17.1 C
New York
Monday, November 29, 2021
Home Literature സ്ഥാനാർത്ഥി (ചെറുകഥ)

സ്ഥാനാർത്ഥി (ചെറുകഥ)

✍സന്ധ്യാജയേഷ് പുളിമാത്ത്

ഇന്നെന്തു പറ്റി, സുമേഷേട്ടൻ നേരത്തെ എണീറ്റല്ലോ…എങ്ങോട്ടോ പോകാനുള്ള പുറപ്പാടാണ്. ഇന്നലെ ഉറങ്ങാൻ കിടക്കുന്നതുവരെ ഒന്നു സൂചിപ്പിച്ചതുപോലുമില്ല. മറന്നിട്ടുണ്ടാവും…ഇന്നു സ്മിതയ്ക്കും സുമിതയ്ക്കും അവധിയാണല്ലോ..ഇന്ന് മഹാനവമി, നാളെ വിജയദശമി… അല്ലെങ്കിൽ തന്നെ പിള്ളേർക്കു രണ്ടാൾക്കും എന്നും പൂജവെപ്പു ദിനമാണല്ലോ. പുസ്തകം തുറക്കുന്നതുതന്നെ വിരളമാണ്. പഠിക്കുന്നത് രണ്ടാൾക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. എങ്ങനെയൊക്കെയോ മൂത്തവൾ പ്ലസ് ടു വരെ എത്തി.ഇളയവൾ എട്ടിലും… ഇനി എന്താവും എന്നു കണ്ടറിയണം.

സേതു എഴുന്നേറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു.
രാവിലെ എഴുന്നേറ്റ് അടുക്കളയിൽ ഒന്നു സഹായിക്കുക…ഇവിടെ ആർക്കും താൽപ്പര്യമില്ല. പിള്ളേര് പോത്തുപോലെ കിടന്നുറങ്ങും.അങ്ങേരുടെ കാര്യം പറയുകയും വേണ്ട. അടുക്കളകാര്യങ്ങളിൽ പെണ്ണുങ്ങളെ സഹായിക്കുന്നത് പെൺകോന്തന്മാരാണത്രേ… അടുക്കള ജോലി സ്ത്രീകൾക്കു മാത്രമുള്ളതാണെന്നും സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കൽ മാത്രമാണ് ആണുങ്ങൾ ചെയ്യേണ്ടതെന്നും കുട്ടിക്കാലം മുതൽ തുടർന്നുവന്നശീലം..ഇനി മാറ്റാനുമാവില്ല. അങ്ങേരെ സഹായത്തിനു കിട്ടിയില്ലെങ്കിലും പിള്ളേരെങ്കിലും സഹായിക്കേണ്ട…? മൂത്തവൾ എന്തു കാര്യത്തിനും മടിച്ചിയാ…
ഇളയവൾ നല്ല നേരം നോക്കി എന്തെങ്കിലും കുറച്ചു സഹായിച്ചാലായി. പിള്ളേരെ പറഞ്ഞിട്ടും കാര്യമില്ല സുഖജീവിതം എന്തെന്നു മനസ്സിലാക്കി കഴിഞ്ഞു.രാവിലെ ഒരു ചായ സുമേഷേട്ടനു പതിവുള്ളതാണ്. ഇനി യാത്രയ്ക്കുമുമ്പു ചായ കിട്ടിയില്ലെന്നു വേണ്ട..
” ദേ,ചായ…..
എങ്ങോട്ടാ സുമേഷേട്ടാ രാവിലെ..? ഇന്ന് അവധിയായിട്ടും…… “
ചായ ടീപ്പോയിൽ വെച്ചുകൊണ്ട് സേതു ചോദിച്ചു.

“ഏത് നല്ലകാര്യത്തിനിറങ്ങുമ്പോഴും തടസ്സം പിടിക്കാൻ എത്തും..”

കൈയ്യിലെടുത്ത ചായ നീരസത്തോടെ ടീപ്പോയിൽ തിരികെ വെച്ച് സുമേഷ് ധൃതിയിൽ പുറത്തേക്കിറങ്ങി നടന്നു….

ഇങ്ങേർക്കിതെന്തുപറ്റി…? ആരോടോ ഉള്ള ദേഷ്യം വീട്ടിലുള്ളവരോടാണ് തീർക്കുന്നത്…
മനസ്സിൽ ഓർത്തുകൊണ്ട് സേതു അടുക്കളയിലേക്കു തിരിച്ചു. എന്തിനായിരിക്കും സുമേഷേട്ടൻ ഇത്ര രാവിലെ ധൃതിപ്പെട്ടു പോയത്..? എന്തോ തക്കതായ കാര്യമുണ്ട്. അല്ലെങ്കിലും എവിടെപ്പോയാലും വീട്ടിൽ പറയുന്ന ശീലമില്ലല്ലോ… സുമേഷേട്ടന്റെ അമ്മ പറയാറുണ്ട് “അവന് അച്ഛന്റെ അതേ സ്വഭാവമാണ് ” ഭർത്താവിന്റെ സ്വഭാവം മകന് കിട്ടിയതോർത്ത് അഭിമാനിക്കുന്ന ഒരമ്മ… ഓർത്താൽ തലയ്ക്കു ഭ്രാന്തു പിടിക്കും.

“അച്ഛനെവിടെ അമ്മേ…..?”

“ദാ…എന്റെ പോക്കറ്റിലിരിക്കുവാ.. എന്താ കാണണോ..? ” മനസ്സിൽ തോന്നിയ ദേഷ്യം സുമിതയോട് തീർത്തു.

” ഈ അമ്മയോടെന്തു ചോദിച്ചാലും തർക്കുത്തരം മാത്രമേയുള്ളൂ.. “
സുമിതയുടെ മുഖത്തു പരിഭവം നിഴലിച്ചു.

“നല്ല ഉത്തരം നൽകാൻ നിന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടാണോ എങ്ങോട്ടെങ്കിലും പോകുന്നത്..? അങ്ങേര് വായുഗുളിക മേടിക്കാൻ പോയതാവും..”

” അമ്മയും മോശമല്ലല്ലോ…?ഇങ്ങനെ തട്ടിക്കേറി സംസാരിച്ചാൽ അച്ഛനെങ്ങനെ നന്നാവാനാ…. “

” പിന്നേ…ഇതുവരെ നന്നാവാത്ത മനുഷ്യൻ ഇനി നന്നാവാൻ പോണു… പോയി നിന്റെ പണി നോക്ക് പെണ്ണേ…മേലനങ്ങി
ഒന്നും ചെയ്യത്തുമില്ല മറ്റുള്ളവരെ ശല്യപ്പെടുത്താനായി രാവിലെ ഓരോന്നു ചോദിച്ചോണ്ട് വന്നോളും..”.

“അമ്മേ ചായ….” മൂത്തവൾ ഉറക്കപ്പായേന്ന് എഴുന്നേറ്റു വന്നിട്ടുണ്ട്.

“ആദ്യം പോയി പല്ലുതേക്കാൻ നോക്ക്.. സമയാസമയങ്ങളിൽ വിശപ്പും ദാഹവും അറിയാമല്ലോ..”

“ഓ.. ഒരു പല്ലു തേയ്‌പ്പ്…”
വന്നതുപോലെ സ്മിത തിരികെപ്പോയി.

“സ്മിതേ… ഇനിയും കിടന്നുറങ്ങാനാണു ഭാവമെങ്കിൽ മുട്ടുകാല് തല്ലിയൊടിക്കും ഞാൻ…”
സേതു ഉറക്കെ വിളിച്ചു പറഞ്ഞു.

“പിന്നേ.. അമ്മ കാല് തല്ലി ഒടിച്ചവരൊക്കെ ഇപ്പൊ ഏന്തിനടക്കുവല്ലേ…”
സുമിതയുടെ അസ്ഥാനത്തുള്ള കോമഡി കാര്യങ്ങൾക്കു അല്പം അയവുവരുത്തി.

സമയം നാലുമണി കഴിഞ്ഞു. ഈ സുമേഷേട്ടൻ എവിടെപ്പോയിരിക്കുവാ…? വീട്ടീന്നല്ലാതെ പുറത്തുനിന്നു ഭക്ഷണം കഴിക്കാത്ത മനുഷ്യനാ… പച്ചവെള്ളം പോലും കുടിച്ചിട്ടുണ്ടാവില്ല..ഇത്രയും അത്യാവശ്യമായി എവിടെപ്പോയതായിരിക്കും…? ഇനി സൗദാമിനി ചേച്ചിയുടെ വീട്ടിലേയ്ക്ക് പോയതായിരിക്കുമോ..?ഏയ്.. പെങ്ങളുടെ വീടാണെങ്കിലും അധികനേരം അവിടെ തങ്ങില്ല.അല്ലെങ്കിലും അവിടെപ്പോകാൻ ഇത്ര രാവിലെ വെച്ചുപിടിക്കില്ല.
ആലോച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ല…

“മോളേ,.. നീ അച്ഛനെയൊന്ന് വിളിയ്ക്ക്..ഞാൻ വിളിച്ചാൽ എന്തെങ്കിലും ഗൗരവമുള്ള കാര്യത്തിനാണു പോയതെങ്കിൽ അതുമതി ഇന്നത്തെ വഴക്കിന്… “
മക്കളിൽ ഇളയവളോട് സുമേഷേട്ടൻ അധികം തർക്കത്തിനു പോകാറില്ല. അവളും വിട്ടുകൊടുക്കുന്ന പ്രകൃതമല്ല. എന്നാലും ഒരു പ്രത്യേക മമത അവളോട് കാണിക്കാറുണ്ട്..

“അച്ഛൻ പോയതുപോലെ ഇങ്ങുവരും.അമ്മയെ ന്തിനാ കിടന്നു കയറുപൊട്ടി ക്കുന്നത്…? നേർക്കുനേരെ കണ്ടാൽ രണ്ടാളും കീരിയും പാമ്പും പോലെയാണല്ലോ?.ഇപ്പോൾ കുറച്ചുനേരം കാണാതിരുന്നപ്പോൾ വേവലാതി കണ്ടില്ലേ…?”
സുമിതയുടെ പരിഹാസം സേതുവിനത്ര ദഹിച്ചില്ല.

“എടീ…. അച്ഛനിന്നൊന്നും കഴിച്ചിട്ടുണ്ടാവില്ല. ഹോട്ടൽ ഭക്ഷണം കഴിക്കുന്ന ശീലവുമില്ലല്ലോ?.. രാവിലെ ദേഷ്യപ്പെട്ടാണുപോയത്. എന്തോ പ്രശ്നമുണ്ട്.നീയൊന്നു വിളിച്ചു നോക്ക്…” “

“അമ്മേ അച്ഛന്റെ ഫോൺ സ്വിച്ച് ഓഫാണ്.” സ്മിത ഫോൺ ചെയ്തുകൊണ്ട് ഹാളിലേക്കു വന്നു.

“ഇങ്ങ് വരട്ടെ, എവിടെയെങ്കിലും പോയാൽ പറഞ്ഞിട്ടു പോയാലെന്താന്നു ചോദിക്കണം… രണ്ടിലൊന്ന് ഇന്നു തീരുമാനിക്കും..”
സേതു ചവിട്ടി തുള്ളി മുറിയിലേക്ക് പോയി.

സ്മിതയും സുമിതയും മുഖത്തോടുമുഖം നോക്കി.
ഇന്നിനി എന്താണാവോ പുതിയ കോലാഹലം…

രാത്രി ഏഴുമണി ആയപ്പോഴേക്കും സുമേഷെത്തി.
സേതു കണ്ട ഭാവം കാണിച്ചില്ല. അത്രയും നേരത്തെ വേവലാതി പരിഭവമായി അവളിൽ രൂപമാറ്റം സംഭവിച്ചിരുന്നു. എന്നാൽ സുമേഷ് പതിവിലും വ്യത്യസ്തമായി ഉന്മേഷവാനായി കാണപ്പെട്ടു.

“മോളെ സ്മിതേ..ആ തോർത്തിങ്ങെടുക്ക്. ഞാനൊന്നു കുളിക്കട്ടെ.” പൊതുവെ മുൻകോപിയും കലഹപ്രിയനുമായ സുമേഷിന്റെ സ്നേഹപ്രകടനം കേട്ട് സ്മിതയും അന്താളിച്ചു.

“അച്ഛാ..തോർത്ത് ബാത്റൂമിലുണ്ട്..
അച്ഛനെന്താ താമസിച്ചത്..? ഞാനെത്ര നേരമാണെന്നറിയോ വിളിച്ചത്…? എന്നിട്ടോ ഫോൺ സ്വിച്ച് ഓഫ്..” “

“ഇന്നലെ ചാർജ് ചെയ്യാൻ മറന്നു. ഉച്ചയായപ്പോൾ ഫോൺ ഓഫായി. നീ അമ്മയോട് കഴിക്കാൻ എടുത്തു വെയ്ക്കാൻ പറ….”
സുമേഷ് ബാത്ത്റൂമിലേക്കു കയറുന്നതിനിടയിൽ പറഞ്ഞു.

“സേതു….”

സുമേഷ് നീട്ടിവിളിച്ചു. അപ്പോഴും സേതു അനങ്ങിയില്ല.

“എടീ.. വന്നേ.. പ്രധാനപ്പെട്ടൊരു കാര്യം പറയാനുണ്ട്. പിള്ളേരെ,നിങ്ങളും വാ…”

എന്തായിരിക്കും അച്ഛന് പറയാനുള്ളത്…? ചിന്തിച്ചു സമയം മെനക്കെടുത്താതെ സ്മിതയും സുമിതയും സന്നിഹിതരായി.

“അമ്മേ…ഒന്നു വരുന്നുണ്ടോ..?”
സേതു വരാത്തതിലുള്ള അസഹ്യത സുമിത പ്രകടമാക്കി.താല്പര്യമില്ലാത്ത മട്ടിൽ സേതുവും വാതിൽക്കൽ വന്നു നിന്നു.

” എടീ, ഈ വരുന്ന ഇലക്ഷന് ആരാണ് സ്ഥാനാർത്ഥി എന്നറിയോ?”

‘”ആരാ “എന്ന അർത്ഥത്തിൽ മൂവരും സുമേഷിനെ ഉറ്റു നോക്കി.

…”ഈ ഞാൻ “…

സുമേഷ് പൂർത്തിയാക്കി.

“നിങ്ങളോ..?”

അതുവരെ മിണ്ടാതെ നിന്ന സേതുവിൽ നിന്നും അറിയാതെ ചോദ്യം പുറത്തുവന്നു.

“അതേടീ…ഇന്നുരാവിലെ അത്യാവശ്യമായി കാണണമെന്നു രഘു ഫോൺ ചെയ്തു. അതാ വെളുപ്പിനു പോയത്. വേഗം തിരിച്ചു വരാമെന്നാ കരുതിയത്.അവനെ കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. അടുത്തുവരുന്ന തെരെഞ്ഞെടുപ്പിൽ എൻ. കെ.സുമേഷിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചെന്ന്… കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിക്കാൻ പാർട്ടി സെക്രട്ടറിയെ ബന്ധപ്പെടാൻ നോക്കി. ഫോൺ കിട്ടുന്നില്ല. “ഔട്ട് ഓഫ് റെയിഞ്ച് “. പാർട്ടി ഓഫീസിൽ ചെന്ന് കുറേനേരമിരുന്നു. വന്നവരൊക്കെ അഭിനന്ദിച്ചു പിന്നെ കുറെനേരം എതിർ സ്ഥാനാർത്ഥി ഗോപിനാഥൻ പിടിക്കാൻ സാധ്യതയുള്ള വോട്ടുകളുടെ എണ്ണം കണക്കാക്കി ചർച്ച നടത്തി.ആറുമണിവരെ സെക്രട്ടറി വാസുദേവൻ സാറിനെ കാത്തിരുന്നു. അങ്ങേര് എത്തിയില്ല… പിന്നെ ഞാനിങ്ങ് പോന്നു..”

കാര്യത്തിന്റെ നിജസ്ഥിതി വ്യക്തമായതോടെ എല്ലാ മുഖങ്ങളിലും സന്തോഷത്തിന്റെ തിരയിളക്കം പ്രത്യക്ഷപ്പെട്ടു.

“മനുഷ്യാ…അതിന് നിങ്ങൾ ജയിക്കുമോ..”?സേതു സംശയം മറച്ചുവെച്ചില്ല.

” ഇതാ… നിന്റെ കുഴപ്പം ഒരു നല്ല കാര്യം പറഞ്ഞാൽ അതിനെ എങ്ങനെയൊക്കെ നിരുത്സാഹപ്പെടുത്താമോ അതു ചെയ്തിരിക്കും. “

“അച്ഛൻ പറ..അമ്മ പറയുന്നത് കാര്യമാക്കണ്ട..”
സ്മിത സന്ദർഭത്തിനനുസരിച്ചു സുമേഷിനെ സപ്പോർട്ടു ചെയ്തു.

“ഞാനൊരു സംശയം ചോദിച്ചതാണ്. എതിർ സ്ഥാനാർഥി ഗോപിനാഥനല്ലേ..?അവന് നാട്ടുകാർക്കിടയിൽ നല്ല പേരാണ്.പോരെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി വളർന്നുവന്നവനാണ്. കഴിഞ്ഞ രണ്ടു തവണയും നമ്മുടെ പഞ്ചായത്തിൽ നിഷ്പ്രയാസം ജയിച്ചതാണ്. അവനോടു മത്സരിക്കാൻ നിങ്ങൾക്കു രാഷ്ട്രീയത്തെക്കുറിച്ച് എന്തെങ്കിലും അറിയുമോ മനുഷ്യാ..?”

സേതു മനസ്സിൽ തോന്നിയതു അതേപടിപറഞ്ഞു.
ചോദ്യത്തിൽ കഴമ്പുണ്ടെന്ന് സുമേഷിനുമറിയാം. എന്നാലും പിടിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണ്.

“എടീ, ഗോപിയുടെ പാർട്ടി ഇപ്രാവശ്യം ജയിക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല വനിതാ പ്രതിനിധിയെ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വിവാദം നിലനിൽക്കുകയും, പാർട്ടിയിലെ വനിതാ മെമ്പർമാർ കൂട്ടത്തോടെ രാജിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ജനപിന്തുണ പഴയതുപോലെ കിട്ടാനുള്ള സാധ്യതയില്ല. അതുമാത്രമല്ല പാർട്ടിയിൽ നിന്നു രാജിവെച്ച ജമീലയും അന്നമ്മയും നമ്മളോടൊപ്പമുണ്ട്. സമുദായ വോട്ടുകൾ അവരിലൂടെ പിടിച്ചെടുക്കാം.നീയും പിള്ളേരും കൂടി അവർക്കൊപ്പം വോട്ട് പിടിക്കാൻ ഇറങ്ങണം…സ്ത്രീകളായ വോട്ടർമാരുടെ വോട്ടുകൾ നമുക്കുവീഴണം. ബാക്കി പാർട്ടിക്കാർ നോക്കിക്കൊള്ളും.”

“അച്ഛൻ ജയിച്ചാൽ പഞ്ചായത്തു മെമ്പറാണ്.ഒത്താൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കിട്ടും. ഞാൻ റെഡിയാണ്….” സുമിതയ്ക്ക് സന്തോഷം അടക്കാനായില്ല..

“പാർട്ടിയുടെ അനുസരണയുള്ള പ്രവർത്തകനായാൽ പ്രസിഡന്റ് മാത്രമല്ല,എം. എൽ.എ, എം.പി വരെയാകാം. പിന്നെ നമ്മളൊക്കെ ആരാ….? എം.പിയുടെ കുടുംബക്കാർ.എ സി കാറിൽ യാത്ര…. സുഖജീവിതം..”
പൊതുവേ മടിച്ചിയായ സ്മിതയിലും മാറ്റം വന്നു തുടങ്ങി.

“എന്നാലും അതിരാവിലെ ഒന്നും പറയാതെ വെപ്രാളപ്പെട്ട് പോയത് ഗുണമുള്ള കാര്യത്തിനായിരുന്നല്ലോ. പക്ഷേ, സുമേഷേട്ടാ…. എനിക്കിനിയും വിശ്വസിക്കാൻ കഴിയുന്നില്ല.”

സേതു പറഞ്ഞു തീർന്നില്ല അതിനു മുൻപേ സുമേഷിന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി..

“പാർട്ടി ഓഫീസിൽ നിന്ന് വാസുദേവൻ സാറാണ് ” എല്ലാവരോടും എന്ന പോലെ പറഞ്ഞുകൊണ്ട് സുമേഷ് ഫോൺ ചെവിയോടു ചേർത്തു.
മറ്റുള്ളവർ നിശബ്ദത പാലിച്ചു. അങ്ങേത്തലയ്ക്കലെ സംസാരത്തിന്റെ ഗൗരവമനുസരിച്ച് സുമേഷിന്റെ മുഖത്തു വിവിധഭാവങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു… ഫോൺ കട്ട് ചെയ്തയുടനെ സുമേഷ് കസേരയിലേയ്ക്കിരുന്നു. ചെറുതായി കിതച്ചു….

“എന്താ…എന്തുപറ്റി..”?
സേതു അമ്പരന്നു.

“നീയൊന്നു പോകുന്നുണ്ടോ….
എനിക്കപ്പഴേ അറിയാമായിരുന്നു നിന്റെ തിരുമോന്ത കണ്ടുകൊണ്ടു പോയാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്…” സുമേഷ് ദേഷ്യം കൊണ്ടു വിറച്ചു.

“അതിന്.. ഞാനെന്തു ചെയ്തു..? നിങ്ങൾ കാര്യം പറ മനുഷ്യാ…”
സേതുവും വിട്ടുകൊടുത്തില്ല.

“എന്റെ മുമ്പീന്നു പൊയ്ക്കൊള്ളണം… ” സുമേഷിന്റെ പെട്ടെന്നുള്ള ഭാവമാറ്റം എല്ലാവരിലും ജിജ്ഞാസ ഉണ്ടാക്കി.

“എന്താ അച്ഛാ പറ്റിയത്… എന്താ പാർട്ടി സെക്രട്ടറി പറഞ്ഞത്..?

സുമേഷ് ദയനീയഭാവത്തിൽ സുമിതയെ നോക്കി.

“രഘുവിന് തെറ്റു പറ്റിയതാണെന്ന്…എൻ. കെ.സുമേഷല്ല.കെ എൻ.സുമേഷാണത്രേ സ്ഥാനാർത്ഥി… പടിഞ്ഞാറ്റയിൽ നാരായണന്റെ മോൻ സുമേഷ്….”

ഏതാനും മണിക്കൂറുകൾ നീണ്ടുനിന്ന സന്തോഷത്തിന്റെ കടയ്ക്കൽ കത്തിമുന പതിഞ്ഞു.

സേതു തന്റെ അധികാര കേന്ദ്രമായ അടുക്കളയിലേയ്ക്ക് പിൻവാങ്ങി.
പോകും മുൻപേ സുമേഷിനിട്ടൊരു താങ്ങുകൊടുക്കാൻ മറന്നില്ല. “എന്തൊക്കെയായിരുന്നു പുകില്…എംഎൽഎ” എം പി..വണ്ടി…കൊടച്ചക്രം.. ചുമ്മാ കൊടിയും പിടിച്ചു വാലാട്ടി നടക്കാതെ നാളെമുതൽ തൂമ്പയെടുത്ത് കിളയ് ക്ക് മനുഷ്യാ…കുടുംബത്ത് പട്ടിണിയില്ലാതെ കഴിയാം… “
സുമേഷിന്റെ മറുപടിക്കുകാത്തു നിൽക്കാതെ സുമിതയും സ്മിതയും സേതുവിനെ പിന്തുടർന്നു.
നടുകടലിൽ പങ്കായം നഷ്ടപ്പെട്ടവനെപ്പോലെ സുമേഷ് ഇതികർത്തവ്യമൂഢനായി നിലകൊണ്ടു ……

✍സന്ധ്യാജയേഷ് പുളിമാത്ത്

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: