കഴിഞ്ഞ രണ്ടാഴചകളില്‍ നടന്ന മൂന്ന് മനുഷ്യക്കുരുതികളില്‍ 19 പേര്‍ മരിച്ചു. വീണ്ടും തോക്കിന്റെ പിന്‍ബലത്തില്‍ ഉണ്ടാകുന്ന കൂട്ടക്കൊലയെ കുറിച്ചും തോക്ക് നിയന്ത്രണത്തെകുറിച്ചും വാക്‌ധോരണികള്‍ ഉയരുകയാണ്. രണ്ടാംഭരണഘടനാ ഭേദഗതി നല്‍കുന്ന തോക്ക് കൈവശം വയ്ക്കാനുള്ള അവകാശം ഒരിക്കല്‍കൂടി തലനാരിഴ കീറി പരിശോധിക്കപ്പെടുന്നു. അറ്റ്‌ലാന്റയിലെ പാര്‍ലറുകളില്‍ ഏഷ്യന്‍വംശജരായ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട്‌പേരെയും ഡാലസ് ഡൗണ്‍ ടൗണിനടുത്ത് ഒരു തിയേറ്റര്‍ സമുച്ചയത്തില്‍ നിന്ന് അകലെയല്ലാതെയുള്ള മസ്സാജ് പാര്‍ലറിന് മുന്നില്‍ ഒരാളിനെയും തിങ്കളാഴ്ച ഒരു എആര്‍ അസ്വാള്‍ട്ട് സ്റ്റൈല്‍ റൈഫിള്‍ ധാരിയായ ഒരുവന്‍ ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ ബോള്‍ഡര്‍, കൊളറാഡോയില്‍ 10 പേരെയും വെടിവച്ച് കൊലപ്പെടുത്തി.
യു.എസ്. സെനറ്റ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ തോക്ക് ആക്രമത്തെകുറിച്ച് ഒരു വിചാരണ നടക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ കടുത്ത പശ്ചാത്തല പരിശോധന(തോക്ക് വാങ്ങുന്നവരെകുറിച്ച്) യും മൂന്ന് ദിവസത്തിനുള്ളില്‍ വിവരം ലഭിച്ചില്ലെങ്കില്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്ന് തീര്‍പ്പാക്കി തോക്ക് വില്പന പൂര്‍ത്തിയാക്കാം എന്ന ചാള്‍സ്ടണ്‍ ലൂപ് ഹോള്‍ നിയമം പരിഗണിക്കാതിരിക്കുവാനും നിര്‍ദ്ദേശിച്ചു. ക്രിമിനല്‍ പശ്ചാത്തലപരിശോധന കാര്യക്ഷമമായിരുന്നെങഅകില്‍ 2015ല്‍ ചാള്‍സ്ടണ്‍ ഇമ്മാനുവേല്‍ ചര്‍ച്ചില്‍ 9 കറുത്ത വര്‍ഗ്ഗക്കാരെ ഡൈലന്‍ സ്‌റ്റോം റൂഫ് വെടിവച്ചിടുകയില്ലായിരുന്നു. റൂഫിന്റെ ക്രിമിനല്‍ റിക്കാര്‍ഡ് അയാള്‍ക്ക് ഒരു തോക്ക് വാങ്ങുവാന്‍ അനുവദിക്കുകയില്ലായിരുന്നു.
എന്നാല്‍ ബാക്ക് ഗ്രൗണ്ട് ചെക്കിന് അതിന്റേതായ പരിമിതികള്‍ ഉണ്ട്. ഒരാള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന തോക്ക് മറ്റൊരാള്‍ക്ക് രേഖാമൂലമല്ല കൈമാറുന്നതെങ്കില്‍ പുതിയ ഉടമയുടെ വിവരങ്ങള്‍ ലഭ്യമാവുകയില്ല. നിയമം അനുശാസിക്കുന്ന പരിശോധനയും ഉണ്ടാവുകയില്ല. തലമുറകളായി കൈമാറുന്ന തോക്കുകളുടെ വിവരം രേഖാമൂലം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടാവില്ല. ഒന്നിലധികം തോക്കുകള്‍ കൈവശം ഉള്ളവര്‍ എല്ലാ തോക്കുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി എന്ന് വരാറില്ല.
ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡെമോക്രാറ്റുകള്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതി അമേരിക്കക്കാര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം എടുത്തു കളയാന്‍ ആലോചിക്കുകയാണെന്ന് ആരോപിച്ചു. സെന.റിച്ചാര്‍ഡ് ബ്ലൂം മെല്‍താള്‍ (കണക്ടിക്കട്ടില്‍ നിന്നുള്ള ഡെമോക്രാറ്റ്) പശ്ചാത്തല പരിശോധനയും അടിയന്തിരാവസ്ഥക്കാല ഗവണ്‍മെന്റിന് സ്വകാര്യവ്യക്തികളില്‍ നിന്ന് തോക്കുകള്‍ കണ്ടുകെട്ടാനുള്ള അവകാശവും ആവശ്യപ്പെട്ടു. ഉദാഹരണമായി ഒരാള്‍ തന്റെ ജീവിത പങ്കാളിയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്ന സന്ദര്‍ഭം. തന്റെ സംസ്ഥാനത്ത്്, ന്യൂടൗണ്‍ എലിമെന്ററി സ്‌ക്കൂളില്‍ 2012 ല്‍ 26 പേരെ(6 കുട്ടികള്‍ ഉള്‍പ്പെടെ) തോക്ക് ധാരിയായ ഒരു വന്‍ വെടിവെച്ച് കൊലപ്പെടുത്തിയത് ബ്ലൂമെന്താള്‍ ഏവരുടെയും സ്മരണകളിലേയ്ക്ക് കൊണ്ടുവന്നു.
മറ്റ് റിപ്പബ്ലിക്കനുകള്‍ ക്രൂസിനൊപ്പം കൂടുതല്‍ തോക്കുകള്‍, കുറവ് തോക്കുകളല്ല, അമേരിക്കക്കാരെ കൂടുതല്‍ സുരക്ഷിതരാക്കും എന്ന് വാദിച്ചു. ഒക്ടോബര്‍ 1991 ല്‍ ടെക്‌സസിലെ കില്ലീനിലെ ലൂബീസ് റെസ്‌റ്റോറന്റില്‍ നടന്ന നരഹത്യയെ അതിജീവിച്ച മുന്‍ ടെക്‌സസ് ജനപ്രതിനിധി സൂസന്ന ഗ്രാഷ്യ ഹപ്പും ക്രൂസിനോട് യോജിച്ചു. ലൂബീസിലെ വെടിവെയ്പില്‍ 23 ജീവനുകള്‍ പൊലിഞ്ഞു. ഹപ്പിന് തന്റെ ഭര്‍ത്താവിനെയും നഷ്ടമായി. അക്കാലത്ത് ടെക്‌സസ് നിയമം കൈത്തോക്കുകള്‍ പേഴ്‌സില്‍ സൂക്ഷിക്കുവാന്‍ അനുവദിച്ചിരുന്നില്ല. അതിനാല്‍ അവര്‍ തന്റെ കൈതോക്ക് കാറില്‍ ഉപേക്ഷിച്ചിരുന്നു. അടുത്ത സ്ഥാപനത്തില്‍ ട്രെയിനിംഗ് നടത്തിയിരുന്ന നിയമപാലകരും ബ്രേക്ക് സമയം ആയിരുന്നതിനാല്‍ തങ്ങളുടെ തോക്കുകള്‍ വാഹനങ്ങളില്‍ ഉപേക്ഷിച്ചിരുന്നു.
‘സാധാരണ പൗരന്മാരെ നിരായുധരാക്കുന്നത് സമൂഹത്തെ കൂടുതല്‍ സുരക്ഷിതരല്ലാതാക്കും’, തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ വാദിച്ചു.
മാര്‍ച്ച് 11 ന് പ്രതിനിധി സഭ രണ്ട് ബില്ലുകള്‍ അംഗീകരിച്ചു. എല്ലാ തോക്ക് കൈമാറ്റത്തിനും ബാക്ക് ഗ്രൗണ്ട് ചെക്ക് ആവശ്യമാണ്. പക്ഷെ ഇത് പാലിക്കുന്നവര്‍ അധികമില്ല. എട്ട് റിപ്പബ്ലിക്കനുകള്‍ ബില്ലിനെ അനുകൂലിച്ചു. രണ്ടാമത്തെ ബില്‍ ചാള്‍സ് ടണ്‍ ലൂപ്പ്‌ഹോള്‍ അടയ്ക്കാനാണ്. മൂന്ന് ദിവസം 10 ദിവസമായി നീട്ടിയിരിക്കുകയാണ്. 10 ദിവസത്തിനകം വാങ്ങുന്നയാളിന്റെ പശ്ചാത്തല വിവരം ലഭ്യമായില്ലെങ്കില്‍ തോക്ക് വില്പന പൂര്‍ത്തിയാക്കാം എന്നാണ് പുതിയ ബില്‍ വിവക്ഷിക്കുന്നത്. ഈ രണ്ടു ബില്ലുകളും സെനറ്റില്‍ വലിയ എതിര്‍പ്പ് നേരിടും എന്നാണ് പ്രതീക്ഷിക്കുന്നത്. വെസ്റ്റ് വെര്‍ജിനിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ജോ മാന്‍ചിന്‍ രണ്ട് ബില്ലുകളും എതിര്‍ക്കുന്നു.
താന്‍ ഒരു ഗണ്‍ കള്‍ച്ചറില്‍ നിന്നാണ് വരുന്നത്. കമേഴ്‌സിയല്‍ ഗണ്‍ സെല്ലേഴ്‌സിന്റെ ബാക്ക്ഗ്രൗണ്ട് ചെക്കിനെ അനുകൂലിക്കുന്നു. എന്നാല്‍ യൂണിവേഴ്‌സല്‍ ബാക്ക്ഗ്രൗണ്ട് ചെക്കിനെ അനുകൂലിക്കുന്നു. എന്നാല്‍ യൂണിവേഴ്‌സല്‍ ബാക്ക് ഗ്രൗണ്ട് ചെക്കിനെ എതിര്‍ക്കുന്നു. എന്ന് മാന്‍ചിന്‍ പറയുന്നു.
അമേരിക്കയില്‍ 29 കോടി ജനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. 33 കോടി തോക്കുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അനൗദ്യോഗികമായി വില്‍ക്കുന്നവയും വാങ്ങുന്നവയും കൈമാറ്റം ചെയ്യുന്നവയും ഇതില്‍ ഉള്‍പ്പെടില്ല. ഒന്നില്‍ അധികം തോക്കുകള്‍ കൈവശം ഉള്ളവര്‍ എത്ര തോക്കുകള്‍ കൈവശം ഉണ്ടെന്ന് വെളിപ്പെടുത്തുകയില്ല. ഇവരില്‍ വലിയ ധനാഢ്യരും വലിയ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നു. മൃഗയാ വിനോദം, സ്വന്തം രക്ഷ എന്നിവയാണ് തോക്കുകള്‍ കൈവശം വയ്ക്കുന്നതിന് കാരണമായി പറയുന്നത്. അതിനപ്പുറം ഈ വിഷയത്തില്‍ വിവരം ലഭ്യമല്ല. എന്നാല്‍ ഒന്നില്‍ അധികം തോക്കുകള്‍ കൈവശം ഉള്ളവരുടെ ഉടമസ്ഥതയില്‍ ശരാശരി നാല് തോക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
തോക്ക് നിയന്ത്രണ നിയമങ്ങള്‍ പാസ്സാക്കാനും പ്രാബല്യത്തില്‍ വരാനും വിലങ്ങു തടിയാവുന്നത് രണ്ട് പാര്‍ട്ടികളിലെയും നേതാക്കളുടെ നിഷിപ്ത താല്‍പര്യമാണ്. ഈ ഷൂട്ടിംഗ് സ്പ്രീയുടെ അലകള്‍ കെട്ടടങ്ങിക്കഴിയുമ്പോള്‍ ഇക്കാര്യം ബായ്ക്ക് ബെര്‍ണറിലേയ്ക്ക് മാറ്റാനാണ് സാധ്യത. അടുത്ത മാസ് കില്ലിംഗ് വരെ!