(ഏബ്രഹാം തോമസ്, ഡാളസ്)
സ്വപ്‌നങ്ങള്‍ തകരുന്നത് നേരില്‍ കണ്ട ഇവര്‍ വീണ്ടും അതേ സ്വപ്‌നങ്ങള്‍ താലോലിക്കുന്നു. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ 100 ദിവസ മൊറോട്ടോറിയം വലിയ ആശ്വാസമായിരുന്നു. നാടുകടത്തല്‍ 100 ദിവസത്തേയ്ക്ക് മരവിപ്പിച്ച ഓര്‍ഡറിന് പക്ഷേ ആയുസ് അധികനാള്‍ ഉണ്ടായില്ല. ഒരു ടെക്‌സസ് ജഡ്ജ് മോറട്ടോറിയത്തിന് താല്‍ക്കാലിക വിരാമം ഫെബ്രുവരി 23 വരെ നല്‍കി. കുടിയേറ്റക്കാരെ നാടുകടത്തുന്നത് പഴയ രീതിയില്‍ തുടര്‍ന്നു. പ്രസിഡന്റ് ട്രമ്പ് കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ അതീവ താല്‍പര്യം കാട്ടി എന്ന ആരോപണം സത്യവിരുദ്ധമാണെന്ന് രേഖകള്‍ പറയുന്നു. ട്രമ്പിന്റെ നാല് വര്‍ഷത്തില്‍ നാടുകടത്തപ്പെട്ടത് 9,35,000 പേരാണ്. ഡിപോര്‍ട്ടര്‍ റ്റിന്‍ ചീഫ് അറിയപ്പെടുന്ന പ്രസിഡന്റ് ബരാക്ക് ഒബാമ ഭരണത്തിന്റെ ആദ്യ നാല് വര്‍ഷം പുറത്താക്കിയത് 1.59 മില്യന്‍ പേരെയാണ്.
നൂറു കണക്കിന് കുടിയേറ്റക്കാരെ കഴിഞ്ഞ ആഴ്ചകളില്‍ മെക്‌സിക്കോ, ഗ്വാട്ടിമാല, ഇക്വഡോര്‍, ഹോണ്ടുറാസ്, ഹെയ്റ്റി എന്നീ രാജ്യങ്ങളിലേയ്ക്ക് നാടു നാടു കടത്തി. ലോ പ്രൊഫസര്‍മാര്‍ മുതല്‍ ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ ഭാരവാഹികള്‍, ഫെയ്ഷ്യല്‍ ബ്രിഡ്ജ് അലയന്‍സ് ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന റെയ്‌സസ് വരെയുള്ള സ്ഥാപനങ്ങള്‍ വരെ ഈ നാടുകടത്തലുകള്‍ നിയമപരമല്ലെന്നും കുടിയേറ്റ കുടുംബങ്ങളുടെ ധാര്‍മ്മിക ശക്തി ചോര്‍ത്തുന്നവയാണെന്നും വാദിച്ചു. നിയമപരമായ വെല്ലുവിളികള്‍ നാടുകടത്തലുകള്‍ നടപ്പാക്കുന്ന അധികൃതര്‍ക്കും ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികാരികള്‍ക്കും വലിയ മാനസിക സമ്മര്‍ദമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് സ്‌ക്കൂള്‍ ഓഫ് ലോയിലെ മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ മുസഫര്‍ ചിഷ്റ്റി പറഞ്ഞു.
അല്‍പാസോ അതിര്‍ത്തിയിലെ അഭിഭാഷക ടാനിയ ഗുരേറോ ബൈഡന് കാര്യങ്ങള്‍ മനസിലാക്കുവാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് പ്രശ്‌നം നേരിടുക എന്ന് തങ്ങള്‍ക്ക് അറിവുണ്ടാകണമെന്ന് കാത്തലിക് ലീഗല്‍ ഇമിഗ്രേഷന്‍ നെറ്റ് വര്‍ക്ക് (ക്ലിനിക്ക്) ഭാരവാഹി കൂടിയായ ഗുരേറോ പറഞ്ഞു. ജനങ്ങള്‍ക്ക് ക്ഷമ നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന് കൂട്ടിച്ചേര്‍ത്തു. അഭയാര്‍ത്ഥികളെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേയ്ക്ക് തിരിച്ചയയ്ക്കുന്നത് കോംഗോ, അംഗോള, കാമറൂണ്‍ നിവാസികള്‍ അവരുടെ നാടുകളില്‍ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍ വിവരിക്കുവാന്‍ അവസരം നല്‍കാതെയാണെന്ന് ആരോപിച്ച് ഒരു കത്ത് ഡെമോക്രാറ്റിക് ജനപ്രതിനിധികളായ ജറോള്‍ഡ് നേഡ്‌ലര്‍(ന്യൂയോര്‍ക്ക്-ചെയര്‍മാന്‍ ഓഫ് ദ ഹൗസ് ജുഡീഷ്യറി കമ്മിറ്റി), സോ ലോഫ് ഗ്രെന്‍(സാന്‍ ഹോംസെ, ഹൗസ് ഇമിഗ്രേഷന്‍ കമ്മിറ്റി ചെയര്‍) എന്നിവര്‍ ആക്ടിംഗ് ഹെഡ് ഓഫ് ദ ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് അയച്ചു. സാന്‍ അന്റോണിയോവില്‍ നിന്നുള്‌ള ഡെമോക്രാറ്റിക് പ്രതിനിധി ജോക്കിന്‍ കാസ്‌ട്രോ ബൈഡന്‍ ഐസിന്റെ ഭരണം ഉടന്‍ ഏറ്റെടുക്കണമെന്നും നാടുകടത്തല്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.ബൈഡന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ ഇമിഗ്രേഷന്‍ നയം മാറ്റുവാന്‍ ശ്രമിക്കുകയാണ്. ടെക്‌സസ് അറ്റേണി ജനറല്‍ കെന്‍ പാക്‌സ്ടണ്‍ സ്ഥിരമായി ബൈഡന്റെ മൊറട്ടേറിയം റദ്ദാക്കുവാനാണ് കോടതിയെ സമീപിച്ചത്. ഇിതന്റെ ഹിയറിംഗ് ഈ മാസം 19ന് ആരംഭിക്കുകയാണ്. ട്രമ്പ് നിയമിച്ചു യു.എസ്. ഡിസ്ട്രിക്ട് ജഡ്ജ് ഡ്രൂ ടിപ്ടണാണ് വാദം കേള്‍ക്കുകയും വിധി പറയുകയും ചെയ്യുന്നത്.
നാടുകടത്തല്‍ ഭീഷണിയില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്കിത് ആശങ്കയുടെ നാളുകളാണ്. ബൈഡന്റെ ഇനാഗുരേഷന് ശേഷം നൂറുകണക്കിന് തടഞ്ഞുവച്ച കുടിയേറ്റക്കാരെ വഹിച്ച് ഫ്‌ളൈറ്റുകള്‍ ആറാഴ്ചകള്‍ക്ക് മുമ്പ് പറന്ന അതേ വേഗത്തില്‍ വിവിധ രാജ്യങ്ങളിലേയ്ക്ക് പറന്നതായി ഐസിന്റെ ചാര്‍ട്ടര്‍ഫ്‌ളൈറ്റുകള്‍ നിരീക്ഷിക്കുന്ന വിറ്റ്‌നെസ് അറ്റ് ദ ബോര്‍ര്‍ നേതാവ് തോമസ് കാര്‍ട്ട് റൈറ്റ് പറഞ്ഞു. മറ്റ് പലരെയും ഐസിന്റെ നോര്‍ത്ത് ടെക്‌സസ് ഡിറ്റെന്‍ഷന്‍ ഫെസിലിറ്റികളില്‍ നിന്നും അല്‍പാസോയില്‍ നിന്നും ബസുകളില്‍ കയറ്റി അയയ്ക്കുന്നു. ഇനിയും ചിലരെ അല്‍പാസോയിലെ ഇന്റർനാഷണൽ ബ്രിഡ്ജിലൂടെ കാല്‍ നടയായി നാടുകടത്തുന്നു. 27കാരിയായ റോസ(അല്‍പാസോ) മെക്‌സിക്കന്‍ പൗരയാണ്. ഓഗസ്റ്റ് 2019 ല്‍ വാള്‍മാര്‍ട്ടില്‍ നടന്ന കൂട്ടക്കുരുതിയുടെ ദൃക്‌സാക്ഷിയായ ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച നാടു കടത്തി. അവളുടെ അറ്റേണി ആന്ന ഹേയുമായി ടെലിഫോണില്‍ സംസാരിക്കുവാന്‍ പോലും അനുവദിക്കാതെയാണ് അവളെ നാടുകടത്തിയത് എന്ന് ആരോപണമുണ്ട്.
വാള്‍മാര്‍ട്ടില്‍ കൊലയാളി പാട്രിക് ക്രൂഷ്യസ് തുരുതുരെ വെടിയുതിര്‍ത്ത് 23 ജീവനുകള്‍ അപഹരിച്ചത് റോസ് നേരില്‍ കണ്ടു. ഈ കേസില്‍ പ്രോസിക്യൂഷന് വളരെ വിലയേറിയ വിവരങ്ങള്‍ നല്‍കി വരികയായിരുന്നു അവര്‍. ഒരു ഹിസ്പാനിക് ആക്രമണം തടയാനാണ് താന്‍ ശ്രമിച്ചതെന്നാണ് ക്രൂഷ്യസിന്റെ വാദം. കേസന്വേഷണത്തില്‍ പ്രദേശിക പോലീസിനെയും ഫെഡറല്‍ പ്രോസിക്യൂട്ടേഴ്‌സിനെയും സഹായിച്ചു വരികയായിരുന്നു റോസ. ലോ എന്‍ഫോഴ്‌സ്‌മെന്റിനെ സഹായിക്കുന്ന അക്രമ സംഭവങ്ങളിലെ ഇരകള്‍ക്ക് സ്‌പെഷ്യല്‍ വിസ അനുവദിക്കാറുണ്ട്. ഈ വിഭാഗത്തിലെ വിസകളുടെ ബാക്ക് ലോഗ് കാരണം റോസ തന്റെ ഊഴം കാത്തിരിക്കുകയായിരുന്നു. പ്രതിവര്‍ഷം 10,000 വിസ മാത്രമേ നല്‍കാറുള്ളൂ എന്ന് ഹേ പറഞ്ഞു.
റോസ ഇപ്പോള്‍ മെക്‌സിക്കോയിലെ ക്യൂഡാഡ് ഹുവാരസിലാണ് അവരെ തിരികെ അമേരിക്കയിലെത്തിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ഹേ പറഞ്ഞു. റോസയുടെ വാഹനത്തിന്റെ ടെയില്‍ ലൈറ്റ് പൊട്ടിയിരിക്കുന്നതായി ഐസ് കണ്ടെത്തി അവരെ തടഞ്ഞു വച്ചു. അവരുടെ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ 2018 ഡ്രങ്കണ്‍ ഡ്രൈവിംഗ് അറസ്റ്റ് കണ്ടെത്തി. അവരെ ഉടന്‍ നാടുകടത്തുവാന്‍ ഉത്തരവ് ഇടുകയായിരുന്നു. തടഞ്ഞു വച്ചപ്പോള്‍ അവര്‍ തന്റെ അറ്റേണിയുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു മണിക്കൂറിനുള്ളില്‍ അറ്റേണി തിരിച്ചു വിളിച്ചു. പക്ഷെ അപ്പോഴേയ്ക്കും കഴിഞ്ഞ 14 വര്‍ഷമായി താന്‍ കണ്ടിട്ടില്ലാത്ത ഹുവാരസിലേയ്ക്കുള്ള വിമാനത്തില്‍ യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു- അവര്‍.