്ടക്കയം, എരുമേലി, ചിങ്ങവനം, പാമ്പാടി, നാട്ടകം, പൊൻകുന്നം മുതലായവയാണ് കോട്ടയത്തെ പ്രധാന പട്ടണങ്ങൾ.
ഭരണങ്ങാനം പള്ളി, മണർകാടുപള്ളി, പുതുപ്പള്ളി പള്ളി, കോട്ടയം വലിയ പള്ളി, കുറുവിലങ്ങാടു പള്ളി, വിമലഗിരിപ്പള്ളി, കോട്ടയം ചെറിയപള്ളി, ആതിരംപുഴ
പള്ളി തുടങ്ങി ധാരാളം കൃസ്ത്യൻ ആരാധനാലയങ്ങ ൾ കൊട്ടയം ജില്ലയിൽ
കാണപ്പെടുന്നു.
തിരുനക്കര ,വൈക്കം, ഏറ്റുമാനൂർ ശിവക്ഷേത്രങ്ങൾ തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം, എരുമേലി ശാസ്താ ക്ഷേത്രം കിടങ്ങൂർ, പെരുന്ന സുബ്രഹ്മണ്യക്ഷേത്രങ്ങൾ കുമാരനെല്ലൂർ ഭഗവതീ ക്ഷേത്രം, ചമ്പക്കര ദേവീക്ഷേത്രം, മള്ളിയൂർ മഹാഗണപതി
ക്ഷേത്രം തുടങ്ങി ധാരാളം ഹൈന്ദവ ആരാധനാലയങ്ങളും ധാരാളം മുസ്ളീം ആരാധനാലയങ്ങളും ജില്ലയുടെ പ്രൗഡിക്കുമാറ്റുകൂട്ടുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം എന്ന വിശേഷണം കൊട്ടയം ജില്ലയിലെ നാട്ടകം തുറമുഖത്തിനു ലഭിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി
ജില്ലകളിൽ നിന്നും കൊച്ചിയിലേക്കുള്ള ചരക്കു കുറഞ്ഞ ചിലവിൽ നാട്ടകം
തുറമുഖം വഴി നടത്താം.
മലയാള പത്രമാധ്യമ രംഗത്ത് കോട്ടയത്തിനു വലിയ സ്ഥാനമാണുള്ളത്.
മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രങ്ങളായ മലയാള മനോരമ,
ദീപിക, മംഗളം മുതലായവ പ്രസിദ്ധീകരിക്കുന്നത് കോട്ടയത്തുനിന്നാണ്.
കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം നിലവിലുണ്ട്.
ഇന്ത്യയിലെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ബറിൻ്റെ ഉത്പാദന കേന്ദ്രമാണ് കോട്ടയം.കോട്ടയത്തിൻ്റെ പടിഞ്ഞാറുഭാഗത്തു കൂടിയാണ് വേമ്പനാട്ടു കായൽ ഒഴുകുന്നത്.ഇന്ത്യൻ രാഷ്ട്രപതിയായ ശ്രീ കെ.ആർ.നാരായണൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ശ്രീ കെ.ജി.ബാലകൃഷ്ണൻ വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം
മുഹമ്മദു ബഷീർ,സർവ്വ ശ്രീ മുട്ടത്തു വർക്കി, ചെമ്പിൽ ജോൺ, മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ,കവി പാലാ നാരായണൻ നായർ ശ്രീ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള ശ്രീമതി അക്കാമ്മാ ചെറിയാൻ,ശ്രീ മന്നത്ത് പത്മനാഭൻ, അരുന്ധതീ റോയ് തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ കോട്ടയത്തിൻ്റെ സംഭാവനയാണ്.
രചന – പ്രമീള ശ്രീദേവി