ജിദ്ദ: തൊഴിലാളിക്ക് സ്വന്തം അബ്ഷിറിൽ നിന്ന് റി എൻട്രി വിസ സ്പോൺസറുടെ അനുമതിയില്ലാതെത്തന്നെ ഇഷ്യു ചെയ്യാനുള്ള അവകാശം നിലവിൽ വന്നതോടെ റി എൻട്രി വിസയുമായി ബന്ധപ്പെട്ട് സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പതിമൂന്ന് കാര്യങ്ങൾ ഇവയാണ്:
- വിസ ഇഷ്യു ചെയ്തത് മുതൽ 30 ദിവസമായിരിക്കും റി എൻട്രി വിസയുടെ കാലാവധി. (നേരത്തെ ഇത് 90 ദിവസം ആയിരുന്നു).
- തൊഴിലാളി റി എൻട്രി വിസ ഇഷ്യു ചെയ്യുന്ന കാര്യം തൊഴിലുടമയെ അറിയിക്കും.
- റി എൻട്രി വിസ ഇഷ്യു ചെയ്യാനുള്ള അപേക്ഷ അബ്ഷിറിൽ നിന്ന് 10 ദിവസത്തിനുള്ളിൽ കാൻസൽ ചെയ്യാൻ തൊഴിലാളിക്ക് സാധിക്കും.
- തൊഴിലാളി ഇഷ്യു ചെയ്ത റി എൻട്രി വിസ കാൻസൽ ചെയ്യാൻ സ്പോൺസർക്ക് സാധിക്കില്ല.
- തൊഴിലാളിക്ക് സ്വയം അബ്ഷിറിൽ നിന്ന് റി എൻട്രി വിസ ഇഷ്യു ചെയ്യാമെങ്കിലും പഴയത് പോലെ സ്പോൺസർക്കും തൊഴിലാളിക്ക് വേണ്ടി റി എൻട്രി വിസ ഇഷ്യു ചെയ്യാൻ സാധിക്കും.
- രേഖാമൂലമുള്ള തൊഴിൽ കരാർ കാലാവധി അവസാനിച്ച ശേഷം തൊഴിലാളിക്ക് റി എൻട്രി വിസക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ( എക്സിറ്റോ സ്പോൺസർഷിപ്പ് മാറ്റമോ സാധ്യമാകും എന്ന് സാരം).
- റി എൻട്രി വിസാ കാലാവധി നീട്ടാൻ തൊഴിലാളിക്ക് സാധിക്കില്ല. അതേ സമയം തൊഴിലാളി ഇഷ്യു ചെയ്ത വിസയാണെങ്കിൽ പോലും സ്പോൺസർക്ക് കാലാവധി നീട്ടി നൽകാം.
- തൊഴിലാളിയുടെ ഇഖാമ പ്രഫഷൻ ഉള്ളതായിരിക്കണം.(ഗാർഹിക തൊഴിലാളികൾ പോലുള്ള പ്രഫഷൻ പറ്റില്ല). തൊഴിലാളിക്ക് രേഖാമൂലമുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം.
- പാസ്പോർട്ടിൽ മിനിമം 90 ദിവസം കാലാവധി വേണം. ഇഖാമയിൽ റി എൻട്രി വിസക്ക് ആവശ്യമായത്ര കാലാവധി ഉണ്ടായിരിക്കണം.
- തൊഴിലാളി സൗദിക്കകത്തായിരിക്കണം. ട്രാഫിക് ഫൈൻ ഉണ്ടാകാൻ പാടില്ല.
- തൊഴിലാളി റി എൻട്രി വിസയിൽ നാട്ടിൽ പോയി കരാർ പ്രകാരമുള്ള കാലാവധി പൂർത്തിയാക്കാൻ മടങ്ങിയെത്തിയില്ലെങ്കിൽ പിന്നീട് എന്നെന്നേക്കുമായി സൗദിയിലേക്ക് ജോലിക്ക് വരുന്നതിനു വിലക്കേർപ്പെടുത്തും.
- സ്വയം റി എൻട്രി ഇഷ്യു ചെയ്യുന്നതിനു തൊഴിലാളിക്ക് അബ്ഷിർ അക്കൗണ്ട് ഉണ്ടായിരിക്കണം.
- പുതിയ നിയമ പ്രകാരം റി എൻട്രി വിസ ഇഷ്യു ചെയ്യാനുള്ള ഫീസ് തൊഴിലാളിയാണു വഹിക്കേണ്ടത്. എന്നിവയാണ് പുതിയ നിയമ പ്രകാരം റി എൻട്രിയുമായി ബന്ധപ്പെട്ട് അറിഞിരിക്കേണ്ട പ്രധാന കാര്യം