17.1 C
New York
Wednesday, March 29, 2023
Home Health കീമോയും തെറ്റിദ്ധാരണകളും.. (എന്റെ അനുഭവക്കുറിപ്പ്) ✍സുനിത ഷൈൻ

കീമോയും തെറ്റിദ്ധാരണകളും.. (എന്റെ അനുഭവക്കുറിപ്പ്) ✍സുനിത ഷൈൻ

സുനിത ഷൈൻ✍

നമസ്ക്കാരം🙏 കീമോയെന്ന അത്‍ഭുത മെഡിസിനിലൂടെയുള്ള രണ്ടാമത്തെ യാത്രയും കഴിഞ്ഞ് ഞാൻ വിശ്രമിക്കുമ്പോൾ എന്റെ പ്രിയപ്പെട്ടവർക്ക്,

എനിക്ക് ഈ മെഡിസിനിലൂടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കേണ്ടതുണ്ടെന്ന് മനസ്സിലായി. ഇത് എന്റെ അനുഭവമാണ്. മെഡിക്കൽ സയൻസുമായി യാതൊരുവിധ അറിവുമില്ലാത്ത എനിക്ക് ഈ മെഡിസിനെ കുറിച്ച് ആധികാരികമായി പറയുവാനറിയില്ല.

എന്നാൽ എനിക്ക് അനുഭവപ്പെട്ടത് പറയാൻ കഴിയുമെന്നുള്ളതുകൊണ്ട് ഞാനിവിടെ കുറിക്കുന്നു. പലഭാഗത്തുനിന്നും പലതരത്തിലുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ എന്റെ മനസ്സിൽ ഉടലെടുത്തതാണ് കീമോ ട്രീറ്റ്മെന്റിനെ കുറിച്ച് എന്റെ അനുഭവം പങ്കുവയ്ക്കണമെന്നുള്ളത്. പലരുമായി ഞാനത് ആലോചിച്ചിരുന്നു എല്ലാവരും അത് അറിയുവാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

ഇന്ന് അനേകതരം അസുഖങ്ങളിൽ കിടന്നു വലയുന്നവരാണ് ഏറെയും. നാളെ എന്താകുമെന്നോർത്ത് ഉറക്കം കളയുന്നവരും അനേകമുണ്ട്. ഈ മെഡിസിനെക്കുറിച്ച് കൂടുതൽ അറിയാത്തവർ വളരെയധികം ഭയപ്പെടുന്നതായി
ഞാനറിയുന്നു. അത് വലിയവർ ചെറിയവർ എന്നൊന്നുമില്ല എല്ലാ പ്രായത്തിലുള്ളവരും ഈ ട്രീറ്റ്മെന്റിനെ കുറിചോർത്ത് ഭയപ്പെടുന്നു.

കീമോ എന്ന മെഡിസിൻ മനുഷ്യ ശരീരത്തിലേക്ക് എത്തിക്കുന്നത് ഇലക്ട്രിക്കൽ വഴിയാണെന്ന് തെറ്റിദ്ധരിക്കുന്നവർ ഒരുപാടുണ്ട്. കുറെ പേർ എന്നോട് ഇങ്ങനെയാണ് ചോദിച്ചത്.ഇത് ഇളക്ട്രിക്കലിൽ ആണോ ചെയ്യുന്നത് മെഡിസിൻ കയറുമ്പോൾ വല്ലാത്ത വേദനയാണല്ലേ എന്ന്. ട്രീറ്റ്മെന്റിന്റെ ഭീകരത ഓരോരുത്തരും സ്വയം സൃഷ്ടിച്ച് മാനസിക സമ്മർദ്ദത്തിലകപ്പെടുന്നുണ്ട് എന്നെനിക്ക് തോന്നി. അവരെപ്പോലുള്ളവർക്ക് വേണ്ടിയാണ് ഞാൻ എന്റെ അനുഭവം പങ്കുവെക്കുന്നത്.

കീമോ എന്താണെന്ന് എന്റെ അനുഭവം.

കീമോ ട്രീറ്റ്മെന്റിനായി ഞാൻ ചെല്ലുമ്പോൾ സ്നേഹസമ്പന്നരായ ഡോക്ടേഴ്സ് നഴ്സുമാർ വളരെ ശാന്തതയോടെ സ്നേഹപൂർവ്വം എന്നോട് ചേർന്നുനിന്നു. എന്റെ ചോദ്യങ്ങൾക്ക് എല്ലാത്തിനും വ്യക്തമായ മറുപടികൾ തന്നുകൊണ്ടിരുന്നു. ഈ സമ്പർക്കത്തിലൂടെ അവരുടെ കയ്യിൽ ഞാൻ സുരക്ഷിതയാണെന്ന ബോധം എന്നിൽ ഉടലെടുത്തു. പല ഹോസ്പിറ്റലുകളിലും പലതിരത്തിലുള്ള സജ്ജീകരണങ്ങളാ യിരിക്കാം. ഇവിടെ എനിക്ക് വളരെ ആകർഷണീയമായ അന്തരീക്ഷമായിരുന്നു. സദാസമയം ഒരു ഡോക്ടർ കീമോ വാർഡിൽ ഞങ്ങളോടൊപ്പം ഉണ്ടാകും. വളരെ വൃത്തിയോടെയും ഭംഗിയോടെയും ഉള്ള കിടക്കയിൽ സമാധാനത്തോടെ ഞാൻ കിടന്നു. കീമോ വാർഡാണ്. അതിൽ മറ്റു പേഷ്യൻസ് ഉണ്ടാകും. അതെനിക്ക് വളരെയധികം സമാധാനം തന്നു. അവരുമായി ഞാൻ കുറച്ചു നേരം സംസാരിക്കും. അപ്പോഴേക്കും സിസ്റ്റർ എന്റെ അടുത്തേക്ക് വരും. പ്രഷർ ചെക്ക് ചെയ്യും. പ്രഷർ ഒക്കെ നോർമൽ ആണല്ലോയെന്ന് ചിരിയോടെ പറയും. അത് എനിക്ക് ഒരുപാട് ആശ്വാസം കിട്ടി. എന്ത് ട്രീറ്റ്മെന്റിനും പ്രഷർ നോർമലാ യിരിക്കണമല്ലോ.

അടുത്തത് എന്റെ കൈപ്പത്തിയുടെ മുകളിൽ ഒരു വെയിനിൽ ക്യാനില ഇട്ടു . പണ്ടേ തന്നെ സൂചി എനിക്ക് പേടിയാണ്. ഇത്രയും സൂചിപ്രയോഗങ്ങൾ നടത്തിയിട്ടും ഇപ്പോഴും സൂചി എനിക്ക് പേടിതന്നെയാണ്.

ആ ക്യാനില ഇടുന്ന സമയം ഞാൻ ചെറുതായി ബഹളം വെച്ചുകൊണ്ടിരിക്കും. അതിന് അത്ര വലിയ വേദനയൊന്നും ഇല്ല. എന്നാൽ ഒരു ആചാരം കണക്ക് എന്നും ഞാൻ ബഹളം വയ്ക്കും. തൊട്ടടുത്തു കിടക്കുന്ന പേഷ്യന്റിനും ഇതുപോലെ ചെയ്യുന്നുണ്ട്. അവരൊന്നും ബഹളം വയ്ക്കാറില്ല.

ഈ ക്യാനില ഇടുന്ന സമയം എന്റെ നേഴ്‌സ് എന്നോട് ഒരു കൊച്ചുകുട്ടിയോട് എന്നവണ്ണം സംസാരിക്കും. അത് വലിയൊരു ആശ്വാസമായിരുന്നു എനിക്ക്.

ക്യാനിലയെല്ലാം റെഡിയായി വീണ്ടും പ്രഷർ നോക്കും. പ്രഷർ ഓക്കെ ആകുന്നു.
ഇനിയാണ് നമ്മുടെ കീമോ മെഡിസിന്റെ രംഗപ്രവേശം ഈ മെഡിൻ നമ്മുടെ വെള്ളം പോലെയാണ് . പലതരം പനികൾ എന്നപോലെ പലതരം ക്യാൻസർ ഉണ്ടെന്ന് നമുക്കറിയാം. അതുപോലെതന്നെ പലതരം പനികൾക്കുള്ള വ്യത്യസ്തമായ മെഡിസിൻ പോലെ വ്യത്യസ്തമായ ക്യാൻസറിനും വ്യത്യസ്തമായ മെഡിസിനുകളാണ്. ചില മെഡിസിനുകൾക്ക് റെഡ് കളർ ആയിരിക്കും. നമുക്ക് ഉള്ളിൽ ഭയം ഉള്ളതുകൊണ്ട് ചിലപ്പോൾ ഇത്തരം മെഡിസിൻ കാണുമ്പോൾ ഭയം ഇരട്ടിക്കാം. മെഡിസിന്റെ കളറുമായി ട്രീറ്റ്മെന്റിന് വ്യത്യാസങ്ങൾ ഇല്ല. അതായത് കീമോയുടെ പ്രവർത്തന രീതികൾ എല്ലാം ഒരുപോലെയാണ്. എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ഈ മെഡിസിൻ വരുന്നത് പണ്ടത്തെ ഗ്ലൂക്കോസ് വന്നിരുന്ന ബോട്ടിലിലാണ് . നമുക്കറിയാം കീമോ മെഡിസിൻ വളരെ സ്ട്രോങ്ങ് ആണെന്ന്. അതിനാൽ തന്നെ അത് ചില്ലു പോലുള്ള ബോട്ടിലുകളിലാണ് വരുന്നത്.

ആദ്യം തന്നെ ഒരു സിറിഞ്ചിൽ മെഡിസിനൽ വാട്ടർ, തയ്യാറാക്കി വെച്ചിരിക്കുന്ന ക്യാനില വഴി ഇഞ്ചക്ട് ചെയ്യുന്നു. ആ മെഡിസിനൽ വാട്ടറിനെ സിസ്റ്റർ പറഞ്ഞത് വാഷ് എന്നാണ്. അത് നമ്മുടെ വെയിനിലേക്ക് കടത്തിവിട്ട് വെയിൻ പ്രാപ്തമാക്കുന്നു. വെയിൻ ഓക്കേ ആണെന്ന് ഉറപ്പായാൽ ചർദ്ദിക്കുള്ള മെഡിസിൻ ഇഞ്ചക്ട് ചെയ്യുന്നു. അടുത്തത് അലർജിക്കുള്ള മെഡിസിൻ ഇഞ്ചക്ട് ചെയ്യും. പിന്നെ ഗ്യാസിനുള്ളത്.ഈ കീമോ മെഡിസിൻ കയറുമ്പോൾ ഇതൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. അത് ഇല്ലാതിരിക്കാൻ തന്നെ നമ്മെ തലേന്ന് തന്നെ പ്രാപ്തരാക്കുന്നു. തലേന്ന് രാത്രി 10 മണിക്ക് അലർജിക്കും ഛർദ്ദിക്കും ഉള്ള മെഡിസിൻ കഴിക്കണം. പിറ്റേന്ന് ആറുമണിക്ക് ഇതുപോലെതന്നെ രണ്ടു മെഡിസിൻ കഴിക്കണം.

ഇനിയാണ് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം. എന്തെന്നാൽ ഇലക്ട്രിക്കൽ വഴിയല്ല ഈ കീമോ മെഡിസിൻ നമുക്ക് തരുന്നത്. ഈ മെഡിസിൻ കയറുമ്പോൾ എനിക്ക് (മറ്റുള്ളവർക്കും അങ്ങനെ തന്നെ) വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഉണ്ടാവില്ല. ചിലപ്പോൾ തൊണ്ടയിൽ ചെറിയ ഒരു കനം അനുഭവപ്പെടും. ഒരു തരം വരൾച്ച അത് വലിയ കാര്യമല്ല. നാം ഇടയ്ക്കിടെ വെള്ളം കുടിക്കുമ്പോൾ മാറും.

ഈ മെഡിസിൻ എല്ലാം കയറി കഴിഞ്ഞതിനുശേഷം നമ്മുടെ കീമോ മെഡിസിൻ കണക്ട് ചെയ്യും. അത് അൽപ്പാൽപ്പമായി തുള്ളി കണക്കേ വിട്ട് കൊടുക്കും. ടിക് ടിക് എന്ന വേഗത്തിൽ കൊടുക്കില്ല. വളരെ സ്ലോവിലായിരിക്കും കടത്തിവിടുക. ആ ബോട്ടിൽ 3 മണിക്കൂർ കൊണ്ടായിരിക്കും തീരുക. ഈ മെഡിസിൻ സ്പീഡിൽ കൊടുത്താൽ ശ്വാസബുദ്ധിമുട്ട് ഉണ്ടാകും ചിലർക്ക്. അങ്ങനെ വിടാൻ പാടുള്ളു എന്ന് തോന്നുന്നു. അതിനാലാണ് വളരെ സ്ലോവിൽ വിടുന്നത്.

കീമോയുടെ ആ പ്രവർത്തനം അങ്ങനെ നടക്കുമ്പോൾ ഞാൻ ഇടയ്ക്കിടെ പലതും കഴിച്ചുകൊണ്ടിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കും. ലഞ്ച് ടൈം ആകുമ്പോൾ ലഞ്ച് കഴിക്കും. കോഫി കുടിക്കും സ്റ്റീമ് ചെയ്ത എന്തെങ്കിലും സ്നാക്സ് കഴിക്കും. പിന്നേ മൊബൈലിൽ നോക്കും. ആരോടെ ങ്കിലും സംസാരിക്കും. ചിലപ്പോൾ വീഡിയോ കോൾ ചെയ്യും. എന്റെ സമയങ്ങൾ അങ്ങനെ രസകരമായി ഞാൻ തള്ളിനീക്കും. ഇതിലൂടെ എന്നോട് കൂടുതൽ അടുത്ത ആളുകൾക്ക് കീമോയെക്കുറിച്ച് നല്ല അവ ബോധമുണ്ടായിരിക്കും. എന്റെ ലക്ഷ്യവും അത് തന്നെയാണ്. ഈ സമയങ്ങളിലൊക്കെ ഞാൻ ഹാപ്പിയാണെന്ന് അവർക്ക് കാണിച്ചു കൊടുക്കുമ്പോൾ അവരും എന്തും തരണം ചെയ്യാനായി എല്ലാം നിസ്സാരമാണെന്നും ഞാനീ സംസാരത്തിലൂടെ അവരെ മനസിലാക്കു ന്നുണ്ട്. അങ്ങനെ മൂന്നു മണിക്കൂർ കൊണ്ട് ആ ഒരു ബോട്ടിൽ കീമോ മെഡിസിൻ കഴിഞ്ഞു. അത് ഡിസ്കണക്ട് ചെയ്യുന്നു. പിന്നീട്
ക്യാനില വഴി വീണ്ടും ഈ മെഡിസിനൽ വാട്ടർ ഇഞ്ചക്ട് ചെയ്യുന്നു. പിന്നെ ഒരു മെഡിസിനും കൂടി ഉണ്ട്.അത് ഒന്നരമണിക്കൂർ ഉള്ളതാണ്. ആ മെഡിസിൻ ആദ്യം കയറിയ മെഡിസിന്റെ അത്രയും സ്ട്രോങ്ങല്ല. അതുകൊണ്ടായിരിക്കാം അത് പ്ലാസ്റ്റിക് പൗച്ചിനുള്ളിലാണ് വരുന്നത്. അതു കഴിഞ്ഞ് വീണ്ടും മെഡിസിനൽ വാട്ടർ ഉപയോഗിക്കുന്നു. ഇതിനിടയിൽ നമുക്ക് തോന്നുമ്പോഴൊക്കെ വാഷ് റൂമിൽ പോകാം.

മിക്കവാറും ഇതിനിടയിൽ ഞാൻ, ചെറിയൊരു എഴുത്തുകാരിയാണല്ലോ എന്തെങ്കിലും എഴുതും. ചിലപ്പോളൊക്കെ ചില സാഹിത്യ ഗ്രൂപ്പുകളിൽ മത്സരങ്ങൾ നടക്കുന്നുണ്ടാകും. അതിൽ പങ്കെടുക്കും. സെലക്ഷൻ നേടാറുമുണ്ട്. വേറെയും എഴുതിവയ്ക്കും അത് മൊബൈലിലാണ് എഴുതി വയ്ക്കുക.

കൂടെ ഹസ്ബൻഡ് ഉണ്ടാവും. മക്കളുണ്ടാവും. അവരൊക്കെ പറയും കൈ നേരെ വെക്ക് എഴുത്തൊക്കെ പിന്നെ മതിയെന്ന് പറയും . എന്നാൽ സിസ്റ്റർ ഒന്നും പറയാറില്ല. മാത്രമല്ല എന്റെ കയ്യ് ശരിക്കും സുഖപ്രദമായി വാക്കുവാൻ വേറേ ഒരു തലയിണ കൊണ്ട് തരും. ഞാൻ കുറച്ച് എഴുതിക്കഴിഞ്ഞു എടുത്തു വയ്ക്കും. പിന്നെ ഫേസ്ബുക്ക് ഒക്കെ നോക്കും.

അങ്ങനെയെല്ലാം കഴിഞ്ഞ് ക്യാനിലെയൊക്കെ മാറ്റി സിറിഞ്ച് കയറിയ ഭാഗത്ത് കോട്ടനൊക്കെ വെച്ച് തരും. ഞങ്ങൾ വീട്ടിലേക്ക് പോരും. വീൽചെയർ വേണോ ന്ന് ചോദിക്കും. ഞാൻ ഉപയോഗിക്കാറില്ല. ഞാൻ അവിടുന്ന് വളരെ ഉഷാറായിട്ട് നടന്നാണ് കാറിൽ കയറുന്നത്.

നമ്മുടെ ബോഡിയിൽ ആവശ്യത്തിന് കൗണ്ട് ഉണ്ടാവും ഈ കീമോ ചെയ്യുന്ന സമയം. ഈ കീമോ മെഡിസിൻ ചെന്ന് പെട്ടെന്നൊന്നും നമ്മുടെ അവശ്യമുള്ള അണുക്കളെ നശിപ്പിക്കില്ല. ഈ കീമോ മെഡിസിന് ഒരു പ്രത്യേകത നമ്മുടെ ഉള്ളിലേക്ക് ചെന്ന് ക്യാൻസറിന്റെ മാത്രം അണുക്കളെ നശിപ്പിക്കുക എന്നുള്ളത് അറിയില്ല. അവരുടെ ദൗത്യം നശിപ്പിക്കുക എന്നതാണ്. അപ്പോൾ അതിലൂടെ നമുക്ക് വേണ്ട നല്ല അണുക്കളെയും നശിപ്പിക്കപ്പെടുന്നു. അത് രണ്ടു ദിവസം കൊണ്ടാണ് നടക്കുന്നത്. ഈ രണ്ടു ദിവസം കൊണ്ട് നമുക്ക് വേണ്ട ഏറെക്കുറെ നല്ല അണുക്കളെയും നശിപ്പിച്ചു കഴിഞ്ഞിട്ടുണ്ടാവും. അപ്പോൾ നമുക്ക് ക്ഷീണം തോന്നും.പിറ്റേന്ന് രാവിലെ കൗണ്ട്
കൂടുവാനുള്ള ഒരു ഇഞ്ചക്ഷൻ നമുക്ക് നമ്മുടെ മസിലിൽ ചെയ്യും. ആ മെഡിസിൻ നമ്മൾ ഹോസ്പിറ്റലിൽ നിന്നും വാങ്ങി ഫ്രിഡ്ജിൽ വച്ചിട്ടുണ്ടാവും. അത് അടുത്തുള്ള ഹോസ്പിറ്റലിൽ പോയാണ് നമ്മൾ ചെയ്യുന്നത്.

അത്രയും നേരം നമ്മുടെ അണുക്കളെല്ലാം കുറഞ്ഞതിന്റെ ക്ഷീണം അനുഭവപ്പെട്ട നമുക്ക് ഈ ഇഞ്ചക്ഷനിലൂടെ നാലഞ്ച് ഇരട്ടി കൗണ്ട് നമ്മുടെ ശരീരത്തിൽ കൂടും. കുറഞ്ഞാൽ സംഭവിക്കുന്ന പോലെ തന്നെ കൂടിയാലും അതിന്റേതായ ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാവും. കീമോ മെഡിസിൻ നമ്മുടെ ഉള്ളിൽ കിടക്കുന്നത് കൊണ്ട് ഈ കൂടിയ കൗണ്ട് കീമോ മെഡിസിൻ നശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ നമുക്ക് ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഇത് നമുക്കറിയാം നമ്മുടെ ബോഡിയിൽ ആവശ്യത്തിലധികം എന്തെങ്കിലും കൂടിക്കഴിഞ്ഞാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അത് ഈ കീമോ അണുക്കൾ തന്നെ കറക്റ്റ് ചെയ്തു തന്നോളും. ചിലർക്ക് ഈ ഇൻജെക്ഷൻ ചെയ്താലും പെട്ടന്ന് കൗണ്ട് കുറയും അവർക്ക് വീണ്ടും ചെറിയതോതിൽ കൗണ്ട് കൂടുവാനുള്ള ഇൻജെക്ഷൻ വീണ്ടും കൊടുക്കും. അത് അധികവും ഭക്ഷണം കഴിക്കുവാൻ പറ്റാത്തവർക്കാകാം. വായിൽ കയ്പ്പ് തോന്നുക ഒക്കെ ഉണ്ടാകും. ചിലർക്ക് വിശപ്പ് കുറയും. ഈ കീമോ ചെയ്ത് മൂന്നാം ദിവസം മുതൽ ചിലപ്പോൾ രണ്ടാം ദിവസം രാത്രി മുതൽ വേദനയ്ക്കുള്ള മെഡിസിൻ നമ്മൾ കഴിക്കണം. അതോടൊപ്പം തന്നെ ഛർദ്ദിക്കുള്ളതും ഗ്യാസിനുള്ളതും കഴിക്കും. ഈ പെയിൻ ഉള്ള മെഡിസിൻ കഴിക്കുമ്പോൾ നമുക്ക് നല്ല ആശ്വാസം കിട്ടും. പെയിൻ എന്നു പറയുന്നത് മിക്കവാറും തലവേദന ഉണ്ടാവും ഒരു ദിവസം.അത് ഒരു ദിവസം കൊണ്ട് തന്നെ മാറും. ചിലപ്പോൾ കാല് വേദന ഉണ്ടാകും. വേദനകൾ ഒക്കെ ഓരോരുത്തരുടെ ബോഡി അനുസരിച്ചിരിക്കും. ചിലർക്ക് ചെറിയ ചർദ്ദി ഉണ്ടാകും. വായിലെ തൊലി പോകും. എനിക്ക് ഛർദി ഉണ്ടായില്ല വായിൽ തൊലിയും പോയില്ല. കാലു വേദന അത്രമാത്രം ഉണ്ടായുള്ളൂ. തലവേദന കൗണ്ട് കൂടുന്ന അന്ന് ഉണ്ടാവും. അതൊക്കെ നമുക്ക് സഹിക്കാവുന്നതേയുള്ളൂ. കൂടുതൽ വേദന വേദനതോന്നിയാൽ വേണമെങ്കിൽ ഒരു വേദനയുടെ ഗുളിക കൂടി കഴിക്കാം. എനിക്ക് അങ്ങനെ ഒരു പ്രാവശ്യം കഴിക്കേണ്ടി വന്നിട്ടുള്ളൂ. ഭയങ്കര ക്ഷീണം ഉണ്ടാകും നമുക്ക്. എന്തൊക്കെ പറഞ്ഞാലും നമുക്ക് അറിയാലോ വലിയ ശക്തിയേറിയ ഒരു മരുന്നാണല്ലോ നമ്മുടെ ഉള്ളിലുള്ളത്. നിറയെ വെള്ളം കുടിക്കാം. കഴിക്കാൻ പറ്റുന്ന എല്ലാ ഭക്ഷണവും നമുക്ക് കഴിക്കാം. അതും ക്യാൻസറിന്റെ സ്വഭാവം അനുസരിച്ച്. കുടലിൽ ആമാശയത്തിൽ ഒക്കെ ആണെങ്കിൽ അത് ഡോക്ടർ പറയുന്നത് അനുസരിച്ച് നമുക്ക് കഴിക്കാൻ പാടുള്ളൂ എന്നെനിക്കു തോന്നുന്നു.

അങ്ങനെ മൂന്നുനാലു ദിവസത്തോടുകൂടി നമുക്ക് ഒരുവിധം നല്ല സുഖം അനുഭവപ്പെട്ടു തുടങ്ങും. ഞാൻ അപ്പോൾ എന്തെങ്കിലും കുക്കിംഗ് ചെയ്യും.ചെറിയ ജോലികൾ ചെയ്യും. പിന്നെ ഫ്രണ്ട്‌സ് നോട്‌ നിറയെ സംസാരിക്കും. ഒരോ അനുഭവങ്ങൾ പറയും.

അടുത്ത കീമോ ചെയ്യാൻ ആകുമ്പോളേക്കും ഞാൻ ഫുഡ് ഒക്കെ കഴിച്ച് എനിക്ക് ചെയ്ത ഇഞ്ചക്ഷൻ കൗണ്ട് ഒക്കെ കറക്റ്റ് ആയിട്ടായിരിക്കും ഞാൻ വീണ്ടും ഹോസ്പിറ്റലിൽ കീമോയ്ക്ക് എത്തുക.തലേന്ന് നമ്മുടെ അടുത്ത ലാബിൽ കൗണ്ട് ടെസ്റ്റ്‌ ചെയ്ത് റിസൾട്ട്‌ കൊണ്ടുപോകണം. വീണ്ടും ഈ പ്രക്രിയ തുടരുന്നു.

ഇപ്പോൾ മനസ്സിലായില്ലേ കീമോ എന്ന് പറയുന്ന മെഡിസിൻ നമ്മുടെ ഉള്ളിലേക്ക് സാധാരണ ഒരു ഗ്ലൂക്കോസ് കയറ്റുന്നത് പോലെയാണെന്ന്. കറണ്ടുമായി യാതൊരു ബന്ധവുമില്ല. മെഡിസിൻ കയറുമ്പോൾ നമുക്ക് യാതൊരുവിധ വേദനയും ഉണ്ടാകുന്നില്ല. എനിക്ക് അനുഭവപ്പെട്ടത് ഞാനെന്റെ പ്രിയപ്പെട്ടവർക്ക് പങ്കുവെച്ചപ്പോൾ ഇത് വായിച്ചറിഞ്ഞു തെറ്റിദ്ധാരണകൾ മാറിയിട്ടുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ആവശ്യമില്ലാതെ ഉള്ളിൽ കൂട്ടിവെച്ചിരിക്കുന്ന ഭയവും ഏറെക്കുറെ മാറി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇങ്ങനെ ഒരു രോഗം ആർക്കും വരല്ലേ എന്ന് ഞാൻ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. എന്റെ പ്രിയപ്പെട്ടവരെല്ലാം പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കട്ടെ.അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ.

എനിക്ക് ഈ ദിവസങ്ങളിൽ സംസാരിക്കാനിത്തിരി മടി ആയിരിക്കും. ശബ്ദം കുറച്ച് തളർച്ച ഉണ്ടാവും. അപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരികളോടു മാത്രമാണ് ഞാൻ സംസാരിക്കാറ്. അവർ എന്റെ എല്ലാ സങ്കടങ്ങളും അനുഭവവും പരാതിയും ഒക്കെ കേൾക്കാൻ തയ്യാറായിരിക്കുന്നവരാണ്. ചിലപ്പോൾ എനിക്ക് അത്ഭുതം തോന്നും. ഒട്ടും തന്നെ മടുപ്പില്ലാതെ എന്റെ എല്ലാ കാര്യവും അവർ കേട്ടിരിക്കുന്നത് പിന്നെ വീട്ടുകാരുടെ സ്നേഹം അത്യന്താപേക്ഷിതമാണ്. അതാണ് ഓരോ രോഗിയുടെയും ഏറ്റവും വലിയ മരുന്ന്. പിന്നെ നിറയെ സ്നേഹമുള്ള റിലേറ്റീവ്സ്, നാട്ടുകാർ നിറയെ ഫ്രണ്ട്സ് ഇവരൊക്കെ എന്റെ ഏറ്റവും വലിയ മെഡിസിനുകളാണ്. അവരുടെ പ്രാർത്ഥനകൾ. അവരുടെ സ്നേഹപൂർണ്ണമായ അന്വേഷണങ്ങൾ. ശരിക്കും ഇത്തരം സന്ദർഭങ്ങളിൽ അവർ തരുന്നത് വലിയൊരു ശക്തിയാണ്. എല്ലാവരും പറയും നീ വളരെ സ്മാർട്ട് ആണല്ലോ എന്ന്. അപ്പോൾ ഞാൻ പറയും നിങ്ങൾ തരുന്ന സ്നേഹത്തിന്റെ ശക്തിയാണ് ഇതെല്ലാം എന്ന്.എല്ലാവരും എല്ലാവരോടും കരുണ കാണിക്കുക.മനുഷ്യത്വം ഉണ്ടാവുക.പ്രത്യേകിച്ച് ട്രീറ്റ്മെന്റിലിരിക്കുന്ന ഓരോ രോഗിയോടും നമുക്ക് ഓരോരുത്തർക്കും നല്ല കടപ്പാടുണ്ട്. ആ സ്നേഹം തിരിച്ചറിഞ്ഞതുകൊണ്ട് അതിന്റെ സുഖം കിട്ടിയത് കൊണ്ട് ഞാനിത് പറയുകയാണ്.
എല്ലാവർക്കും ഒരുപാട് സ്നേഹം 🙏

സുനിത ഷൈൻ✍

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. ശ്രീമതി സുനിതാ ഷൈനിൻ്റെ അനുഭവക്കുറിപ്പ് മനസ്സിനെ ആഴത്തിൽ സ്പർശിച്ചു. ജീവിതത്തിൻ്റെ അവസ്ഥകൾ എങ്ങനെ ഒരൊരുത്തരും അനുഭവിച്ചു തീർക്കുന്നു. ആരൊഗ്യം ജീവിതത്തിൻ്റെ കാതലായ ഭാഗമാണ്. അവിടെ അടിതെറ്റി വീഴുന്നവരുടെ അനുഭവക്കുറിപ്പ് ഏറ്റവും നന്നായിരിക്കും.. കീമയും റേഡിയേഷനും ഭയക്കുന്ന മനുഷ്യർക്ക് ഭയത്തെ ലഘൂകരിക്കാനുതകുന്ന ലേഖനമത്രെ ഈ തലഖനം. വായിക്കാൻ താല്പര്യമുള്ളവർ അവശ്യം വായിച്ചിരിക്കേണ്ട ജീവഗന്ധിയായ ലേഖനം. ലേഖിക പറഞ്ഞതു പോലെ ആർക്കും ഇത്തരം രോഗം വരാതിരിക്കട്ടെ. എത്രയും വേഗം ലേഖിക സുഖം പ്രാപിച്ച് സാഹിത്യ ലോകത്തിന് മുതൽകൂട്ടായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: