കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റ്
കേരള സർക്കാരിന്റെ സിരാകേന്ദ്രമാണ് കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റ്.
മന്ത്രിമാരുടെയും സർക്കാർ വകുപ്പ് സെക്രട്ടറിമാരുടെയും കാര്യാലയങ്ങളും പ്രധാനപ്പെട്ട മറ്റ് കാര്യാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന തലമാണിത്. വകുപ്പുകളുടെ സമുച്ചയത്തെയാണ് സെക്രട്ടേറിയറ്റ് സൂചിപ്പിക്കുന്നത്. അതത് വകുപ്പിന് കേബിനറ്റ് പദവിയുള്ള മന്ത്രിമാരും വകുപ്പ് മേധാവികളായി സർക്കാരിന്റെ സെക്രട്ടറിമാരും (Secretary to Government) ഉണ്ട്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് നർമദ റോഡിൽ ആണ് സെക്രട്ടേറിയേറ്റ് കെട്ടിട സമുച്ഛയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ രാജ്യത്തിന്റെ ദർബാർ ഹാളായിട്ടാണ് സെക്രട്ടേറിയറ്റ് സമുച്ചയം ആദ്യം നിർമ്മിച്ചത്.
ചരിത്രം
ആദ്യ കാലങ്ങളില്‍ ഹജൂര്‍ സെക്രട്ടേറിയറ്റ് അല്ലെങ്കില്‍ ദിവാന്റെ കാര്യാലയം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ചാണ് ദിവാന്‍ പേഷ്‌കര്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത്. 1812 മുതല്‍ 1818 വരെ തിരുവിതാംകൂര്‍ ദിവാനായിരുന്ന ബ്രിട്ടീഷ് റസിഡന്റ് കേണല്‍ മണ്‍റോയാണ് സംസ്ഥാനത്തിന്റെ (തിരുവിതാംകൂര്‍) ഭരണ സംവിധാനം, റവന്യൂ, പൊതുമരാമത്ത്, നീതിന്യായം, നിയമ നിര്‍മാണം എന്നിങ്ങനെ ആധുനിക രീതിയില്‍ വിഭജിച്ചത്. തിരുവിതാംകൂറില്‍ കാലങ്ങളായി നിലനിന്നിരുന്ന അധികാര പ്രത്യായോജനം അദ്ദേഹം നിര്‍ത്തലാക്കുകയും എല്ലാ അധികാരങ്ങളും തന്റെ കൈകളില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. ഇതിന്‍ പ്രകാരം ഓരോ വകുപ്പിന്റെയും ഭരണത്തലവന്‍ സര്‍ക്കാരിന് തന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും, അത് മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ദിവാന്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിയ്ക്കുകയും ചെയ്തു.
കേരള സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ 3 ബ്ലോക്കുകൾ ഉൾപ്പെടുന്നു. സെൻട്രൽ ബ്ലോക്ക് ആണ് ഏറ്റവും പഴയത്. ദർബാർ ഹാളിലേക്ക് തുറക്കുന്ന സെൻട്രൽ ബ്ലോക്കിന്റെ പ്രധാന വാതിൽ ആന കവാടം (Elephant Door) എന്നറിയപ്പെടുന്നു. തിരുവിതാംകൂർ മഹാരാജയും അദ്ദേഹത്തിന്റെ പ്രമാണിമാരും പരിമിതമായ പൊതു പ്രവേശനമുള്ളവരും മാത്രമാണ് ഈ ദർബാർ ഹാൾ നേരത്തെ ഉപയോഗിച്ചിരുന്നത്. ഇന്ന് പൊതുയോഗങ്ങളും സംസ്ഥാന സർക്കാരിന്റെ പ്രധാന ചടങ്ങുകളും നടക്കുന്ന ഹാളാണ് ദർബാർ ഹാൾ.
ദർബാർ ഹാളിന്റെ ഇരുവശത്തും 20 വാതിലുകളുണ്ട്. സെൻട്രൽ ബ്ലോക്ക് ഇരുനില കെട്ടിടമാണ്. സെൻട്രൽ ബ്ലോക്കിന്റെ താഴത്തെ നിലയിൽ വലതുവശത്താണ് പഴയ അസംബ്ലി ഹാൾ സ്ഥിതിചെയ്യുന്നത്. ഇത് ഇപ്പോൾ കേരളത്തിന്റെ നിയമനിർമ്മാണ ചരിത്രം ചിത്രീകരിക്കുന്ന ഒരു നിയമനിർമ്മാണ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.
സെൻട്രൽ ബ്ലോക്കിന് പുറമെ നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നീ രണ്ട് പുതിയ ബ്ലോക്കുകൾ സെൻട്രൽ ബ്ലോക്കിന്റെ ഇരുവശത്തുമായി നിർമ്മിച്ചു. സൗത്ത് ബ്ലോക്ക് അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം എ. താണുപിള്ള 1961 ഓഗസ്റ്റ് 18 ന് ഉദ്ഘാടനം ചെയ്തു.
പിന്നീട് സെൻട്രൽ ബ്ലോക്കിനും പുതിയ ബ്ലോക്കുകൾക്കുമിടയിൽ രണ്ട് “സാൻഡ്‌വിച്ച്” ബ്ലോക്കുകളും നിർമ്മിച്ചു. നോർത്ത് ബ്ലോക്കിലാണ് കേരള മുഖ്യമന്ത്രിയുടെ കാര്യാലയം സ്ഥിതിചെയ്യുന്നത്. പിന്നീട് സെക്രട്ടേറിയറ്റ് മതിൽക്കെട്ടിന് പുറത്തായി രണ്ട് അനുബന്ധങ്ങൾ (Annexes) കൂടി നിർമ്മിക്കുകയുണ്ടായി.
സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റ്, പ്രതാപപൂർണ്ണമായ പ്രവർത്തനങ്ങളുടെ 155വർഷങ്ങൾ പൂർത്തിയാക്കി യിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യ ശൈലി യിൽ അധിഷ്ഠിതമായി നിർമ്മിച്ചിരിക്കുന്ന ഈ പ്രൗഡ ഗംഭീരസൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യ ശൈലിയിലും വളരെയധികം പ്രാധാന്യം അർഹിക്കുന്നു.
തലസ്ഥാനനഗരിയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.