റിപ്പോർട്ട്: ഏബ്രഹാം തോമസ്, ഡാളസ്
സ്റ്റിമുലസ് ചെക്കില്‍ ശേഷിക്കുന്ന തുക അമേരിക്കക്കാരുടെ അക്കൗണ്ടികളിലെത്താന്‍ മാര്‍ച്ച് 15 കഴിയണമെന്ന് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി. മാര്‍ച്ച് 8ന് ആരംഭിക്കുന്ന ആഴ്ച സഭ വീണ്ടും സമ്മേളിക്കും. പ്രസിഡന്റ് ജോ ബൈഡന്‍ ഒരു ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ സംബന്ധിച്ച് തന്റെ പുതിയ ദുരിതാശ്വാസ പാക്കേജ് വീശദീകരിക്കും. പദ്ധതിയില്‍ 1,400 ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് ഓരോ അമേരിക്കക്കാരനും നല്‍കുന്നതും സ്‌ക്കൂളുകള്‍ക്കും റെസ്റ്ററിംങിനും വാക്‌സീന്‍ പ്രൊഡക്ഷനും ബില്യണ്‍ ഡോളറുകളുടെ വിവിധ പദ്ധതികള്‍ ഉണ്ടാകും.
സ്റ്റിമുലസ് ചെക്ക് 75,000 ഡോളര്‍ വാര്‍ഷീക വരുമാനമുള്ള സിംഗിള്‍ ടാക്‌സ് പേയര്‍ക്ക് പകരം 50,000 ഡോളര്‍ വരുമാന പരിധിയായി കുറയ്ക്കുവാനും പദ്ധതിയുണ്ട്. ഇതെകുറിച്ചുള്ള വിശദവിവരങ്ങള്‍ വൈറ്റ് ഹൗസ് നല്‍കിയിട്ടില്ല.
തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നടത്തുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ അധികാരത്തിലെത്തുന്ന നേതാക്കള്‍ വിഷമിക്കാറുണ്ട്. തോക്ക് നിയന്ത്രണ വിഷയം ഇന്ന് പരിതാപകരമായ പ്രതിസന്ധി നേരിടുന്നു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റില്‍ തോക്ക് നിയന്ത്രണത്തിന് മുന്‍കൈ എടുക്കുമെന്ന് ബൈഡന്‍ മുന്‍ അല്‍പാസോ പ്രതിനിധി ബീറ്റോ ഒറൂര്‍കെയ്ക്ക് വാഗ്ദാനം നല്‍കിയതാണ്. ഇപ്പോള്‍ അതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍സാകി പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വെടിക്കോപ്പ് വില്പന വളരെ വര്‍ധിച്ചു. ഇവ കൂടുതലും വാങ്ങിയത് കറുത്തവര്‍ഗക്കാരും സ്ത്രീകളും ആദ്യമായി ഹോട്ട് ബട്ടണ്‍ അമര്‍ത്താന്‍ താല്‍പര്യം പ്രദര്‍ശിപ്പിച്ചവരുമാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫയര്‍ ആംസ് വില്പന 21 മില്യന്‍ ആയിരുന്നു. ഇത് ഏറ്റവും ഉയര്‍ന്ന കണക്കാണെന്ന് നാഷ്ണല്‍ ഷൂട്ടിംഗ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ പബ്ലിക് അഫയേഴ്‌സ് ഡയറക്ടര്‍മാര്‍ക്ക് ഒളിവില പറഞ്ഞു. മുന്‍ റിക്കാര്‍ഡ് 2016 ലെ 15.7 മില്യണ്‍ ആയിരുന്നു. 21 മില്യന്‍ ജനങ്ങള്‍ തങ്ങളുടെ പണം തോക്കുകള്‍ക്ക് വേണ്ടി ചെലവഴിച്ച് തങ്ങളുടെ ഹിതം വ്യക്തമാക്കി, ഒളിവിയ പറഞ്ഞു. അതില്‍ 8.5 മില്യണ്‍ ജനങ്ങള്‍ ആദ്യമായിട്ടാണ് തോക്കുകള്‍ വാങ്ങിയത്. അമേരിക്കക്കാരില്‍ തോക്കിന്റെ ഉടമസ്ഥത 58% വര്‍ധിച്ചു. സ്ത്രീകള്‍ 40% തോക്കുകള്‍ വാങ്ങി.
ഒറൗര്‍കെ ബൈഡന്റെ വാഗ്ദാനത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കി. ബൈഡന്റെ പ്രഖ്യാപനം വലിയ തോതില്‍ വോട്ടുകള്‍ നേടുന്നതിനും സഹായിച്ചു. അല്‍പാസോയില്‍ ഒരു വലിയ നരഹത്യ (22 പേര്‍) യ്ക്ക് ശേഷം നടന്ന പ്രഖ്യാപനമായിരുന്നതിനാല്‍ വലിയ ജനപിന്തുണ ലഭിച്ചു. നിങ്ങളുടെ എആര്‍ 15ഉം എകെ 47ഉം ഞങ്ങള്‍ക്ക് നല്‍കുക എന്ന ഒറൗര്‍കെയുടെ അഭ്യര്‍ത്ഥന വലിയ വാര്‍ത്തയായി. പക്ഷെ ജനങ്ങളില്‍ നിന്ന് വലിയ സഹകരണം ലഭിച്ചില്ല. പുതിയ ഭരണകര്‍ത്താക്കള്‍ വരുമ്പോള്‍ ആരോപണങ്ങളും പിന്നാലെ എത്താറുണ്ട്. വാഷിംഗ്ടണ്‍ ഡിസിയില്‍ പണ്ടേ പ്രചാരത്തിലുള്ള പദങ്ങളാണ് ഫാമിലി ആക്‌സെസ് പെഡ്‌ലിംഗ്. ഇത്തവണ ബൈഡന്റെ മരുമകന്‍ ഹവാര്‍ഡ് ക്രെയ്‌നെ കുറിച്ചാണ് പ്രധാന ആരോപണം.
ക്രെയ്ന്‍ 2012 ല്‍ ബൈഡന്റെ മകള്‍ ആഷ്‌ലിയെ വിവാഹം കഴിച്ചു. ഒരു ഹെഡ് ആന്‍ഡ് ഷോള്‍ഡര്‍ സര്‍ജനായ ഇയാള്‍ സ്റ്റാര്‍ട്ട് അപ് ഹെല്‍ത്തിന്റെ ചീഫ് മെഡിക്കല്‍ അഡ് വൈസറാണ്. ഇയാളുടെയും സഹോദരന്‍ സ്റ്റീവന്റെയും കമ്പനി യൂണിറ്റി സ്റ്റോക്ക്‌സ് 2011 ല്‍ ആരംഭിച്ചതാണ്. ഇതിനകം 350 വെഞ്ചുറുകളിലായി 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു കഴിഞ്ഞു. ഒരു ടെക് ഫേം സ്റ്റാര്‍ട്ട് അപ് ഹെല്‍ത്തിനെ കഴിഞ്ഞ ഡിസംബറില്‍ സമീപിച്ച് കൊറോണ വൈറസ് വാക്‌സീന്‍ വിതരണ സോഫ്റ്റ് വെയര്‍ സംസ്ഥാനങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും നല്‍കുന്നതില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായാണ് ആരോപണം. സ്റ്റാര്‍ട്ട് അപ് ഹെല്‍ത്ത് വക്താവ് ജന്നിഫര്‍ ഹാന്‍കിന്‍ ആരോപണം നിഷേധിച്ചു. ക്രെയിനിന് ബൈഡനോടുള്ള അടുപ്പം ദുരുപയോഗം ചെയ്ത് ധനം സമ്പാദിക്കുന്നത് ഗൗരവമുള്ള കാര്യമാണെന്ന് റിപ്പബ്‌ളിക്കന്‍ ഓവര്‍സൈറ്റ് കമ്മിറ്റി വക്താവ് പറഞ്ഞു.
ബൈഡന്‍ അധികാരമേറ്റ ദിവസം ബൈഡന്റെ ഏറ്റവും ഇളയ സഹോദരന്‍ ഫ്രാങ്ക് (ഇദ്ദേഹം ഒരു കണ്‍സള്‍ട്ടന്റാണ്) ബെര്‍മന്‍ ലോ ഗ്രൂപ്പിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് പുതിയ ഭരണകൂടത്തില്‍ തനിക്കുള്ള ബന്ധം എടുത്തു പറഞ്ഞതായും ആരോപണമുണ്ട്. പ്രസിഡന്റിന്റെ മകന്‍ ഹണ്ടറിനെയും സഹോദരന്‍ ജെയിംസ് ബൈഡനെയും കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് പുറമെയാണിത്. ആരോപണങ്ങള്‍ തുടരുന്നത് എതിര്‍ പാര്‍ട്ടിക്കാരാണെന്നും ദൃഢനിശ്ചയത്തോടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കുവാന്‍ പ്രതിജ്ഞാബദ്ധമായി മുന്നോട്ടു പോകുമെന്നും ഒരു ഗവണ്‍മെന്റ് വക്താവ് പറഞ്ഞു.