ന്യൂജേഴ്‌സി: പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു.
മാര്‍ച്ച് 28 ന് ഞായറാഴ്ച രാവിലെ 9.30 ന് ഇടവക വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ശുശ്രൂഷകള്‍ക്ക് വികാരി ബഹുമാനപ്പെട്ട ഫാ.ആന്റണി സേവ്യര്‍ പുല്ലുകാട്ട് കാര്‍മികത്വം വഹിച്ചു. സി.ഡി.സി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഓശാന തിരുനാള്‍ ചടങ്ങുകള്‍ നടന്നത്.
കുരുത്തോല വെഞ്ചരിപ്പിനുശേഷം ക്രിസ്തുവിന്റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയുടെ പ്രതീകാല്മകമായി കുരുത്തോലകളും കൈയ്യിലേന്തി ഭഓശാനാ…ഓശാനാ…ദാവീദാത്മജനോശാനാ…’ എന്ന പ്രാര്‍ത്ഥനാഗാനവും ആലപിച്ചുകൊണ്ട് ദേവാല ത്തിലൂടെ പ്രദക്ഷിണം നടത്തുകയും, തുടര്‍ന്നു ഓശാനയുടെ തുടര്‍ ശുശ്രൂഷകള്‍ നടത്തപ്പെടുകയും ചെയ്തു.

ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനദിനമായ പെസഹാ വ്യാഴാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 1ന് വൈകുന്നേരം 7:30 ന് ആരംഭിക്കും. രുപത നിര്‍ദേശമനുസരിച്ച് കാല്‍കഴുകല്‍ ശുശ്രൂഷ ഉണ്ടായിരിക്കുന്നതല്ല.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ ഏപ്രില്‍ 1ലെ പെസഹാ വ്യാഴാഴ്ചത്തെ തിരുകര്‍മ്മങ്ങളില്‍ എല്ലാഇടവകാംഗങ്ങള്‍ക്കും ഒരുമിച്ച് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ രാവിലെ 7:30നും, വൈകീട്ട് 5:00നും, 7:30നു മായി മൂന്ന് ദിവ്യബലികള്‍ ഉണ്ടായിരിക്കും. 7:30നുള്ള ദിവ്യബലിക്കുശേഷം രാത്രി 12 മണി വരെ ദിവ്യ കാരുണ്യ ആരാധന നടത്തപ്പെടും.
പെസഹാ വ്യാഴാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷ ഓരോ വീടുകളിലും കുടുംബാംഗങ്ങള്‍ ഒരുമിച്ചായിരിക്കും ഈ വര്‍ഷവും നടത്തപ്പെടുക.
ഏപ്രില്‍ 2 ന് ദുഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് മൂന്നുമണിക്ക് പീഡാനുഭവ ശുശ്രൂഷകളോടെ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ കുരിശിന്‍റെ വഴിക്ക് കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ ചരിത്ര അവതരണം,പാനവായന, കയ്പ്പുനീര്‍ കുടിയ്ക്കല്‍ എന്നീ ശുസ്രൂഷകള്‍ ഉണ്ടായിരിക്കും.
ഏപ്രില്‍ 3ന് ദുഖശനിയാഴ്ച രാവിലെ 9മണിക്ക് പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ വൈകിട്ട് 5:00 മണിക്ക് ഇംഗ്ലീഷിലും, 7.30ന് മലയാളത്തിലും നടത്തപ്പെടും.
ഈസ്റ്റര്‍ ഞായറാഴ്ച്ച രാവിലെ 9:00 മണിക്കുള്ള വിശുദ്ധ കുര്‍ബാനയോടെ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് സമാപനമാകും. വിശുദ്ധ വാരാചരണത്തില്‍ നടക്കുന്ന തിരിക്കര്‍മ്മകളില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുവാന്‍ എല്ലാ ഇടവകാംഗങ്ങളെയും വികാരി റവ.ഫാദര്‍ ആന്റണി സേവ്യര്‍ പുല്ലുകാട്ട് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്‍റണി (ട്രസ്റ്റി) 7326903934), മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908)4002492, ടോണി മാങ്ങന്‍ (ട്രസ്റ്റി) (347)7218076.
വെബ്: www.stthomassyronj.org
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.
