17.1 C
New York
Thursday, December 8, 2022
Home Special സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (2)

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര. (2)

Bootstrap Example

ആൺ-പെൺ വ്യത്യാസമില്ലാതെ വിവാഹിതരാകുന്ന മക്കൾ കുടുംബമെന്ന മഹത്തായ സ്ഥാപനം ആരംഭിക്കാൻ ഇരുവരുടേയും മാതാപിതാക്കളും ബന്ധുമിത്രാദികളും ഉദാരമായി സംഭാവന ചെയ്യുന്നത് ഉദാത്തമായ ഒരാശയം തന്നെയാകുന്നു. ‘വെളുക്കാൻ തേച്ചതു പാണ്ഡായി’ എന്ന ചൊല്ലുപോലെ സദുദ്ദേശത്തോടുകൂടെ തുടക്കം കുറിച്ച് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സ്ത്രീധന വ്യവസ്ഥ എന്നു മുതൽ, എങ്ങനെ അക്രമത്തിന്റേയും, വ്യക്തിഹത്യയുടേയും, കൊല, തർക്കൊല, ക്രൂരമർദ്ദനം, എന്നിങ്ങനെ ഒടുങ്ങാത് മനുഷ്യത്വ രഹിതമായ തിന്മയുടെ പര്യായമായി പരിണമിച്ചു എന്നു കൂലങ്കഷമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ധനികർ, അഭ്യസ്തവിദ്യർ, സംസ്കാരത്തിന്റെ ഉന്നത സോപാനത്തിൽ എത്തി എന്നവകാശപ്പെടുന്ന അഭിമാനികളിൽ ആണധികവും ഈ വൈകല്യം കണ്ടുവരുന്നതു.

എന്റെ ചെറുപ്പകാലത്തു അതായതു 65 വർഷങ്ങൾക്കു മുമ്പ് വിവാഹം ഒരു അവാച്യ സന്തോഷ സന്ദർഭമായിരുന്നു. എന്റെ ഗ്രാമത്തിൽ ധനികർ ഇല്ലായിരുന്നു. മാത്രമല്ല. മൂന്നു നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ചിരുന്ന കുടുംബങ്ങൾ അംഗുലീ പരിമിതമായിരുന്നു. ഏറിയ പങ്കും അർദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും ആയിരുന്നു എന്നു ചുരുക്കം. സ്ത്രീധനം നൂറു മുതൽ അഞ്ഞൂറു രൂപാവരെ ഏറിയപങ്കും പത്തു സെന്റു മുതൽ അര ഏക്കർ വരെ കുടുംബവീതം എഴുതിക്കൊടുക്കും. അന്നു ഒരു സെന്റിനു ഏറെയായാൽ 10 രൂപ വില, ഒരു മാല, ഒരു മോതിരം, ഒരു ചെറിയ കാതിൽപ്പൂവ്, എന്നിവ തന്നെ സ്വന്തമായുള്ളവർ വിരളം. അധികവും. അടുത്തവരിൽ നിന്നു ചടങ്ങിൽ അണിയാൻ കടമെടുക്കലായിരുന്നു പതിവ്. കല്യാണം ഉറപ്പിനു 5, 7,9, കല്യാണത്തിനു, 25, 50, 75 എന്നീ ക്രമത്തിൽ അതിഥികൾ, ഭവനങ്ങളിൽ സൽക്കാരം. ഇത്രയുമായാൽ എല്ലാം മംഗളം. അമ്മാവിയമ്മ, നാത്തൂൻ, മരുമകൾ പ്രശ്നം അന്നും രൂക്ഷമായിരുന്നു, അങ്ങനെയുള്ള രംഗങ്ങളിൽ സ്ത്രീധനവും പ്രശ്നം ആകുമായിരുന്നു, എന്നാൽ ദൂരവ്യാപകമല്ലായിരുന്നു. ആ നാളുകളിൽ കേരള ദേശത്തു സ്ത്രീധനത്തെ ചൊല്ലി വഴക്കും, ഭാര്യാ പീഢനം, കൊല, വേർപിരിച്ചിൽ എന്നൊന്നും സുലഭമല്ലായിരുന്നു. എല്ലാവരും ഒരുവിധം സുഖമായും, സമാധാമായും സന്തോഷമായും ജീവിച്ചു എന്നു പറയാം.

ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ചില യുവാക്കൾ, പട്ടാളത്തിലും യുവതികൾ നേഴ്സി ങ്ങിനും കേരളത്തിനു വെളിയിൽ പോയിത്തുടങ്ങി. അൺപിള്ളേർ പോയ ഭവനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല. എന്നാൽ പെൺപിള്ളേർ പൊയിട്ടുള്ള വീടുകൾ നന്നായി. എന്നൊരു പറച്ചിലുണ്ട്. കടം വീട്ടുക, ഇളയ സഹോദരങ്ങളെ പഠിപ്പിക്കുക, വീടു പണിയുക എന്നിങ്ങനെ അവർ മാതപിതാക്കള അതിരുകവിഞ്ഞു സഹായിച്ചു. വീടുദ്ധരിച്ചിട്ടുവേണം മകൾക്ക് കല്യാണം ആലോചിക്കാൻ, അങ്ങനെ മാതാപിതാക്കളുടെ കറവപ്പശുക്കളായി, വിവാഹപ്രായം കഴിഞ്ഞതുകൊണ്ട് ഒറ്റപ്പെട്ട സഹോദരികളും വളരെയുണ്ട്. അവർ അവധിക്കു വരുമ്പോൾ അവിടെ ലഭ്യതയുള്ള റേഡിയോ തുടങ്ങി ഇലക്ട്രോണിക് ഐറ്റെംസ് കോണ്ടുവരാനും, വീടു മോടി പിടിപ്പിക്കാനും തുടങ്ങി. നാട്ടിൽ അതൊരു പുതുമ ആയിരുന്നു. ജോലിയും സ്ഥിരവരുമാനവുമുള്ളവർ തുല്യം ജോലിയും വരുമാനവും ഉള്ളവരെ വിവാഹം ചെയ്തു തുടങ്ങി. ജോലിയില്ലാത്ത സ്ത്രീകൾക്ക് ഒരു കുറവുള്ള പോലെ അവരെ അവഗണിച്ചു. തൽസ്ഥിതി പരിഹരിക്കാനെന്നവണ്ണം പെൺവീട്ടുകാർ താങ്ങാവുന്നതിനും അപ്പുറം സ്ത്രീധന മൂല്യം കൂട്ടി.

കുറേക്കൂടി കഴിഞ്ഞു. എഴുപതുകാലത്തു പെട്രോൾ മണി കുമിഞ്ഞുകൂടിയതിന്റെ ഫലമായി ഗൾഫ് രാജ്യങ്ങൾ വികസനങ്ങൾ തുടങ്ങി. മുക്കുവർക്കും ചാകര എന്ന പോലെ നേഴ്‌സുംമാർക്കു ഗൾഫ് നാടുകളിൽ ഉയർന്ന വേതനത്തിൽ ജോലി സാധ്യമായി. അവിടെ അവർക്കു ലഭിക്കുന്നതു ഉയർന്ന വേതനം അല്ല ഇൻഡ്യൻ രൂപായുടെ മൂല്യയിടിവ് മൂലം വിദേശപണത്തിനു മൂല്യം കൂടി. അത്രേയുള്ളൂ. ഉദാ: 1947ൽ ഇൻഡ്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇൻഡ്യയുടെ ഒരു രൂപായും അമേരിക്കയുടെ ഒരു ഡോളറും തുല്യ മൂല്യമായിരുന്നു. ഇപ്പോൾ ഒരു ഡോളറിനു 78 രൂപാ, ഇൻഡ്യയുടെ പുരോഗമനം ചിന്തിക്കാമല്ലൊ.

യുവാക്കൾക്കും യോഗ്യത അനുസരിച്ച് ധാരാളം അവസരങ്ങൾ ലഭിച്ചു. കിടപ്പാടം വരെ വിറ്റും പണയപ്പെടുത്തിയും എൻ. ഓ. സി. വാങ്ങി ഗൾഫിൽ പോയവരെല്ലാം, നിലം പുരയിടങ്ങൾ വാങ്ങി, രണ്ടുനില കെട്ടിടം പണിയാനും ആഡംബരം പ്രദർശിപ്പിക്കാനും, ഇല്ലാത്ത കുടുംബചരിത്രം പടച്ചെടുക്കുവാനും മുന്നോട്ടു നിന്നു. അക്കാലത്തു എല്ലാവർക്കും ഗൾഫുകാരെ മതി എന്ന നിലയായി. പരമ്പരാഗതമായി കടുംബ മഹിമയും ആഢ്യത്തവും ഉണ്ടെന്നു സ്വയം അഭിമാനിച്ചിരുന്നവർക്കു നവീന പ്രതിഭാസം ഇരുട്ടടി പോലെയായി. അവർ ഒരുകാലത്തു നിഷിദ്ധമായി കരുതിയിരുന്ന നഴ്സിങ്ങിന്റെ മക്കളെ അയച്ചുതുടങ്ങി. എന്തിന്‌:, നേഴ്സ് അഭിമാന പ്രതീകമായി മാറി. ഗൽഫുകാരുടെ യോഗ്യത അനുസരിച്ചു വിലപേശൽ റോക്കറ്റുപോലെ ഉയർന്നു. സ്ത്രീധനം കൂടുന്ന അനുപാതം അനുസരിച്ചു വിവാഹ പടങ്ങുകളും അടി പൊളി ആക്കാൻ ആരും മറന്നില്ല. ധാരാളം ആളുകളെ പങ്കെടുപ്പിക്കുക. ധാരാളം കാറുകൾ അകമ്പടി പോവുക, ഗിഫ്റ്റ് കൊടുക്കുക, ഫോട്ടൊ, വിഡിയൊ, എന്നിങ്ങനെ മോടികൾ അനവധി.

അല്പം കൂടി കഴിഞ്ഞപ്പോൾ ഇക്കൂട്ടർ, അമേരിക്ക, ജർമ്മനി, എന്നീ പാശ്ചാത്യ നാടുകളിൽ കുടിയേ റാൻ തുടങ്ങി. പത്താം ക്ലാസ് പഠിച്ചാൽ നാട്ടിൽ പണിയെടുക്കാൻ ലജ്ജിക്കുന്നവർ അന്യദേശത്തു എന്ത് വീടുപണിയും അഭിമാനത്തോടെ ചെയ്യും. അവരായിരിക്കുന്ന ദേശങ്ങളിൽ എല്ലാം എല്ലു മുറിയെ പണിയെടുക്കുന്നു. ധനസമ്പാദനം ചെയ്യുന്നു. എങ്കിലും നാട്ടിൽ അതൊന്നും വെളിപ്പെടുത്താറില്ല. അവിടെ അടിച്ചുപൊളിക്കും. യാതൊരു വിദ്യാഭ്യാസ യോഗ്യതയോ സ്വഭാവ യോഗ്യതയോ ഇല്ലാത്ത ഒരാൾ വിസ്സ എന്ന പ്ലാസ്റ്റിക് കഷണവുമായി നാട്ടിലെത്തേണ്ട താമസ്സം, ഡോക്ടർ, എഞ്ചിനീയർ, എന്നു വേണ്ടാ, എല്ലാവരും വിവാഹത്തിനു തയ്യാർ. മാന്യമായ ജോലിയോ, വരുമാനമോ ഇല്ലാതെ അന്യദേശത്തു കുറെ കാലം ചെലവഴിച്ച ശേഷം അൽപം മോടിയുള്ള വീടുള്ളവർ നല്ല വേഷവും ധരിച്ചു ചെല്ലുന്നവർക്കു വെളിയിലാണെന്ന ഒറ്റ യോഗ്യത, യാതൊരു അന്വേഷണവും കൂടാതെ പെൺമക്കളെ വിവാഹം ചെയ്തു. കൊടുത്ത് ഉത്തരവാദിത്വം ഒഴിയുന്ന മാതാപിതാക്കളും സഹോദരങ്ങളും. ഇങ്ങനെ വിധിയെ ശപിച്ചു പട്ടിണിയിൽനിന്നു രക്ഷപെടുവാൻ അപഥ സഞ്ചാരം വരെ എത്തിയ പലരേയും ഈ ലേഖകൻ നേരിൽ കണ്ടിട്ടുണ്ട്. അമേരിക്കയിലെങ്കിൽ ആഡംബര വിവാഹശേഷം തിരിച്ചു വന്നു. ജോലിക്കു പോകാതെ വെള്ളമടിച്ചു പൂസ്സായി നിത്യേന ഭാര്യാമർദ്ദനം, ചീത്തവിളി, തുടങ്ങി എന്തെല്ലാം കലാ പരിപാടികൾ. ആരോരും സഹായത്തിനില്ലാതെ, എല്ലാം കടിച്ചമർത്തി ആശകളെല്ലാം അസ്തമിച്ച എത്ര ആയിരങ്ങളുടെ ജീവിതം ഹോമിക്കപ്പെട്ടിരിക്കുന്നു ?. മറുവശത്തു, ഭർത്താവിന്റെ പിടിപ്പുകേടുകൊണ്ട്, അവസരങ്ങൾ മുതലെടുത്തു, അപഥ സഞ്ചാരം നടത്തുന്നവരും കുറവല്ല രസകരമായ ഒരു നിരീക്ഷണം എന്തെന്നാൽ ഈവിധ സന്ദർഭങ്ങളിൽ ഭർത്താവിന്റെ സഹോദരങ്ങൾ സ്വസഹോരനെ തിരുത്തുവാനല്ല, നാത്തൂന്റെ ദോഷങ്ങൾ പെരുപ്പിച്ചു കലഹവും പീഢനവും ആവർത്തിച്ചു ബന്ധം വഷളാക്കകയാണു പതിവു. ഇവർ ഗാർഹിക-ആന്തരീക പ്രശ്നങ്ങൾ ഇടവകകളിൽ കൊണ്ടു വരുന്നതും പതിവാകുന്നു.

വിദേശങ്ങളിൽ ജോലിയും, സാമാന്യം ഭേദപ്പെട്ട വരുമാനവും, വിദേശങ്ങളിൽനിന്നു നാട്ടിലേക്കു പണം ഒഴുകലും തുടങ്ങിയതോടെ സമൂഹത്തിൽ താളം തെറ്റൽ തുടങ്ങി എന്നു പറയുന്നതാവും ശരി. കൂട്ടു കുടുംബ വ്യവസ്ഥയിൽനിന്നു അണുകുടുംബവ്യവസ്ഥ സംജാതമായതും ഇക്കാരണങ്ങളാൽ ആകുന്നു. വർധിച്ച ജീവിത സാഹചര്യങ്ങൾ അടിസ്ഥാന ആവശ്യത്തിലധികം ധനം ചിലരിൽ മാത്രം കുമിഞ്ഞു കൂടുന്നതിന്റെ തിക്തഫലമാകുന്നു. വിലവർധനവും ധനാഗമന മാർഗ്ഗങ്ങളിലുള്ള അസന്തുലിത വൃദ്ധ ജനങ്ങളോടുള്ള അവഗണന, വിദ്യാലയങ്ങളിലെ ക്രമരാഹിത്യം, യുവാക്കളുടെ അസാന്മാഗികത, സാമൂഹ്യ- രാഷ്ട്രീയ -സർക്കാർതല അഴിമതി, സുഖലോലുപത, എന്നിവ ക്രമാതീതമായി വർദ്ധിച്ചു.

ചെറുപ്പത്തിൽ, ഒന്നിച്ചു നടന്നവരും, പഠിച്ചവരും അങ്ങനെ നാട്ടിൽ ഇന്നും പഴയ തോതിൽ ജീവിക്കാൻ പാടുപെടുന്ന സതീർത്ഥർക്കും കൂട്ടുകാരന്റെ പൊടുന്നനവെയുള്ള പുരോഗമനം അസൂയാവഹമാണെന്നു പറയേണ്ടതില്ലല്ലൊ. അസൂയ എന്ന മനോഭാവം നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. മുളയിലേ നുള്ളി കളഞ്ഞില്ലെങ്കിൽ അതു വളർന്നു വടവൃക്ഷമായി സമീപസ്ഥരേയും തന്നെത്തന്നെയും നശിപ്പിക്കും.

ഉൽപ്പത്തി പുസ്തകത്തിൽ കായേന്റെ കഥ ഉത്തമ ഉദാഹരണം. സഹോദരനെപോലെ നന്മയിൽ വളരേണ്ടവൻ , മൂന്നറിയിപ്പ് ലഭിച്ചിട്ടും, അതിനു മുതിരാതെ തിന്മയിൽ സ്ഥിരപ്പെട്ടു സ്വസഹോദരനെ കൊല്ലുന്നു. ഇതു ഒറ്റപ്പെട്ട സംഭവമല്ല, അസൂയമൂലം വ്യക്തിക്കും സമൂഹത്തിനും ഉണ്ടായിട്ടുള്ള അനിഷ്ട സംഭവങ്ങൾ, അതിന്റെ തിക്ത അനുഭവങ്ങൾ, ഫലങ്ങൾ. എല്ലാം പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ധാരാളം വിവരിച്ചിട്ടുണ്ട്. സ്ത്രീധന പീഢകളിലും കൊലയിലും അസൂയ സാരമായ പങ്കു വഹിക്കുന്നു.

തുടരും………………….

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: