വാർത്ത:പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ സൗജന്യ കോവിഡ് വാക്‌സീന്‍ ജനുവരി 2 ശനിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും വാക്‌സിന്‍ ആവശ്യമുള്ളവര്‍ നേരത്തെ വിളിച്ചു റജിസ്ട്രര്‍ ചെയ്യണമെന്നും ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ ജനുവരി ഒന്നിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രണ്ടു വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്കാണു പ്രഥമ പരിഗണന നല്‍കുക. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 16 വയസ്സിനു മുകളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് ആദ്യ വാക്‌സീന്‍ നല്‍കുന്നത്.
സ്റ്റേറ്റ് ഓഫ് ടെക്‌സസ് ഫെയ്‌സ് IA, IB രണ്ടു ഭാഗമായി തിരിച്ച് എഫ്ഡിഎ എമര്‍ജന്‍സി നിര്‍ദേശങ്ങള്‍ക്കു വിധേയമായിട്ടായിരിക്കും കോവിഡ് വാക്‌സീന്‍ വിതരണം ചെയ്യുകയെന്നും മേയര്‍ പറഞ്ഞു.

ഇപ്പോള്‍ ശനിയാഴ്ച ക്ലിനിക്കുകള്‍ മാത്രമാണ് ഉണ്ടായിരിക്കുകയെന്നും വാക്‌സീന്റെ ലഭ്യതയനുസരിച്ചു കൂടുതല്‍ ക്ലിനിക്കുകള്‍ തുറക്കുമെന്നും മേയര്‍ അറിയിച്ചു. വാക്‌സീനേഷനു വേണ്ടി റജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് അവര്‍ ഹാജരാകേണ്ട സ്ഥലം, സമയം എന്നിവ മുന്‍കൂട്ടി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കും.
ക്ലിനിക്കുകള്‍ ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെയാണ് പ്രവര്‍ത്തിക്കുക. റജിസ്‌ട്രേഷന്‍ ആവശ്യമുള്ളവര്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കോവിഡ് 19 കാള്‍ സെന്ററില്‍ 832 393 4220 എന്ന ഫോണില്‍ ബന്ധപ്പെടേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.
