17.1 C
New York
Saturday, October 16, 2021
Home Health സ്ട്രെസ്സ് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു.

സ്ട്രെസ്സ് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു.

✍ലാൽ കിഷോർ

നിങ്ങൾ ഉറങ്ങാൻ ഏറെ ബുദ്ധിമുട്ട്
അനുഭവിക്കുന്നവരാണോ ?

ചെറിയ കാര്യങ്ങൾ പോലും നിങ്ങളെ മാനസികമായി അലട്ടുകയും പ്രകോപിതരാക്കുകയും ചെയ്യുന്നുണ്ടോ ?

ചെറിയ ചെറിയ കാര്യങ്ങൾ പോലും നിങ്ങൾ മറക്കുന്നുണ്ടോ ?

നിങ്ങൾ ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ടോ ?

എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്. കാരണം ഞാനും നിങ്ങളും
ഈ സമൂഹവും, മനുഷ്യനെ പതിയെ കൊല്ലുന്ന ‘സ്ട്രെസ്സ്’ എന്ന വിഷബാധയുടെ കൈപ്പിടിക്കുള്ളിലാണ്.

എന്താണ് സ്ട്രെസ്സ് ?

പ്രതികൂലമായ സാഹചര്യങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് സ്ട്രെസ്സ്.
അവ യഥാർത്ഥമോ അല്ലെങ്കിൽ ചിന്തകളിൽ നിന്ന് ഉത്ഭവിക്കുന്നതോ ആകാം. നമ്മൾ ഏന്തെങ്കിലും തരത്തിലുള്ള ആപത്തിൽപെടുമ്പോൾ നമ്മുടെ ശരീരത്തിൽ ചില രാസപ്രവർത്തനങ്ങൾ നടക്കാറുണ്ട്. ഈ പ്രതികരണത്തെ ‘fight-or-flight’ അല്ലെങ്കിൽ ‘Stress response’ എന്നാണ് വിളിക്കുന്നത്.
ഇതിന്റെ ഫലമായി നമ്മുടെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നു, ശ്വസനം വേഗത്തിലാകുന്നു, പേശികൾ ശക്തമാവുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്നു.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ശരീരം സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണിത്.

നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നാണ് ‘സ്ട്രെസ്സ്’. തിരക്കേറിയ ജീവിത സാഹചര്യങ്ങളിലൂടെ ഈ അവസ്ഥ
നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അന്ത്യമില്ലാത്തത് കൊണ്ട് അവന്റെ പ്രശ്നങ്ങൾക്കും അവസാനമില്ല.
അതുകൊണ്ട് തന്നെ സ്ട്രെസ്സ് എന്ന അവസ്ഥയെ നമുക്ക് ഇല്ലാതാക്കാൻ കഴിയില്ല. സമ്മർദ്ദങ്ങളെ അതിജീവിച്ച് അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുവാൻ മാത്രമേ സാധിക്കുകയുള്ളൂ.

സമ്മർദ്ദം എന്നത് എല്ലാവരിലും ഒരുപോലെ ആകണമെന്നില്ല. വ്യത്യസ്ത ആളുകളിൽ അനുഭവങ്ങൾ വ്യത്യസ്തമാണ്.
ഒരാളുടെ പ്രശ്നങ്ങൾ മറ്റൊരാൾക്ക് വളരെ നിസാരമായി തോന്നാം.ഒരു വ്യക്തിയിൽ സമ്മർദ്ദം ഉണ്ടാക്കുന്ന അതേ കാരണങ്ങൾ മറ്റൊരാളെ സംബന്ധിച്ച് അയാൾ ചിലപ്പോൾ യാതൊരു പരിഗണനയും കൊടുക്കാത്ത കാര്യം ആയിരിക്കാം. ചില ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സമ്മർദ്ദങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയും.

‘പല തുള്ളി പെരുവെള്ളം’ എന്ന ചൊല്ല് നമുക്ക് പരിചിതമാണ്. അതുപോലെ നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും എന്തെങ്കിലും ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങളിൽ പലതും നമ്മൾ തരണം ചെയ്യാറുമുണ്ട്. ഇവിടെ ഓരോ സമയവും സ്ട്രെസ്സിനോട് എങ്ങനെ പ്രതികരിക്കണമെന്ന്
ശരീരം പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഒരാൾ ഒരു കാർ ഓടിക്കുമ്പോൾ മുന്നിലുള്ള കാറിനെ ഇടിക്കുന്നതിന് മുൻപ് ബ്രേക്ക് പിടിക്കുന്നത് പോലും സ്ട്രെസ്സ് മാനേജ്‌മെന്റ് നമുക്ക് നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നത് കൊണ്ടാണ്. എല്ലാ സമ്മർദ്ദങ്ങളും മോശമല്ല. ചെറിയ അളവിൽ സമ്മർദ്ദങ്ങൾ അനുഭവിക്കുന്നത് ചുമതലകൾ നിറവേറ്റുന്നതിനും പ്രതിസന്ധികളെ നേരിടുന്നത്തിനും നമ്മെ സഹായിക്കും.

ദിവസങ്ങൾ,മാസങ്ങൾ,വർഷങ്ങൾ അങ്ങനെ ഒരുപാട് കാലം സമ്മർദ്ദങ്ങൾ നിറഞ്ഞ അവസ്ഥയിലൂടെ ഒരാൾ കടന്ന് പോയാൽ ഈ സമ്മർദ്ദങ്ങൾ അയാളുടെ ശാരീരിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.വളരെയധികം സമ്മർദ്ദങ്ങൾ അവരെ ക്ഷീണിതരാക്കുന്നു. അത്‌ പിന്നീട് മാനസികവും ശാരീരികവുമായ രോഗങ്ങൾക്ക് കാരണമാകുന്നു.

തിരക്കേറിയ ജോലി സമയങ്ങൾ, സാമ്പത്തിക ഇടപാടുകൾ,
കുടുംബ ബന്ധങ്ങൾ അല്ലെങ്കിൽ വ്യക്തി ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ,ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുന്ന പ്രതിസന്ധി ഘട്ടങ്ങൾ,കുട്ടികളെ നോക്കുന്ന സമയങ്ങൾ അങ്ങനെ നിരവധി സാഹചര്യങ്ങൾ സമ്മർദ്ദങ്ങൾ കൂടാൻ കാരണമാകാം.

സമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ എന്തെന്ന് തിരിച്ചറിയുക എന്നതാണ്. എന്നാൽ സമ്മർദ്ദ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും.

ചെറിയ അളവിലുള്ള സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിയിലാണ് നമ്മുടെ ശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പക്ഷേ,ദീർഘകാലത്തെ വിട്ടുമാറാത്ത സമ്മർദ്ദം കൈകാര്യം ചെയ്യാൻ നമ്മൾ സജ്ജരല്ല.

ആളുകൾ സമ്മർദ്ദത്തെ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിനാൽ സ്ട്രെസ്സിന്റെ ലക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല. വികാരങ്ങൾ, പെരുമാറ്റങ്ങൾ, ചിന്താശേഷി, ശാരീരിക ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവ ഉൾപ്പെടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്ട്രെസ്സ് ബാധിക്കുന്നു.

മറ്റ് പല രോഗ ലക്ഷണങ്ങളുമായി സ്ട്രെസ്സിന്റെ ലക്ഷണങ്ങൾക്ക് സാമ്യം ഉള്ളതിനാൽ രോഗനിർണയത്തെ ഇത് ബാധിക്കാറുണ്ട്. യഥാർത്ഥ കാരണങ്ങൾ പലപ്പോഴും അവ്യക്തമായിരിക്കും. അതിനാൽ ഒരാൾ ഡോക്ടറിനോട് രോഗ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോൾ അവർ കടന്ന് പോകുന്ന മാനസികാവസ്ഥയെ കുറിച്ച് കൂടി പറയേണ്ടത് പ്രധാനമാണ്.

വിട്ടുമാറാത്ത സമ്മർദ്ദങ്ങൾ നമ്മുടെ തലച്ചോറിന്റെ വലുപ്പത്തെയും അതിന്റെ ഘടനയെയും പ്രവർത്തനങ്ങളെയും
ബാധിക്കുന്നു.നമ്മുടെ ജീനുകളിലും സ്ട്രെസ്സിന് മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.

‘കോർട്ടിസോൾ’ എന്ന ഹോർമോൺ പുറപ്പെടുവിച്ച് കൊണ്ടാണ് സ്ട്രെസ്സ്ഫുൾ ആയിട്ടുള്ള സാഹചര്യങ്ങളോട് ശരീരം പ്രതികരിക്കുന്നത്. പ്രതികരണവുമായുള്ള ബന്ധം കാരണം കോർട്ടിസോളിനെ “സ്ട്രെസ് ഹോർമോൺ” എന്ന് വിളിക്കാറുണ്ട്. സ്ട്രെസ്സിനോട് പ്രതികരിക്കുക എന്നല്ലാതെ മറ്റ് നിരവധി ജോലികളും കോർട്ടിസോൾ ഹോർമോണിന്
നമ്മുടെ ശരീരത്തിലുണ്ട്.

കോർട്ടിസോൾ, സ്റ്റിറോയിഡ് ഹോർമോണുകളുടെ വിഭാഗത്തിൽ പെടുന്നു.അഡ്രീനൽ ഗ്രന്ഥികളിലാണ് ഈ ഹോർമോൺ നിർമ്മിക്കുന്നത്. ശരീരത്തിനുള്ളിലെ മിക്ക കോശങ്ങൾക്കും കോർട്ടിസോൾ റിസപ്റ്ററുകൾ ഉണ്ട്. ഹോർമോണിന്റെ ഉൽപ്പാദനം നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രീനൽ ഗ്രന്ഥി എന്നിവയാണ്. ഈ ഗ്രന്ഥികളുടെ കൂട്ടായ ഇടപെടലുകളെ ഒരുമിച്ച് വിളിക്കുന്നത് HPA Axix എന്നാണ്.

നമ്മുടെ മസ്തിഷ്കം സമ്മർദ്ദകരമായ സാഹചര്യങ്ങൾ തിരിച്ചറിയുമ്പോൾ തൽക്ഷണം HPA Axix നെ സജീവമാക്കി
കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തുവിടുന്നു. ഇത് പെട്ടെന്ന് തന്നെ സ്ട്രെസ്സ്ഫുൾ സിറ്റുവേഷൻ കൈകാര്യം
ചെയ്യാൻ ശരീത്തെ സജ്ജമാക്കുന്നു. എന്നാൽ ദീർഘകാലത്തേക്ക് കോർട്ടിസോളിന്റെ ഉയർന്ന അളവ്
നമ്മുടെ തലച്ചോറിനെ നശിപ്പിക്കുന്നു.

ഉദാഹരണത്തിന്,വിട്ടുമാറാത്ത സമ്മർദ്ദം തലച്ചോറിലെ ന്യൂറൽ കണക്ഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനോടൊപ്പം,
തലച്ചോറിലെ അമിഗ്ഡാല ( Amygdala) ഹിപ്പോകാമ്പസ് (Hippocampus) എന്നീ ഭാഗങ്ങളെയും ബാധിക്കുന്നു.
തലച്ചോറിന്റെ ഈ ഭാഗങ്ങളാണ്ഭ യം, സമ്മർദ്ദ പ്രതികരണങ്ങൾ എന്നിവയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. മെമ്മറിയിൽ ഇത് ഒരു പ്രധാന
പങ്ക് വഹിക്കുന്നുണ്ട്.

വൈകാരിക പ്രതികരണങ്ങൾക്കിടയിൽ, ഈ രണ്ട് മസ്തിഷ്ക മേഖലകളും വികാരത്തെ പ്രത്യേക തലങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നു

കോർട്ടിസോളിന്റെ അളവ് ഉയരുമ്പോൾ നമ്മുടെ ഹിപ്പോകാമ്പസിലെ വൈദ്യുത സിഗ്നലുകളുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം പഠനം, ഓർമ്മകൾ, സമ്മർദ്ദ നിയന്ത്രണം, വികാരങ്ങൾ എന്നിവയെ വഷളാക്കുന്നു. ഹിപ്പോകാമ്പസിലെ മസ്തിഷ്ക കോശങ്ങളെ ബാധിക്കുന്ന തകരാറുകൾ മറവി രോഗത്തിലേക്ക് നയിക്കുന്നു.തുടർന്ന് മാനസിക പ്രശ്നങ്ങൾ,
വിഷാദ രോഗം പോലെയുള്ളവയ്ക്ക് വേദിയൊരുക്കുകയും ചെയ്യുന്നു.

ദീർഘകാലത്തെ സ്ട്രെസ്സിലൂടെ HPA Axix ന്റെ പ്രവർത്തനങ്ങളെ ഹിപ്പോകാമ്പസ് ദുർബലമാക്കുന്നു. ഇത് സമ്മർദ്ദങ്ങളോട് പ്രതികരിക്കാനുള്ള നമ്മുടെ കഴിവിനെ കുറയ്ക്കുന്നു.

ഇത് മാത്രമല്ല.കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂടുന്നത്‌ തലച്ചോറിന്റെ വലുപ്പം ചുരുക്കാൻ
കാരണമാകാം. തലച്ചോറിന്റെ ഭാഗമായ പ്രീഫ്രണ്ടൽ കോർട്ടെക്സിന്റെ (prefrontal cortex) ചുരുങ്ങൽ ഏകാഗ്രത, തീരുമാനമെടുക്കൽ, ജഡ്ജ്മെന്റ്, സാമൂഹിക ഇടപെടൽ എന്നിവയെ ബാധിക്കുന്നു.കൂടാതെ ന്യൂറോണുകൾ
തമ്മിലുള്ള സിനാപ്റ്റിക് കണക്ഷനുകളുടെ നഷ്ടത്തിനും ഇത്‌ കാരണമാകുന്നു.

സ്ട്രെസ്സ് നമ്മുടെ തലച്ചോറിനെ മാത്രമല്ല നശിപ്പിക്കുന്നത് ശരീരത്തിലുടനീളം ഉള്ള അവയവങ്ങളെയും കോശങ്ങളെയും അത്‌ നശിപ്പിക്കുന്നു.

സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനോടൊപ്പം
അഡ്രീനൽ ഗ്രന്ഥി പുറത്തുവിടുന്ന രണ്ട് ഹോർമോണുകളാണ് എപിനെഫ്രിൻ, നോറെപിനെഫ്രിൻ എന്നിവ. എപിനെഫ്രിൻ ‘അഡ്രിനാലിൻ’ എന്നും അറിയപ്പെടുന്നു.

ഈ ഹോർമോണുകൾ നമ്മുടെ രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുമ്പോൾ അവ നമ്മുടെ രക്തക്കുഴലുകളിലേക്കും ഹൃദയത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരും.അഡ്രിനാലിൻ നമ്മുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ ഇത്‌ രക്തസമ്മർദത്തിന് കാരണമാകുന്നു.

കോർട്ടിസോളിന് രക്തക്കുഴലുകളുടെ ആന്തരിക പാളിയുടെ പ്രവർത്തനങ്ങളെ തകരാറിലാക്കാൻ കഴിയും.ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞ് കൂടാൻ ഇത് കാരണമാകുന്നു. ഈ മാറ്റങ്ങൾ സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ അവസ്ഥകളിലേക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

നാഡീവ്യൂഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ആമാശയത്തെയും കുടലിനെയും ബാധിക്കുന്നതിനാൽ ബ്രെയിൻ-ഗ്യാസ്ട്രോ
ഇന്റസ്റ്റൈനൽ സംവിധാനങ്ങളുടെ കണക്ഷൻ ശല്യപ്പെടുത്താം. സ്വാഭാവിക പ്രക്രിയകളുടെ താളം തെറ്റുന്നതിലൂടെ മലവിസർജ്ജനത്തിന് പ്രശ്നങ്ങൾ ഉണ്ടാകാം.ഒപ്പം ആമാശയത്തിലെ ആസിഡിന്റെ ഉല്പാദനത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് കൊണ്ട് നെഞ്ചെരിച്ചിൽ അനുഭവപ്പെടാനുള്ള സാധ്യതകൾ കൂടുന്നു.

കോർട്ടിസോളിന് നമ്മുടെ വിശപ്പ് വർദ്ധിപ്പിക്കാൻ കഴിയും. ഇത് അമിതവണ്ണത്തിനും കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇൻസുലിൻ ഉല്പാദനത്തെ ബാധിക്കുന്നു.
ഇത് പ്രമേഹ രോഗത്തെയും അതിനുള്ള സാധ്യതകളും കൂട്ടുന്നു.

സ്ട്രെസ് ഹോർമോണുകൾ രോഗപ്രതിരോധ കോശങ്ങളെയും പലവിധത്തിൽ ബാധിക്കുന്നു. തുടക്കത്തിൽ സ്‌ട്രെസ് ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകുന്ന പരിക്കുകളെയും മുറിവുകളെയും പെട്ടെന്ന് സുഖപ്പെടുത്താൻ ശരീരത്തെ സഹായിക്കാറുണ്ട്, പക്ഷേ വിട്ടുമാറാത്ത സമ്മർദ്ദം
ചില രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും അണുബാധയ്ക്കുള്ള സാധ്യതകൾ കൂട്ടുകയും മുറിവുകൾ സുഖപ്പെടുത്തുന്നതിന് കാലതാമസം ഉണ്ടാക്കുകയും ചെയ്യുന്നു.

ഡിൻഎ യിലും ജനിതക മാറ്റങ്ങൾ ഉണ്ടാക്കാൻ ഇവയ്ക്ക് സാധിക്കും.പഠനങ്ങൾ പറയുന്നത് ഈ ജനിതക മാറ്റങ്ങൾ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് കൈമാറാൻ സാധ്യതകൾ കൂടുതലാണ് എന്നാണ്.

സമ്മർദ്ദങ്ങൾ മൂലം ഉയരുന്ന കോർട്ടിസോൾ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കാൻ വ്യായാമം, മെഡിറ്റേഷൻ എന്നിവ വളരെ ഉപകാരപ്രദമാണ്. ഈ രണ്ട് ആക്റ്റിവിറ്റീസ് കൂട്ടുന്നത് സമ്മർദ്ദം കുറയ്ക്കുകയും ഹിപ്പോകാമ്പസിന്റെ വലുപ്പം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി നമ്മുടെ മെമ്മറി മെച്ചപ്പെടുത്തുന്നു. കൂടാതെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിക്കുന്നു.

ദിവസവും സമ്മർദ്ദങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് നമ്മൾ എല്ലാവരും കടന്ന് പോകുന്നത്.ഇവയെ ഒഴിവാക്കാൻ
നമുക്ക് സാധിക്കില്ല.തലച്ചോറ് എപ്പോളും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് നമ്മൾ എങ്ങനെ ആ സമ്മർദ്ദത്തോട് പ്രതികരിക്കുന്നു എന്നതാണ്. പ്രശ്നങ്ങളിൽ നിന്നും ഓടി ഒളിക്കാതെ വെല്ലുവിളികളെ നേരിട്ട് കൊണ്ട് അവയ്ക്ക് പരിഹാരങ്ങൾ കണ്ടെത്തി മുന്നോട്ട് പോകാൻ കഴിഞ്ഞാൽ, ഹ്രസ്വകാലത്തെ നമ്മുടെ മികച്ച പ്രകടനം ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തോടെയിരിക്കാൻ നമ്മെ സഹായിക്കും.

ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങളാൽ ജീവിതത്തിൽ തോൽവികൾ മാത്രമേ ഏറ്റുവാങ്ങാൻ എനിക്ക് കഴിയുന്നുള്ളൂ
എന്ന് ചിന്തിച്ച് വിഷമിക്കാതെ, സ്ട്രെസ്സ് നമ്മളെ നിയന്ത്രിക്കുന്നതിനുമുമ്പ് നമുക്ക് സ്ട്രെസ്സിനെ നിയന്ത്രിക്കാം.

സ്ട്രെസ്സിന്റെ കൈപ്പിടിയിൽ അകപ്പെട്ടവർക്ക് പുറത്ത് വരിക എന്നുള്ളത് വളരെ പ്രയാസകരമായ കാര്യമാണ്. ഈ സന്ദർഭങ്ങളിൽ ചുറ്റുമുള്ളവരാണ്. അവരുടെ അവസ്ഥകൾ മനസ്സിലാക്കി അവർക്ക് ആശ്വാസമേകേണ്ടത്.
മരുന്നുകളെക്കാളേറെ സ്നേഹത്തിനാണ് ഈ സന്ദർഭങ്ങളിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുക.
കരുതൽ എന്ന് പറയുന്നത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് നമ്മൾ കൊടുക്കുന്ന ബഹുമാനവും അവർക്ക് കൊടുക്കുന്ന പ്രധാന്യവും കൂടി ആയിരിക്കണം. ഈ സമൂഹത്തിൽ അവർക്ക് എന്തെങ്കിലും റോൾ ചെയ്ത് തീർക്കാൻ ഉണ്ടെന്നുള്ള തൊന്നൽ അവരിൽ ഉണ്ടാക്കണം.

ഇന്ന് നമുക്ക് നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്നത്
സമയമില്ലായ്‌മയാണ്. ആരെയും കേൾക്കാനുള്ള സമയമില്ലായ്മ.മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കാൻ നമ്മൾ സമയം കണ്ടെത്തിയാൽ നമ്മുടെ പ്രശ്നങ്ങൾ കേൾക്കാൻ മറ്റാരെങ്കിലും സമയം സമയം കണ്ടെത്തും എന്നുള്ളതിൽ
സംശയമില്ല. നല്ലൊരു നാളേക്ക് ആയി പ്രതീക്ഷയോടെ നമുക്ക് കൈകൾ കോർക്കാം.

✍ലാൽ കിഷോർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...
WP2Social Auto Publish Powered By : XYZScripts.com
error: