17.1 C
New York
Saturday, September 30, 2023
Home Travel ഒരു 'ബർമൂഡാ' ക്രൂസ് യാത്രാനുഭവം (എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്)

ഒരു ‘ബർമൂഡാ’ ക്രൂസ് യാത്രാനുഭവം (എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്)

എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്✍

ആകാശസീമയും അറ്റ്ലാന്റിക് മഹാസമുദ്രവും ഉമ്മ വയ്ക്കുന്ന അനവദ്യസുന്ദരമായ ആ നീല ജലാശയത്തിലൂടെ മന്ദം മന്ദം ഒഴുകിയ ഒരു ഭീമാകാരനായ ക്രൂസ് കപ്പലിൽ ഏഴു ദിനരാത്രങ്ങൾ ഒരു സ്വപ്നാടനത്തിലെന്നപോലെ കഴിഞ്ഞപ്പോൾ ഭൂമിയോ സ്വർഗ്ഗമോ എന്നറിയാതെ ഞാൻ ആലോലമാടുകയായിരുന്നു. എന്റെ ജീവിതത്തിലെ പ്രഥമാനുഭവം!

എന്റെ പ്രിയ ഭർത്താവുമൊത്ത് ഇത്തരം ഒരു യാത്ര നടത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും അതു ദൈവേഷ്ടമല്ലായിരിക്കാം, മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും നടക്കുകയില്ലല്ലോ.

20 നിലകളുള്ള “Norwegian Joy’ എന്ന ഭീമാകാരനായ ജലനൗകയിൽ 4000 യാത്രക്കാരും 1600 ൽപ്പരം ജോലിക്കാരും, ഒരു കിംഗ് സൈസ് ബെഡ്, രൺടു സിംഗിൾ ബെഡ്ഡുകൾ, ഡ്രസർ, അലമാരകൾ തുങ്ങി എല്ലാ സൗകര്യങ്ങളുമുള്ള ഒരു നല്ലമുറി, ഒരു നല്ല ബാത്ത്റൂം ഇതിൽപ്പരം എന്തു വേണം! എതു നേരവും ആവശ്യം പോലെ വിവിധതരം ഭക്ഷണപാനീയങ്ങൾ, രാത്രിയിൽ ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികൾ, രാജകീയമായ കിടക്കകൾ, ദിനംപ്രതി ബെഡ്ഷീറ്റുകൾ മാറി മുറി വൃത്തിയാക്കാൻ ജാഗരൂകരായി നിൽക്കുന്ന ആജ്ഞാനുവർത്തികൾ, ഭൂമിയിലെ പറുദീസയോ എന്നവിധം കഴിഞ്ഞുപോന്ന ദിനങ്ങൾ എന്നെ ഒരത്ഭുത ലോകത്തിലേക്കാനയിക്കയായിരുന്നു. ഒരു പരിധിയുമില്ലാതെ ആകാശത്തെ ആദേശം ചെയ്യുന്ന അന്തമില്ലാത്ത സമുദ്രമണ്ഡലം, റൂമിന്റെ ബാൽക്കണിയിലിരുന്ന് ദൈവത്തിന്റെ അത്ഭുത പ്രതിഭാസത്തെ ആസ്വദിക്കുമായിരുന്നു മിക്കപ്പോഴും ഞാൻ. എതചിന്തിച്ചാലും പിന്നെയും പിന്നെയും സങ്കീർണ്ണമാകുന്ന അത്ഭുതമാണ് ഈ ലോകം തന്നെ. അതി ബുദ്ധിമാനായ ഒരു ശില്പിയുടെ കലാവിരുതാണ് ഓരോ ചെറിയ സൃഷ്ടിയിലും ദർശിക്കാൻ സാധിക്കുന്നത്. കോടാനുകോടി മനുഷ്യർ ജനിക്കുന്നു, ജീവിക്കുന്നു. മരിക്കുന്നു. ജനനവും മരണവും കൃത്യമായി നിയന്ത്രിക്കുന്നതും ലോക ചലനം പോലും കൃത്യതയോടെ നീങ്ങുന്നതും ആ പാശക്തിയുടെ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയിരിക്കാം. ആ ചലനത്തിനൊത്തു നീങ്ങുന്ന പാവങ്ങളും നിസ്സാരനായ മനുഷ്യൻ.

ഓളത്തിലൊഴുകുന്ന ആ സ്വപ്ന നൗകയിൽ ഷോപ്പിങ് മാളുകൾ, കസീനോകൾ, വിവിധ തരം ഷോകൾ നടക്കുന്ന തീയേറ്ററുകൾ എന്നു വേണ്ട എപ്പോഴും ഒരു വലിയ പട്ടണം പോലെ തോന്നുന്ന സകല സൗകര്യങ്ങളും നിറഞ്ഞ ഭീമാകാരനായ കപ്പലോ? മഴയോ വെയിലോ ഏതാകിലും swimming pool കൾ നിറയെ കുട്ടികളും വലിയവരും രാപകലെന്യേ തിങ്ങി കാണപ്പെടും. അല്പവസ്ത്രധാരികളായ, വെണ്ണതോൽക്കും മെയ്യഴകുള്ള തുടുതുടുത്ത തരുണീമണികൾ പ്രായഭേദമെന്യേ ഏവരെയും ആനന്ദിപ്പിക്കുന്ന കാഴ്ചകളാണ്, കൂനകൾ പോലെ ബീച്ച് ടവലുകൾ വച്ചിരിക്കും, ആർക്കും എപ്പോൾ വേണമെങ്കിലും എത്രവേണമെങ്കിലും എടുത്തുപയോഗിക്കാം. സ്വിമ്മിംഗ് പൂളിൽ രാവിലെ മുതൽ രാത്രി വരെയും എപ്പോഴും തിരക്ക്, ചൂടുവെള്ളം നിറച്ച പൂൾ വേറെയും. എപ്പോഴും വിശ്രമിക്കാനായ് നിരത്തിയിട്ട ചാരു കസേരകൾ, കുട്ടികൾക്കുള്ള വിവിധയിനം ജലകേളികൾ ഒരു വശത്ത്. എനിക്കത് ആദ്യാനുഭവമായതിനാലാകാം, ഞാനൊരു മായാ ലോകത്തിലായിരുന്നു. എല്ലാ നിലകളിലും ആവശ്യക്കാർക്ക് വാങ്ങാനായി ലിക്വർ ലഭ്യമാണ്, credit card കൊടുത്താൽ മതി. അല്ലെങ്കിൽ ആദ്യമേ തന്നെ ഒരു തുക കൊടുത്താൽ എത്ര കള്ളും എതു നിലയിൽ നിന്നും വാങ്ങാം. അതു ശരിയായി ആസ്വദിക്കുന്നവരെ എവിടെയും കാണാമായിരുന്നു. ആവശ്യത്തിന് വാങ്ങലും നന്നായി ചെലവാകലും നടക്കുന്നുണ്ടായിരുന്നു. എത്ര ചെലവായാലും ജീവിതം ആസ്വദിക്കാൻ എത്തിയവരാണ് ആ ഉല്ലാസക്കപ്പലിലെ യാത്രക്കാരധികവും. ആര് എങ്ങനെ നടന്നാലും, വസ്ത്രം ഒന്നുമില്ലെങ്കിലും ഒരുത്തനും നോക്കുക പോലുമില്ല. അഥവാ ശ്രദ്ധിച്ചാലും മലയാളികൾ മാത്രമേ അങ്ങനെ ചെയ്യാറുള്ളു. രണ്ടു മലയാളി കുടുംബങ്ങളേ മാത്രമേ ആ ക്രൂസിൽ കാണാൻ കഴിഞ്ഞുള്ളൂ.

എല്ലാവിധ സാധനങ്ങളും വാങ്ങാൻ കിട്ടും, പണം വഴിഞ്ഞൊഴുകുന്ന കാഴ്ച. കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ, വജ്രാഭരണങ്ങൾ വാച്ചുകൾ, ബാഗുകൾ എന്നു വേണ്ട എല്ലാം സുലഭം.. കസീനോയിലെ തിരക്കും ചൂതുകളികളും മറ്റൊരു വശത്ത്. ഒരു കപ്പലിലാണെന്നുള്ള ചിന്ത കടലിൽ നോക്കുമ്പോഴേ വരുകയുള്ളു. ചുറ്റി നടന്നും. വേണ്ടത ഭക്ഷണം കഴിച്ചും രാത്രിയിലെ മനോഹരമായ തീയേറ്റർ ഷോ കണ്ടും രാത്രി എട്ടു മണിക്ക് മുറിയിലെത്തും. വളരെ അടുപ്പവും സ്നേഹവും ഉള്ള ഒരു കുടുംബത്തോടൊപ്പം ഒരു മുറിയിലായിരുന്നു ഞങ്ങൾ മൂന്നുപേരും അവരുടെ ഒരു മകനും താമസിച്ചത്. രാത്രിയിലും രാവിലെയും വേദപുസ്തകം വായിച്ച്., പാട്ടു പാടി ഓർത്തഡോക്സ് വിശ്വാസത്തിലുള്ള പ്രാർത്ഥനകൾ തികച്ച് സുഖമായി 36 മണിക്കൂറുകൾ പിന്നിട്ടപ്പോൾ ബെർമ്യൂഡയിലെത്തി.

രണ്ടു ദിവസങ്ങൾ അവിടെ ചെലവഴിച്ച്, സെന്റ് ജോർജ്, ഹാമിൽട്ടൺ എന്നിവിടങ്ങൾ കണ്ടു . വെറും 60,000 ജനങ്ങൾ മാത്രം താമസിക്കുന്ന ഒരു ചെറിയ അയലന്റ് ആണ് ബെർമൂഡാ ടൂറിസവും കൃഷിയുമൊക്കെയാണ് അവരുടെ വരുമാനമാർഗ്ഗം. ബെർമ്യൂഡായിൽ ഇറങ്ങിയെങ്കിലും ഭക്ഷണവും ഉറക്കവുമെല്ലാം കപ്പലിൽ തന്നെയായിരുന്നു. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട ആ ചെറിയ ദ്വീപിൽ വലിയ കാഴ്ചകളൊന്നും എന്നെ സ്വാധീനിച്ചില്ല, സെന്റ് ജോർജിൽ ഒരു പഴയ ദേവാലയം സെന്റ് പീറ്റേഴ്സ് ചർച്ച് കണ്ടു, കുറെ വാഴകളും കൃഷികളും ഒക്കെയല്ലാതെ മറ്റു കാഴ്ചകളൊന്നും ഇല്ലായിരുന്നു. ഒരു വലിയ ബോട്ടിൽ ആയിരുന്നു അങ്ങോട്ടും തിരിച്ചും യാത്ര, നല്ല അനുഭൂതിയായിരുന്നു, തിരികെ വന്ന് ക്രൂസ് കപ്പലിൽ തന്നെ വന്നിട്ടായിരുന്നു ഭക്ഷണവും വിശ്രമവും. രണ്ടു ദിവസവും അവിടെ കപ്പൽ വിശ്രമിച്ചു. പുറത്തേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും കസ്റ്റംസ് കടമ്പകൾ നിർബന്ധമായിരുന്നു, രണ്ടാമത്തെ ദിവസം ഹാമിൽട്ടൺ സന്ദർശിക്കാൻ ബസ്സിലായിരുന്നു പോയത്, കുറെ കടകളൊക്കെ കണ്ടു. മിക്കതും ചെറിയ വീടുകളുള്ള ഒരു ഗ്രാമപ്രദേശം. ബെർമൂഡ ട്രയാങ്കിൾ ഏറെ ദൂരെയാണെന്നറിഞ്ഞു, അവിടെ കപ്പലൊന്നും പോകാറില്ലെന്നും, ഒരു തുമ്പും ശേഷിപ്പിക്കാതെ അവിടെയെത്തുന്ന കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകാറുണ്ടെന്നും 50 ലധികം കപ്പലുകളും വിമാനങ്ങളും കാണാതായിട്ടുണ്ടെന്നും അറിയുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ബെർമ്യൂഡാ, ഫ്ളോറിഡാ, പോർട്ടോറിക്കോ എന്നീ മൂന്ന് ഖണ്ഡങ്ങൾക്കിടയിലെ ത്രികോണാകൃതിയിലുള്ള ഒരു വലിയ ഭാഗമാണ്500.000 Sq.KM (193,000 Sq. miles)വിസ്തൃതിയുള്ള ബെർമൂഡ ട്രയാങ്കിൾ എന്നറിയുന്നു, ഏതായാലും ആ ഉദ്യമം നടന്നില്ല.

വീണ്ടും തിരികെ ന്യൂയോർക്കിലേക്ക്. ഒരു ചിരകാലാഭിലാഷത്തിന്റെ സംതൃപ്തിയിൽ, വ്യാഴാഴ്ച വൈകിട്ടു മടക്ക യാത്ര തിരിച്ച്, 36 മണിക്കൂറുകൾക്ക് ശേഷം ശനിയാഴ്ച രാവിലെ ന്യൂയോർക്ക് ഷിപ്പ് യാർഡിലെത്തി, കാർ$96 കൊടുത്ത് പാർക്ക് ചെയ്തിരുന്നു, കാറും എടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴേക്കും ആത്മനിർവൃതിയിൽ കുറേനേരം സുഖ സുഷുപ്തിയിലാണ്ടു. നശ്വരമായ ഈ ലോകജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്കായി ദൈവത്തിന് നന്ദിയർപ്പിക്കുന്നു.!! സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്ന ഒരു ഹൃദയം ഉണ്ടെന്നതാണ് എന്റെ സംതൃപ്തി, ആ സംതൃപ്തി നമുക്ക് സമാധാനവും സന്തോഷവും പ്രദാനം ചെയ്യും.

ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽനിന്നും വിരാമമേകിയ ഈ യാത്ര ഒരു പുതുജീവൻ ലഭ്യമായതുപോലെ അനുഭവപ്പെട്ടു. ഏതും ലഭ്യമാക്കുന്നതിൽ ദൈവത്തിന്റെ കൃപ ആവശ്യമാണ്. എല്ലാ വായനക്കാർക്കും സ്നേഹവന്ദനം !!.

എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക്✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: