കഴിഞ്ഞ കുറെ മാസങ്ങളായി പ്രകടമായിരുന്ന രണ്ട് ടെക്സസ് യു.എസ്. സെനറ്റർമാരുടെ അകൽച്ച മറ നീക്കി കുറെക്കൂടി വ്യക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ഇരുവരും(ജോൺ കോർനിനും ടെഡ് ക്രൂസും) റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ് എന്ന വസ്തുത വഴിപിരിയൽ ഏറെ പ്രസക്തമാക്കുന്നു.
ഇടത് പക്ഷ ചായ്വ് കുറച്ചു നാളായി വ്യക്തമാക്കിക്കൊണ്ടിരിക്കുന്ന കോർനിനാണ് സെനറ്റിൽ ആദ്യ പടികടന്ന തോക്ക് നിയന്ത്രണ ബില്ലിന് വേണ്ടി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ നേതാക്കളുമായി അനുരഞ്ജന ചർച്ചകൾ നടത്തി 65-34 ഭൂരിപക്ഷത്തിൽ ബിൽ പാസ്സാകുവാൻ ചുക്കാൻ പിടിച്ചത്. ടെഡ് ക്രൂസ് ഈ ബില്ലിനെ എതിർക്കുകയും ഇതേ വിഷയത്തിൽ താൻ അവതരിപ്പിച്ച പ്രമേയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഈ രണ്ട് സെനറ്റർമാരുടെയും പ്രമേയങ്ങൾ ഓവർലാപ് ചെയ്തിരുന്നു. അതേ സമയം ചില വൈരുദ്ധ്യങ്ങളും ഉണ്ടായിരുന്നു. സംസ്ഥാന തല ‘റെഡ് ഫ്ളാഗ്’ നിയമങ്ങൾക്ക് ഫെഡറൽ ഫണ്ടിംഗും 21 വയസിന് താഴെയുള്ള വീട്ടിനുള്ളിൽ കലാപം സൃഷ്ടിച്ച അപേക്ഷകർക്ക് തോക്കിന് ലൈസൻസ് നൽകുന്നതിന് മുൻപ് വിപുലമായ അന്വേഷണവും കോർ നിൻ ശുപാർശ ചെയ്തിരുന്നു. ക്രൂസിന്റെ പ്രമേയം കൂടുതലും ക്രിട്ടിക്കൾ റേസ് തിയറിക്ക് ഊന്നൽ നൽകിയിരുന്നു.
ക്രൂസ് വീണ്ടുമൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയാകുവാനുള്ള ശ്രമം 2024 ൽ നടത്തുമെന്നാണ് കരുതുന്നത്. തന്റെ പ്രമേയത്തിലൂടെ തന്റെ അനുയായികളെ കൂടുതൽ ഉത്തേജിതരാക്കുവാനും തിരഞ്ഞെടുപ്പ് പ്രചരണ ഫണ്ട് അനായാസം സ്വരൂപിക്കുവാനും കഴിയുമെന്ന് ക്രൂസ് കരുതി. കോർനിനാകട്ടെ സെന്ററിൽ റിപ്പബ്ലിക്കൻ കക്ഷിയുടെ ഇപ്പോഴത്തെ നേതാവ് മിച്ച് മക്കൊണൽ തുടരാനില്ല എന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ ഒഴിവിലേയ്ക്ക് കരുക്കൾ നീക്കുകയാണ്. കോർനിനെ പല റിപ്പബ്ലിക്കനുകളും ഈയിടെ നടന്ന പാർട്ടി കൺവെൻഷനിൽ കൂകി വിളിച്ചപ്പോൾ ക്രൂസിനെ ഹർഷാരവത്തോടെ സ്വാഗതം ചെയ്തു എന്നായിരുന്നു റിപ്പോർട്ടുകൾ
ഇപ്പോൾ ആദ്യപടികടന്ന് പാസ്സായ ഗൺകൺട്രോൾ ബില്ലിൽ പറയുന്ന കൗമാരക്കാരുടെ വിശാല പശ്ചാത്തല പരിശോധന ഫെഡറൽ ബാക്ക് ഗ്രൗണ്ട് ചെക്ക്സിൽ ജുവനൈൽ റെക്കോർഡ്സ് ചേർക്കുന്നതോടെ വേണ്ടെന്ന് വയ്ക്കും. ക്രൂസിന്റെ പ്രമേയത്തിൽ പശ്ചാത്തല ക്രിമിനൽ പരിശോധനയ്ക്കും ഇതിന്റെ ഓഡിറ്റിനും 200 മില്യൻ ഡോളർ ശുപാർശ ചെയ്തിരുന്നു. തോക്ക് വില്പനക്കാരിൽ നിന്ന് തോക്ക് മോഷ്ടിക്കുന്നവർക്ക് നൽകുന്ന ശിക്ഷ വർധിപ്പിക്കുവാനും ഫെഡറൽ പ്രോസിക്യൂട്ടർമാർക്ക് ഇതിന് ആവശ്യമായ പരിശീലനം നൽകാനും ക്രൂസ് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ മുന്നേറുന്ന ബിൽ ഒരു ഫെഡറൽ റെഡ് ഫ്ളാഗ് ലോയോ സംസ്ഥാന നിയമം നിർബന്ധിതമാക്കുന്ന വകുപ്പോ ഇല്ല. എന്നാൽ ഇങ്ങനെ ഒരു നിയമം സംസ്ഥാനത്തിന് ആവശ്യമായി വന്നാൽ ഫെഡറൽ ഫണ്ടിംഗ് ലഭിക്കും. സമൂഹത്തിന് ഭീഷണിയാണെന്ന് അധികാരികൾക്ക് ബോധ്യപ്പെട്ടാൽ ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കയ്യിൽ നിന്ന് തോക്ക് ബലം പ്രയോഗിച്ച് വാങ്ങാം. ഇതിന് വലിയ എതിർപ്പ് ഉയർന്നിട്ടുണ്ട്. പത്തൊമ്പത് സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഏതെങ്കിലും തരത്തിലുള്ള റെഡ്ഫ്ളാഗ് നിയമം ഇത് സംബന്ധിച്ച് നിലവിലുണ്ട്. റെഡ്ഫ്ളാഗ് നിയമം കോടതിയുടെ അനുവാദത്തോടെ അപകടകാരിയാണെന്ന് തനിക്കോ മറ്റുള്ളവർക്കോ കണ്ടെത്തുന്ന വ്യക്തിയിൽ നിന്ന് താൽക്കാലികമായി തോക്ക് കൈവശപ്പെടുത്തുന്നതിന് അനുവാദം നൽകുന്നു. ചില സംസ്ഥാനങ്ങളിൽ പോലീസിനോ, കുടുംബാംഗങ്ങൾക്കോ, ഡോക്ടർമാർക്കോ ഒരു മനുഷ്യൻ അക്രമചേഷ്ടകൾ കാട്ടുകയാണെങ്കിൽ (അയാൾക്ക് ക്രിമിനിൽ റെക്കോർഡ് ഇല്ലെങ്കിലും) അയാളുടെ കൈവശമുള്ള വെടിക്കോപ്പുകൾ പിടിച്ചു വാങ്ങുവാൻ പെറ്റിഷൻ നൽകാവുന്നതാണ്.
യു.എസ്. ജനപ്രതിനിധി സഭ ഈ മാസമാദ്യം സഭയുടെ റെഡ് ഫ്ളാഗ് ബിൽ പാസ്സാക്കിയിരുന്നു. ഇതനുസരിച്ചു ‘എക്സ്ട്രീം റിസ്ക് ആയി കരുതുന്ന വ്യക്തികളിൽ നിന്ന് തോക്കുകൾ പിടിച്ചു വാങ്ങുവാൻ അധികാരികൾക്ക് അനുവാദമുണ്ട്. ഇതിനെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു.
(ഏബ്രഹാം തോമസ്)