അൻ്റാലിയ
2013 ൽ ആണ് ആദ്യമായി തുർക്കിയിലെ പ്രധാന നഗരങ്ങളിലൊന്നായ ഇസ്താബൂളിലേക്ക് ഒരു ബിസിനസ്സ് കോൺഫറൻസിനായി യാത്രപോയത്..
2022 ഡിസംബർ പത്തിന് ഒരിക്കൽ കൂടി തുർക്കിയിലേക്കൊരു യാത്ര !!
ഷാർജ്ജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഞങ്ങൾ 21 അംഗങ്ങളടങ്ങിയ സംഘം ഇസ്താബൂളിലേക്ക് പുലർച്ച 5.40 പെഗാസസ്സ് എയർലൈനിൽ പറന്നുയർന്നു. ആറ് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ വിമാനം ഇസ്താബൂളിൽ നിലം തൊട്ടു. എട്ടു രാത്രികളും ഒമ്പത് പകലുകളുമടങ്ങിയ യാത്രയുടെ തയ്യാറെടുപ്പിൻ്റെ സാഫല്യം….
പുതിയ ആകാശവും, കടലും, കാഴ്ച്ചകളും, ഹോട്ടൽ മുറികളിലും മ്യൂസിയങ്ങളും തീൻമേശകളും തെരുവുകളും എന്നു വേണ്ട കാണാൻ പോകുന്ന കാഴ്ച്ചകളെ പറ്റിയുള്ള തിരയിളക്കം മുൻ ഒറ്റയാൻ യാത്രകളേക്കാൾ എൻ്റെ ഉള്ളിലുണർന്നിരുന്നു.
ഒരു കാലത്ത് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് കാമ്പസ് ഗായകൻ ആയിരുന്ന മജീദ് എന്ന സുഹൃത്താണ് ടൂർ പാക്കേജിൻ്റെ അമരക്കാരൻ ഏകദേശം 30 വർഷമായി മജീദും ശ്രീമതി നസീമ മജീദും മക്കളും ട്രാവൽ & ടൂറിസം മേഖലയിൽ യു എ ഇ യിൽ നിറഞ്ഞു നിൽക്കുക്കുന്നവരാണ്.
ശ്രീകൃഷ്ണ കോളേജ് തന്നെ എനിക്ക് തന്ന .മറ്റൊരു സൗഹൃദമായ ക്യാമറക്കണ്ണുകൾ കൊണ്ടു് കവിത രചിക്കുന്ന വേണു ചേലാടനും ഭാര്യ ബീനയും തുടങ്ങി പരസ്പരം നന്നായി അറിയുന്ന സമകാലിനരായ എട്ടു സുഹൃത്തുക്കളും , ചിലരുടെ മക്കളുമടക്കം 21 പേരാണ് യാത്ര സംഘത്തിലുണ്ടായത്.
ഇസ്താബുളിൽ കൃത്യസമയത്ത് ഇറങ്ങിശേഷം എമിഗ്രേഷൻ ഫോർമാലിയെല്ലാം പെട്ടന്ന് കഴിഞ്ഞു. ബഗ്ഗേജ് കളക്റ്റ് ചെയ്ത് തൊട്ടടുത്തുള്ള പ്രദേശിക വിമാനത്താവത്തിൻ്റെ കവാടം ലക്ഷ്യമാക്കി നടന്നു.
രണ്ടര മണിക്കൂർ കഴിഞ്ഞ് അൻ്റാലിയിലേക്കുള്ള പുറപ്പെടുന്ന വിമാനത്തിൻ്റെ ബോർഡിങ്ങ് പാസ്സ് വാങ്ങി എല്ലാവരും വിവിധ റസ്റ്റാൻ്റുകളിൽ നിന്നും ചൂടുള്ള വിഭവങ്ങൾ ആസ്വദിച്ച ശേഷം വിമാനത്തിലേക്കുള്ള പ്രവേശന കവാടത്തിനടുത്ത് ഊഴവും കാത്ത് ഇരിപ്പുറപ്പിച്ചു.
വിമാനത്താവളത്തിനകത്ത് സാമാന്യം തരക്കേടില്ലാത്ത തണുപ്പുണ്ടായിരുന്നു ഞങ്ങൾ എല്ലാവരും മറ്റു യാത്രക്കാരെപ്പോലെ തണുപ്പിനെ അതിജീവിക്കാനുള്ള അടിവസ്ത്രങ്ങളും മേൽ വസ്ത്രങ്ങൾ കരുതിയിരുന്നു.
ഒന്നര മണിക്കൂർ യാത്ര ചെയ്ത് അൻ്റാലിയ അന്തർദ്ദേശീയ വിമാനത്തിൽ ലാൻറ് ചെയ്തു. ബഗ്ഗേജ് കളക്റ്റ് ചെയ്തു വിമാനത്താവത്തിന് പുറത്ത് കടന്നപ്പോൾ ഒരു ടർക്കിഷ് സുന്ദരി “ചേലാട്ട് വേണുഗോപാൽ ” എന്നെഴുതിയ ബോർഡുമായി കാത്തുനിൽപ്പുണ്ടായിരുന്നു.
പ്രസന്നവദനയായി എല്ലാവരുടെയും വിശേഷങ്ങൾ തിരക്കി വരവേറ്റ റീമയും ഡ്രൈവറും ഞങ്ങളുടെ ബഗ്ഗേജുകൾ ബസ്സിൻ്റെ അറകളിലേക്ക് അടക്കിവെച്ച് ഹോട്ടൽ ലക്ഷ്യമാക്കി യാത്ര തുടങ്ങി, പ്രാദേശിക സമയം അഞ്ച് മണിയോടെ ഹോട്ടലിലെത്തി. എല്ലാവരും ചെറുതായിയൊന്നു നാല് നക്ഷത്രങ്ങൾ പതിച്ച ഹോട്ടലിൽ വിശ്രമിച്ചു.
നിശ്ചയിച്ച പ്രകാരം ലോകകപ്പ് ഫുട്ട്ബാൾ കളി കാണാനായി പുറപ്പെടാൻ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും തയ്യാറായി ഏഴു മണിയോടെ റിസപ്ഷനിൽ എത്തി.
വലിയ സ്ക്രീനിൽ കളി കാണലും, ഭക്ഷണം കഴിക്കലുമെന്ന ലക്ഷ്യം വെച്ച് എല്ലാവരും അൻറാലിയയുടെ ഹൃദയസമാനമായ പ്രധാന നിരത്തിലൂടെ തണുപ്പിനെയും നേരിയ ചാറ്റൽ മഴയേയും അതിജീവിച്ച് നടത്തം തുടങ്ങി.
ഇരുട്ടിനെ അകറ്റാൻ ഹലോജൻ ലൈറ്റുകളാൽ വെളിച്ചം പരത്തിയ വീതി കൂടിയ മൂന്നു വരിപ്പാതയുടെ രണ്ടു ഭാഗത്തും ധാരളം കടകളും റസ്റ്റോറൻറുകളും തുറന്നു പ്രവർത്തിച്ചിരുന്നു. പല റസ്റ്റാറൻറുകാരും ഞങ്ങളെ ഭക്ഷണത്തിനായി ക്ഷണിച്ചു കൊണ്ടിരുന്നു.
കൃത്യമായി ഇടവിട്ടു നട്ടുവളർത്തിയ മധുര നാരങ്ങ മരങ്ങൾ നിറയെ കായ്ച്ചു നിന്നിരുന്നരുന്നത് ഞങ്ങളെ നന്നായി ആകർഷിച്ചു. വൃത്തിയായ റോഡിൽ വളരെ വേഗത കുറഞ്ഞാണ് വാഹനങ്ങൾ ഓടിയിരുന്നത്.
പോർച്ചുഗലും മോറോക്കോയും തമ്മിൽ നടന്ന തീ പാറുന്ന കളി മേൽക്കൂരയില്ലാത്ത ഒരു ഹാളിലെ വലിയ സ്ക്രീനിൻ കണ്ടു കൊണ്ടിരിക്കുമ്പോൾ അവിചാരിതമായി മഴ പെയ്യാൻ തുടങ്ങി. ഏകദേശം പത്ത് മിനിറ്റുകൾക്കകം റസ്റ്റാറൻറ് മാനേജർ ഞങ്ങൾക്കെല്ലാം ചേർന്നിരിക്കാനും കളി കാണാനും പറ്റുന്ന മറ്റൊ സ്ഥലം ഏർപ്പാടാക്കി തന്നു. പിസ്സയും, ചിക്കൻ തിക്കയും റൊട്ടിയും സലാസുകളും ഏവർക്കും എത്തിച്ച് നല്ല രുചിക്കൂട്ടും കളി കാണലും കേമമാക്കി.
തീറ്റയും കളിയുമായി എല്ലാവരും പാതിരാത്രി വരെ ബാർസലോണ കഫേയിൽ ചിലവഴിച്ച ശേഷം വഴിയോരക്കാഴ്ച്ചകൾ കണ്ടു് ഹോട്ടൽ ലക്ഷ്യമാക്കി തിരിച്ചു നടന്നു മഴ മാറിയ ആകാശം നന്നായി തെളിഞ്ഞു കണ്ടു.
അന്റാലിയ പ്രവിശ്യ തെക്ക്-പടിഞ്ഞാറൻ തുർക്കിയുടെ മെഡിറ്ററേനിയൻ തീരത്ത്, ടോറസ് പർവതനിരകൾക്കും മെഡിറ്ററേനിയൻ കടലിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ടൂറിസം വ്യവസായത്തിന്റെ കേന്ദ്രമായ അന്റാലിയ തുർക്കിയിലെ അഞ്ചാമത്തെ വലിയ നഗരമാണത്രെ. തുർക്കി സന്ദർശിക്കുന്ന വലിയ
ശതമാനം വിദേശ വിനോദ സഞ്ചാരികളും അൻ്റാലിയയിൽ വന്നു പോകാറുണ്ടു്. എല്ലാവരെയും ആകർഷിക്കുന്ന ഭൂ പ്രദേശമാണിത്. സഞ്ചാരികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലൊന്നായ അൻ്റാലിയ പ്രവിശ്യയുടെ അതേ പേരിലുള്ള തലസ്ഥാന നഗരത്തിൽ തന്നെയായിരുന്നു മൂന്ന് രാത്രികൾ ഞങ്ങൾ തങ്ങിയത്.
യാത്ര തുടരും….
കമർ ബക്കർ✍