ദുബായ്: ശ്രീരാഗ് ഫ്രെയിംസ് കലാ കൂട്ടായ്മയുടെ ” ശ്രീരാഗ് കലോത്സവം 2023 ” ദുബായിലെ എത്തിസലാത്ത് അക്കാദമിയിൽ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു.
ആറായിരത്തോളം വരുന്ന ആസ്വാദകർക്ക് ആസ്വാദനത്തിൻ്റെ പുത്തനുണർവ്വേകിക്കൊണ്ട് ദുബായിലെ എത്തിസലാത്ത് അക്കാദമി ഒരു കൊച്ചു കേരളമായി മാറിയപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു കാണാൻ കഴിഞ്ഞത്.- കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുള്ള വ്യത്യസ്ഥങ്ങളായ കലാരൂപങ്ങളെ അണിനിരത്തി യുഎഇ ലെ കലാ ആസ്വാദകർക്ക് വളരെ മനോഹരമായ ഒരു കാഴ്ച്ച വിരുന്നായിരുന്നു ശ്രീരാഗ് കലോത്സവം 2023 ഒരുക്കിയത്.
2022 ഫെബ്രവരി 5 ന് യുഎഇ യുടെ സർഗ്ഗാത്മക മണ്ണിൽ തുടക്കം കുറിച്ച ശ്രീരാഗ് ഫ്രെയിംസ് എന്ന സംഘടനയുടെ വാർഷിക ആഘോഷ പരിപാടിയായിട്ടാണ് ശ്രീരാഗ് കലോത്സവം 2023 ഇവിടെ അരങ്ങേറിയത്. വളർന്നു വരുന്ന കലാകാരന്മാരേയും കലാകാരികളേയും യുഎഇ യുടെ മണ്ണിൽ അറിയപ്പെടുന്ന കലാപ്രതിഭകളാക്കി വാർത്തെടുക്കാനാണ് ശ്രീരാഗ് ഫ്രെയിംസ് എന്ന സംഘടന ലക്ഷ്യമിടുന്നത്. വർഷത്തിൽ മൂന്ന് പ്രാവശ്യങ്ങളിലായി സംഘടിപ്പിക്കുന്ന ചെറിയ ചെറിയ പരിപാടികളിൽ നിന്ന് സ്ക്രീനിംഗ് നടത്തി മികച്ച കലകാരൻമാരേയും കലാകാരികളേയും കണ്ടെത്തി, അവർക്ക്ക്കൂടെ അവസരം കൊടുത്തു കൊണ്ടാണ് ഈ കലോത്സവം ഇവിടെ അരങ്ങേറിയിട്ടുള്ളത്.
” മലനാട്ടിൽ നിന്നും മറുനാട്ടിലേക്ക് നാടൻ കലകളുടെ പുന:ർജന്മം ” എന്ന തലക്കെട്ടോടെയാണ് ശ്രീരാഗ് കലോത്സവം 2023 സംഘടിപ്പിക്കപ്പെട്ടത്. അതു കൊണ്ട് തന്നെ കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുള്ള വ്യത്യസ്ഥങ്ങളായ നാടൻ കലാരൂപങ്ങൾ ദുബായിൽ ശരിക്കും പുനർജനിക്കുകയായിരുന്നു. കേളത്തിൽപ്പോലും ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന പല കലാരൂപങ്ങളും അതിൻ്റെ യാതോരു വിധ പ്രൗഢിയും നഷ്ടപ്പെടാതെ ദുബായിൽ പുന:രാവിഷ്ക്കരിക്കപ്പെട്ടു. അതോടൊപ്പം പതിനാല് ജില്ലകളിലേയും വ്യത്യസ്ഥങ്ങളായ ഭക്ഷണങ്ങളുടെ മേളയും നടക്കുകയുണ്ടായി.
യുഎഇ യുടെ മണ്ണിൽ ആദ്യമായി കേരളത്തിൽ നിന്ന് ഒരു ബാൻ്റ് സെറ്റ് ടീം വന്ന് പരിപാടി അവതരിപ്പിച്ചത് ശ്രിരാഗ് കലാേത്സവത്തിലാണ്. തൃശ്ശൂർ ചാലക്കുടിയുള്ള കേരളത്തിലെ പ്രസിദ്ധരായ കൈരളി ബാൻ്റ് സെറ്റ് ടീമിനെ നയിച്ചുകൊണ്ട് രാഗ ദീപം മുണ്ടത്തിക്കോട് വത്സനും അംഗങ്ങളുമാണ് ഇതിനായി ദുബായിൽ പറന്നിറങ്ങിയത്.
കൂടാതെ കൂറ്റനാട് തട്ടകം ദേശത്തിൻ്റെ തിറയാട്ടവും, വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന യക്ഷഗാനവും, തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിൻ്റെ പുത്തൻ അവതാരം കിഴക്കൂട്ടം അനിയൻ മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളവും, കുംഭാട്ടം, പഞ്ചാരിമേളം, തുടങ്ങിയ നിരവധി മേളങ്ങളും മുപ്പതിൽപ്പരം കലാരൂപങ്ങളുമാണ് കലാത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.
ഇന്ന് കേരളത്തിൽ ശബ്ദാനുകരണകലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, അതിലുപരി സിനിമാ സംഭാഷണ ഡബ്ബിംഗ് രംഗത്ത് ഏറ്റവും തിരക്കുപിടിച്ച കലാകാരനായ മഹേഷ് കുഞ്ഞുമോനും, കൂടാതെ മിമിക്രി കലാകാരൻമാരായ മനുരാജ് കണ്ണൂർ, വിനീഷ് എന്നിവർ അവതരിപ്പിച്ച മിമിക്രിയും, ഇതിലെല്ലാമുപരിയായി പ്രസിദ്ധഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
പരിപാടിയുടെ സമാപന സമ്മേളനത്തിൽ ശ്രീരാഗ് ഫ്രെയിംസിൻ്റെ സ്ഥാപകനും പ്രസിഡണ്ടുമായ അജിത് കുമാർ തോപ്പിൽ, ജന. സിക്രട്ടറി രോഷൻ വെന്നിക്കൽ, കൂടാതെ സുനിൽ ആലുങ്കൽ, അർച്ചന ബിനീഷ്, അസി ചന്ദ്രൻ, ഷനിൽ പള്ളിയിൽ, രവി നായർ, ബിജു ഭാസ്ക്കർ, നിഷാദ്, സജിമോൻ (SMS), സഗീർ, കലാമണ്ഢലം ലക്ഷ്മി പ്രിയ, റിനി രവീന്ദ്രൻ, ദീപിക സുജിത്ത് എന്നീ ഭാരവാഹികളും സന്നിഹിതരായിരുന്നു. പരിപാടിയുടെ മുഴുനീളെ അവതാരകനായി GOLD FM RJ വൈശാഖും നിറഞ്ഞു നിന്നു.
റിപ്പോർട്ടർ,
രവി കൊമ്മേരി,
യു എ ഇ.