ഇസ്തിരി പെട്ടി (തേപ്പ് പെട്ടി )
പണ്ടത്തെ ഇരുമ്പ് തേപ്പ്പെട്ടിഓർമ്മ യുണ്ടോ?
ചിരട്ട കത്തിച്ചു കനൽ ഇട്ട്
തേപ്പ് പെട്ടി ചൂടാക്കി ഷർട്ടും, മുണ്ടും, കോട്ടൺ സാരിയും ഒക്കെ തേച്ചു ചുളിവൊക്കെ നിവർത്തി ഭംഗി ആയി മടക്കി വയ്ക്കും. കനൽ ചാരം ആയി ചൂട് തീരും മുൻപേ കൂടുതൽ വസ്ത്രങ്ങൾ തേച്ചെടുക്കാൻ ഒരു വെപ്രാളം ആയിരിക്കും. വീടുകളിൽ വൈദ്യുതി വന്നതോടെ തേപ്പ് പെട്ടിയും ഇലക്ട്രിക്കൽ അയൺ ബോക്സ് ആയി മാറി.
തേപ്പ് പെട്ടിക്ക് ചൂട് കൂടിയാൽ വാഴ ഇല എടുത്തു അതിൽ ആദ്യം തേച്ചു ചൂട് കുറയ്ക്കും. ചിലപ്പോൾ ചൂട് കൂടുന്നതിനാൽ , പോളിസ്റ്റർ തുണികൾ കരിഞ്ഞു ചുവട്ടിൽ പിടിച്ചു ണ്ടാക്കുന്ന കറകൾ ചുരണ്ടി വൃത്തിയാക്കുക കുട്ടികളുടെ ജോലി ആയിരുന്നു.അന്നേരം ഉണ്ടാകുന്ന ഒരു കിരു കിരു ശബ്ദം ഇപ്പൊ തേപ്പ് പെട്ടി ഓർക്കുമ്പോൾ തന്നെ കാതിൽവിദൂരത്തിൽ എങ്ങോ കേൾക്കുന്നു.
അന്നൊക്കെ പുതിയ വീട് വച്ചാൽ അത്യാവശ്യം സാധനങ്ങളായ വിളക്ക്, കിണ്ടി,അമ്മി, ചൂല്,മുറം, ചിരവ തുടങ്ങിയവയ്‌ക്കൊപ്പം തേപ്പ് പെട്ടിയും വാങ്ങിയിരുന്നു.
അന്നും ഇന്നും ഇസ്തിരി ഇട്ട് ചുളിവുകൾ നിവർത്തി യവസ്ത്രങ്ങൾ ആണ് ശരാശരി മലയാളികൾ ഉപയോഗിക്കുക.തുണി അലക്കുകാർ വസ്ത്രങ്ങൾ അലക്കി തേച്ചു തരുമായിരുന്നു. കൂടാതെ വസ്ത്രം തേപ്പു മാത്രം തൊഴിലാക്കിയ ധാരാളം പേരെ നഗരങ്ങളിൽ കാണാമായിരുന്നു.എങ്കിലും മിക്കവാറും വീടുകളിൽ തീർച്ചയായും തേപ്പ് പെട്ടി കാണും.ഇല്ലാത്തവർ അയല്പക്കത്തെ തേപ്പ് പെട്ടി കടം വാങ്ങി ആണെങ്കിലും തുണികൾ തേച്ചു ഉപയോഗിച്ചിരുന്നു.
തേപ്പ് എന്ന് കേൾക്കുമ്പോൾ പുതിയ തല മുറയ്ക്ക് മറ്റൊരു അർത്ഥം ആണ്. പ്രേമിച്ചു പറ്റിച്ചു പോകുന്നതിനെ തേപ്പ് എന്നാണ് ന്യൂജെൻ പറയുക.
അങ്ങനെ തന്റേതു അല്ലാത്ത കാരണത്തിന് ഒരുപാടു ദുഷ്പേരും കേട്ട താണ് നമ്മുടെ പാവം “തേപ്പ് “പെട്ടി.
ചിരട്ട ക്കരി അല്ലെങ്കിൽ കൽക്കരി ഇടാൻ പാകത്തിൽ വേഗം ചൂടാകുന്ന ഒരു ഇരുമ്പ് പെട്ടിയും ചൂട് ഏൽക്കാതെ കൈ പിടിക്കാൻ പാകത്തിൽ തടിയിൽ തീർത്ത പിടിയും ഉണ്ടായിരുന്നു. ഇപ്പോൾ ചിരട്ടക്കരി യ്ക്ക് പകരം വൈദ്യുതി യും പാചകവാതകവും ഒക്കെ ഉപയോഗിച്ചു തേയ്ക്കുന്ന ഇസ്തിരി പ്പെട്ടികൾ ആണ് ഉള്ളതെങ്കിലും, മധ്യവയസ്കരുടെ ഗൃഹാതുരത്വ സ്മരണ യിൽ പഴയ തേപ്പ് പെട്ടിയും തീർച്ചയായും കാണും.