ഓട്ടിസം സ്പെക്ട്രത്തിലാണ് അല്ലൂസ് എന്നറിഞ്ഞ ആദ്യത്തെ അസ്സസ്സ്മെന്റും അനുബന്ധ കൗൺസലിംഗും ആയിരുന്നു അവസാന കുറിപ്പിലെ വിഷയം.
അസ്സസ്സ്മെന്റ് കഴിഞ്ഞ് അന്നവിടന്ന് ഇറങ്ങുമ്പോൾ സ്പെക്ട്രത്തിൽ അവന്റെ അവസ്ഥയും അതിനെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചും വളരെ ചെറിയ രൂപം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനുള്ള തെറാപ്പികളൊക്കെ എങ്ങിനെ എവിടെ കിട്ടുമെന്നതിനും യാതൊരു അറിവും അന്ന് ഉണ്ടായിരുന്നില്ല.
സ്പെക്ട്രത്തിലെ കുട്ടികളുടെ ഓട്ടിസം ലക്ഷണങ്ങൾ എത്രയും ചെറിയ പ്രായത്തിൽ കണ്ടെത്തിയാൽ അത്രയും നല്ലതാണ്. പെട്ടെന്ന് ഇടപെട്ടാൽ കാര്യങ്ങളെല്ലാം എളുപ്പമാവും. അതേപോലെ ഓരോ കുട്ടികളുടെയും അവസ്ഥയും ലക്ഷണങ്ങളും വ്യത്യസ്ഥമായിരിക്കും. എന്തെങ്കിലും സംശയം തോന്നിയാൽ ഒരു സ്ക്രീനിംഗ് നടത്തി സംശയ നിവാരണം പ്രൊഫഷഷണലായിത്തന്നെ ചെയ്യണം. ഈ വാചകം കിട്ടുന്ന അവസരങ്ങളിലൊക്കെ ഞാൻ ആവർത്തിച്ച് ആവർത്തിച്ച് പറയും. അന്ന് സ്ക്രീനിംഗ് കഴിഞ്ഞ ഞങ്ങളുടെ ആദ്യത്തെ തീരുമാനം നാട്ടിൽ സമാധാനമായി ഒരു മാസംകൂടി നിൽക്കാനായിരുന്നു. കാര്യങ്ങൾ അറിയാനും വായിക്കാനും പുതിയ മേഖലയിലെ വിവരങ്ങൾ ശേഖരിക്കാനും ആ ഒരുമാസം വിനിയോഗിച്ചു. കൂട്ടത്തിൽ അടുത്തുള്ള ഒരു സെന്ററിൽ ദിവസവും ഒരു മണിക്കൂർ തെറാപ്പിക്ക് കൊണ്ടുപോവാനും തുടങ്ങി.
നാട്ടിൽ അന്നൊന്നും നിലവാരമുള്ള സെന്ററുകൾ ഞങ്ങളുടെ അറിവിൽ ഉണ്ടായിരുന്നില്ല, ഇപ്പോൾ അതിന് വല്ല മാറ്റവും ഉണ്ടോ എന്നറിയില്ല. അതേപോലെ തെറാപ്പികളുടെ ഗുണനിലവാരവും വളരെ മോശമായിരുന്നെന്നും പിന്നീട് മനസ്സിലായി. ഈ അവസ്ഥയിൽ ഇപ്പോഴും കാര്യമായ വ്യത്യാസം വന്നിട്ടില്ലെന്നാണ് അറിവ്.
ആദ്യത്തെ ആ സ്ക്രീനിംഗ് കഴിഞ്ഞതിന് ശേഷമാണ് ഞങ്ങളെല്ലാം ജീവിതത്തെ വേറെ ഒരു കോണിലൂടെ, ശരിയായ ദിശയിലൂടെ, നോക്കിക്കാണാൻ തുടങ്ങിയത്. പരസ്പരം ഒന്നു വഴക്കിട്ട് മിണ്ടാതിരിക്കാൻപോലും കഴിയാറില്ല. കാരണം ഞങ്ങൾക്കെപ്പോഴും അവന്റെ എന്തെങ്കിലും കാര്യം സംസാരിക്കാൻ സുല്ലിട്ട് മിണ്ടേണ്ടിവരും.
കുടുംബത്തിലെ എല്ലാവരുടേയും കഴിവുകൾ മോനുവേണ്ടി പുറത്തെടുത്തപ്പോൾ എല്ലാവരും ഇൻഡിപ്പെൻഡന്റായി കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഞങ്ങളിൽ കൃത്യനിഷ്ഠയും, കരുണയും, വിട്ടുവീഴ്ചയും, സഹജീവി സ്നേഹവുമെല്ലാം ഒരുപാട് നിറച്ചത് അല്ലൂസാണെന്ന് പറഞ്ഞാൽ അധികമല്ല. ഈ സീരീസിലെ ആദ്യ കുറിപ്പിൽ പറഞ്ഞതുപോലെ അവൻ ഞങ്ങളുടെ മാലാഖക്കുട്ടിയാണ്.
തിരിച്ച് ദുബായിൽ എത്തിയത് മുതലാണ് ഞങ്ങളുടെ അല്ലൂസുമായുള്ള യാത്രക്ക് ശരിയായ താളം കണ്ടെത്താനും കാര്യങ്ങൾ അതിന്റെ യഥാവിധി മനസ്സിലാക്കാനും സാധിച്ചത്. അതൊക്കെ വിശദമായി വഴിയേ എഴുതാം.
(തുടരും..)