17.1 C
New York
Friday, October 7, 2022
Home Literature ‼️തടവറയിൽ നിന്നുമൊരു കവിത‼️

‼️തടവറയിൽ നിന്നുമൊരു കവിത‼️

(സിബി ഇലവുപാലം, ബഹ്‌റൈൻ )

▪️ചത്തൊരു കടലിനുമുകളിൽ
മഞ്ഞുമലയിൽ തലയിടിച്ച്;
മലർന്നുവീണൊരു ഉപദ്വീപിലെ
കരിങ്കൽകെട്ടിനകത്താണീ തടവറകൾ.
തടവറകളിലെല്ലാം
ഊരുതെണ്ടിനടന്ന താന്തോന്നിക്കവിതകളുടെ
ഏകാന്തതടവും.

ആരോ കടലിലുപേക്ഷിച്ച കവിതകൾ
നീന്തി കരകയറിയെങ്കിലും
തലക്കെട്ടിലെ കടുംകെട്ടഴിച്ച്
കവിതരുചിച്ചധികാരികൾ വിധിച്ചു തടവിലാക്കി.
കടലിൽ കവിതകലക്കി മടങ്ങിയവർ
ഓടങ്ങളിൽ ഓളങ്ങൾചാടി പീഠഭൂമികൾ കയറി.

പ്രണയം എന്ന കവിതയെ
വധശ്രമക്കുറ്റം ചുമത്തി
സ്വപ്നങ്ങളെ പൊളിച്ചെടുത്ത്
പണയപ്പെട്ടതെല്ലാം പിടിച്ചെടുത്ത്
വിരഹാനന്തരം തടവ് ശിക്ഷയ്ക്ക് വിധിച്ചു.

പുഴയെന്ന കവിതയ്ക്ക്
കള്ളം പറഞ്ഞെന്ന കുറ്റം
പഴയതൊന്നു ഒഴുക്കിക്കാട്ടിയാൽ
പുറത്തുപോകാമെന്നധികാരി.

കാട് എന്ന കവിതയ്ക്ക്
മരമെന്നും ഇലയെന്നും പൂവെന്നും പൊഴിഞ്ഞതിന്
കാട്ടുദ്രോഹക്കുറ്റം
തടവും ശിഷ്ടകാലം നഗരവാസവും ശിക്ഷ.

മഴയെന്ന കവിതയെ
നനവെന്ന കുറ്റത്തിന് വറ്റിച്ചുകൊല്ലാനും
ഗർഭിതമേഘങ്ങളെ ഛിദ്രിച്ച്
മാനം മുടിക്കാനും ഉത്തരവ്.

വസന്തമെന്ന കവിതയ്ക്ക്
കാറ്റിനൊപ്പം നുഴഞ്ഞുകയറ്റവും
ശലഭങ്ങൾക്കൊപ്പം ഗൂഢാലോചനാകുറ്റവും
പൂക്കൾക്കൊപ്പമുള്ള പൗരത്വം റദ്ദ്ചെയ്ത്
തടവിനുശേഷം മണൽക്കാട് കടത്താനുത്തരവ്.

അച്ഛൻ അമ്മ പെങ്ങൾ എന്നീ കവിതകൾക്ക്
കുടുംബദ്രോഹക്കുറ്റം
തടവ് ഒടുങ്ങുമ്പോൾ
തറവാട് ചുട്ട് ചുടുകാട്ടിൽ തള്ളാൻ വിധി

വിശപ്പെന്ന കവിതയ്ക്ക്
നിഖണ്ഡുവിലില്ലാത്ത നിലവിളിയെന്നും
ദാഹമെന്ന കവിതയ്ക്കുള്ള-
ഓഹരി നിനക്കുമെന്നും അധികാരി
ഒടുവിൽ നിലവിളികളെയെല്ലാം കണ്ടുകെട്ടി
കണ്ടവന്റെ പണ്ടത്തിലിട്ടവർ.

ചാവാൻ കഴുത്തിൽ കയറ് കുരുക്കിയ
പേരില്ലാത്തൊരു ഒറ്റവരി കവിതയെ
നീയെന്നു പേരിട്ടവർ;
മരണമെന്ന കുറ്റം ചുമത്തി
തടവും ഒടുവിൽ ജീവിതാന്ത്യംവരെ
തൂക്കി നിർത്താനും ചതിവിധി.

അഭയാർത്ഥി എന്ന കവിതയെ
രാജ്യദ്രോഹക്കുറ്റം ചുമത്തി
മഹാസമുദ്രങ്ങളേഴും കടത്തി
ധ്രുവനാടിന്റെ ഉച്ചിയിലെ മഞ്ഞുപ്പിൽ
മുക്കികൊല്ലാൻ വിധി.

വാക്ക് എന്ന കവിതയ്ക്ക്
മൗനമെന്ന മഹാധ്യാനത്തെ ഉണർത്തിയെന്ന കുറ്റം.
കഠിനതടവും; അക്ഷരത്തെറ്റിന്റെ വക്കിൽനിന്ന്
തള്ളിയിട്ട് കൊല്ലാനും വിധി.

പകലിരവുകൾ എന്ന കവിതയ്ക്ക്
ഭൂമിയെ പകുക്കാൻ ശ്രമിച്ചെന്നും
നക്ഷത്രരഹസ്യങ്ങളെ ഒളിഞ്ഞുനോക്കിയെന്നും
സമയമെന്ന മായാഭാഷയുപയോഗിച്ചെന്നും കുറ്റം
വിഴുങ്ങാനൊരു ഗ്രഹണമൊരുക്കുംവരെ
പരോളില്ലാത്തതടവും തണ്ടുവലിശിക്ഷയും വിധി.

അവർ തടഞ്ഞുകെട്ടി ഉപ്പിട്ട് കൊന്ന
മഹാസമുദ്രമെന്ന നീണ്ടകവിതയ്ക്ക് മുകളിലാണ്
തടവറകൾ മാത്രമുള്ള ഈ അജ്ഞാതദേശം.
വൃത്താലങ്കാരപ്രാസഭാവുകത്വപരിണാമങ്ങളെ
തെറ്റിച്ച കുറ്റത്തിന്;
എന്റെ ഈ വിലക്ഷണകവിതയ്ക്ക്
അവർ തടവറയൊരുക്കുന്നത്
ഈ ചത്തകടലടിയിലാണ്.

              ⚫️സിബി ഇലവുപാലം ബഹ്‌റൈൻ.
Facebook Comments

COMMENTS

- Advertisment -

Most Popular

ഡോ. ശശി തരൂരിന് ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്ററിന്റെ പിന്തുണ: പ്രസിഡണ്ട് ലീല മാരേട്ട്

  തകർച്ചയുടെ പടുകുഴിയിൽ ആയ കോൺഗ്രസിനെ കരകയറ്റാൻ തരൂരിനു മാത്രമേ കഴിയൂ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. മുഴുവൻ...

എം.എസ്. ബാബുരാജ് – ചരമദിനം

കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി...

പുരസ്കാരം

കോട്ടയ്ക്കൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രധാന വൈദ്യനും പ്രധാന വൈദ്യോപദേഷ്ടാവുമായിരുന്ന ആര്യവൈദ്യൻ എസ്.വാരിയരുടെ സ്മരണാർഥം കോട്ടയ്ക്കൽ ആയുർവേദ കോളജിലെ മികച്ച ഔട്ട് ഗോയിങ്ങ് വിദ്യാർഥിക്ക് ആര്യവൈദ്യശാല എല്ലാവർഷവും നൽകുന്ന ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്മെന്റിനും, എം.കെ.ദേവിദാസ്...

പാരമ്പര്യ താളിയോലകൾ കൈമാറും

കോട്ടയ്ക്കൽ. പാരമ്പര്യ ബാല ചികിത്സകനായിരുന്ന ക്ലാരി നീലകണ്ഠൻ നമ്പീശൻ (1878 - 1944) ഉപയോഗിച്ചിരുന്ന "അഷ്ടാംഗഹൃദയം", "ബാല ചികിത്സ" എന്നീ താളിയോല ഗ്രന്ഥങ്ങൾ ഇനി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്കു സ്വന്തം. അഷ്ടാംഗഹൃദയത്തിന്റെ താളിയോല സാധാരണ കാണാറുണ്ടെങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: