സത്യസന്ധമായ വാർത്തകളെ വളച്ചൊടിച്ചു പൊടിപ്പുകളും തൊങ്ങലുകളും ചേർത്ത്, കടിച്ചാൽ പൊട്ടാത്ത നുണകളും ചേർത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകളെന്ന ലേബലിൽ സമൂഹത്തിലേക്ക് അഴിച്ചു വിടുന്ന രീതിയെ ഒരിക്കലും പത്രധർമ്മമെന്നു വിളിക്കാനാകില്ല. എന്നാൽ ആ രീതി നിർബാധം നമ്മുടെ നാട്ടിലെ പ്രമുഖ പത്രങ്ങളും ഔൺലൈൻ ന്യൂസ് മീഡിയകളും തുടരുന്നത് കൊണ്ട് നമ്മളവരെ മഞ്ഞപ്പത്രങ്ങൾ എന്നു വിളിക്കുന്നു.അഥവാ മാപ്രകൾ എന്നു വിളിക്കുന്നു.
വാർത്തകൾ വളച്ചൊടിച്ച് നുണപ്രചാരണം നടത്തി എങ്ങിനെ വിവാദമുണ്ടാക്കാം എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ഏറ്റവും ഒടുവിലായി കൊട്ടാരക്കരയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ കൊലപാതകത്തെ സംബന്ധിച്ച ആരോഗ്യമന്ത്രിയുടേതെന്ന പേരിൽ മാപ്രകൾ അഴിച്ചു വിട്ട ഭൂതം.
ഒരു ദാരുണ സംഭവം നടന്നപ്പോൾ അത് തന്റെ വകുപ്പുമായി ബന്ധപ്പെട്ടത് കൊണ്ട് ആരോഗ്യമന്ത്രിയെന്ന നിലയിൽ ആദ്യ പ്രതികരണമായിരുന്നു അത്. അതിന്റെ പൂർണ്ണരൂപം ഇപ്രകാരമായിരുന്നു.”ആ കുട്ടിക്ക് എക്സ്പീരിയൻസ് കുറവാണ് അതിനാൽ തന്നെ ഈ അക്രമിയെക്കണ്ട് വല്ലാതെ പേടിച്ചു പോയി അതായിരിക്കാം ഇങ്ങനെ സംഭവിക്കുവാൻ കാരണം (ഇതിന്റെ പൂർണമായ വീഡിയോ സോഷ്യൽ മീഡിയയിൽ കാണാം)എന്നാണവരുടെ സഹപ്രവർത്തകരിൽ നിന്നും ചോദിച്ചറിയാൻ കഴിഞ്ഞത്”
അതിലെന്താണ് തെറ്റ്. “സഹപ്രവർത്തകരിൽ നിന്നറിയാൻ കഴിഞ്ഞത്” എന്ന ഇതിന്റെ അവസാന ഭാഗം മാപ്രകൾ കട്ടു ചെയ്തപ്പോൾ സഹപ്രവർത്തകർ പറഞ്ഞ വാക്കുകൾ, മന്ത്രിയുടെ പ്രസ്താവനകളും വാക്കുകളുമായി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാൻ ഈ മഞ്ഞപ്പത്രങ്ങൾക്ക് കഴിഞ്ഞു. അതുകേട്ട് ഈ മരണത്തിൽ പ്രതിഷേധങ്ങൾ നടത്തിയ കുട്ടി ഡോക്ടർമാരുംമന്ത്രിക്കെതിരെ നന്നായി ഉറഞ്ഞു തുള്ളി.
ഇതെല്ലാം കണ്ടുകൊണ്ടായിരുന്നു, കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങുന്ന നമ്മുടെ നാട്ടിലെ, വിഷം തുപ്പാൻ മാത്രം വായ് തുറക്കുന്ന വർഗീയപ്പാർട്ടി നേതാക്കളുടെ വരവ്. വെള്ളം നന്നായി കലങ്ങിക്കഴിയുമ്പോഴാണ് ഈ വിഷജന്തുക്കൾ മാളങ്ങളിൽ നിന്നും പുറത്തിറങ്ങുക. മാപ്രകളുടെ നുണപ്രചാരണം ആവുന്നത്ര തീകൊടുത്തു ആളികത്തിച്ചുകൊണ്ട് പാവം നമ്മുടെ നാട്ടിലെ കുറെ കുട്ടിക്കുരങ്ങുകളെക്കൊണ്ട് ചൂട് ചോറ് വാരിപ്പിക്കുന്നു!!. അതായത് സർക്കാരിന്റെ കസേരക്കാലിൽ പിടിച്ച് ഒന്നിളക്കിനോക്കും. അത്ര തന്നെ.നോ രക്ഷ. താനൂർ ബോട്ടപകടം നടന്നപ്പോഴും അതിന്റെ എല്ലാ കാരണങ്ങളും ഇവർ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കി അതു ചീറ്റിപ്പോയപ്പോഴാണ് വീണുകിട്ടിയ പുതിയ തുറുപ്പ് ചീട്ടുമായി, നാടാകെ ദുഖമയമായി നിൽക്കുമ്പോഴും ആളെ പിടിക്കാൻ ഇറങ്ങുന്നത്.
ഇത്തരം തരികടകളും മാപ്രകളുടെ വാർത്ത വളച്ചൊടിക്കലും ആദ്യം ചില തരംഗങ്ങളും വിവാദങ്ങളും സൃഷ്ടിക്കുമെങ്കിലും വിദ്യാസമ്പന്നരുള്ള നമ്മുടെ നാട്ടിൽ അതു കെട്ടടങ്ങി ചാരം മാത്രമായിപ്പോകും. വടക്കേയിഡ്യൻ സംസ്ഥാനങ്ങളിൽ അധികാരസ്ഥാനങ്ങൾ മറിച്ചിടാനും,പിടിച്ചെടുക്കുവാനും മാപ്രകളും ഫാസിസ്റ്റ് ശക്തികളും ഈ തന്ത്രങ്ങൾ തുടരുന്നു. ഏതായാലും ഈ മഞ്ഞപ്പത്രങ്ങളുടെ നുണ പ്രചാരണായുധങ്ങളെ ജനങ്ങൾ തിരിച്ചറിയുകയും ജാഗരൂഗരായിരിക്കേണ്ടതും നാടിന്റെ നന്മകൾക്കും സമാധാനത്തിനും അത്യന്താപേക്ഷിതമാണ്. സത്യസന്ധമായി പത്രപ്രവർത്തനം നടത്തിയതിന്റെ പേരിൽ നാടുകടത്തപ്പെട്ട പത്രാധിപരുടെ നാട്ടിൽ ഈ മാപ്രകൾ ചെയ്യുന്നത് സത്യം അറിയാനുള്ള ജനതയുടെ അവകാശത്തിന്റെ കടക്കൽ കോടാലി കൊണ്ടുള്ള ആഞ്ഞുവെട്ടലാണ് എന്നത് ജനങ്ങൾ തിരിച്ചറിയട്ടെ.
എം.തങ്കച്ചൻ ജോസഫ്.