ഉയിർപ്പ് പെരുന്നാൾ ആഘോഷിക്കുന്നവർ ഒക്കെ ഇന്ന് ഒത്തിരി തിരക്കിൽ ആയിരിക്കും, അല്ലേ?
ക്രിസ്തുവിന്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷിക്കുമ്പോൾ ഒരു കാര്യം പ്രധാനമായും ഓർക്കേണ്ടതുണ്ട്. ഒരു ദുഃഖവെള്ളിയാഴ്ച മാത്രമല്ല, ദിവസം തോറും, ഓരോ തെറ്റ് ചെയ്യ്ത് കൂട്ടുമ്പോഴും നാം ക്രിസ്തുവിനെ ക്രൂശിക്കുന്നു എന്ന സത്യം.

സ്നേഹത്തിന്റെ പര്യായമാണ് ക്രിസ്തു!
സ്നേഹത്തിന്റെ പൂർണ്ണതയും! എന്നാൽ ദൈനംദിന ജീവിതത്തിൽ ഈ സ്നേഹത്തെ നമ്മൾ എങ്ങനെയാണ് പ്രതിഫലിപ്പിക്കേണ്ടിയതെന്ന് പലരും അറിയാതെ പോകുന്നു.
നിന്റെ വീടിന്റെ എല്ലാ ജാലകങ്ങളേയും വൃത്തിയാക്കി, അവയിൽ വിലപ്പിടിപ്പുള്ള, മനോഹരമായ ജാലകവിരിപ്പുകളെ, ഏറ്റവും ഭംഗിയായി ഞൊറിഞുടുപ്പിച്ച്, വീടിന്റെ കോണുകളിൽ കണ്ണുകൾക്ക് ഇമ്പം ഏകുന്ന ദീപങ്ങളും കത്തിച്ച് വെച്ചാലും, നിനക്ക് സ്നേഹം പ്രകടിപ്പിക്കാൻ കഴിയാതെ പോയാൽ, നീ വെറും ഒരു ഇൻ്റീരിയർ ഡെക്കറേറ്റർ മാത്രമാണ്.
സ്നേഹം എപ്പോഴും വീട്ടിൽ ഉള്ളവരെ കരുതലിന്റെ ഊഷ്മളതയോടെ ചേർത്ത് പിടിയ്ക്കുന്നു. തൻ്റെ ഭവനത്തെക്കാൾ മനോഹരമായ തൻ്റെ കൂട്ടുകാരൻ്റെ ഭവനത്തെ കണ്ടിട്ട്, സ്നേഹം ഒരിക്കലും അസൂയപ്പെടുന്നുമില്ല.
കാലത്ത് മുതൽ അടുക്കളയിൽ കയറി, ചത്ത് കിടന്ന് പണി എടുത്ത്, പല തരത്തിലുള്ള വിശിഷ്ട ഭോജനങ്ങൾ, ഭംഗിയോടെ മേശപ്പുറത്ത് വെച്ച്, പക്ഷേ സ്നേഹം ഇല്ലാതെ നീയത് വിളമ്പിയാൽ, നീ വെറുമൊരു പാചകക്കാരി മാത്രം ആണ്. സ്നേഹം പാചകം നിർത്തി വെച്ചിട്ട് പോലും, കുട്ടികളെ താലോലിക്കുന്നു. സ്വന്തം കുടുംബത്തിൽ സന്തോഷത്തെ വിളമ്പാൻ ഉൽസാഹിക്കുകയും, പങ്ക് വെയ്ക്കുകയും ചെയ്യുന്നു. എത്ര ധൃതി പിടിച്ചാലും, തളർന്നാലും, സ്നേഹം കരുണയുടെ കുപ്പായം അണിയുന്നു.
പാചകം ചെയ്യുന്ന നേരത്ത് കുട്ടികൾ വഴി മാറി തരാനല്ല, അവർ ഒപ്പിക്കുന്ന കുസ്രൃതികൾക്ക് നേരെ അവരെ ശകാരിക്കുന്നതിലുമല്ല. ഇന്ന് പലരും വീട്ട് ജോലികളെ ഒരു താങ്ങാനാവാത്ത ഭാരം പോലെ സമീപിക്കാറുണ്ട്. മറിച്ച്, വീട്ടിലുള്ളവർക്ക് വേണ്ടി പാചകം ചെയ്യാൻ കഴിയുന്നത് തന്നെ ഒരു അനുഗ്രഹമായി സ്നേഹം കണക്കാക്കുന്നു.
പല ചാരിറ്റി ഫൗണ്ടേഷനുകൾക്ക് വേണ്ടി ജോലി ചെയ്യുന്നതും, തന്റെ കൈയിൽ ഉള്ളത് മുഴുവനും കൊടുത്ത് മറ്റുള്ളവരെ സഹായിക്കുന്നതും കൊണ്ടൊന്നും സ്നേഹം എന്ന വികാരത്തെ പൂർത്തീകരിക്കാൻ ഒരിക്കലും കഴിയില്ല. സ്നേഹം ഉള്ളിൽ ഇല്ലാത്ത കാലത്തോളം, നീ എത്ര നന്മ ചെയ്താലും അതിന്റെ മൂല്ല്യം നഷ്ടപ്പെടുന്നു. തിരിച്ചു തരാൻ കഴിവില്ലാത്തവർക്ക് കൊടുക്കാൻ കാണിക്കുന്ന വിശാലമായ നിങ്ങളുടെ മനസ്സ്, ഇല്ലായ്മയിൽ നിന്ന് പോലും, മറ്റുള്ളവർക്ക് ദാനം നൽകാൻ നീ കാണിക്കുന്ന സന്നദ്ധതയ്ക്കാണ് സ്നേഹം എന്ന് പറയുന്നത്.
വസ്തുവകകൾ നഷ്ടപ്പെട്ടും, കീറുകയോ, പൊട്ടി പോവുകയോ, , ജീർണ്ണിച്ചോ, തുരുമ്പിച്ച് പോവുകയോ ചെയ്യും. എന്നാൽ സ്നേഹത്തിൽ പൊതിഞ്ഞ ഒരു സമ്മാനം, എക്കാലവും ഓർമ്മയിൽ നിലനിൽക്കും.
സ്നേഹം ദീർഘക്ഷമയോടെ, വിശ്വാസത്തെ കാത്ത് സൂക്ഷിക്കുകയും, എല്ലാറ്റിലും പ്രത്യാശ വെയ്ക്കുകയും, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുകയും ചെയ്യുന്നു.
സ്നേഹം ഒരിക്കലും തോൽക്കുന്നില്ല! നിഷേധിക്കാനാവാത്ത ഈ വലിയ സത്യം, ഈ ഉയിർപ്പ് പെരുന്നാളിന്റെ മാത്രമല്ല, മുന്നോട്ട് ഉള്ള എല്ലാ ദിനങ്ങളിലും നമ്മുക്ക് ഏവർക്കും മുഖവുര ആവട്ടെ എന്ന ആശംസകളോടെ…. പ്രാർത്ഥനയോടെ…..
സ്നേഹപൂർവ്വം
-ദേവു-
Love above all .. beautiful
Yes! Love above all!
God is love.. ദൈവം സ്നേഹം ആകുന്നു.. അതു കണ്ട് ആണ് മനുഷ്യപുത്രൻ ആ ക്രൂശിൽ മരിച്ചത്
സ്നേഹമാണ് അഖില സാരമൂഴിയിൽ.. ഇന്ന് മനുഷ്യരിൽ ഇല്ലാത്തതും അതു തന്നെ
സത്യം! സ്നേഹം ഇല്ലെങ്കിൽ എല്ലാം ശൂന്യം!
സത്യം
സ്നേഹമാണഖിലസാരമൂഴിയിൽ.
ഈ എഴുത്തിലെ സന്ദേശം നെഞ്ചോട് ചേർക്കുന്നു.
❤️❤️❤️
സ്നേഹം ഇല്ലെങ്കിൽ ഇതൊക്കെ ശൂന്യം!
HIS love never fails 🙏