ചിത്രാലയം
ശ്രീ ചിത്രാ ആര്‍ട്ട് ഗ്യാലറി എന്ന പേരില്‍ പ്രശ്സ്തമായ ശ്രീ ചിത്രാലയം ജനങ്ങള്‍ക്കായി തുറന്നത് തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ആയിരുന്നു .
ജനങ്ങളുടെ ചിത്രകലാവാസനയെ പോഷിപ്പിക്കുക, അതേപ്പറ്റി കൂടുതല്‍ അറിവു നേടുകയും ആസ്വദിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു 1935 സെപ്തംബര്‍ 25 ന് ഇതാരംഭിച്ചത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലെ പെയിന്‍റിംഗുകളും, ഭാരത സംസ്കാരവും പ്രാധാന്യവും എടുത്തു കാട്ടുന്ന രീതിയില്‍ വരച്ച ഏഷ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള പെയിന്‍റിംഗുകളും ഇവിടുത്തെ ശേഖരത്തില്‍ കാണാം.
മ്യൂസിയം കോമ്പൗണ്ടിലെ രണ്ടു ബംഗ്ളാവുകള്‍ പുനരുദ്ധരിച്ച് ഗ്യാലറി രൂപികരിച്ചത് ഡോക്ടര്‍ കസിന്‍സിന്റെ നേതൃത്വത്തിലായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പെയിന്‍റിങ്ങുകള്‍ കൊണ്ട് ഗ്യാലറി സമ്പന്നമാക്കുന്നതില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തിരുവിതാകൂര്‍ രാജകുടുംബവും കിളിമാനൂര്‍ രാജകുടുംബവും വളരെയേറെ പെയിന്‍റിംഗുകള്‍ ശ്രീചിത്രാഗ്യാലറിക്ക് സമ്മാനമായി നല്‍കി. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം ഇന്ത്യയിലെ പ്രശസ്ത ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ തന്നെയാണ്. 1873-ല്‍ വിയന്നയില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ അംഗീകാരം നേടിയതോടെ രാജാരവിവര്‍മ്മയുടെ ഖ്യാതി അന്തര്‍ദേശീയ തലത്തിലേക്കുയര്‍ന്നു. പുരാണകഥാപാത്രങ്ങളുടെ ചിത്രങ്ങളായിരുന്നു അദ്ദേഹം കൂടതലും വരച്ചിരുന്നത്.
ഹംസ ദമയന്തി, ശകുന്തള, ദക്ഷിണേന്ത്യയിലെ ജിപ്സികള്‍ (നാടോടികള്‍), പാല്‍ക്കാരി, മോഹിനി, രുഗ്മാംഗദ എന്നിവയെല്ലാം വളരെ പ്രശസ്തമാണ്.
കിളിമാനൂര്‍ കോവിലകത്തെ മറ്റു ചിത്രമെഴുത്തുകാരായിരുന്ന രാജാ രവിവര്‍മ്മ, സി.രാജ രാജവര്‍മ്മ, മംഗളഭായിത്തമ്പുരാട്ടി, രാമ വര്‍മ്മരാജ എന്നിവര്‍ വരച്ച പെയിന്‍റിംഗുകളുടെ അപൂര്‍വ്വശേഖരവും ഇവിടെ കാണാം. രാമസ്വാമി നായിഡു, ഗോവിന്ദന്‍ ആചാരി, കെ. പത്മനാഭന്‍ തമ്പി, വി.എസ്.വലിയത്താന്‍, ബി.കൃഷ്ണയ്യര്‍, കെ. രാമകൃഷ്ണനാചാരി, എന്നിവരും ചിത്രരചനാരംഗത്തെ പ്രഗത്ഭരായിരുന്നു.
രവീന്ദ്രനാഥടാഗോറിന്റെ സഹോദരപുത്രനായ അബനീന്ദ്രനാഥ് ടാഗോറിന്റെ നേതൃത്വത്തില്‍ പഴമയും പുതുമയും ഇഴുകിച്ചേര്‍ത്ത പുതിയ ചിത്രരചനാശൈലിക്ക് ആരംഭം കുറിച്ചു. 20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബംഗാളിലെ ചിത്രകാരന്മാരാണ് ഭാരതീയ ചിത്രകലയുടെ നവോത്ഥാനത്തിന്റെ ഉദയത്തിന് കാരണമായതെന്നു പറയാം. അബനീന്ദ്രനാഥ് ടാഗോര്‍, ഗോഗോനേന്ദ്രനാഥ് ടാഗോര്‍, രവീന്ദ്രനാഥ ടാഗോര്‍, എ.പി.ദുബെ, ശാരദചരണ്‍ അകില്‍, രണാദചരണ്‍ അകില്‍, പ്രമോദ് കുമാര്‍ ചാറ്റര്‍ജി, നന്ദലാല്‍ ബോസ്, ഡി.പി.റോയ്ചൗധരി, അര്‍ദ്ധേന്ദു പ്രസാദ് ബാനര്‍ജി, കണുദേശായ്, മനീഷീഡേ തുടങ്ങിയ ബംഗാളി ചിത്രകാരന്മാരുടെ പെയിന്‍റിംഗുകളും ഗ്യാലറികളില്‍ സൂക്ഷിച്ചിരിക്കുന്നു.
റഷ്യയിലെ നിക്കോളാസ് റോയ്റിച്ച്, മകന്‍ സ്വെറ്റോസ്ലവ് റോയ്റിച്ച് എന്നീ ചിത്രകാരന്മാരുടെ പെയിന്‍റിങ്ങുകളും ഇവിടെ ഉണ്ട്. ഇവര്‍ ഹിമാലയത്തിന്റെ പ്രകൃതിഭംഗി – കുലു – മണാലി പ്രദേശങ്ങളിലേതാണ് കൂടുതലും- ചിത്രങ്ങളിലേയ്ക്കാവാഹിച്ചതു കാണുമ്പോള്‍ അതു മനസ്സിലേക്കിറങ്ങിച്ചെന്ന് ആത്മീയവും സംഗീതവും കലര്‍ന്ന മനോഹരമായ ഒരനുഭവമാണ് കാഴ്ചക്കാരില്‍ ഉണ്ടാക്കുക.
പ്രശസ്തരായ ആധുനിക ചിത്രകാരന്മാരുടെ സൃഷ്ടികളും ഈ ഗ്യാലറിയല്‍ കാണാം. കെ. മാധവ മേനോന്‍, ഹരിദാസന്‍, സി.കെ.രാമകൃഷ്ണന്‍, എം.ആര്‍.ഡി. ദത്തന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഗൗരിശങ്കര്‍, പി.റ്റി. മാത്യു, ജി. രാജേന്ദ്രന്‍, എന്‍.എന്‍.നമ്പ്യാര്‍, സി.എന്‍.കരുണാകരന്‍. കാനായി കുഞ്ഞിരാമന്‍, കാട്ടൂര്‍ നാരായണപിള്ള, ബിഡി. ദത്തന്‍, യൂസഫ് അറയ്ക്കല്‍, നേമം പുഷ്പരാജ്, എന്നിവരുടെയെല്ലാം വ്യത്യസ്തമായ ചിത്രരചനാ ശൈലി ആസ്വദിക്കാന്‍ ആര്‍ട്ട് ഗ്യാലറി അവസരമൊരുക്കുന്നു.
വിവാഹത്തോടെ ചിത്രകാരന്മാരും ചിത്രകാരികളും ഉള്ള കുടുംബത്തിലേക്കാണ് ഞാൻ എത്തിപ്പെട്ടത്. തൊണ്ണൂറുകളിൽ ഭർത്താവ് ജോസി തോമസ് മലയിലും(കൃപേഷ് ) ഭർതൃ സഹോദരി ടെസ്സി ഇടിക്കുള മുളമൂട്ടിലും ഇവിടെ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, പള്ളികള്‍, എന്നിവയുടെ ഭിത്തികള്‍ അലങ്കരിക്കുന്നതിനായി രൂപം കൊണ്ട ചുവര്‍ ചിത്രകലയില്‍ പ്രകൃതിദത്തമായ നിറങ്ങള്‍ കൊണ്ടും സസ്യനിറങ്ങള്‍ കൊണ്ടുമാണ് വര്‍ണം നല്‍കുന്നത്. ബുദ്ധമതക്ഷേത്രങ്ങളിലേയും, അജന്തയിലെ വിഹാരങ്ങളിലേയും, ബാഗ്ചുവര്‍ ചിത്രങ്ങളുടേയും, കേരളത്തിലെ പത്മനാഭപുരം കൊട്ടാരത്തിലേയും കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരത്തിലേയും ചുവര്‍ ചിത്രങ്ങളുടെ എല്ലാം പ്രതിരൂപങ്ങള്‍ ഈ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വര്‍ണ്ണാഭമായ തഞ്ചാവൂര്‍ പെയിന്‍റിങ്ങ് മറ്റൊരു ആകര്‍ഷണമാണ്. ഹിന്ദുദേവീ ദേവന്മാരുടെയും സിദ്ധന്മാരുടെയും ചിത്രങ്ങളാണ് കൂടുതലും. ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ആട ആഭരണങ്ങള്‍, വിലകുറഞ്ഞ തിളങ്ങുന്ന കല്ലുകള്‍, നൂലുകള്‍, നാടകള്‍, ഇവകൊണ്ട് അലങ്കരിക്കുന്നതാണ് തഞ്ചാവൂര്‍ പെയിന്‍റിംങ്ങ്. വളരെ ഗുണനിലവാരത്തിലുള്ള സ്വര്‍ണ്ണതകിടുകള്‍ കൊണ്ട് അലങ്കരിക്കുന്നതിലൂടെ ഇവ ഏറെക്കാലം നിലനില്ക്കും.
ബുദ്ധന്റെയും ലാമകളുടെയും മറ്റും ജീവിതോപദേശങ്ങള്‍ പറയുന്ന ടിബറ്റന്‍താങ്ക എന്ന ചിത്രരീതി അവരുടെ ആദര്‍ശങ്ങള്‍ പഠിക്കുവാനുള്ള ഉപാധികൂടിയാണ്. പരന്നപ്രതലത്തില്‍ പെയിന്‍റു ചെയ്തോ, എംബ്രോയിഡറി ചെയ്തോ വരയ്ക്കുന്ന ഈ ചിത്രങ്ങള്‍ ബുദ്ധവിഹാരങ്ങളില്‍ തൂക്കിയിടുകയും, ആഘോഷവേളകളില്‍ ബുദ്ധസന്യാസിമാര്‍ കൊണ്ടു നടക്കുകയും ചെയ്യും. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇവ ചുരുട്ടി സൂക്ഷിച്ചു വയ്ക്കാം. ഇവ കൂടാതെ വര്‍ണ്ണങ്ങള്‍ വളരെ കുറച്ച് നിശ്ചിത അളവില്‍ വരയ്ക്കുന്ന ബാലിപെയിന്‍റിങ്ങുകള്‍, മുഗള്‍ പെയിന്‍റിംഗുകള്‍, അതിനോടു സാദൃശ്യമുള്ള രാജസ്ഥാനി പെയിന്‍റിങ്ങുകള്‍ എന്നിവയെല്ലാം കാണുവാനും അവയെക്കുറിച്ച് വിശദമായി അറിയുവാനും ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
അനന്തപുരിയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ….