ഓർമ്മ തൻകളിവീട്ടിൽ
ഓർമ്മക്കൂട്ടേകുവാനായ്
ഓർമ്മതൻ ജാലകം മെല്ലെ
ഓമനിച്ചൊന്നു തുറന്നപ്പോൾ
മധുരക്കനി പോലെ രുചിയ്ക്കും
മധുരമാംമമ്മതൻ ഓർമ്മകൾ
അരുമയോടെൻ നെറ്റിയിൽ
അലിവോടെ തഴുകിയും
ആകാശത്തിരിയ്ക്കും
അമ്പിളിമാമനെ ചൂണ്ടിക്കാട്ടിയാ
വിരലുകളെത്രയുരുളകളെൻ
കുഞ്ഞുവായിൽ തന്നുവെന്നോ
പിച്ച നടന്ന കാലം ഞാനാ
വിരൽത്തുമ്പിലിറുകെപ്പിടിച്ചു
കുഞ്ഞോമനയായ് നടന്നു
കാലമേറെപ്പോയതറിഞ്ഞില്ല
അമ്മവിരലുകൾ ചന്തം കുറഞ്ഞ്
ഞരണ്ടുണങ്ങിവിറയാർന്നു
ബാല്യത്തിലെനിക്കു താങ്ങായാ
വിരലുകളെന്നെത്തിരഞ്ഞോ
വിറയാർന്ന വിരലുകളെ
കണ്ടില്ലെന്നു നടിച്ചോ ഞാൻ
കൺകോണുകളിലൂറിയ തുള്ളി
കപടമെന്നു ധരിച്ചോ ഞാൻ
ഇനിയെത്ര ജന്മമെടുക്കിലും
വീട്ടാത്തൊരു കടമല്ലേ
അമ്മ തൻ നെഞ്ചിലെ
സന്താപവും കണ്ണുനീരും
ശയ്യാവലംബനായിക്കിടക്കുമീ
അസ്തമയ വേളയിൽ
ഗദ്ഗതത്തോടെ സ്മരിക്കുന്നു
പാപിയാമീ പുത്രൻ ഞാൻ –
മിനി ശശികുമാർ✍